നടുത്തളത്തിൽ മൺചട്ടിയിൽ കുന്തിരിക്കം പുകയുന്നതിന്റെ നറുമണം അകത്തുള്ള മുറിയിലേക്കും വരുന്നുണ്ട്. മനോഹരമായൊരുക്കിയൊരു ചെറിയ മുറി. ചുവന്ന കർട്ടനുകൾ, വെള്ളയിൽ റോസ് നിറത്തിലുള്ള ഹൃദയങ്ങൾ കൊണ്ടലങ്കരിച്ച കിടക്ക വിരി, വെളുത്ത തലയിണകൾ.
ഇരുട്ട് നിറഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് പടികൾ കടന്ന് കയറുമ്പോൾ എരിഞ്ഞടങ്ങാൻ തുടങ്ങുന്ന മെഴുകുതിരി അവനെ നോക്കി ചിരിച്ചു. പതിയെ പാടുന്ന പാട്ടുപെട്ടിയിൽ നിന്ന് ജഗ്ജീത് സിംഗിന്റെ " തെരെ ഖുശ്ബു മെയ്ൻ ബസ് കത് " പതിഞ്ഞ താളത്തിൽ ഒഴുകുന്നുണ്ട്.
" ആരാ? എന്ത് വേണം? "
ഞാൻ ഞാൻ വെറുതെ...
" വെറുതേയാരും ഇത് വഴി വരാറില്ല കുട്ടി, എന്താ നിന്റെ പേര് ? "
മിലൻ, എന്റെ പേരാണ്. ഞാനിവിടെ വന്നത് നിങ്ങളെ കാണാനാണ്!!
" എന്നെ കാണാൻ വരാനുള്ള പ്രായം നിനക്കായിട്ടില്ലല്ലോ മിലൻ!! "
കരിവളകൾ വിൽക്കുന്ന ആ ചെറിയ കടയിലെ ചേട്ടനോട് നിങ്ങൾ വഴക്കുണ്ടാക്കി പോയ ദിവസമാണ് ഞാൻ നിങ്ങളെ ആദ്യമായി കണ്ടത്, എന്നോ ഒരു പാതിയുറക്കത്തിൽ ഞാൻ കണ്ട കാഴ്ച്ചകളിലെ ആരോ ആണെന്നെനിക്കുറപ്പായിരുന്നു, മുഖം മാത്രം എത്രയാലോചിച്ചിട്ടും ഓർക്കാൻ കഴിയുന്നില്ലായിരുന്നു.
ചീകാതെ കൈകൊണ്ടൊതുക്കിയിട്ട നീണ്ട മുടി, കറുത്ത വലിയ പൊട്ട്, ആരെയും കൂസാതെ നടക്കുന്ന പ്രകൃതം!! ഇതൊക്കെ കണ്ടപ്പോൾ ഞാൻ വീണ്ടും കാണാൻ കൊതിച്ചു പോയി.
" നിനക്കെന്ത് വേണം മിലൻ? എന്താ നിന്റെ ആവശ്യം? "
എനിക്ക്, എനിക്കൊരുമ്മ വേണം, നെറ്റിയിൽ!! പിന്നെ കുറച്ചു നേരം ഇവിടെയിരിക്കണം!! അല്ലെങ്കിൽ വേണ്ട, ഞാനൊരു ഉമ്മ വെച്ചോട്ടെ??
മുറിയിലെ പാട്ടിനപ്പോൾ തീവ്രമായ വിഷാദത്തിന്റെ ഭാവമായിരുന്നു.
" മലർ മണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ മമസഖീ നീയൊന്നു വന്നു ചേരു.... " ആരെയോ കാത്തിരിക്കുന്നത് പോലെ ഉമ്പായിയുടെ ഹാർമോണിയത്തിൽ നിന്നു ഹിന്ദുസ്ഥാനി ലയിച്ചൊഴുകിയിരുന്നു.
കുന്തിരിക്കത്തിന്റെ വാസന വല്ലാതെ കൂടിയത് പോലെ!!
ആ സ്ത്രീയൊന്നും പറയാതെ താഴേക്ക് നോക്കിയിരുന്നു. " മിലൻ എന്റെ പേര്...... " പറഞ്ഞു മുഴുവിപ്പിക്കാനാവാതെ വാക്കുകളുൾവലിഞ്ഞു. മയിൽപ്പീലി നിറത്തിലുള്ള സാരിയുടെ കോന്തല അരണ്ട വെളിച്ചത്തിൽ അനങ്ങുന്നത് കാണാമായിരുന്നു. ടേബിൾ ഫാനിന്റെ കാറ്റിനും വിയർപ്പിനെ തടഞ്ഞു നിർത്താൻ കഴിയുമായിരുന്നില്ല.
" മിലൻ, ഞാൻ ഹിരണ്മയി, ഇവിടെയെത്തിയിട്ട് കുറെ കാലമായി. ഇവിടെ ജീവിതമില്ല, വികാരങ്ങളില്ല, ഈ മെഴുകുതിരി പോലെ വെറുതെ കത്തി തീരുന്നു. ഒരുപക്ഷെ ഇതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല, ഇത് നിന്നെ പോലെയൊരു കുട്ടിക്ക് വരാനോ ഇരിക്കാനോ പറ്റിയ സ്ഥലമല്ല ".
ഹിരണ്മയി, നല്ല പേര്.. ആരാണ് നിങ്ങൾക്കീ പേരിട്ടതെന്നറിയുമോ??
" ഇല്ല.. പോയ കാലത്തിലേതെന്ന് ഓർത്ത് പറയാൻ ഒന്നുമെനിക്കറിയില്ല മിലൻ. "
ഞാൻ നിങ്ങളെ എന്ത് വിളിക്കണം? ചേച്ചിയെന്നോ?? കൂട്ടുകാരിയെന്നോ??
" വേണ്ട, എല്ലാവരുമെന്നെ ഓരോ പേരുകളാണ് വിളിക്കുന്നത്, നീയുമതിലൊന്ന് വിളിച്ചോ!! "
തേനൊഴുകുന്ന ചിരിയാണെങ്കിലും കണ്ണുകളിൽ വിഷാദമാണ് ഭാവം, ചോര കിനിയുന്ന കണ്ണുകൾ കൊണ്ട് അവർ പുറത്തേക്ക് നോക്കി നിന്നു. ദൂരെയാ തെരുവിന്റെ ഒരറ്റത്ത് രണ്ട് പേർ കൈകോർത്തിരിക്കുന്നു. കുന്തിരിക്കത്തിന്റെ വാസനക്കപ്പോൾ ചോരയുടെ മണമുണ്ടെന്ന് തോന്നി.
" പ്യാർ മുജ് സെ ജോ കിയാ തും നെ തോ ക്യാ പാവോഗീ " ഗസലുകൾ ചിലപ്പോളൊക്കെ രംഗബോധമില്ലാത്ത കോമാളിയെ പോലെയാണെന്ന് തോന്നുന്നു..
" നിനക്കാരൊക്കെയുണ്ട് മിലൻ? "
അപ്പൻ മാത്രം!! അത് പറഞ്ഞപ്പോളെന്തോ അവന്റെ കൈകൾ വല്ലാതെ വിയർക്കാൻ തുടങ്ങിയിരുന്നു. വിരലുകളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി പൊട്ടാനായത് പോലെ.
" മിലൻ, നീയെന്തിനാ പേടിക്കുന്നത്?? നിനക്കപ്പനെങ്കിലുമുണ്ട് എനിക്കാരുമില്ല "
അപ്പൻ.. ത്ഫൂ.. ഇഷ്ടമല്ല എനിക്കാ മനുഷ്യനെ.. കണ്ണിൽ ചോരയില്ലാത്ത മൃഗം.. അയാളുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും... കൊല്ലും ഞാനാ വൃത്തികെട്ട ജന്തുവിനെ!!
കുറേനേരത്തെ മൗനത്തിനൊടുവിൽ മിലൻ ഓർമ്മയിലുള്ള പലതും പറഞ്ഞു. ഒരിക്കൽ ഒരു സ്ത്രീയെയും വിളിച്ചു കൊണ്ട് അപ്പൻ വീട്ടിൽ വന്നു, അമ്മയെയും എന്നെയും വീട്ടിൽ നിന്ന് പുറത്തിറക്കി അയാൾ അവരെയും കൊണ്ട്............. വാക്കുകൾ മുറിയുന്നുണ്ട്.
സങ്കടക്കടൽ നീന്തി കയറാൻ കഴിയാതെ അമ്മ വീട് വിട്ട് പോയപ്പോൾ, ഞാനൊറ്റക്കായിപ്പോയി, ആ പിശാചിന്റെ സന്തതി ആയത് കൊണ്ട് അമ്മയെന്നെ മനഃപൂർവം ഒഴിവാക്കിയതാവും. കരയാൻ പോലും ശക്തിയില്ലാതെ ആ പത്ത് വയസുകാരൻ ആ ഇരുട്ടുമുറിയിലേക്ക് തന്നെ ചുരുങ്ങി.
ഒടുവിൽ എനിക്കെന്നെത്തന്നെ നഷ്ടമാകുമെന്നുറപ്പായപ്പോൾ വെയിലിലേക്കിറങ്ങി നടന്നു, എല്ലാത്തിനും കാരണം അയാളൊരുത്തനാണ്!! കൊല്ലും ഞാൻ അയാളെ..
മിലൻ, അരുത്. പകയിങ്ങനെ മനസിൽ കൊണ്ട് നടക്കരുത്, ആരോടൊക്കെയോ തോന്നിയ ദേഷ്യമോ പകയോ ഒക്കെയാണ് എന്നെയിവിടെയെത്തിച്ചത്. പലരുടെയും രാത്രികൾക്ക് നിറം കൊടുക്കുന്ന എന്റെ ജീവിതം ഇരുട്ട് നിറഞ്ഞതാണ് ഈ മുറി പോലെ തന്നെ.
ആ കത്തി തീർന്ന കുന്തിരിക്കത്തിന് ചോരയുടെ മണമുണ്ടെന്നെനിക്കറിയാം. നിന്നെപ്പോലെ പല കുട്ടികളുടെയും ചോരയുടെ മണമുണ്ടിവിടെ.
" നേരെത്തെ നീ ചോദിച്ചില്ലേ എന്ത് പേരിൽ എന്നെ വിളിക്കണമെന്ന്!! നീയെന്നെ അമ്മേ എന്ന് വിളിച്ചോ. "
ഉത്സവപ്പറമ്പിൽ ബലൂൺ കണ്ട കുട്ടിയുടെ മുഖം പോലെ മിലൻറെ മുഖം തെളിഞ്ഞു, കണ്ണ് നിറഞ്ഞു, ഒന്നും പറയാതെയവൻ താഴേക്ക് നോക്കിയിരുന്നു. ഇരുട്ടിന്റെ യാമങ്ങൾ കൊഴിഞ്ഞു തുടങ്ങിയിരുന്നു.
വെള്ളം വലിഞ്ഞുണങ്ങിയ ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിയുമ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
ഞാൻ പോകട്ടെ, നേരം വെളുക്കാനായി. മനസിന്റെ ഭാരങ്ങൾ ഇറക്കി വെക്കാൻ ഒരിടം കിട്ടിയല്ലോ. ആഗ്രഹിച്ച് വന്നത് പോലെ ഒരുമ്മയും കിട്ടി, മരണം വരെ ഓർത്ത് വെക്കാൻ മനോഹരമായൊരു രാത്രിയും.
പോകാനായി വാതിലിന്റെ അരികിലെത്തി മിലൻ തിരിഞ്ഞു നിന്ന് വിറയ്ക്കുന്ന ചുണ്ടുകൾ കൊണ്ട് " അമ്മേ " എന്ന് വിളിച്ചു.
" മിലൻ, എന്റെ പേര് ഹിരണ്മയി എന്നല്ല, കാലം എന്നെ വിളിച്ച കുറെ പേരുകളിലൊന്നാണ് ഇതും................................... ഞാൻ ഞാൻ നിന്റെ.......... "
പിഴച്ചു പോയ അമ്മയുടെ മുഖം മകൻ കാണാതിരിക്കാനാവും ആ മകൻ കയറി വന്നപ്പോൾ മെഴുകുതിരി കണ്ണടച്ചത്.
പാതി തുറന്ന വാതിലിനരികിൽ നിന്ന് അവരുടെ അടുത്ത് വന്ന് കെട്ടിപ്പിടിക്കുമ്പോൾ " ബാത് നികലേഗി തോ ഫിർ ദൂർ തലക് ജായേഗി.... " ആ തെരുവിലാകെ നിറഞ്ഞു കേട്ടിരുന്നു.
ഒന്നും പറയാതെ അവനവിടെ നിന്ന് ഇറങ്ങി നടന്നപ്പോൾ തെരുവിന്റെ അനാഥമായ ചിരാതുകൾ കണ്ണടച്ചു, നടന്നകലുന്ന മകനെ ഒന്നുകൂടെ കാണാൻ ജനാലകൾ തെരുവിന് നേരെ തുറക്കുന്ന ശബ്ദമവിടെ മുഴങ്ങി, ജനൽവിരികളുടെ അകത്തേക്ക് പ്രതീക്ഷകളും പെയ്തിറങ്ങി.
ഫിബിൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക