Slider

പ്രോടുനോവാ വോള്‍ട്ട്

0


കാണികള്‍ ഇല്ലാത്ത ഇരുട്ടില്‍ മുങ്ങി കിടക്കുന്ന ഒരു വലിയ സ്റ്റേഡിയം.എങ്ങും നിശബ്ദത.അതിനു നടുവില്‍ ജിംനാസ്ടിക് മത്സരങ്ങള്‍ നടത്തുന്ന പ്ലാറ്റ്ഫോം.അല്പം ഉയര്‍ന്നു നില്‍ക്കുന്ന ഒരു സ്പ്രിംഗ് ബാറിലേക്ക് താന്‍ ഓടി വരികയാണ്‌.ഓടി വന്നു സ്പ്രിംഗ് ബാറിലേക്ക് എടുത്തു ചാടി വായുവിലേക്ക് മലക്കം മറിയുന്നു.പൊടുന്നനെ എല്ലായിടത്തും പ്രകാശം പരക്കുന്നു.ആര്‍ത്തിരമ്പുന്ന കാണികള്‍.
ദീപാ സിംഗ് ഞെട്ടിയുണര്‍ന്നു..കിതപ്പ് മാറുന്നില്ല.നെഞ്ചു പട പടാ മിടിക്കുന്നു.വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു ദേഹം.
അവള്‍ എഴുന്നേറ്റ് ലൈറ്റിട്ടു.മേശയിലെ ജഗ്ഗില്‍ നിന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു.ജനാല തുറന്നു.പുറത്തു തണുപ്പില്‍ മുങ്ങി കിടക്കുന്ന മനാലിയിലെ ആപ്പിള്തോ ട്ടങ്ങള്‍.
ദീപ കട്ടിലിലേക്ക് നോക്കി.മെത്തയില്‍ മൂന്നു വയസ്സുകാരന്‍ മകന്‍ രോഹിത് ഉറങ്ങി കിടക്കുന്നു.അവന്റെ നെഞ്ചില്‍ നിന്നു കുറുകല്‍.അവള്‍ അലമാരയില്‍ നിന്ന് ഒരു കമ്പിളി പുതപ്പു കൂടി എടുത്തു അവന്റെ നെഞ്ചിലൂടെ പുതപ്പിച്ചു.നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകള്‍ ഒതുക്കി വച്ച്,നെറ്റിയില്‍ ഉമ്മ വച്ചു.
ഉറക്കം പോയി.നാളെയാണ് ടോക്കിയോയിലേക്ക് പോകണ്ടത്.മറ്റന്നാള്‍ ജനുവരി പതിനെട്ടു.ടോക്കിയോക്ക് അടുത്ത് പസഫിക്ക് സമുദ്രത്തിലെ ഒരു ചെറു ദ്വീപായ കനഗാവയില്‍ നടക്കുന്ന മത്സരത്തില്‍ താന്‍ പങ്കെടുക്കുന്നു.
രണ്ടായിരത്തി ഇരുപതിലേ ഒളിമ്പിക്സ് ജിംനാസ്ടിക്ക്സ് മത്സരത്തില്‍.
അവള്‍ പുറത്തേക്ക ഇറങ്ങി നടന്നു.അപ്പിള്‍ തോട്ടങ്ങളില്‍ നിന്ന് അത് വരെ ഒളിച്ചിരുന്ന തണുത്ത കാറ്റ് വീശി കടന്നു പോയി.ശരീരത്തില്‍ തണുപ്പ് പടരുന്നു.
കാറ്റിന്റെയോ അതോ ഭയത്തിന്റെയോ ?
ഇത് ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉള്ള മത്സരമാണ്.മുന്‍ ഒളിമ്പിക്സ് മത്സരത്തിന്റെ ഫൈനല്‍ റൌണ്ടില്‍ കടന്നത്‌ കൊണ്ട് ഇപ്രാവശ്യത്തെ ഒളിമ്പിക്ക്സിനു യോഗ്യത നേടിയ താരങ്ങളില്‍ രണ്ടു പേരില്‍ ഒരാള്‍ താനായിരുന്നു.പക്ഷെ ഒളിമ്പിക് ടീമില്‍ താന്‍ ഉണ്ടായിരുന്നില്ല.
ഇരുട്ടില്‍ മറഞ്ഞു കിടക്കുന്ന മനിലയിലെ ഏറ്റവും ഉയരമുള്ള റിസായി മലയിലൂടെ ഏതോ രാത്രി ട്രെയിന്‍ കടന്നു പോകുന്നതിന്റെ ചൂളം വിളി.അവള്‍ അകലേക്ക് നോക്കി.ട്രെയിനിറെ മഞ്ഞ വെളിച്ചത്തില്‍ ഒരു നിമിഷം കാണപ്പെട്ട പുല്‍മേടുകളില്‍ മനിലയില്‍ ട്രെക്കിങ്ങിനു വന്ന യാത്രികരുടെ കൂടാരങ്ങളുടെ നിര.
ഓര്‍മ്മകള്‍ പിന്നോട്ട് ചൂളം വിളിച്ചു പായുകയാണ്.
പ്രോടുനോവാ വോള്‍ട്ട് .
ജിംനാസ്ടിക്സിലെ ഏറ്റവും അപകരമായ ഇനം.ലോകത്തില്‍ അഞ്ചു താരങ്ങള്‍ മാത്രമേ വേദികളില്‍ ആ ഇനം വിജയകരമായി ചെയ്തിട്ടുള്ളൂ.തൊണൂറ്റി ഒന്പതില്‍ യെലേന പ്രോടുനോവ എന്ന റഷ്യക്കാരി ആദ്യമായി ചെയ്തു.അതിനു ശേഷം അഞ്ചു പേര്‍.അഞ്ചാമത്തെ താരം ഇന്ത്യക്കാരി.
അത് താനായിരുന്നു..ദീപാ സിംഗ്.വര്‍ഷം മുഴുവന്‍ മഞ്ഞില്‍ ഉറങ്ങി കിടക്കുന്ന ഹിമാചല്‍ പ്രദേശിലെ മനിലാ കുന്നുകളിലെ ആപ്പിള്‍ തോട്ടങ്ങളില്‍ കൃഷി ചെയ്ത് ജീവിച്ച മാതാപിതാക്കളുടെ ഏക മകള്‍.മനിലയിലെ ചെങ്കുത്തായ കുന്നുകളില്‍ ,ആടുകള്ക്കൊ്പ്പം,പാറക്കെട്ടുകളിലൂടെ, ഓടി ചാടി നടന്നു ശരീരം സ്പ്രിംഗ് പോലെ വഴങ്ങുന്ന ചെറുപ്പക്കാരി.
ഹിമാചല്‍ സ്പോര്‍ട്സ് സ്കൂളില്‍ അഡ്മിഷന്‍ കിട്ടി.വീടും ,തൊഴിലും, ജീവിതവുമായിരുന്നു മുഖ്യം.വില്ല് പോലെ വളയുന്ന ദേഹവുമായി പടവുകള്‍ ചവിട്ടി.ജിംനാസ്തിക്ക്സ് എന്ന സ്പോര്‍ട്സ് ഇനതിലേക്ക് വഴി കാണിച്ചു തന്നു നയിച്ചത് കോച്ച് മനോഹര്‍ രാം ആയിരുന്നു.തന്റെ മനോഹര്‍ സര്‍.
തനിക്ക് പ്രോടുനോവ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരു സ്പ്രിംഗ് ബോര്‍ഡിലേക്ക് പതിനഞ്ചു മീറ്റര്‍ ദൂരത്ത്‌ നിന്ന് ഓടി വന്നു ചാടണം.ചാടി സ്പ്രിംഗ് ബോര്‍ഡില്‍ കൈ രണ്ടും കുത്തി ഉയര്‍ന്നു പൊങ്ങണം.ചാട്ടത്തിന്റെ ശക്തിയില്‍ സ്പ്രിംഗ് ഉയര്‍ന്നു പൊങ്ങും.ശരീരം വായുവിലേക്ക് എറിയപെടും.അഞ്ചു സെക്കണ്ട് ശരീരം വായുവില്‍..അതിനുള്ളില്‍ രണ്ടു പ്രാവശ്യം കരണം മറിഞ്ഞു വോള്‍ട്ട് ടേബിളില്‍ ശരീരം നിവര്‍ന്നു രണ്ടു കാലില്‍ ലാന്‍ഡ് ചെയ്യണം!
ഇതിനിടയില്‍ ഒരു നെല്ലിട തെറ്റിയാല്‍ ..നടുവ് ഒടിഞ്ഞു നുറുങ്ങി നിമിഷം നേരം കൊണ്ട് ജീവന്‍ പോകും.
ഏറ്റവും കൂടുതല്‍ ശരീര നിയന്ത്രണവും ധൈര്യവും വേണ്ട ഇനം.അത് കൊണ്ടാണ് തനിക്കു മുമ്പ് വെറും നാല് പേര്‍ മാത്രം മത്സര വേദികളില്‍ അത് പയറ്റാന്‍ ധൈര്യം കാണിച്ചത്‌.ആയിരക്കണക്കിനു പ്രാവശ്യം മണല്‍ കോര്‍ട്ടിലും പിന്നെ പരുക്കന്‍ വോള്‍ട്ട് ടേബിളിലും മനോഹര്‍ സാര്‍ തന്നെ കൊണ്ട് അത് പരിശീലിപ്പിച്ചു.കുറെ പേര്‍ എതിര്‍ത്തു.ഒരു നെല്ലിട തെറ്റിയാല്‍ ഉണ്ടാകുന്ന അപകടത്തെ താന്‍ ഭയന്നില്ല.ചാടുമ്പോള്‍ ,കരണം മറിയുമ്പോള്‍,വായുവില്‍ ഒരു പന്ത് പോലെ ശരീരം പറക്കുമ്പോള്‍ തലച്ചോറില്‍ ഒരു ജ്വാല തെളിയും.അത് നിമിഷം കൊണ്ട് ശരീരം മുഴുവന്‍ പരക്കും.ആദ്യത്തെ ഭയം മാറി താന്‍ പ്രോടുനോവയെ സ്നേഹിച്ചു തുടങ്ങി.
ഒപ്പം മറ്റൊരാളെയും. ഒരു സ്പോര്‍ട്സ് ക്യാമ്പില്‍ വചു പരിചയപ്പെട്ട മാരത്തോണ്‍ ഓട്ടക്കാരന്‍ സുധാകറിനെ .
ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രോടുനോവ അവതരിപ്പിച്ചു മെഡല്‍ നേടി.ഒപ്പം മറ്റു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിലും കുറെ മെഡലുകള്‍ പ്രോടുനോവ തനിക്ക് നേടി തന്നു.ഒളിമ്പിക്സ് ആയിരുന്നു ലക്‌ഷ്യം. രണ്ടായിരത്തി പതിനാറിലെ മത്സരത്തിനു യോഗ്യത നേടി.
പലരും മത്സരത്തിന്റെ അപകടം ഓര്‍ത്തു വിലക്കി.പക്ഷെ ഏറ്റവും കൂടുതല്‍ സ്കോര്‍ ലഭിക്കുന്ന ഇനം പ്രോടുനോവ ആയിരുന്നു.വിജയകരമായി ചെയ്‌താല്‍ മെഡല്‍ ഉറപ്പ്.
പക്ഷെ താന്‍ പിന്മാറിയില്ല.മത്സരത്തിനു മുന്പ് വീണ്ടും ധാരാളം തവണ കോച്ച് തന്നെ കൊണ്ട് പ്രാക്ടീസ് ചെയ്യിച്ചു.ആത്മവിശ്വാസം അതിന്റെ കൊടുമുടിയിലായിരുന്നു.രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തന്നിലായിരുനു.
പ്രാഥമിക റൌണ്ടിന് കഴിഞ്ഞു.ഫൈനല്‍ റൌണ്ടില്‍ കടന്നു.പ്രാഥമിക റൌണ്ടില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ തനിക്കായിരുന്നു! പക്ഷെ ..
അതിനു ശേഷമുള്ള വൈദ്യ പരിശോധനയില്‍ അത് തെളിഞ്ഞു.താന്‍ ഗര്‍ഭിണിയാണ്!!!
“ഒളിമ്പിസ്ക് നിയമങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് വിലക്ക് ഒന്നുമില്ല.പതിനെട്ടു പേര്‍ ഗര്‍ഭിണികളായിരിക്കെ ഒളിമ്പിക്സില്‍ മത്സരിച്ചിട്ടുണ്ട്.ഫൈനല്‍ റൌണ്ടില്‍ മത്സരിക്കണമോ എന്നത് നിങ്ങളുടെ തീരുമാനമാണ്.”ഒളിമ്പിക്ക് സംഘാടകര്‍ തന്നോടും കോച്ചിനോടും പറഞ്ഞു.
ദീപ കോച്ചിന്റെ മുഖത്തേക്ക് നോക്കി.
“ഇത് നിന്റെ തീരുമാനമാണ്.ഏതായാലും ഞാന്‍ നിന്നെ പിന്തുടണക്കും.”മനോഹര്‍ സര്‍ പറഞ്ഞു.ഉറച്ച മുഖ ഭാവത്തോടെ.
ഒരു രാജ്യത്തിന്റെറ മെഡല്‍ പ്രതീക്ഷയാണ് തന്നില്‍.പക്ഷെ ഉദരത്തില്‍ ഉള്ളത് ഒരു ജീവനാണ്.ഒരു നിഷ്കളങ്ക ജീവന്‍.
ഒടുവില്‍ തീരുമാനിച്ചു.തനിക്കു തന്റെ കുഞ്ഞിന്റെ ജീവന്‍ തന്നെയാണ് വലുത്.പ്രോടുനോവ വോള്‍ട്ട് പോലെ ഒരു അപകടകരമായ ഇനത്തില്‍ പങ്കെടുത്തു തനിക്ക് തന്റെ കുഞ്ഞിന്റെ ജീവന്‍ പന്താടാന്‍ കഴിയില്ല.
രാത്രി സുധാകര്‍ മുറിയില്‍ വന്നു.അയാള്‍ ആക്രോശിച്ചു.കാലില്‍ കെട്ടി പിടിച്ചു പറഞ്ഞു.തീരുമാനം മാറ്റാന്‍.
“ഈ മത്സരത്തില്‍ ജയിച്ചാല്‍ കോടികള്‍ ആണ് നമ്മള്ക്ക് വേണ്ടി കാത്തിരിക്കുന്നത്.കുട്ടികള്‍ നമ്മുക്ക് ഇനിയും ആവാലോ.”
അയാള്ക്ക് വേണ്ടത് പാരിതോഷികങ്ങള്‍ ആയിരുന്നു.കോടികളുടെ മണികിലുക്കം.വെറുപ്പ് തോന്നി ആദ്യമായി.റൂമില്‍ നിന്ന് ഇറക്കി വിട്ടു.
കോച്ച് നിശബ്ദം തനിക്കൊപ്പം നിന്നു.മെഡല്‍ ഒന്നുമില്ലാതെ ,നാട്ടില്‍ തിരികെ വന്നപ്പോള്‍ കൂക്കുവിളിയും പരിഹാസവും നേടി.ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.
കാമുകന്‍ ഉപേക്ഷിച്ചു.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല.
പരിശീലനത്തിന് കടം വാങ്ങിയ ലക്ഷങ്ങള്‍ ,വീടിന്റെ പണിക്ക് എടുത്ത ലോണ്‍..
മാസങ്ങള്‍ ബെഡ് റസ്റ്റ്‌.ഒടുവില്‍ രോഹിതിനെ പ്രസവിച്ചു.
തിരികെ മനിലയില്‍ ഒരു വാടക വീട്ടില്‍.ആപ്പിള്‍ തോട്ടത്തിലെ ഫാക്ടറിയില്‍ അക്കൌണ്ടന്റ് ജോലി ലഭിച്ചു.
മൂന്നു വര്‍ഷങ്ങള്‍ .എത്ര പെട്ടെന്നാണ് കടന്നു പോയത്.
ആളുകള്‍ വേഗം തന്നെ മറന്നു.താന്‍ പോലും തന്നെ മറന്നു.പക്ഷെ ഒരാള്‍ മറന്നില്ല.കോച്ച് മനോഹര്‍.ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.അനേകം നാളുകളിലൂടെ സ്വായത്തം ആക്കിയ പ്രോടുനോവ എന്ന കഴിവ്...ഒരിക്കലും നഷ്ടപെടുത്തരുത്.ഇടക്ക് തന്നെ വന്നു കാണും.മനിലയില്‍ സ്പോര്‍ട്സ് ടൂറിസത്തിന്റെ ഭാഗമായി.എല്ലാ ദിവസവും കുട്ടികളെ പരിശീലിപ്പിക്കുന്ന കാര്യം കോച്ച് ശരിയാക്കി..ശരീരത്തിന്റെ വഴക്കം നഷ്ടപെടരുത്.ആരോടോ ഉള്ള വാശി പോലെ അത് ചെയ്തു പോന്നു.
കൂനിന്മേല്‍ കുരു പോലെ രോഹിത്തിന്റെ അസുഖം വന്നത് ഇതിനിടെയാണ്.അവന്റെ കുഞ്ഞു ഹൃദയ ഭിത്തിയില്‍ സുഷിരങ്ങള്‍ വീഴുന്നു.അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയും തുടര്‍ ചികിത്സയും ലണ്ടനില്‍ മാത്രമേ ഉള്ളു.പക്ഷെ ,അതിനുള്ള പണം എവിടെ?
അവനെ കെട്ടി പിടിച്ചു കരഞ്ഞു .ഒറ്റക്കായ പെണ്ണിന്റെ നിസ്സഹായത..എന്ത് ചെയ്യണം എന്നറിയാതെ...എല്ലാം അവസാനിക്കുന്നത്‌ പോലെ..
അപ്പോഴാണ് പഴയ കോച്ച് വിളിക്കുന്നത്....
ഒളിമ്പിക്സ് തുടങ്ങിയിരിക്കുന്നു.ടോക്കിയോയില്‍.പത്രവാര്‍ത്തകളില്‍ തന്റെ പഴയ പിന്മാറ്റം ഇടം പിടിക്കുന്നു.ഒപ്പം ഒന്ന് കൂടി ഇപ്പോള്‍ ലോകത്ത് പ്രോടുനോവ ചെയ്യാന്‍ കഴിയുന്ന മൂന്ന്‍ ജിംനാസ്റ്റുകളില്‍ ഒരാള്‍ താനാണ്.
മനോഹര്‍ സര്‍ വിളിച്ചത് അതിനു വേണ്ടിയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പ്രോടുനോവ ചെയ്യാന്‍ ശ്രമിച്ചു ഒന്‍പതു താരങ്ങള്‍ വേദികളില്‍ മരിച്ചു. ഏറ്റവും അപകരമായ പ്രോടുനോവ ഈ ഒളിമ്പിക്ക്സു മാത്രമേ മത്സരിക്കാന്‍ അനുവദിക്കൂ...
“നീ തിരിച്ചു വരണം.ഒളിമ്പിക്ക് നിയമങ്ങള്‍ അനുസരിച്ച് കഴിഞ്ഞ പ്രാവശ്യം ഫൈനല്‍ റൌണ്ടില്‍ നീ മത്സരിച്ചില്ലെങ്കിലും അന്നത്തെ ഏറ്റവും നല്ല സ്കോര്‍ നിനക്ക് ഗുണം ചെയ്യും.ഇപ്രാവശ്യം ഫൈനല്‍ റൌണ്ടില്‍ നേരിട്ട് മത്സരിക്കാം.നിനക്കെ അതിനു കഴിയ്യു...അതിനുള്ള വഴക്കവും നിയന്ത്രണവും നിനക്ക് ഇപ്പോഴും ഉണ്ട്.തീരുമാനം നിന്റെയാണ്.”
ഏറെ ആലോചിച്ചില്ല.കഴിഞ്ഞ പ്രാവശ്യം താന്‍ പിന്മാറിയത് രോഹിതിനു വേണ്ടിയാണു.ഇപ്പ്രാവശ്യം താന്‍ മത്സരിക്കാന്‍ പോവുന്നു.അവനു വേണ്ടി.തന്റെ കുഞ്ഞിനു വേണ്ടി.തന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ടി.
സമ്മതം അറിയിച്ചു.
നാളെ പോവുകയാണ്.
വീണ്ടും ചൂളം വിളിച്ചു കൊണ്ട് അപ്പിള്‍ തോട്ടങ്ങളിലൂടെ തണുത്ത കാറ്റ് കടന്നു പോയി.ഓര്‍മ്മകളില്‍ മുഴുകി നേരം പോയി.മഞ്ഞിന്റെ പുതപ്പ് മാറ്റി പുല്‍മേടുകളിലെ കൂടാരങ്ങളുടെ നിര കാണാന്‍ തുടങ്ങിയിരിക്കുന്നു.അവള്‍ തിരികെ വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് കുഞ്ഞിനെ മാതാപിതാക്കളെ ഏല്പിച്ചു ദീപ ടോക്കിയോയിലേക്ക് പോയി.
വിമാനത്താവളത്തില്‍ അവളെ കാണാന്‍ വന്‍പിച്ച തിരക്കായിരുന്നു.ഫ്ലാഷ് ലൈറ്റുകള്‍ മിന്നി കൊണ്ടിരുന്നു.സോഷ്യല്‍ മീഡിയയിലും,ടി.വിയിലും മെഡല്‍ നേടാന്‍ രാജ്യം തിരികെ വിളിച്ച പഴയ താരത്തിന്റെ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു.
പിറ്റേ ദിവസം നേരം പുലര്‍ന്നു...നീല സമുദ്രത്തിന്റെ നടുവില്‍ മോതിരവളയം പോലെ ഒരു ചെറു ദ്വീപില്‍ ജിംനാസ്ടിക് മത്സര വേദി ഒരുങ്ങി.ഫൈനല്‍ റൌണ്ട് ആരംഭിച്ചു.
“ദീപാ സിംഗ്,ഇന്ത്യ...”അനൌണ്സ്മെന്റ് മുഴങ്ങി.
തിങ്ങി നിറഞ്ഞ കാണികള്‍.മിന്നുന്ന ക്യാമറകള്‍.കോടിക്കണക്കിനു ആളുകള്‍ തത്സമയം ടെലിവിഷനില്‍ അവളെ കാണുന്നു.ആകാക്ഷഭരിതരായ ഒരു രാജ്യത്തെ കോടികണക്കിന് ജനങ്ങള്‍ അവളില്‍ പ്രതീക്ഷ വയ്ക്കുന്നു.
ദീപ വോള്ട്ടിംഗ് ടേബിളില്‍ വന്നു കാണികളെ വണങ്ങി.സ്പ്രിംഗ് ബാറില്‍ നിന്ന് പതിനഞ്ചു മീറ്റര്‍ അകലെ നിന്ന് ഓടാന്‍ തയ്യാറെടുത്തു.
എവിടെ നിന്നോ ഒരു ചെറുകാറ്റ് അവളെ വീശി കടന്നു പോയി.മനിലയിലെ അപ്പിള്‍ തോട്ടങ്ങളിലെ കാറ്റ് അവള്ക്ക് ഓര്‍മ്മ വന്നു.ഒപ്പം ഉറങ്ങി കിടക്കുന്ന ഒരു കുഞ്ഞു മുഖവും.ഇത് അവനു വേണ്ടിയാണ്.അവന്റെ ഹൃദയത്തിലെ സുഷിരങ്ങള്‍ അടയാന്‍.ഒപ്പം തന്റെ ആത്മാവിലെയും.
ദീപ കണ്ണുകള്‍ ഉയര്‍ത്തി സ്പ്രിംഗ് ബാറിലേക്ക് സൂക്ഷിച്ചു നോക്കി.പിന്നെ വായു ദീര്‍ഘമായി വലിച്ചെടുത്തു ....തന്റെ ശരീരം ഒരു സ്പ്രിംഗ് കമ്പിയാണ് ഇപ്പോള്‍...
അവള്‍ സ്പ്രിംഗ് ബാറിലേക്ക് ഓടിയടുത്തു.ശരീരം വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി......ദീപാ,ദീപാ.....കാണികള്‍ ഇരമ്പിയാര്‍ത്തു വിളിച്ചു കൊണ്ടിരുന്നു...

By: Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo