സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
---------------------------------------------------------
---------------------------------------------------------
വർത്തമാനകാല സാഹിത്യത്തിൽ " പെണ്ണെഴുത്ത് " എന്നൊരു വാക്കിന് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അത് ഏറ്റവും മനോഹരമായി ചേരുന്നത് " സുഗന്ധി എന്ന ആണ്ടാൾ ദേവനായകി " എന്ന നോവലിനാണ്. അതെഴുതിയതൊരു സ്ത്രീ അല്ലാതായിരിക്കെ വായനക്കാരനായ ഞാൻ അതിനെ പെണ്ണെഴുത്ത് എന്നെഴുതാൻ കാരണമായത് അതിലെ ദേവനായകി തന്നെ.
പീറ്റർ ദേവാനന്ദം എന്ന സിനിമാ സംവിധായകൻ ലങ്കൻ ആഭ്യന്തര യുദ്ധ കാലത്തെ കുറിച്ച് സർക്കാർ സഹായത്തോടെ തയാറാക്കുന്ന സിനിമക്ക് വേണ്ടി ശ്രീലങ്കയിൽ എത്തുന്നു. സിനിമയുടെ വിവര ശേഖരണത്തിന്റെ ഭാഗമായി തമിഴ് ഇയക്കത്തിൽ ഒരുകാലത്ത് സജീവമായുണ്ടായിരുന്ന സുഗന്ധി എന്ന സ്ത്രീയിലേക്ക് സഞ്ചരിക്കുന്ന പീറ്റർ വളരെ യാദൃച്ഛികമായി " ദേവനായകിയിൻ കതൈയിലേക്ക് " എത്തുന്നതോടെ നോവൽ വായനക്കാരെ ത്രസിപ്പിക്കാൻ തുടങ്ങും എന്നതിൽ തർക്കമില്ല.
ലങ്കൻ ആഭ്യന്തര യുദ്ധത്തിലെ ഒരിക്കലും മറക്കാനാവാത്ത ഡോ.രജനി തിരണഗാമയിലൂടെ സഞ്ചരിക്കുന്ന എഴുത്ത് ഇടക്കെപ്പോഴോ വായനക്കാരനെ കൊണ്ട് " No More Tears Sister " എന്ന് പറയിപ്പിക്കുന്നുണ്ട്. തമിഴ് വിടുതലൈ പോരാട്ടമാണ് പ്രധാന പശ്ചാത്തലം.
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ എത്താൻ വേണ്ട ദൂരത്തിൻറെയത്രയും ദൂരം ലങ്കയുമായി ഇല്ലെങ്കിലും, സാംസ്കാരികമായും, ജീവിതചര്യകളുമായും ഒരുപാട് സാമ്യങ്ങൾ ഉണ്ടായിട്ടും, ഒരുകാലത്ത് മലയാളിയുടെ അഭയ കേന്ദ്രമായിരുന്ന ശ്രീലങ്കയ്ക്കും നമുക്കുമിടയിലുള്ള ദൂരത്തിന് ഒരു കടലിന്റെ അകൽച്ചയുണ്ടെന്ന് പറയുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരൻ ലങ്കൻ ആഭ്യന്തര യുദ്ധം നമ്മെ ബാധിക്കാത്തതിന് പിന്നിലെ കാരണമായി പറയുന്നതും ഈ കടലെന്ന നിസംഗതയാണ്.
ചോള, ചേര, പാണ്ഡ്യ ഭരണകാലത്തിലൂടെ ഒരു രാജ്യത്തിന്റെ തുറന്ന മുറിവിലേക്ക് പകർന്നാട്ടം നടത്തുന്ന എഴുത്തിൽ അങ്ങോളമിങ്ങോളം മുഴങ്ങി കേൾക്കുന്ന പേരാണ് ദേവനായകി. മാജിക്കൽ റിയലിസം എന്ന് സംശയമില്ലാതെ പറയാൻ കഴിയുന്ന ചരിത്രമെന്നോ, മിത്ത് എന്നോ വേർതിരിക്കാൻ കഴിയാത്ത ആഖ്യാനശൈലിയെ കൂട്ടുപിടിച്ച് അതിവിദഗ്ധമായി ഒരു കഥ രൂപപ്പെടുത്തിയെടുക്കാൻ നീണ്ട കാലങ്ങളുടെ പഠനം അനിവാര്യമാണ്.
കഥാപാത്രങ്ങളായ മിക്ക സ്ത്രീകൾക്കും അസാധ്യമായ കരുത്തും ബുദ്ധിയും മനപ്പൂർവ്വം നൽകുന്ന എഴുത്ത് അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ സൂചനകളായി കാണാനേ കഴിയൂ, ബുദ്ധി കൊണ്ടും, ശരീരം കൊണ്ടുമുള്ള ഒരുതരം പകവീട്ടൽ.
കാന്തള്ളൂർ എന്ന നാട്ടുരാജ്യത്തിൽ നിന്ന് ആരംഭിക്കുന്ന ചരിത്രമെന്ന് തോന്നിപ്പിക്കുന്ന കടംകഥയിൽ, കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്റെ എട്ടാമത്തെ റാണിയായിരുന്ന ദേവനായകി പിന്നീട്, കാന്തള്ളൂര്‍ പിടിച്ചെടുത്ത രാജരാജചോളന്റെ കാന്ത മാദേവിയാരായിത്തീര്‍ന്നു. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക പൈതൃകത്തെ മറ്റൊരു തലത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്ന എഴുത്തിൽ കച്ചവടവും, വിദ്യാഭ്യാസവും, പടയും അങ്ങനെയെല്ലാം കടന്നു വരുന്ന എഴുത്തിനെ എന്ത് പേരിൽ വിശേഷിപ്പിക്കും എന്നറിയില്ല.
ചോള രാജാവിന്റെ പടയോട്ടത്തിൽ നിഷ്പ്രയാസം കീഴടങ്ങുന്ന കാന്തള്ളൂർ പടയുടെ കീഴടങ്ങൽ ഒരുപക്ഷെ ബുദ്ധമത അഹിംസാവാദത്തിൽ അൽപ്പമെങ്കിലും വീണു പോയത് കൊണ്ട് സംഭവിച്ച ചെറുത്തു നിൽപ്പില്ലായ്മയായി തോന്നാം. യുദ്ധത്തിന്റെ ഇടയിൽ കൂടെ നീങ്ങുന്ന എഴുത്ത് അതിമനോഹരമായി ശ്രീലങ്കൻ മിത്തുകളിലേക്ക് നീങ്ങുന്നു. സുസാന സുപിനയെയും ദേവനായകിയിൻ കതൈയെയും അസാധ്യമായി ബന്ധിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നു.
അതി തീവ്രമായ " വയലൻസിനെ " അക്ഷരങ്ങൾ കൊണ്ട് കോർത്തെടുത്ത ഭാഗമാണ് മഹീന്ദന്റെ വാൾ ആദ്യം ഉയർന്ന് താണപ്പോൾ അരിഞ്ഞു വീഴ്ത്തപ്പെട്ട ദേവനായകിയുടെ മുലകൾ രണ്ടായി മുറിച്ച മാതളപ്പഴം പോലെ രക്തത്തിൽ പൊതിഞ്ഞ് മണ്ഡപത്തിന്റെ നടുവിൽ കിടന്നു എന്ന ഭാഗം അത് കേരളത്തിലെ വിപ്ലവ ചരിത്രങ്ങളിൽ അത്ര പ്രാധാന്യം കിട്ടാതെ പോയ നങ്ങേലിയെ എവിടെയൊക്കെയോ ഓർമ്മപ്പെടുത്തുന്നു.
അയാളുടെ വാൾ ഒരിക്കൽ കൂടെ ഉയർന്ന് പൊങ്ങുമ്പോഴേക്കും എന്തോ ഒരു അമാനുഷിക ശക്തി പ്രവഹിച്ച പോലെ ദേവനായകി ആകാശത്തോളം ഉയർന്ന് ഒരു കാല് സിഗിരിയയിലും മറ്റേ കാല് ശ്രീപാദമലയിലും വെച്ച് ആകാശത്തിലൂടെ നടന്നു പോയി എന്ന് എഴുതിയിരിക്കുന്ന ഭാഗം തികച്ചുമൊരു മിത്ത് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വായനക്കാരൻ വിശ്വസിച്ചു പോകും, അരിഞ്ഞു വീഴ്ത്തപ്പെട്ട സ്തനങ്ങൾ പ്രകാശിക്കുന്ന ചുവന്ന നക്ഷത്രങ്ങളായി ആകാശത്തിലേക്ക് പറന്നു.
ശ്രീലങ്കൻ പട്ടാള മേധാവിയായ സിംഹത്തിന്റെ തമിഴ് ഈഴ പോരാളികളോടുള്ള പകയും, ശിക്ഷാ നടപടികളും അതിനയാൾ സ്വീകരിക്കുന്ന മാർഗവും ഒരു തരം പുരുഷ മേൽക്കോയ്മയുടെ ജീർണ്ണത കാണിക്കുന്നു. അതിനൊടുവിൽ അയാളുടെ മരണവും ഇക്കാലത്ത് നമ്മിൽ പലർക്കും പലപ്പോഴായി ചെയ്യണം എന്ന് തോന്നിയിട്ടുള്ളതുമാവാം. ഒരു യുവതിയുടെ കൈകൊണ്ട് ഒരു പിടച്ചിലിൽ അവസാനിച്ച സിംഹം എവിടെയൊക്കെയോ മഹീന്ദന്റെ സ്വഭാവത്തെ അപ്പാടെ സ്വീകരിച്ചിരിക്കുന്നു.
ഗംഗൈക്കൊണ്ട ചോളന്റെ നേതൃത്വത്തിൽ ചോളപ്പടയുടെ കടന്നു കയറ്റം സിംഹള രാജനായ മഹീന്ദന്റെ വീഴ്ച്ചയിൽ കലാശിച്ചു കൂടാതെ അന്ന് വരെ ആരുമങ്ങനെ ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത വെടിമരുന്നിന്റെ സാന്നിധ്യവും ആ യുദ്ധത്തിൽ കാണുന്നു. ഒരുപക്ഷെ ദേവനായകിയുടെ ശാപം എന്നൊക്കെ തോന്നിപ്പിക്കുന്ന ആ തോൽവിയോടെ ചോളരാജാവ് അനുരാധപുര കീഴടക്കുന്നു.
പല സ്ത്രീ കഥാപാത്രങ്ങളും കടന്നു വരുന്നുണ്ട് എങ്കിലും കൂവേണി എന്ന പെൺകുട്ടി മനസ്സിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കുന്നുണ്ട്. ഒരുപക്ഷെ നമ്മുടെ നാട്ടിലും അരങ്ങേറുന്ന രതിവൈകൃതങ്ങളിലേക്കുള്ള എത്തി നോട്ടമാണ് കൂവേണിയുടെ മരണവും അതിനെ തുടർന്ന് ദേവനായകിക്ക് തോന്നുന്ന പകയും.
ആണ്ടാൾ ദേവനായകിയുടെ " തത്വശാസ്ത്രം " വിജയിക്കുന്നവന്റെ ആശ്രിതയാവുക എന്നതാണ്. അതും ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച്ചയായി തോന്നാം. ആണ്ടാൾ ചെറിയൊരു കാലഘട്ടത്തിന്റെ സ്ത്രീ മുഖമല്ല പകരം യുഗങ്ങളിലൂടെ കടന്നു വന്ന, ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന വിപ്ലവ നായികയുടെ മുഖമാണ്.
പീറ്റർ ദേവാനന്ദം തേടി നടന്ന, രണ്ട് കൈകളും ഛേദിക്കപ്പെട്ട സുഗന്ധിയെന്ന തമിഴ് പോരാളി പ്രസിഡന്റിനെ വധിക്കാനായി കോമൺവെൽത്ത് സമ്മേളനത്തിലേക്ക് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ഓടിച്ചു വരുകയും പിടിക്കപ്പെടുകയും ആ സമയത്ത് ഉഗ്രസ്ഫോടനം നടക്കുകയും തീയാളി കത്തുന്ന ആ സമയത്ത് ആകാശത്തേക്ക് പറന്നുയരുകയും ചെയ്യുന്ന സുഗന്ധിയിൽ കൂടെ ദേവനായകിയുടെ മറ്റൊരു യുഗം അവിടെയവസാനിക്കുകയായിരുന്നു.
രജനിയെയും അവരുടെ മരണത്തെയും, സുഗന്ധിയെയും അവർ അനുഭവിച്ച കൊടിയ പീഡനങ്ങളെയും അതിമനോഹരമായി നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്ന് കരുതുന്ന ദേവനായകിയുടെ വ്യക്തിത്വത്തിലേക്ക് ചേർത്ത് എഴുതിയിരിക്കുന്നത് " യാഥാർഥ്യവും ഭ്രമകല്പനകളും " തമ്മിലുള്ള പോരാട്ടമായി തോന്നാമെങ്കിലും അതിനിടയിൽ നിൽക്കുന്ന പീറ്റർ എന്ന മൂന്നാമൻ അവയെ ഭംഗിയായി ബന്ധിപ്പിക്കുന്നു.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിക്കുന്ന ഓരോ സ്ത്രീയും തന്നെ ദേവനായകിയായി ചിത്രീകരിക്കും, അടുത്ത ജന്മത്തിൽ ദേവനായകിയായി ജനിക്കാൻ കൊതിക്കുന്നിടത്താണ് മാജിക്കൽ റിയലിസം തികച്ചും " റിയലിസ്റ്റിക് " ആകുന്നത്.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ചവസാനിപ്പിക്കുമ്പോൾ എന്റെ മനസ്സിൽ ചില വരികൾ എഴുതിച്ചേർക്കപ്പെട്ടിരുന്നു വിപ്ലവത്തിന്റെ, വേദനയുടെ, നഷ്ടപ്പെടലുകളും, പോരാടാനുള്ള അർജവത്തിന്റെ വരികൾ.
''കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ ''
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ ''
ടി ഡി രാമകൃഷ്ണൻ എന്ന അതുല്യ പ്രതിഭയെ വായിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്.
ഫിബിൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക