Slider

ആയിരം ലൈക്കുള്ള അനന്തന്‍

0

ദാ ആ വരുന്നതാണ് അനന്തന്‍.ഒരു യന്ത്ര മനുഷ്യന്‍ നടക്കുന്നതു പോലെ വരുന്നത് കണ്ടില്ലേ?,അക്കൌണ്ടന്റ്.ആരോടും സംസാരിക്കാതെ വേഗം ക്യാബിനുള്ളില്‍ കയറി പതുങ്ങിയിരിക്കും.ഉച്ചക്ക് അല്പം ഭക്ഷണം.വീണ്ടും ക്യാബിന്‍.വൈകുന്നേരം വേഗം തന്നെ സ്ഥലം വിടുന്നു.
പക്ഷേ ആളുകള്‍ അയാളോട് ഇടപെടുന്നത് വളരെ ബഹുമാനത്തോടെയാണ്.അയാള്‍ ഒന്നു നോക്കുന്നത് പോലും ഒരു ബഹുമാനമായി ഓഫീസിലെ മറ്റ് ജീവനക്കാര്‍ കരുതി.ആ ഓഫീസില്‍ സ്ഥലംമാറി വന്ന എനിക്കു അനന്തന്‍ ഒരു പ്രഹേളികയായി മാറി.ഇതിനിടയില്‍ അനന്തനെ കാണാന്‍ ദൂരെ നിന്നും മറ്റും ബുദ്ധിജീവികളുടെ ഭാവം ഉള്ള മറ്റ് ചില അനന്തന്മാര്‍ എത്തുന്നതും ഞാന്‍ ശ്രദ്ധിച്ചു.
എന്നാല്‍ ഓഫീസില്‍ അനന്തന്‍ എനിക്കു യാതൊരു ശല്യവും ഉണ്ടാക്കിയില്ല.ഡയറക്റ്റ് അപ്പോയിന്റ്മെ ന്റ്‍ ആയി വരുന്ന മാനേജര്മാരോട് കാലങ്ങളായി പ്രൊമോഷന്‍ കിട്ടി അവരുടെ കീഴില്‍ വീണ്ടും ജോലി ചെയേണ്ടി വരുന്ന കീഴുദ്യോഗസ്ഥരുടെ സ്ഥിരം കോംപ്ലെക്സുകള്‍ ഒന്നും അനന്തനില്ലായിരുന്നു.കാലത്തെ എത്തുന്ന അനന്തന്‍ കൃത്യമായി ക്യാബിന്‍ എന്ന മാളത്തിലേക്ക് ഇഴഞ്ഞു കയറുന്നതും വൈകുന്നേരം പുഴു കൂട് പൊട്ടിച്ച് ഇറങ്ങുന്നത് പോലെ പുറത്തെ സ്കൂട്ടര്‍ സ്റ്റാണ്ടിലേക്ക് നടന്നു പോകുന്നതും പതിവ് കാഴ്ചകളായിരുന്നു.എന്നാല്‍ അയാള്‍ നടക്കുമ്പോള്‍ ഒപ്പം രഹസ്യത്തിന്റെ ആത്മാക്കള്‍ കൂടെ നടക്കുന്നതു പോലെ എനിക്കു പലപ്പോഴും തോന്നിയിരുന്നു.ഒപ്പം മറ്റ് സഹപ്രവര്ത്തകര്‍ അയാളോട് കാണിക്കുന്ന ബഹുമാനവും.കാരണം ഇല്ലാതെ ഞാന്‍ അസ്വസ്ഥനായി.
എല്ലാ ഓഫീസുകളിലും ചിലര്‍ കാണും.ആ ഓഫീസിലെ സര്‍വ്വ രഹസ്യങ്ങളും പ്രപഞ്ചത്തിന്റെ ഉല്പത്തി രഹസ്യവും വരെ അറിയാവുന്ന ചിലര്‍.അങ്ങിനെയുള്ള ഗൌതമി എന്ന സീനിയര്‍ ക്ലാര്‍ക്കിനോട് ഞാന്‍ അനന്തനെ കുറിച്ചു ഗോപ്യമായി അന്വേഷിച്ചു.
“അപ്പോ അനന്തന്‍ സാറിനെ കുറിച്ചു സാറിന് ഒന്നും അറിയില്ലേ..കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക് എഴുത്തുകാരനാ അനന്തേട്ടന്‍ !!!
“ഓഹോ??
“പിന്നെയല്ലാതെ.അനന്തേട്ടന്‍ എന്ന പേരില്‍ സാര്‍ ഒന്നു ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്തു നോക്കൂ.അനന്തേട്ടന്‍ ഒരു പോസ്റ്റിട്ടാല്‍ ആയിരം ലൈക്ക് പുല്ലു പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ കിട്ടും.ഒരു അയ്യായിരം ഫോളോവേഴ്സ് കാണും അനന്തേട്ടന്.!ഗൌതമി ആരാധനയോടെ മൊഴിഞ്ഞു.
പിറ്റെന്നു അനന്തന്‍ ലോണിന് വേണ്ടിയുള്ള സാലറി സര്ട്ടിഫിക്കറ്റിനുള്ള അപേക്ഷയുമായി വന്നു.ലൈക്കുകള്‍ ഒരിക്കലും പണമാകില്ലെന്നും,ആയിരം ലൈക്കുകള്‍ കിട്ടിയ പോസ്റ്റുകള്‍ ബാങ്കുകള്‍ ഈടുകളായി സ്വീകരിക്കില്ലെന്നും ,അയ്യായിരം ഫ്രെണ്ട്സില്‍ ജാമ്യം നില്ക്കാന്‍ വരാന്‍ ആരും ഉണ്ടാവില്ലെന്നും,സാലറി സര്‍ട്ടിഫിക്കറ്റില്‍ മേലധികാരിയുടെ ഒപ്പ് ചാര്ത്തിയപ്പോള്‍ അയാളോട് പറയാന്‍ എനിക്കു തോന്നി.പക്ഷേ അയാളുടെ ഗൂഡമായ കണ്ണുകള്‍ കണ്ടപ്പോള്‍ എനിക്കു സംസാരശേഷി നഷ്ടപ്പെട്ടു.അയാള്‍ നന്ദി പറഞ്ഞു യന്ത്രം പോകുന്നത് പോലെ തിരിഞു നടക്കുമ്പോള്‍ ഞാന്‍ പതിയെ മോസില്ല ഫയര്ഫോക്സ് എന്ന തീ കുറുക്കനെ തുറന്നു ഫെയ്സ്ബുക്ക് ലോകത്തിലേക്കു ഊളിയിട്ടു.ജോലി തിരക്കില്‍ ഫെയ്സ്ബുക്ക് ഉപയോഗം കാര്യമായി ഇല്ലാഞ്ഞതിനാല്‍ ‘അനന്തേട്ടനെ’ കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടി.പക്ഷെ അയാളുടെ സ്റ്റാറ്റസുകള്‍ കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു.
കൂടുതലും അതിഗഹനമായ ഗദ്യ കവിതകള്‍,രാഷ്ട്രീയക്കാരെ ആക്ഷേപിക്കുന്ന ഒറ്റ വരി ചിന്തകള്‍!രാവിലെയും വൈകിട്ടും ഇന്‍ ചെയ്ത ഡ്രെസ്സുമായി യന്ത്രം പോലെ നടക്കുന്ന അയാളും അയാളുടെ ഫെയ്സ്ബുക്ക് അക്കൌണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല.സാമ്പിള്‍ ആയി ഒരു ഗദ്യ കവിത ഇതാ.
"എന്‍റെ റൊട്ടി കഷണത്തില്‍
നിന്റെ ചോരയുടെ ചുവപ്പ്.
ചാറായി മുക്കി ഞാനത് നുണഞ്ഞു.
എന്‍റെ തലയിണ കീഴില്‍
ഈ തോക്കിന്റെ ചുണ്ടില്‍
നിന്റെ ചുംബനത്തിന്റെ ചൂട്."
ഏകദേശം ആയിരം ലൈക്കുകള്‍ ആ പോസ്റ്റിനുണ്ട്.പലതവണ വായിച്ചിട്ടും അര്‍ത്ഥം പിടികിട്ടിയില്ല.അതിനു താഴെ ഏകദേശം അഞ്ഞൂറോളം കമന്റുകള്‍,വിചിത്രമായ പേരുകളില്‍ ,നവ കവികള്‍ അനന്തേട്ടനെ അഭിനന്ദനം കൊണ്ട് മൂടിയിരിക്കുന്നു.വിശദമായി വായിച്ചപ്പോള്‍ ഇറാക്ക് ഭീകര യുദ്ധത്തെ കുറിച്ചാണ് കവിത എന്നു മനസ്സിലായി.”നാരായണാ....!!”പണ്ട് ,പത്രങ്ങള്‍ വായിച്ചു മരിച്ചവരുടെ കോളത്തില്‍ തന്റെ പഴയ മിത്രങ്ങളുടെ ചിത്രങള്‍ കണ്ടു ഞെട്ടുമ്പോള്‍ മുത്തശി വിളിക്കുമ്പോലെ ഞാനും ഉള്ളില്‍ ഞെട്ടി വിളിച്ചു.
എങ്കിലും അനന്തന്‍ എന്ന ഓഫീസ് ജോലിക്കാരനും ‘അനന്തേട്ടന്‍’ എന്ന ഫേസ്ബുക്ക് എഴുത്തുകാരനും തമ്മിലുള്ള ബന്ധമില്ലായ്മ എന്നെ അലട്ടി.നാലു വര്‍ഷത്തെ എഞ്ചിനീയറിങ് പഠനം സമ്മാനിച്ച ,എന്തിലും ലോജിക് കണ്ടെത്താനുള്ള വികലമായ ത്വര ആയി വേണമെങ്കില്‍ അതിനെ കരുതാം.
കാര്യങ്ങള്‍ ഇങ്ങനെ നീങ്ങവേ പ്രവാസിയായ ഒരു സുഹൃത്ത് വിളിച്ചു.അവന്‍ നാട്ടില്‍ എത്തിയിരിക്കുന്നു.മെട്രോ നഗരത്തില്‍ ഒരു വൈകുന്നേരം ചെലവഴിക്കാന്‍ അവന്‍ ക്ഷണിച്ചു.കൂട്ടത്തില്‍ പറയുകയും ചെയ്തു.പണ്ട് ഹോസ്റ്റലില്‍ താമസിച്ച കാലത്ത് നമ്മുക്ക് ഉന്മാദം സമ്മാനിച്ച സ്ഥലത്തു നീ ഒന്നു പോയി നോക്കണം.സാധനം ഇപ്പൊഴും അവിടെ കിട്ടുമോയെന്ന്.”
അങ്ങനെ അവന് വേണ്ടി ഞാന്‍ വീണ്ടും തുറുമുഖ നഗരത്തില്‍ കാല് കുത്തി.ഞായറാഴ്കളിലെ മദ്ധ്യാഹ്നങ്ങളില്‍ നഗരത്തിലൂടെ അലഞ്ഞു തിരിയുക അന്നത്തെ എന്‍റെ പ്രിയ വിനോദങ്ങളില്‍ ഒന്നായിരുന്നു.കാലങ്ങള്‍ക്ക് ശേഷം വീണ്ടും ആ വൈകുന്നേരം നഗരത്തിലെ ഗൂഢ റോഡുകളിലൂടെ സഞ്ചരിച്ചു. ,വിശുദ്ധ മാര്പ്പാപ്പയുടെ നാമധേയത്തിലുള്ള പള്ളിയുടെ പുറകിലെ സെമിത്തേരിക്ക് സമീപത്ത് കൂടി നടന്നു,തിരുഹൃദയ മഠത്തിലെ വൃദ്ധ കന്യാസ്ത്രീകള്‍ താമസിക്കുന്ന അക്കേഷ്യ തോട്ടം മുറിച്ച് കടന്നു ഞാന്‍ നഗരത്തിലെ പഴയ ലഹരിയുടെ കൂടാരത്തിലെത്തി .ഭൂമിയിലെ പല സ്ഥലങ്ങളും മനുഷ്യന്‍ ഇനിയും കണ്ടിട്ടില്ല എന്നു പറയുന്ന പോലെ നഗരത്തില്‍ ഉണ്ടെന്ന് നഗരവാസികള്‍ അറിയാത്ത നിഗൂഢ ലഹരിശാല.
ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അത് ഇനിയും അവിടെ കാണുമോ എന്ന സന്ദേഹം അവസാനിപ്പിച്ചു കൊണ്ട് പഴയ ഏജന്റുമാരില്‍ ഒരാളായ രവിയേട്ടനെ ഞാന്‍ അവിടെ കണ്ടു.ഒരു കെട്ടിപ്പിടിത്തത്തില്‍ വര്‍ഷങ്ങളുടെ ബന്ധം വീണ്ടും ഇഴയടുപ്പിച്ചു.”ജോര്ജ് നാളെ വരുന്നുണ്ട്.സാധനം ഉണ്ടോന്ന് അറിയാന്‍ അവന്‍ പറഞ്ഞു വിട്ടതാണ്.”ഞാന്‍ പറഞ്ഞു.പണ്ട് എഞ്ചിനീയറിങ് പഠനകാലത്ത് അനേകം 'സപ്ലി' പരീക്ഷകള്‍ എഴുതുന്ന കടുത്ത വേനല്‍ മാസങ്ങളില്‍ ആത്മാവിന്നു ശക്തി പകരാന്‍ അത്ഭുത ചെടിയുടെ മരുന്ന് നുണയാന്‍ ഞങ്ങള്‍ ഇവിടെ സന്ദര്ശി്ക്കാരുണ്ടായിരുന്നു.
ഞങ്ങള്‍ അകത്തു കടന്നു
.
അകത്തു മുറിയില്‍ ഇരുട്ടില്‍ ആരൊക്കെയോ ഇരുന്നു പുകക്കുന്നുണ്ടായിരുന്നു.
ഒരു പുകയെടുത്തപ്പോള്‍ വര്‍ഷങ്ങള്‍ മഴ ഇരച്ചു വരുന്നത് പോലെ തിരിച്ചു വരുന്നു എന്നെനിക്ക് തോന്നി.ഏതോ മൂലയില്‍ ആരോ പുലമ്പുകയാണ്.കഞ്ചാവു കവികളെ സൃഷ്ടിക്കും എന്ന്‍ അറിയാവുന്നത് കൊണ്ട് ഞാനത് ശ്രദ്ധിച്ചില്ല.പക്ഷേ രവിയേട്ടന്‍ അങ്ങോട്ട് നോക്കി പറഞ്ഞു.
“ആ ഗ്രൂപ്പില്‍ നിന്നു അകന്നു മാറി തല കുമ്പിട്ടിരിക്കുന്ന ആളെ കണ്ടോ.അയാളാണ് ഒരു വിചിത്ര ജീവി.രഹസ്യ പോലീസ് ആണെന്ന് കരുതി നമ്മള്‍ ആദ്യം അടുപ്പിച്ചില്ല.

“അതെന്താ”.ഞാന്‍ ചോദിച്ചു.
“അയാള്‍ പുകയെടുക്കില്ല.വല്ലപ്പോഴും വരും.ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ കയറും.അവരുടെ മുഴുവന്‍ ചെലവും വഹിക്കും.അയാള്‍ വെറുതെ അവരുടെ സംസാരവും പാട്ടും കേട്ടു കൊണ്ടിരിക്കും.”
ഞാന്‍ അയാളെ നോക്കി.തല കുമ്പിട്ടിരിക്കുന്ന അയാള്‍ പൊടുന്നനെ മുഖമുയര്‍ത്തി . അയാള്‍ നടന്നു നീങ്ങുന്നതു കണ്ടു ഞാന്‍ ഞെട്ടി.അത് അനന്തനായിരുന്നു
.
എന്നാല്‍ അയാള്‍ ഓഫീസിലെ അനന്തനെ പോലെ ആയിരുന്നില്ല..കൂളിങ് ഗ്ലാസ്,കറുത്ത ജീന്‍സ്.....അലസമായ നടത്തം.അപ്പോള്‍ ആരോ കവിത ചൊല്ലുന്നുണ്ടായിരുന്നു.
അതൊരു ഗദ്യ കവിത ആയിരുന്നു.
" കുളത്തിലെ ഇരുട്ടില്‍
ചന്ദ്രനും താരങ്ങളും വീണു കിടന്നു
ഒരു ഇല അതില്‍ മുങ്ങി
മറ്റൊരു നക്ഷത്രമായി."
ദിവസങ്ങള്ക്ക് ശേഷം ഞാന്‍ ഓഫീസില്‍ എത്തി.അനന്തന്‍ യന്ത്രമനുഷ്യനെ പോലെ അറ്റണ്ടന്സ് ഒപ്പിടാന്‍ റൂമിലേക് നടന്നു വരവേ അയാളുടെ ഏറ്റവും ലേറ്റസ്റ്റ് പോസ്റ്റ് ഞാന്‍ ഫെയ്സ്ബുക്കില്‍ കണ്ടു.ആയിരം ലൈക്കുകള്‍ കിട്ടിയ കവിത ഞാന്‍ ആ മുറിയുടെ ഇരുട്ട് കോണില്‍ നിന്നു മറ്റാരോ ചൊല്ലിയ അതേ കവിത ആയിരുന്നു.അയാള്‍ ഒപ്പിട്ടു തിരിഞു നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
“ അനന്തനെ ഞാന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ എവിടെയോ വച്ച് കണ്ടല്ലോ...”
പെട്ടെന്നു ഒരു നിമിഷം അയാള്‍ നിന്നു.അതിനു ശേഷം അയാള്‍ തിരിഞു നിന്നു ഗൂഡതയുടെ തിരമാല വെട്ടുന്ന കണ്ണുകളോടെ എന്നോടു ആദ്യമായി സംസാരിച്ചു.
“അതൊരു പക്ഷേ ഞാന്‍ ആയിരിക്കില്ല .അനന്തേട്ടന്‍ ആയിരിയ്ക്കും.”
അതിനു ശേഷം അയാള്‍ പതിവ് പോലെ ക്യാബിനിലേക്ക് ഇഴഞ്ഞു പോയി.
(അവസാനിച്ചു)

Anish francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo