നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com ====
വാവേ, അമ്മ നമ്മളെ കൊല്ലുമോ??
അതെന്താ വാവേ അങ്ങനെ പറഞ്ഞെ??
കുറേനേരം ഗർഭപാത്രത്തിനുള്ളിൽ മൗനം മാത്രം. അകത്തും പുറത്തും ഒരുപോലെ ദുഃഖം.
വാവേ, ഇന്നലെ ഡോട്ടറാന്റി പറഞ്ഞത് വാവ കേട്ടില്ലേ?? നമ്മളിൽ ഒരാൾക്ക് എന്തോ ഉവ്വാവ് ഉണ്ടെന്ന്, നമ്മളിലൊരാൾ ജനിക്കാൻ പാടില്ലെന്ന്!! അവർ കൈകൾ കോർത്തു പിടിച്ചു, പിരിയാൻ അവർക്ക് കഴിയില്ലല്ലോ, ഉരുവായതൊരുമിച്ച്, വളരുന്നതുമൊരുമിച്ച് പിന്നെന്തിന് പിരിയണം ല്ലേ!! അവരുടെ കണ്ണീർ വീണ് ഗർഭപാത്രത്തിൽ ഉപ്പുരസം കൂടി
വാവ കേട്ടോ അമ്മ കരയുന്നത്, അപ്പ എന്തോ പറയുന്നുണ്ട്, വാവ കണ്ടോ അപ്പേടെ കൈ നമ്മളെ തൊടാൻ വരുന്നത്. അവർ രണ്ടും കൈനീട്ടി എന്റെ കൈയിൽ തൊട്ടു!! നാല് കൈകൾ. അവർ ചിരിക്കുന്നുണ്ട്!!
വാവേ നമ്മുടെ അമ്മയും അപ്പയും നമ്മളെ കൊല്ലില്ല, ഉറപ്പാ.. അല്ലെങ്കിൽ നമ്മൾ ഉറങ്ങുമ്പോളും അവരെന്തിനാ ഉറങ്ങാതിരിക്കുന്നത്?? നമ്മളെ അത്ര ഇഷ്ടമായത് കൊണ്ടല്ലേ!! ഒരു തുടിപ്പ് അവളുടെ വയറിൽ കൂടെ പാഞ്ഞു. അവർ കെട്ടിപ്പിടിച്ച് സുഖമായുറങ്ങി, അപ്പയുമമ്മയും അടുത്തുണ്ട്.
വാവേ, അമ്മ എന്താ നേരത്തെ എണീറ്റത്?? ഡോട്ടറാന്റിയെ കാണാൻ പോകുവായിരിക്കുമല്ലേ!!
അമ്മേ കരയണ്ട ട്ടോ, ഞങ്ങളിവിടെയുണ്ടല്ലോ.. ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും അവളുടെ വയറ് തുടിച്ചിരുന്നു.
അച്ചേ, അവരെന്തോ പറയുന്നു!! ഞാനവളുടെ കൈയിൽ പിടിച്ചു. ഒന്നുമില്ല, എല്ലാം ശരിയാവുമെന്ന് പറഞ്ഞു. കണ്ണീർ മറയ്ക്കാൻ ചിലപ്പോളൊക്കെ ചിരിക്കേണ്ടി വരും. കോലം കെട്ടിയാൽ ആടിത്തീർത്തല്ലേ പറ്റൂ. ഇതും കൂടെ ചേർത്ത് അഞ്ചാമത്തെ സ്കാനിംഗാണ്. രണ്ട് ജീവനുകളുടെ ഇടയിലൂടെയുള്ള നൂൽവഴി.
സ്കാനിംഗ് നടന്നു കൊണ്ടിരിക്കുന്നു!!
വാവേ കണ്ടോ നമ്മളെ അമ്മയ്ക്കും അപ്പക്കും കാണാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.. അകത്തേക്ക് ചെന്ന സ്കാനിംഗ് ഉപകരണത്തിൽ അവര് ചോര കണ്ടു, അതമ്മയുടെ നെഞ്ച് പൊട്ടിയ ചോരയാണെന്നറിഞ്ഞത് കൊണ്ടാവാം അവരും കൂടെ കരഞ്ഞു കണ്ണീര് വീണ് വയറ് വീർത്ത് വന്നിരുന്നു.
ജോസ്മിൻ, നിങ്ങൾക്ക് രണ്ട് കുട്ടികൾ ആണെന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനാണ് കാരണം ഈ ആശുപത്രി തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ഇരട്ടകളാണ് നിങ്ങളുടെ വയറ്റിൽ പക്ഷെ ഈശ്വരൻ ഇങ്ങനെ പരീക്ഷിക്കാനാണ് ഇഷ്ടപ്പെട്ടത്. ഡോക്ടർ ഷാന്റി ഇത് പറഞ്ഞു നിർത്തി കുറെ നേരം താഴേക്ക് നോക്കിയിരുന്നു!!
അവര് രണ്ടും വയറോട് കാത് ചേർത്ത് കേൾക്കുന്നു. മുഖം വാടിയ കുഞ്ഞു മാലാഖകൾ കൈകോർത്തിരുന്നു, ഇടി വെട്ടുമ്പോൾ പേടിച്ചു പകച്ചു പോകുന്ന കുഞ്ഞുങ്ങളെ പോലെ അവർ ഭയന്നു, കരഞ്ഞു!! ആരും കേട്ടില്ല!!
അമ്മേ അപ്പേ വേണ്ടാന്ന് പറ.. ഞങ്ങളെ
കൊല്ലല്ലേന്നു പറ!! ഞങ്ങൾ നല്ല കുട്ടികളായിക്കോളാം, അവളുടെ വയറിനുള്ളിൽ സങ്കട പേമാരി പെയ്തിറങ്ങി.. നാല് കൈകൾ ഗർഭപാത്ര ഭിത്തിയിൽ സ്പർശിച്ചുകൊണ്ടേയിരുന്നു.
കൊല്ലല്ലേന്നു പറ!! ഞങ്ങൾ നല്ല കുട്ടികളായിക്കോളാം, അവളുടെ വയറിനുള്ളിൽ സങ്കട പേമാരി പെയ്തിറങ്ങി.. നാല് കൈകൾ ഗർഭപാത്ര ഭിത്തിയിൽ സ്പർശിച്ചുകൊണ്ടേയിരുന്നു.
ഡോക്ടർ ദൈവം തന്ന കുഞ്ഞുങ്ങളല്ലെ അവരെയെങ്ങനെ........ വാക്കുകൾ മുറിഞ്ഞു പോകുന്നു. പിതൃത്വം എന്താണെന്ന് ആരും പറയാതെ മനസിലായത് കൊണ്ടാവാം ഹൃദയത്തിൽ നിന്ന് കണ്ണീർ ആത്മാവിൽ വീണൊഴുകിയത്.
അവര് ജീവനോടെ ജനിക്കുമോ?? എന്റെ ചോദ്യത്തിന് ഡോക്ടർ ഷാന്റി പറഞ്ഞത് ഇങ്ങനെയാണ് " ഉവ്വ് , അവർ ജീവനോടെ ജനിക്കും. പക്ഷെ ജനിതക വൈകല്യങ്ങളുണ്ടാവും, ഒരുപക്ഷെ നമ്മൾ ചിന്തിക്കുന്നതിനും മുകളിലായിരിക്കും അതിന്റെ ആഘാതം ".
സാരമില്ല ഡോക്ടർ അവരെ എങ്ങനെ ഈശ്വരൻ തന്നാലും ഞങ്ങൾ വളർത്തും, ഒരുപാട് ആളുകൾ കുഞ്ഞുങ്ങളില്ലാതെ കരയുമ്പോൾ ദൈവം തന്ന ഇവരെ കരുണയില്ലാതെ കൊന്നു കളയാൻ കഴിയില്ല. അവളെന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. വയറിന്റെ അകത്ത് നിന്ന് പാൽപുഞ്ചിരി കേൾക്കാമായിരുന്നു.
വാവേ, അപ്പയുമമ്മയും പറഞ്ഞത് കേട്ടോ, നമ്മളെ കൊല്ലില്ല എന്ന്. അവർ ചിരിച്ചു, കെട്ടിപ്പിടിച്ച് കരഞ്ഞു.
ഫിബിൻ, നിങ്ങളുടെ ഉറപ്പ് എനിക്കിഷ്ടമായി, ഈശ്വരൻ ദോഷമായി ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കാം, എന്തായാലും ഒരു 3D സ്കാൻ കൂടെ ചെയ്യാം. അപ്പോൾ കൂടുതൽ വ്യക്തമായി അറിയാല്ലോ.
അപ്പോളും ഉള്ളിന്റെയുള്ളിൽ അവരുടെ സന്തോഷം അവസാനിച്ചിരുന്നില്ല. അപ്പക്കും അമ്മയ്ക്കും നമ്മളെ വേണം വാവേ!!
അമ്മേ എന്തിനാ കരയുന്നെ ഞങ്ങളില്ലേ ഇവിടെ!!
3D സ്കാൻ ചെയ്യാനിനി മൂന്ന് ദിവസങ്ങൾ കൂടെ കഴിയണം, വയറിനുള്ളിൽ നിന്ന് ഒന്നും കേൾക്കുന്നില്ല.. അവർ സുഖമായി, സുരക്ഷിതമായി ഉറങ്ങുകയാണ്.. ഉറക്കമില്ലാത്ത രാവുകളുടെ കൂട്ടുകാരായി ഞങ്ങളിവിടെ കാവൽ നിൽക്കുമ്പോൾ അവർക്കുറങ്ങാം.
അച്ചേ ദൈവം നമ്മളെ പരീക്ഷിക്കുകയെ ഉള്ളൂ അല്ലെ? നമ്മുടെ കുഞ്ഞുങ്ങൾ..... മുറിയുന്ന ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നു.. എല്ലാം ഞാൻ മൂളികേൾക്കും!! ഉത്തരങ്ങൾ എന്റെ കൈവശമില്ല എന്ന് ഞാനെങ്ങനെ അവളോട് പറയും!!!
മണിക്കൂറുകൾ കൊഴിഞ്ഞു വീണു.. ഉറക്കമില്ലാത്ത യാമങ്ങൾ കറുപ്പിന്റെ ഭീകരതയെ കൂടുതൽ ആഴമുള്ളതാക്കി.. പുറത്തിറങ്ങിയിരുന്ന എന്റെ അരികിലേക്ക് എന്തൊക്കെയെ ശബ്ദങ്ങൾ വന്നു, അല്ല അതെല്ലാം എന്നിലെ ഭയങ്ങളുടെ നിലവിളിയായിരുന്നു..
അച്ചേ വന്നു കിടക്ക് രാവിലെ പോകണ്ടേ അവളുടെ ശബ്ദത്തിലും ഭയമുണ്ട് !!!
വാവേ വാ എണീക്ക് അപ്പയുമമ്മയും ഇന്ന് ഡോട്ടറാന്റിയെ കാണാൻ പോവാ. പതിവില്ലാതെ ഞാനവളുടെ വയറിൽ കൈയോടിച്ച് കുറച്ച് നേരം നിന്നു.. ആ കുഞ്ഞു വയറിനുള്ളിൽ ഒരനക്കം അവരെന്റെ വിരലുകളിൽ തൊട്ടതാവാം അറിയില്ല..
അപ്പയുടെയും അമ്മയുടെയും സങ്കടം കാണാൻ കഴിയാത്തത് കൊണ്ടാവാം അവർ വീണ്ടും മിഴിപൂട്ടിയുറങ്ങി..
ടോക്കൺ നമ്പർ 7, ജോസ്മിൻ ഫിബിൻ !! ചിന്തകളിൽ നിന്ന് സത്യങ്ങളിലേക്കുള്ള മുൻവിളി..
പ്ലീസ് ഹാവ് എ സീറ്റ് , ഹിന്ദിക്കാരിയാണ് ആ ഡോക്ടർ. യു ആർ ജോസ്മിൻ റൈറ്റ് ?? യെസ് ഡോക്ടർ.. വൈ ഡൂ യു കം ഫോർ 3D സ്കാൻ? ഡോണ്ട് ഹെസിടെറ്റ് റ്റു ടെൽ മി .. നാൻ ഇത് ചോദിക്കുന്നത് നിങ്ങളുടെ പ്രശ്നം എന്താണെന്നറിയാനാണ് എന്നാലേ എനിക്ക് കൂടുതൽ ഡീറ്റൈലായി ശ്രദ്ദിക്കാൻ പറ്റൂ!!
കൈയിലിരുന്ന സ്കാനിംഗ് റെക്കോർഡ്‌സ് ഞാനെടുത്ത് നീട്ടി. തലയിൽ കയറ്റി വെച്ചിരുന്ന ആ കട്ടിക്കണ്ണട മൂക്കിലെടുത്ത് വെച്ചവർ ശ്രദ്ധയോടെ വായിച്ചു..
നക്കൽ ട്രാൻസ്ലൂസെൻസി!!! ആദ്യത്തെ റിപ്പോർട്ടിൽ 9 കാണുന്നു പിന്നെത്തേതിൽ അത് കുറഞ്ഞു 7.3 കാണുന്നു അടുത്തതിൽ 9.3 കാണിക്കുന്നു...
ഹെൽ....!!! വൈ നക്കൽ ഈസ് അൺസ്റ്റേബിൾ?? അവരാരോടെന്നില്ലാതെ പറഞ്ഞു.. ഓക്കേ ലെറ്റ്സ് സീ.. അവർ സ്കാനിംഗ് മേശക്ക് അരികിലേക്ക് എന്നെയും വിളിച്ചു.. ഡൂ യു വാണ്ട് റ്റു സീ യുവർ ബേബീസ് മിസ്റ്റർ ഫിബിൻ ?? എനിക്ക് നേരെയൊരു ക്ഷണം നീട്ടി.. യെസ് ഡോക്ടർ.. ഇൻഡീഡ്
നെഞ്ചിടിപ്പോടെ ഞാനുമടുത്ത് പോയിരുന്നു അവളെന്റെ കൈയിൽ പിടിച്ചിട്ടുണ്ട് നാല് കാതുകൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.. മുന്നിലുള്ള സ്‌ക്രീനിൽ കാഴ്ചകൾ തെളിഞ്ഞു തുടങ്ങി.. വളരെ ശ്രദ്ധയോടെ ആ ഡോക്ടർ ഓരോന്ന് പറയുന്നുണ്ട്.. ഇത് കാലുകൾ ഇത് കൈകൾ.. നോക്കൂ യുവർ ബേബീസ് ആർ മൂവിങ്.. ദേ ആർ ലൂക്കിങ് അപ്ടു യു.. ഒന്നും പറയാതെ ഞാനിരുന്നു അവള് കരയുന്നുണ്ട്..
പതിയെ സ്കാനിംഗ് തലയുടെ പിൻ വശത്തേക്ക് വന്നു, അതീവ ശ്രദ്ധയോടെ അവർ നോക്കിക്കൊണ്ടിരുന്നു ഒന്നും പറയുന്നുമില്ല. കുറച്ച് സമയം കഴിഞ്ഞു അവർ തുടർന്നു..
സംടൈംസ് സയൻസ് ക്യാൻ ബി ടെറിബിളി മിസ്റ്റേകൻ ഓർ ഐ വുഡ് പ്രീഫെർ റ്റു സേ ദേർ ഈസ് സം വൺ അബോവ് ഓൾ സയൻസ് !!
ഒന്നും മനസിലാക്കാതെ ഞങ്ങൾ കണ്ണിൽ നോക്കിയിരുന്നു. യെസ് മിസ്റ്റർ ഫിബിൻ ദേർ ആർ നത്തിങ് റോങ്ങ് വിത്ത് യുവർ ബേബീസ് ദേ ആർ എക്സ്ട്രീംലി ഫൈൻ ആൻഡ് ഹെൽത്തി !! ചെറിയ ബ്ലീഡിങ് ഉണ്ട് പ്രോബബ്ളി ഡ്യു റ്റു മാസിവ് സ്കാനിംഗ് ഇൻ ഷോർട്ട് സ്പാൻ ഓഫ് ടൈം..
കുറേക്കാലത്തിന് ശേഷം അവളൊന്നു പുഞ്ചിരിച്ച് കണ്ടു, വയറിന്റെ അകത്ത് നിന്ന് പുഞ്ചിരി കേൾക്കുന്നുണ്ട്..
വാവേ ഡോട്ടറാന്റി പറയുന്നത് കേട്ടോ! നമ്മക്ക് കുഴപ്പമൊന്നുമില്ലാന്ന്, നമ്മളെ കൊല്ലില്ലാന്ന്, പുറത്തിറങ്ങി നമുക്ക് അപ്പയെയും അമ്മയെയും കാണാമെന്ന് !! ചിരിച്ച് കൊണ്ടവർ കരഞ്ഞിട്ടുണ്ടാവാം. ചിന്തകളിൽ കണ്ണീര് വീഴുമ്പോൾ നമുക്ക് വേറൊന്നും കേൾക്കാനാവില്ലല്ലോ!!
നിശബ്ദത മുറിച്ച് കൊണ്ട് ഡോക്ടർ പറഞ്ഞു യു ബോത്ത് ആർ ലക്കിയെസ്റ്റ് പാരന്റ്സ് ഐ ഹാവ് എവർ സീൻ ഇൻ മൈ എന്റൈർ കരിയർ അല്ലെങ്കിൽ നക്കൽ റീഡിങ് ഇത്രയും കൂടുതൽ കണ്ട കുഞ്ഞുങ്ങളിൽ ഇങ്ങനൊരു ഡ്രാസ്റ്റിക്ക് ചേഞ്ച് കാണാൻ കഴിയാറില്ല, ആൻഡ് യുവർ ബേബീസ് ആർ റ്റൂ ലക്കി അല്ലെങ്കിൽ കാരണം കണ്ടെത്തി കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നവരുടെ ഇടയിൽ ഇത്രയും റിസ്ക് എടുക്കുന്ന പാരന്റ്സിനെ അവർക്ക് കിട്ടിയില്ലേ.. ഗോ ആൻഡ് ഹാവ് എ ഗ്രേറ്റ് ലൈഫ് ഡിയഴ്സ്!!
വിറയാർന്ന എന്റെ കൈ അവളുടെ വയറിൽ തൊട്ടു അവളെന്റെ തോളിൽ തല ചായ്ച്ചു എന്റെ കൈയിൽ പിടിച്ചു അപ്പോൾ നാല് കൈകൾ ഞങ്ങളുടെ വിരലുകളിൽ തൊടുന്നതറിഞ്ഞു കൂടെയൊരു ശബ്ദവും..
വാവേ.... അപ്പയും അമ്മയും...
by-- ഫിബിൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക