Slider

എന്റെ കൂട്ടുകാരിക്ക്.

0

എവിടെയോ വായിച്ചിട്ടുണ്ട്.. ഒരാണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിന് ആഴം കൂടുതലായിരിക്കുമെന്ന്.. ചിലപ്പോഴൊക്കെ എന്തിനും കൂടെ നിൽകുന്ന സുഹൃത്താണവൾ.. മറ്റ് ചിലപ്പോൾ കുറുമ്പ് കാരി അനിയത്തിയാവും.... ചേച്ചിയായും അമ്മയായും ഉപദേശിക്കാനും അവൾ തന്നെ...
മെസേജുകളിലൂടെ സംസാരിക്കാനായിരുന്നു കൂടുതൽ ഇഷ്ടം.. കാരണംഞങ്ങൾക്ക് പെട്ടെന്ന് തന്നെ മനസിലായി... അക്ഷര പരിമിതിക്കുള്ളിൽ തുടിക്കുന്ന സൗഹൃദത്തെ...ഒരേ പോലുള്ള ചിന്തകൾ.. പലപ്പോഴും ഒരു കാര്യം തന്നെ രണ്ട് പേരും ഒരേ സമയത്ത് പ്രകടിപ്പിക്കുമായിരുന്നു...
അവൾക്കുണ്ടായ പ്രണയത്തുടിപ്പുകളെ കൗതുകത്തെയോടെയാണ് കണ്ടത്.. ചേട്ടനെ കണ്ട് മുട്ടിയ കഥകളും അവർ കൈമാറുന്ന കൊച്ച് സമ്മാനങ്ങളും.. അങ്ങനെ അങ്ങനെ.. പിന്നീട് തകർന്ന ഹൃദയവുമായി എന്റെ മുന്നിൽ ഇരുന്നപ്പോൾ.. ഒരു കൊച്ച് കുഞ്ഞിനെ പോലെ ആശ്വസിപ്പിച്ചു.. കരഞ്ഞ് കലങ്ങിയ കണ്ണുകൾ തുടച്ച് കൊടുത്തപ്പോൾ കവിളത്തെ നുണക്കുഴി തെളിഞ്ഞ ആ ചിരി കാണാൻ ആശിച്ചു..
ഒരിക്കൽ ഇല്ലാത്ത കാരണവും പറഞ്ഞാണ് ആ വീട്ടിലേക്ക് കയറി ചെന്നത്.. താടിക്കാരൻ അച്ഛനും അവളേക്കാൾ കുസൃതിയായ അമ്മയും സ്നേഹത്തിന്റെ മറ്റൊരു ലോകം സമ്മാനിച്ചു... കൈ പിടിച്ച് സ്വന്തം ചിത്രങ്ങളും കൃഷിയിടങ്ങളും കാണിച്ച് തന്നപ്പോൾ അച്ഛനില്ലാതെ വളർന്ന വിഷമം അൽപ നേരത്തേക്ക് മറന്നു..
അവൾക്കൊരു നല്ല ആലോചന വന്നപ്പോൾ പയ്യനെ ആദ്യമായി കണ്ടതും ഞാനായിരുന്നു.. ഒരുമിച്ചൊരു ഫോട്ടോയും എടുത്ത് കാണിക്കുമ്പോൾ ഒരേട്ടനെറ ഗമ ആയിരുന്നു..
കല്യാണം അടുത്ത് വന്നപ്പോൾ എന്തോ മനസിൽ ഒരു വിഷമം കയറിക്കൂടി... അവൾ കെഞ്ചി പറഞ്ഞിട്ടും അന്നേ ദിവസം പോവാതിരുന്നതിന്റെ കാരണം അറിയില്ലായിരുന്നു! വിവാഹ വേഷത്തിൽ വരനേയും കൂട്ടി വീട്ടിൽ വന്നപ്പോൾ ശരിക്കും ചമ്മിയെങ്കിലും സന്തോഷത്താൽ കണ്ണ് നിറഞ്ഞു...
അനിയത്തി കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങി പോവുമ്പോൾ ഏട്ടനുണ്ടാവുന്ന ഒരു വിങ്ങലുണ്ട്.. അതെനിക്ക് ശരിക്കും മനസിലായി...!
കഴിഞ്ഞ അവധിക്ക് പോയപ്പോൾ മറ്റൊരു കൊച്ച് നുണക്കുഴിക്കാരിയും കൂടെയുണ്ടായിരുന്നു... അവളുടെ കൊലുസിന്റെ താളത്തിന്റെ കൂടെ ഓടി നടന്നപ്പോൾ ഒരു കുട്ടി ആയത് പോലെ തോന്നി.. ഇറങ്ങുമ്പോൾ കൊച്ചിനേയും എടുത്ത് അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു... എനിക്കറിയാം ഇന്നവൾക്ക് മെസേജിലൂടെ ഒരു പാട് തമാശകൾ പറയാനുണ്ടാവുമെന്ന്....

By: Younus Muhammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo