നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com ====
മുലക്കണ്ണിൽ തേൻ പുരട്ടി വാവയുടെ വായിൽ വെച്ച് കൊടുത്തപ്പോൾ എത്ര അടക്കിയിട്ടും അറിയാതെ രണ്ട് തുള്ളി കണ്ണീർ താഴേക്ക് വീണു പോയി.. ..ആർത്തിയോടെ മധുരം കുടിക്കാൻ കുഞ്ഞിച്ചുണ്ടുകൾ വിടർത്തിയ അവളുടെ നെറ്റിയിൽ തന്നെ വീണു ആ തുള്ളികൾ .. കണ്ണ് മിഴിച്ച് ഒന്ന് നോക്കിയ ശേഷം ആ പാവം എന്തിനോ വേണ്ടി നുണഞ്ഞ് കൊണ്ടിരുന്നു.
വിവാഹം കഴിഞ്ഞ് നാല് വർഷത്തിലേറെയായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാവാതിരുന്നപ്പോൾ വലിയ സങ്കടമായിരുന്നു.. കര പറ്റിയിട്ടില്ലെങ്കിലും പ്രവാസമെന്ന കടലിലെ തുഴച്ചിൽ മതിയാക്കി ഇക്കയും നാട്ടിലേക്ക് വന്നു... ചികിത്സകളും പ്രാർഥനകളും . ഒന്നും ശരിയാവാത്ത വല്ലാത്ത അവസ്ഥ. പലരുടേയും മുന വെച്ചുള്ള സംസാരങ്ങളായിരുന്നു കൂടുതൽ അസഹനീയം.
രാവിന്റെ അന്ത്യ യാമങ്ങളിൽ ആരും കാണാതെ കണ്ണീർ വാർക്കുമ്പോൾ അദ്ദേഹം നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കും... നമുക്ക് നമ്മൾ മതിയെടീ പെണ്ണെ എന്ന് പറഞ്ഞ് നെറ്റിയിൽ ചുംബിക്കും.. എന്നാലും ആ മനസും തേങ്ങുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു...
ഒടുവിൽ സന്തോഷത്തിന്റെ ആ ദിനങ്ങളെത്തി. പ്രതികൂല കാലാവസ്ഥയെ മറികടന്ന് മുള പൊട്ടിയ ആശയുടെ വിത്ത് പതിയെ വളർന്ന് തുടങ്ങി. ഒരു പെണ്ണിന്റെ ജീവിതത്തിലെ പൂർണതയുടെ നാളുകൾ.. എല്ലാത്തിനും കരുത്തുറ്റ താങ്ങായി ഇക്ക കൂടെ തന്നെ ഉണ്ടായിരുന്നു...
പ്രസവം സിസേറിയനായിരുന്നു.. പ്രതീക്ഷിക്കാത്ത ഒരുപാട് സങ്കീർണതകൾ... സഹിക്കാൻ വയ്യാത്ത വേദന..എന്നാലും കുഞ്ഞു മോളുടെ മുഖം ആദ്യമായി കണ്ടപ്പോൾ മനസ്സിൽ ആനന്ദത്തിന്റെ ഒരു നൂറു വർണ്ണങ്ങൾ പൊട്ടിച്ചിതറി.
പക്ഷെ വലിയ സന്തോഷത്തിനിടയിലും ഞാനറിഞ്ഞു.എന്റെ വാവക്ക് കൊടുക്കാൻ ഒരു തുള്ളി പാൽ പോലും അമ്മ മുലകൾ ചുരത്തുന്നില്ല എന്ന സത്യം .പാൽ നിറഞ്ഞ് വിങ്ങുമെങ്കിലും പുറത്ത് വരുന്നില്ല. പരിശോധനയിൽ അറിയാൻ കഴിഞ്ഞു റെട്രാക്റ്റഡ് നിപ്പിൾ എന്ന വൈകല്യമാണെന്ന്. ഷെൽഫിൽ നിറഞ്ഞ ലാക്ടോജൻ കവറുകൾ എന്നെ നോക്കി പൊട്ടിച്ചിരിക്കുമ്പോൾ നിറഞ്ഞ മാറിടത്തിന്റെ വേദന താങ്ങാനാവാതെ മുലപ്പാൽ വറ്റാനുള്ള ടാബ്ലറ്റ് കഴിക്കുകയായിരുന്നു ഞാൻ.
എങ്കിലും.. പല്ലില്ലാത്ത മോണ കാട്ടി യുള്ള അവളുടെ ചിരി കാണുമ്പോൾ എല്ലാം മറക്കും... ഇത്രയൊക്കെ തന്നില്ലെ ദൈവം എനിക്ക്....
മധുരം തീർന്ന് കാണും.. മോൾ ഉറങ്ങിപ്പോയിരിക്കുന്നു... കണ്ണടച്ച് ശാന്തമായ ആ മയക്കം കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി.. മനസ് വീണ്ടും ഒരപ്പൂപ്പൻ താടിയായി പാറിപ്പറക്കുന്നത് പോലെ.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക