Slider

ബാപ്പ

0

അറിയില്ലെനിക്ക് ഈ കഥ എങ്ങിനെ പറയണമെന്ന് എന്നാലും പറയട്ടെ!
കുട്ടിക്കാലത്ത് എവിടെയോ വിരുന്ന് പോയപ്പോൾ നെയ്യപ്പം കഴിച്ച് കൊതിതീരാതെ ബഹളം വച്ച ബാപ്പാക്ക് ,--തിരിച്ച് വീട്ടിൽ വന്ന് നെയ്യപ്പത്തിന്റെ വലിയ മാല തീർത്ത് കഴുത്തിൽ അണിയിച്ചു കൊതി തീർത്ത ഉമ്മാന്റെ മകൻ! യാചിച്ചു വരുന്നവർക്ക് ഒന്നുമില്ലെങ്കിൽ ധരിച്ച വസ്ത്രം വരെ ഊരി കൊടുക്കാൻ മടിയില്ലാത്ത ഉമ്മാന്റെ മകൻ! ബാപ്പ!
ആ മഹാ മനസ്സ് ആവോളം കിട്ടിയ ബാപ്പ, മനസ്സ് നിറയെ സ്നേഹം! വാത്സല്യം, പുൽക്കൊടിയോടു പോലും ദയയുള്ള ബാപ്പ,,,... ഒക്കെയായിരുന്നു ബാപ്പ!
നല്ല മനസ്സുള്ളവരെ ദൈവം പരീക്ഷിച്ച് കൊണ്ടിരിക്കും എന്നത് ശരിയാണല്ലേ ????? ബാപ്പയും പരീക്ഷിക്കപ്പെടാൻ വിധിക്കപ്പെട്ട ആളായിരുന്നു. ഞാനറിയാതെ പോയ എന്റെ ബാപ്പ! സ്നേഹം ഒരു കുന്നോളം മനസിൽ ഉണ്ടായിട്ടും പങ്കിടാൻ കഴിയാതെ പോയ ഭാഗ്യം കെട്ട മകളായി ജീവിക്കുന്നു.
ചെറുതിലേ.....,,, അന്നം തേടി പ്രവാസിയുടെ കുപ്പായമണിഞ്ഞ ബാപ്പ !
അബുദാബിയിലെ ഷെയ്ഖിന് പ്രിയപ്പെട്ട തോഴനായിരുന്നു. പേരിന് ഒട്ടും മോശമല്ലാത്ത തറവാട്ടിൽ ജനിച്ച ബാപ്പാന്റെ വ്യക്തിത്വം, കൈപുണ്യം ഈന്തപ്പഴ നാട്ടിലെ സുൽത്താന് ബോധിച്ചതാവാം കാരണം.!
ബാപ്പാന്റെ പേരറിയാത്തവർ വിരളം. നാട്ടുകാർക്ക് ഒരു പാട് സ്നേഹം. കൂട്ടുകാർക്കും, കുടുംബക്കാർക്കും വിയർപ്പിന്ടെ അംശങ്ങൾ നോട്ടുകളും, സമ്മാനങ്ങളുമാക്കി വാരി വിതറി. പല പല വേദനയിൽ നീറുന്നവരെ കടല് കടത്തി ആശ്രയമായി. എല്ലാം പങ്കിട്ട ബാപ്പ ജീവിക്കാൻ മറന്നു പോയി. സ്വന്തം ജീവിതം വഴിയോരത്ത് എവിടെയോ കളഞ്ഞു പോയി.
****************************
മഹാമനസ്കത ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാക്കാം,, ഉള്ളംകൈ എപ്പോഴും കാലിയായ ബാപ്പ , പകർന്നു കൊടുത്ത സ്നേഹങ്ങളെല്ലാം ബാപ്പാക്ക് സമ്മാനിച്ചത് അതായിരുന്നു. ആയിരം പേരുടെ ജീവനുകൾ ബാപ്പ നല്കിയ അന്നം കൊണ്ട് തുടിച്ചത് ഓർക്കുമ്പോൾ,,,, കേൾക്കുമ്പോൾ ഇന്ന് ഈ മകൾ അഭിമാനിക്കുന്നു പക്ഷെ............
ഒത്തിരി ഇഷ്ടം തോന്നി മനസാ വരിച്ച പെണ്ണിനെ മഹിമയുടെ പേര് പറഞ്ഞ് , ആരുടെയൊക്കെയോ നിർബന്ധത്താൽ അകറ്റി നിർത്തേണ്ടിവന്ന ബാപ്പാക്ക്- പിന്നീട് ജീവിത സഖിയായി വന്ന ഉമ്മായെ പ്രാണനായിരുന്നില്ലേ... ഒരു കടുക് മണിയോളം വെറുപ്പ് പോലും മനസിൽ ഇല്ലാത്ത ബാപ്പ ആദ്യം പ്രാണൻ കൊടുത്ത പെണ്ണിനെ എന്തിന് വെറുക്കണം. ഏതോ ബുദ്ധിശൂന്യരുടെ ചരടു വലിയിൽ കുരുങ്ങി എന്ടെ ബാപ്പ നീറി പുകഞ്ഞില്ലേ.. ഒരുപാട് .
പക്ഷെ ബാപ്പാന്റെ സ്നേഹം തന്നെയായിരുന്നു സത്യം.! ഹൃദയത്തിൽ ചേർത്ത് വച്ചിരുന്നു ബാപ്പ- ബന്ധങ്ങൾ. മനസിൽ ആദ്യം ഇഷ്ടം തോന്നിയ അവരെ ബാപ്പ വെറുത്തില്ല., അവഗണിച്ചില്ല തെറ്റ് മനസിലായപ്പോൾ കൂടെ ഉണ്ടായിരുന്നു. അവിടെയാണ് ഞാൻ ബാപ്പയെ കണ്ടത്. ആരേയും ഒരണു പോലും വേദനിപ്പിക്കാതെ ജീവിതം തുഴയാൻ നോക്കിയ ബാപ്പ .
അഭിമാനിയായ എന്റെ ഉമ്മാക്ക് ബാപ്പാനെ സ്വതന്ത്രനാക്കി വിടാൻ ഇഷ്ടമായിരുന്നു. ഒരു കൊച്ഛു കുഞ്ഞിനെപ്പോലെയായിരുന്നു ഉമ്മായോട് ബാപ്പാന്റെ പെരുമാറ്റം. സമുദായത്തിലെ ആചാരങ്ങളുടെ നേർക്കാഴ്ചയായിരുന്നല്ലോ ഉമ്മ ബാപ്പാക്ക്. ഉപരിപഠനത്തിന് തയ്യാറെടുക്കമ്പോൾ രണ്ടാം കെട്ടുകാരന് ഇരയായത് കൊണ്ടാവാം പ്രത്യേക പരിഗണന ഞാൻ കണ്ടിരുന്നു ബാപ്പാക്ക് ഉമ്മാനോട് . ബാപ്പ ശൂന്യനായിരുന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത ശൂന്യൻ!
കൊടുത്ത സ്നേഹമെല്ലാം ബാപ്പാക്ക് ചില്ലുപാത്രം പോലെ ആയിരുന്നു. എല്ലാം എളുപ്പംവീണുടഞ്ഞ് പോയ്ക്കൊണ്ടിരുന്നു.
ഉമ്മ ബാപ്പാക്ക്കൊടുത്ത സ്വാതന്ത്ര്യം മക്കൾക്ക് ഒരു പാട് അന്തരം തീർത്തു. ആരുടെയൊക്കെയോ എഴുതാപുറങ്ങൾ ഞാൻ മന:പാഠമാക്കി. ഹൃദയത്തിൽ സ്നേഹവും, വാത്സല്യവും കുത്തിനിറച്ച എന്റെ ബാപ്പാനെ കുറ്റപ്പെടുത്തി. ബുദ്ധി ഇല്ലാത്ത പ്രായത്തിൽ ആകാശത്ത് ഇരമ്പി പായുന്ന വിമാനം നോക്കി ".ബാപ്പാ."........ എന്ന് വിളിച്ച മകൾ ! ബുദ്ധി ഉറച്ചപ്പോൾ ഈ "ബാപ്പ എന്താ ഇങ്ങനെ" എന്നായി. ആരായിരുന്നു ?ആർക്ക് വേണ്ടിയാണ് എന്റെ അഭിമാനിയായ ബാപ്പായെ ഞാൻ തള്ളി പറഞ്ഞത്. ഓട്ടക്കാലിയായ ആ കൈ ഒരു പാട് പേരുടെ തളർന്ന വിരലുകൾക്ക് കരുത്തേകിയിരുന്നു എന്ന് ആരും എന്തേ എനിക്ക് പറഞ്ഞു തന്നില്ല.
എന്നും പറയുമായിരുന്നു ആ സ്നേഹം ".എന്റെ മക്കളെ ഞാൻ പൊന്ന് കൊണ്ട് മൂടും എന്ന്.!! ഉള്ളിൽ അടങ്ങാത്ത ആശയായിരുന്നില്ലേ ബാപ്പാ അത്.! മനസു വച്ചാൽ ബാപ്പാക്ക് അതു സാധ്യമാകും എന്നറിയുന്നത് കൊണ്ടല്ലേ ആരുടെയൊക്കെയോ കുറ്റപെടുത്തലുകൾ ബാപ്പായെ എന്നിൽ നിന്നും, ഞങ്ങളിൽ നിന്നും അകറ്റിയത്. ആർക്ക് നഷ്ടം! ബാപ്പാന്റെ മക്കൾക്ക് മാത്രം!
വൈകിയ വേളയിൽ എനിക്ക് തിരിച്ച് കിട്ടി ബാപ്പാനെ .ആശ്വാസം തേടി, പ്രവാസത്തെ തന്നെ കൂട്ട് പിടിച്ച് ഒളിച്ചിരുന്ന ബാപ്പ!
"ബാപ്പാനെ എനിക്ക് പൊന്ന് പോലെ നോക്കണം. " എന്റെ ഇക്കയോട് ഞാൻ പറഞ്ഞു. കയ്യിൽ ഒന്നും കാണില്ല. എല്ലാം ദാനം ചെയ്ത് തീർന്ന് കാണും. ന്നാലും എന്റെ ,നമ്മുടെ വീട്ടിൽ ഒരു കുറവും വരാതെ --ഇക്കയും കൂടെ വേണം അതിന്. ദൈവം എനിക്ക് വരദാനമായി തന്ന ഇക്ക എളുപ്പം സമ്മതം മൂളി. തെറ്റുകൾ ഏറ്റുപറഞ്ഞ് , കൊടുക്കാൻ ബാക്കി വച്ച സ്നേഹം പകർന്ന് ചേർത്ത് നിർത്തണം എനിക്ക് ജീവനോളം .കൂടെ എന്റെ ഉമ്മാന്റെ വയറ്റിലല്ലാതെ പിറന്ന സഹോദരങ്ങളേയും.
അൻപത് വർഷത്തെ ഗൾഫ് ജീവിതം! ബാപ്പാക്ക് എന്നിട്ടും പ്രിയമായിരുന്നു അവിടം . ബാപ്പാന്റെ തേങ്ങലുകളെ ഏറ്റുവാങ്ങിയ മരുഭൂമി! അവിടെ ഇക്കാക്ക (സഹോദരൻ ) ബാപ്പാക്ക് തണലായി ഉണ്ടായിരുന്നു. ആ ഗൾഫ് ജീവിതം മതിയാക്കി ബാപ്പ നാട്ടിലേക്ക്. ഇക്കാക്കയാണ് അത് അറിയിച്ചത്.
"ബാപ്പ ഗൾഫ് മതിയാക്കി വരുന്നു". സന്തോഷം തോന്നി. എല്ലാവരേയും ഒന്ന് ചേർക്കണം. മക്കളും, ബാപ്പയും ഇനി ഒന്നിച്ച് !! കണക്ക് കൂട്ടലുകൾ എന്ടെ തിരിച്ചറിവിനെ കരുത്തുറ്റതാക്കിയിരുന്നു.അതു വരെ മൗനിയായി മാറിനിർത്തിയ എന്റെ പാഴ്ജന്മത്തെ ശപിച്ച് കൊണ്ട് ബാപ്പാന്റെ വരവ് കാത്ത് നിന്നു.
പ്രിയപ്പെട്ട ഷെയ്ഖിനോട് , ആ നഗരത്തോട്, കൂടെ സഹവസിച്ച ഹൃദയങ്ങളോട് എല്ലാവരോടും യാത്ര പറഞ്ഞ്. പെട്ടി കെട്ടിവച്ചു. ടിക്കറ്റും, പാസ്പോർട്ടും റൂമിൽ വച്ച് . മക്കൾക്കായി കരുതിയ എന്തോ വിട്ടു പോയോ ബാപ്പയോട്? കുഞ്ഞനുജൻ പറഞ്ഞ "ഷൂ " ആണോ? അല്ലെങ്കിൽ ഒന്ന് കൂടി അൻപത് വർഷം നടന്ന വഴികളെ തലോടാനോ? ബാപ്പ എന്തിനാ പോയത്.? ഇക്കാക്ക അബുദബി എയർപോർട്ടിൽ കാത്തു നിൽക്കുന്നില്ലേ .... യാത്രയയക്കാൻ!
സമയം കഴിഞ്ഞു ബാപ്പ പോകേണ്ട ഫ്ളൈറ്റ് ,പറന്നു. ബാപ്പ ? ഇക്കാക്ക ഓടി ആ നഗരം മുഴുവൻ ബാപ്പാനെ മാത്രം അവിടെങ്ങും കണ്ടില്ല. കുറേ അലഞ്ഞു. എങ്ങും ഇല്ല. ആർക്കും അറിവില്ല. രണ്ടു ദിവസം ഭ്രാന്തമായ അലച്ചിൽ തുടർന്നു.
ഹോസ്പിറ്റലുകളിൽ എത്തി നിന്നു ! ആരോ പറഞ്ഞു. " മോർച്ചറി "യേ ഇനിയുള്ളൂ നോക്കാൻ.!
പാതി മുറിഞ്ഞ് പോയ തിരിച്ചറിയൽ ബാഡ്ജ് വിരലിൽ കെട്ടി തൂക്കി തണുത്ത് മരവിച്ച ബാപ്പ! എല്ലാ ഭാരവും ഇറക്കി വച്ച്, സ്നേഹങ്ങൾ ബാക്കിയാക്കി ആ മരുഭൂമിയിൽ തന്നെ ഉറങ്ങുകയായിരുന്നു.
എന്തെല്ലാമോ നല്ല പ്രതീക്ഷകളുമായി മടക്കം കൊതിച്ച ബാപ്പാന്ടെ സ്വപ്നങ്ങളെ ഏതോ വണ്ടി തട്ടി തെറിപ്പിച്ചു കളഞ്ഞു! ആരാലും തിരിച്ചറിയപ്പെടാതെ എന്ടെ ബാപ്പ. രണ്ടു ദിവസം ആ മോർച്ചറിക്കുള്ളിൽ !!
ഒരു പാട് പറയാനുണ്ടായിരുന്നു ബാപ്പാ എനിക്ക് ,-ഒന്നും കേൾക്കാൻ നില്ക്കാതെ നെറ്റിയിൽ ഒരു മുത്തവും വാങ്ങി ബാപ്പ പോയ്ക്കളഞ്ഞില്ലേ ..... ബാപ്പയായിരുന്നു സ്നേഹം! ഞാൻ കണ്ട ഏറ്റവും വലിയ ഹൃദയം! തൊടാൻ പോയപ്പോഴെല്ലാം തെറ്റിദ്ധാരണയുടെ മറ കെട്ടി തന്നു വഴിയിലുടനീളം. മാപ്പ്!..... മനസ് വിങ്ങി ഞാൻ പൊട്ടിക്കരഞ്ഞു.പൊലിഞ്ഞ് പോയ ആശകളേയും കെട്ടിപ്പിടിച്ച് .
ബാപ്പായുടെ സ്വപ്നം ആ അറബിനാട് നിറവേറ്റി ബാപ്പാ... പൊന്നിൽ മൂടാൻ മക്കൾക്ക് തന്നു. ബാപ്പാന്റെ ജീവൻ ടെ വില.
സ്വപ്നം സത്യമാകില്ലല്ലോ... എന്നാലും കാണും -"ഒന്നിങ്ങ് വന്നെങ്കിൽ ".
( ചിലര് അങ്ങിനെയാണ് മനസ് നിറയെ ദയയാവും, സ്നേഹമാവും അതാവും അവരുടെ സമ്പാദ്യം. കുറ്റപ്പെടുത്തരുത്.,,, ഒരിക്കലും. നമ്മുടെ ജന്മം തന്നെ അത് പാഴാക്കിയേക്കാം .ഈ തുറന്നെഴുത്ത് ഞാനുമായി നേരിട്ട് ബന്ധമുള്ള ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കിൽ ക്ഷമ ചോദിക്കുന്നു.)

By: ShamseeraShameerChechi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo