Slider

വീണ്ടും കാഴ്ചകൾ

0

ബേക്കറിയിൽ നല്ല തിരക്കായിരുന്നു...
പിറന്നാൾ പ്രമാണിച്ച് മകൾക്ക് വെറ്റ് ഫോറസ്റ്റ് കേക്ക്..
കൂട്ടുകാർക്ക് വിതരണം ചെയ്യാൻ രണ്ടു വലിയ പാക്കറ്റ് മിഠായികൾ...
ഇറങ്ങുമ്പോൾ മകൻ വിളിച്ചു അച്ഛാ..
എന്താ വേണ്ടത് ..നിനക്ക്..?
കുറച്ചു നേരം ആലോചിച്ചിട്ടാണ് മറുപടി വന്നത്... കട്ലറ്റ്..
പുതിയതായി തുടങ്ങിയ ഒരു ബേക്കറിയായിരുന്നു അത്.. കണ്ണാടിക്കൂട്ടിൽ വിവിധയിനം ഡ്രെ ഫ്രൂട്ട് സുകൾ .ബിസ്കറ്റുകൾ.. മിഠായികൾ..
കടക്കാരൻ എന്നെ കണ്ടു... ഇപ്പോ എടുക്കാം എന്നു പറയുകയും ചെയ്തു...
ഞാൻ ഇരുണ്ട സന്ധ്യ പടർന്ന പുറത്തെ തിരക്കിലേക്ക് നോക്കി...
ചന്ത ആകെ മാറിയിരുന്നു.. പണ്ടത്തെ പുളിച്ചുവട്ടിലെ ആ ചന്ത ഇന്ന് ....
അടക്കിപ്പിടിച്ച ചിരികളുമായി ആരേയോ കാത്തു നിൽക്കുന്നു ...
ഗർവ്വോടെ തലയുയർത്തി നിൽക്കുന്ന വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ...
വിശാലമായ വെയിറ്റിങ്ങ് ഷെഡ്..
മുകളിലെത്തെ നിലയിലെ വലിയ സൂപ്പർ മാർക്കറ്റ്...
നിലത്തു വിരിച്ച പ്ലാസ്റ്റിക്ക് ചാക്കുമായി അന്നും ഇന്നും പച്ചക്കറി കച്ചവടം നടത്തുന്ന നാണിത്തള്ള...
ഒരു പക്ഷെ പഴയ ചന്തയുടെ ഒരോർമ്മപ്പെടുത്തലാവാം, കാലത്തിന്റെ ദ്യക്സാക്ഷിയായ ഈ വയോവ്യദ്ധ...
സാറേ... ഒരു ടിക്കറ്റ് എടുക്കുവോ?
ഞാൻ തിരിഞ്ഞു നോക്കി.. ബേക്കറിയുടെ പുറത്ത് ഒരു മൂലയിൽ
വിളറിയ മുഖവുമായി ഒരു സ്ത്രീ എന്നെ ദയനീയമായി നോക്കുന്നു.. കൈയ്യിൽ മുന്നോ നാലോ ലോട്ടറി ടിക്കറ്റുകൾ...
അവളോട് ചേർന്ന് കഷ്ടിച്ച് പത്തോ പതിനൊന്നോ വയസ്സു പ്രായം വരുന്ന ഒരു ചെറുക്കൻ..
മുഷിഞ്ഞ വേഷം... മുട്ടോളമെത്തുന്ന പിഞ്ചിത്തുടങ്ങിയ ഷർട്ട്.ചെരുപ്പില്ലാത്ത പാദങ്ങൾ...
അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തേക്ക് വീണു കിടന്നിരുന്നു..
അവന്റെ തളർന്ന കണ്ണുകൾ ഇടയ്ക്ക് കണ്ണാടിക്കൂട്ടിലേക്ക് പാളിപോകുണ്ടായിരുന്നു ..
ഞാൻ ലോട്ടറി വാങ്ങി.. പൈസാ കൊടുത്തപ്പോൾ ഇരു കൈകൾ കൂപ്പി ആ സ്ത്രീ തൊഴുതു..
ആ കുഞ്ഞികണ്ണുകൾ എന്നെ നോക്കുന്നു..
നിനക്ക് എന്തു വേണം ?
അവൻ ഒന്നും മിണ്ടാതെ ആ സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കി.. പിന്നെ അരയിൽ കുടുക്കി നിർത്തിയ നിക്കർ അവൻ വലിച്ചു കുത്തി പതുക്കെ പറഞ്ഞു .. ലഡ്ഡു...
ഞാൻ വാങ്ങിക്കൊടുത്ത ചെറിയ പൊതിയുമായി അവർ പതുക്കെ നടന്നു.. പിന്നെയെപ്പോഴൊ ഞങ്ങൾക്കിടയിലെ അകലം കൂടി വന്നു.
ഇരുട്ടു വീണു തുടങ്ങിയ വഴികളിലെവിടെയോ പെട്ടെന്ന് അവർ അപ്രത്യക്ഷരാകുകയും ചെയ്തു...
കരയുവാനായി കാർമേഘങ്ങൾ മാനത്തു മുഖം വീർപ്പിച്ചു നിൽകുകയാണ്...
മനസ്സിന്റെ ഉള്ളറകളിൽ ആ പഴയ കവിത മറവികളിൽ നിന്നും ഊറി വന്നു..
" നരകങ്ങൾ വാപിളർക്കുമ്പോഴെരിഞ്ഞു
വിളിക്കുവാൻ ആരെനിക്കുള്ളൂ... നീയല്ലാതെ - എങ്കിലും "
കടയിൽ വന്ന ആരോ പറയുന്നത് കേട്ടു.
മഴ ഉടനെയൊന്നും പെയ്യില്ല ...
എനിക്ക് തിരക്കില്ലായിരുന്നു.. പിറന്നാൾ ആശംസകൾ എഴുതിയ കേക്കും മറ്റു സാധനങ്ങളും ശ്രദ്ധിച്ചു പിടിച്ച് ഞാൻ ഇരുട്ടിലൂടെ പതുക്കെ നടന്നു...
പ്രേം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo