Slider

ഇവനെൻ്റെ പ്രിയപുത്രൻ

0


ഇടവം കനത്തൊരു വൈകുന്നേരം " മാഷേ എനിക്ക് കുറച്ച് പൈസ തര്വോ " എന്ന് നേരെ വന്നവൻ ചോദിച്ചപ്പോൾ എന്റെയുള്ളൊന്നു നൊന്തു. അവനങ്ങനെ വെറുതെയൊന്നും ചോദിക്കില്ല, പറയില്ല. എനിക്കറിയാമവനെ. അവന്റെ ഉള്ള് നീറുന്നത് കണ്ണിൽ എരിഞ്ഞു കത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പേഴ്‌സ് എടുക്കുമ്പോൾ അവൻ പറഞ്ഞു, കൂടുതൽ വേണ്ട മാഷെ വീട്ടിൽ പോയി മടങ്ങണം, ഇത്തിരി അരിയും സാധനങ്ങളും വാങ്ങണം, അതിനുള്ളത് മതി. ഉച്ചക്ക് കഴിച്ച ബിരിയാണി എന്നെ നോക്കി കൊഞ്ഞനംകുത്തി.
നിനക്ക് വേണ്ടത് എടുത്തോ എന്ന് പറഞ്ഞു പേഴ്‌സ് ഞാനവന്റെ കൈയിൽ കൊടുത്തു. അവനതിൽ നിന്ന് മുന്നൂറ് രൂപ എടുത്തു, ഇത് മതി മാഷേ, വേണമെങ്കിൽ ഞാൻ ഇനീം ചോദിച്ചോളാം എന്നും പറഞ്ഞു. ഈ പൈസ ഞാൻ ജോലി കിട്ടിയിട്ട് തിരിച്ചു തരാം ട്ടോ എന്ന് പറഞ്ഞപ്പോൾ ഞാനവനെ ചേർത്ത് പിടിച്ചു. അവനെനിക്ക് മകനാവുകയായിരുന്നു. കൂടുതലൊന്നും പറയാൻ നാവ് വഴങ്ങിയില്ല.
അവൻ പോയി, മഴ പിന്നെയും കനത്തു, അഞ്ച് മണി കഴിഞ്ഞതേയുള്ളൂ, ഇരുട്ട് മാത്രം ചുറ്റും. എന്തോ മനസ് വല്ലാതെ അസ്വസ്ഥമാകുന്നു. കുറച്ച് ദൂരമുണ്ടവന് പോകാൻ, ആർത്തലച്ചൊഴുകുന്ന പുഴയും, ഒറ്റത്തടിപാലവുമൊക്കെ കടന്നു വേണമവന് വീട്ടിലെത്താൻ, ഈ പെരുമഴയത്ത് അവൻ വീട്ടിൽ എത്തിക്കാണുമോ?? ഒരുപാട് വൈകുന്നതിന് മുമ്പ് വീട്ടിലെത്തട്ടെ എന്ന് മനസ്സിൽ പറഞ്ഞു.
തുള്ളിമുറിയാതെ പെയ്യുന്ന വനത്തിലെ മഴ അടുക്കള ചാർത്തിലെ മൺചട്ടിയിൽ പെയ്തൊഴിയുമ്പോൾ വറുതിയും മനസുകളിൽ പെയ്യും. വിശന്ന് പൊരിയുന്ന കുഞ്ഞുങ്ങളെ കാണാൻ കഴിയാതെ പണിയന്വേഷിച്ച് പോയവരെ പുഴ കൊണ്ട് പോയത് പ്രകൃതിയുടെ വിനോദം. വേദന മാത്രം കൊയ്യുന്ന കണ്ണീർപാടങ്ങൾ മഴയുടെ രൗദ്രതയിൽ അലിഞ്ഞില്ലാതെയാകുന്നു.
അവൻ പോയതങ്ങനെയൊരു വീട്ടിലേക്കാണ്. അരിയും സാധനങ്ങളും അവിടെയെത്തണം എന്നാലേ ആ വീട് ശാന്തമാകൂ, അതിന് വേണ്ടിയാണവനെന്നോട് പൈസ ചോദിച്ചത്. വിശന്നൊട്ടിയ വയറുമായി അമ്മയും അച്ഛനും കൂടപ്പിറപ്പുകളും കഴിയുമ്പോൾ ഒരു പതിനാറ് വയസുകാരന്റെ മനസ്സിൽ കടലിരമ്പും, നെഞ്ച് പൊട്ടും. അവൻ പൈസ ചോദിക്കും!! അതവന്റെ അവകാശമാണ്.
മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങുന്നു, ശനിയാഴ്ച്ചയായതെയുള്ളൂ അവൻ തിങ്കളാഴ്ച്ച രാവിലെയേ മടങ്ങി വരൂ, ചില സമയങ്ങളിൽ കാത്തിരിപ്പ് വല്ലാത്ത പേടിയുണ്ടാക്കും. ഏയ്, കുഴപ്പമൊന്നുമില്ല അവൻ മടങ്ങി വരും, സ്വയമായി പറഞ്ഞു മനസിനെ വിശ്വസിപ്പിച്ചു. പതിവില്ലാതെ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ടാവാം അമ്മ കട്ടൻചായയുണ്ടാക്കി തന്നത്. ഇല്ല, കട്ടൻചായയുടെ ചൂടും വേവുന്ന ഹൃദയത്തെ തണുപ്പിക്കില്ല. മഴ ചെറുങ്ങനെ മാറുന്നു. എന്നാലും അന്തരീക്ഷം ഇരുണ്ടിരിക്കുന്നു.
തിങ്കളാഴ്ച്ച നേരത്തെ സ്കൂളിലേക്ക് പോയി, അവൻ നേരത്തെ വരും. കണ്ടാലേ മനസൊന്നടങ്ങൂ. ഒമ്പത് മണിക്ക് ആദ്യത്തെ ക്ലാസ് തുടങ്ങും. അവനിത് വരെ വന്നിട്ടില്ല. ഡാറ്റാബേസ് പഠിപ്പിക്കേണ്ട ഞാൻ അന്ന് കുട്ടികളോട് വെറുതെ വർത്തമാനം പറഞ്ഞു നിന്നു, വല്ലാത്തൊരു പേടി. ഉള്ളിന്റെയുള്ളിൽ ദു:ഖം കനൽനീറ്റുന്നു.
ആദ്യത്തെ മണിക്കൂർ കഴിഞ്ഞപ്പോൾ എണ്ണ തേച്ച് ചീകിമിനുക്കിയ മുടിയും, ആകാശനീലയും കടും നീലയും യൂണിഫോമുമിട്ട്, മനസും മുഖവും നിറഞ്ഞ ചിരിയുമായി അവൻ കേറി വന്നു.
" മാഷേ രാവിലെ ആദ്യത്തെ ബസ് കിട്ടിയില്ല അതാണ് താമസിച്ചത് "
താമസിച്ചു വന്നതിന്റെ കാരണം എഴുതുന്ന പുസ്തകത്തിൽ അവനിങ്ങനെയെഴുതി " പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കാവിൽ പോയിരുന്നു വന്നപ്പോളേക്കും ബസ് പോയി, ഇനി വൈകി വരില്ല " എന്ന്.
അത് വായിച്ചിട്ട് അറ്റന്റൻസ് കുറിക്കുന്ന പുസ്തകത്തിൽ ഒപ്പിട്ടപ്പോൾ കണ്ണിലാകെയൊരു മങ്ങൽ, അവൻ നടന്നകന്നിരുന്നു. ഉള്ളിന്റെയുള്ളിൽ വല്ലാതെ കൊരുത്തു വലിക്കുന്നു. ഞാനടക്കമുള്ള അധ്യാപകർക്ക് അവൻ തന്ന സ്ഥാനം അത്ര വലിയതായിരുന്നു. ഒരുപാട് മാർക്കൊന്നും അവന്റെ പരീക്ഷ പേപ്പറുകളിൽ ഉണ്ടാവാറില്ല പക്ഷെ സ്നേഹത്തിന്റെ പരീക്ഷയിൽ അവനെല്ലാവരെയും തോൽപ്പിച്ചു കളഞ്ഞു.
ഇന്റർവെൽ ആയപ്പോൾ ഞാനവനെ അടുത്ത് വിളിച്ചു ചേർത്ത് നിർത്തി വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു, മഴയായത് കൊണ്ട് അച്ഛന് പണിയില്ല മാഷേ, ആകെ ബുദ്ധിമുട്ടാണ്. മാഷിന്റെ കൈയിൽ നിന്ന് വാങ്ങിയ പൈസ കൊണ്ട് കുറച്ച് സാധനമൊക്കെ വാങ്ങി!! ഈയാഴ്ച്ച അങ്ങനെ പോകും, അതിനിടക്ക് അച്ഛന് പണിയെന്തെങ്കിലും കിട്ടും പിന്നെ കുഴപ്പമില്ല എന്ന് പറയുമ്പോൾ വല്ലാത്തൊരു ഭാവം അവന്റെ കണ്ണിൽ ഉണ്ടായിരുന്നു. ഞാനുമിനി അച്ഛന്റെ കൂടെ പണിക്ക് പോകും.
നീ നല്ലത് പോലെ പഠിക്കണം, ഇവിടം കൊണ്ട് പഠനം നിർത്തരുത് എന്നാലേ വീട്ടിലെ സാഹചര്യങ്ങളൊക്കെ മാറൂ. ഞങ്ങളൊക്കെയുണ്ട് കൂടെ. എന്ത് ആവശ്യമുണ്ടെങ്കിലും വന്ന് പറയണം എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ ഒരിറ്റു നീർക്കണം ആ കനലാഴിയിൽ നിന്നുതിർന്നു.
" പഠിക്കാം മാഷേ, ഒരുപാട് മാർക്കൊന്നും കിട്ടിയില്ലെങ്കിലും ഞാൻ ജയിക്കും, ഒരു വിഷയത്തിനെങ്കിലും ഞാൻ തോറ്റാൽ എന്റെ കൂടെ മാഷുമാരെല്ലാം തോൽക്കും, ഞാനത് ചെയ്യില്ല " എന്നവൻ പറഞ്ഞപ്പോൾ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയായിരുന്നു. ഒരധ്യാപകന് കിട്ടാവുന്നതിൽ വെച്ചേറ്റവും സുന്ദരമായ ഉറപ്പ്.. ജീവിതത്തിൽ ഇതിലും നല്ലൊരു മുഹൂർത്തം വേറെയില്ല.
നിറഞ്ഞ അഭിമാനത്തോടെ, സ്നേഹത്തോടെ ഞാനവനെ ആദ്യമായി " മോനെ " എന്ന് വിളിച്ചു. കണ്ണുകളിൽ മഴ ചാറി തുടങ്ങിയിരുന്നു.
By:
ഫിബിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo