Slider

കന്യകയായ അഭിസാരിക

0


*******************************
പേര് പോലെ തന്നെ അവളുടെ കന്യകത്വം എന്നുമൊരു വിസ്മയമായിരുന്നു... കാരണം ഓരോ രാവിലും ...വരുന്ന അതിഥികൾക്ക് മുൻപിൽ യൗവനം തുളുമ്പുന്ന നിത്യ കന്യക ആയിരുന്നു അവൾ...ശിവകാമി
ഇന്ദ്രസദസ്സിലെ....അപ്സരസ്സുകളെ വെല്ലുന്ന....അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങാത്ത ആരുമുണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം.....
കരിമഷിയാൽ വാലിട്ടെഴുതിയ..
കുസൃതി തുളുമ്പുന്ന ...പാതി കൂമ്പിയ മാൻമിഴികളും... ഇളംകാറ്റിന്റെ ആലാപനത്തിൽ.... മനോഹരമായി നൃത്തം ചെയ്യുന്ന സമൃദ്ധമായ മുടിയിഴകളും..... നീർമാതളത്തിൻ നിറമാർന്ന തേനൂറും അധരങ്ങളും.... വെണ്ണക്കൽ ശില്പം പോലെ കടഞ്ഞെടുത്ത മൃതുമേനിയും.... തുടങ്ങി അഷ്‌ട സൗന്ദര്യങ്ങളും തികഞ്ഞ അവൾ ഒരു പഞ്ചവർണ്ണകിളിയെ പോലെ അവിടമാകെ പാറി പറന്നു നടന്നു
എങ്കിലും ഇന്നേവരെ ഒരാള് പോലും...വാക്കു കൊണ്ടോ നോക്കു കൊണ്ടോ...അവൾ മോശക്കാരി ആണെന്ന് പറഞ്ഞ് ഞാൻ കേട്ടില്ല...
**
പലപ്പോഴും എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നായിരുന്നു.. ഒറ്റയ്ക്ക് യാത്രയുടെ കൊടുമുടികൾ കയറി..ലോകം കീഴടക്കുക എന്നത്...
മഴയുള്ള അത്പോലൊരു യാത്രയിൽ ആയിരുന്നു അവളെ ആദ്യമായി കണ്ടതും .
രാത്രിയിൽ വിജനമായ വഴിയിൽ... പുഞ്ചിരി തൂക്കി എനിക്ക് വഴി തെളിയിക്കുന്ന പൂർണ്ണ ചന്ദ്രനുമായി കൈ കോർത്തു ....ഇരു വശങ്ങളിലും സമൃദ്ധമായ ഇലകളാൽ കുടചൂടി നിൽക്കുന്ന വന്മരങ്ങളുടെ....ഇടയിലൂടെ അരിച്ചിറങ്ങുന്ന...നീർതുള്ളികളാൽ കുതിർന്നുളള അന്നത്തെ യാത്ര ഇന്നും എനിക്ക് മറക്കാൻ കഴിയുന്നില്ല ....
അതിനിടയിൽ എന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി.. പിറകിലൂടെ വന്ന അവളുടെ വണ്ടിയെ തെല്ലു ദേഷ്യത്തോടെയാണ് ഞാൻ നോക്കിയത് ......
മഴത്തുള്ളികൾ അവയുടെ ആദ്യചുംബനം നൽകുമ്പോൾ.... കുളിരണിയുന്ന പുതുമണ്ണുപോലെ...... ആദ്യ കാഴച്ചയിൽ തന്നെ ...എന്റെ ദേഷ്യതാപത്തെ അലിയിച്ചു കളയുന്നൊരു കാന്തിക വലയം അവൾക്കുളള തായി.. എനിക്ക് തോന്നി.....
മഴയിൽ നനഞ്ഞോട്ടിയ...അവളുടെ ശരീരത്തിൽ ...അലക്ഷ്യമായി തെന്നി മാറിയ ഉടയാടകൾ ...തണുത്ത തെന്നലിൽ ആടി ഉലയുന്നത്.. നിലാവിൽ കൂടുതൽ വ്യക്തമായി എനിക്ക് കാണാമായിരുന്നു ...
കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചു വന്ന ആ തരിപ്പിൽ ഞാൻ തിരിച്ചറിഞ്ഞു..എന്റെ മനസിന്റെ കടിഞ്ഞാൺ അപ്പോളേക്കും അവൾ സ്വന്തമാക്കി കഴിഞ്ഞെന്ന്.
ഇതിനിടയിലാണ്....അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച.. ഒരു കൊച്ചു മാൻ കുട്ടിയെ എന്റെ വണ്ടി തട്ടിയത് .
നീണ്ട യാത്രയുടെ ക്ഷീണവും....മഴയുടെ അലോസരവും ...കൊണ്ടാവാം ....എന്റെ അശ്രദ്ധ മൂലം ആ അപകടം നടന്നിട്ടും.. അതിന് ജീവനുണ്ടോ എന്ന് പോലും നോക്കാതെ വണ്ടി നിർത്താതെ ഞാൻ പോയത്....
എന്നാൽ എന്റെ തൊട്ടു പിന്നാലെ വന്ന അവൾ.....രാത്രിയെയോ....ഇരുളിനെയോ...മരണ ഗന്ധത്തെയോ .. വകവയ്ക്കാതെ വണ്ടി നിർത്തി....
റോഡിൽ തളം കെട്ടിയ രക്തത്തിൽ നിന്നും ആ ചെറു ജീവനെ താങ്ങി എടുത്തുക്കുന്നത് കണ്ടപ്പോൾ ..... എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..
ഇരുളിനെ കീറിമുറിച്ചു ചിമ്മി മാറിയ ഇടിയോട് കൂടിയ മിന്നലിൽ അവൾ ഒരു തേങ്ങലോടെ ആ മിണ്ടാപ്രാണിയുടെ വായിൽ ഒരിറ്റു വെള്ളം നൽകുന്നത്... കണ്ടപ്പോൾ ....എന്റെ ഉള്ളോന്നു പിടഞ്ഞു.
ഞാൻ ചെല്ലുമ്പോളെയ്ക്കും
ആ ജീവന്റെ അവസാന പിടച്ചിലിൽ... കരഞ്ഞുകൊണ്ടവൾ അതിനെ നെഞ്ചോട് ചേർത്തു ...
മഴയിൽ നനഞ്ഞ അവളുടെ മഞ്ഞ സാരി രക്തവർണമായി കുതിർന്നു... അവളുടെ ശരീരത്തിൽ പറ്റിചേർന്നു ...
**
പിന്നീടു പല.. സ്ഥലങ്ങളിൽ പല സാഹചര്യത്തിൽ ഞാൻ അവളെ കണ്ടു...
എത്രയൊക്കെ അടുത്തറിഞ്ഞിട്ടും ഞാൻ മനസിലാക്കാതെ പോയൊരു അധ്യായം മായിരുന്നു അവളുടെ ജീവിതം ...
തെറ്റുകൾ ആവർത്തിക്കുന്ന ഈ ലോകത്ത് .....തെറ്റുകൾക്കിടയിൽ അവൾ അവളുടെതായ ശരികൾ കണ്ടെത്തി....
കഴിഞ്ഞ കുറച്ചു നാളുകളായി ... അവൾക് ഞാൻ ഒരു അതിഥിയാണ് ....
ഞാൻ മാത്രമല്ല എന്നെ പോലെ മാറിവരുന്ന ഒരുപാട് മുഖങ്ങൾക്ക് അവൾ വിരുന്നൊരുക്കി..
ഒന്നിനും ആരെയും പഴിചാരാതെ... കഥപറഞ്ഞും സ്നേഹിച്ചും നല്ലത് മാത്രം പരസ്പരം സമ്മാനിച്ചു.... മറ്റുള്ളവരുടെ പാപക്കറകൾ സ്വയം ഏറ്റു വാങ്ങി....അതിലെ ശ്രേഷ്ഠതകൾ തിരഞ്ഞു അവരെ സന്തോഷിപ്പിക്കുവാൻ അവൾക്കു മാത്രം കഴിയുന്ന ഒരു സിദ്ധി ആണ്
ഒരു നോക്ക് കണ്ട മാത്രയിൽ തന്നെ ആരെയും ഹരം കൊള്ളിക്കുന്ന ആ സൗന്ദര്യത്തിൽ മനം മയങ്ങി... അവളെ തേടിയെത്തുന്നവരിൽ നിന്നും.... അവൾക്ക് പണ്ടെങ്ങോ നഷ്ടമായതും... അവൾ ആഗ്രഹിച്ചതുമായ സ്നേഹം നൽകാൻ കഴിവുള്ളവരെയും... അവളെകൊണ്ടുള്ള സഹായം അർഹിക്കുന്നവരെയും...
മാത്രം അവൾ തിരഞ്ഞെടുത്തു...
ആ പട്ടികയിൽ.. തെരുവിന്റെ സന്തതികൾ മുതൽ കോടികൾ ആസ്തിഉള്ള ബിസിനസ്‌ ചക്രവർത്തിമാർ വരെ അണിനിരന്നു....
ശരീരം മാത്രം മോഹിച്ചു വിശപ്പടക്കാൻ വരുന്ന നരഭോജികൾക്ക് മുന്നിൽ അവൾ മടിക്കുത്തഴിക്കാറില്ല.... അവളോടൊപ്പമുള്ള സ്വപ്നസമാനമായ രാവുകൾ നുകരാനെത്തിയവർ ആരും തന്നെ അവളുടെ ശരീരം മോഹിച്ചെത്തുന്നവരും ആയിരുന്നില്ല...
ആ പുരുഷന്മാർക്കൊക്കെ അവളോട്‌ പറയാൻ ഒരുപാടുണ്ടായിരുന്നു....
മറ്റുള്ളവരുടെ മുന്നിൽ വച്ചു കരയാനുള്ള അവകാശം നിഷേധിക്കപ്പെട്ട കരിങ്കൽ ഹൃദയമുള്ളവരുടെ....കണ്ണീർ കഥകൾ ...
വെറും ഭർത്താവുദ്യോഗസ്ഥന്മാരായി.... രാത്രി മുഴുവൻ കൂടെ കിടന്നാലും .. മറ്റുള്ളവരിൽ ആശ്വാസം നേടുന്ന ഭര്യമാരുടെ കഥകൾ ..
നാലാൾ കൂടുന്നിടത്ത് വച്ച് ഭാര്യയുടെ ആട്ടും തുപ്പും കേൾക്കേണ്ടി വന്നിട്ടും മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവരുടെ കഥകൾ ...
കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കാൻ... താലി കെട്ടെണ്ടി വന്ന കൊച്ചമ്മമാരുടെ.. കണ്ടില്ലെന്നുനടിച്ചു ജീവിക്കുന്ന അവിഹിതത്തിന്റെ കഥകൾ...
അതുമല്ലെങ്കിൽ ആളുകൾക്കിടയിൽ കൂടുതൽ ഷൈൻ ചെയ്യാൻ ഭർത്താവിന്റെ കരണത്തടിച്ചു കരുത്തു തെളിയിക്കുന്ന ഭാര്യമാരുടെ കഥകൾ...
തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ദുഃഖഭാരവുമായി മെഴുകുതിരി പോൽ ഉരുകി വരുന്ന പലരും അവൾക്കു മുൻപിൽ മിഴിനീർ പുഴതന്നെ ഒഴുക്കി....എന്നാൽ മടങ്ങി പോകുമ്പോളെക്കും അവളുടെ കരലാള നത്തിൽ മതിമറന്ന്....അനുരാഗ തേരേറി...ആനന്ദ നൃത്തമാടാറാണ് പതിവ് ...
തളരുന്നവനെ കരുത്തേകി താങ്ങി നിർത്താനും....
കൊഴിഞ്ഞു വീണ ജീവചൈതന്യത്തെ വീണ്ടും തളിർപ്പിക്കാനും... കഴിവുള്ള ഒരു ദിവ്യാഔഷധ മായിരുന്നു അവൾ
ചിലർക്ക് അമ്മയിൽ നിന്നും കിട്ടാതെ പോയ തലോടലുകൾക്കും...
ഭാര്യയിൽ നിന്നും നഷ്ടമായ ആശ്വാസവാക്കുകൾക്കും...
മകളിൽ നിന്നും കിട്ടേണ്ട കരുതലിനും... കൂട്ടുകാരിയിൽ നിന്നും ഇല്ലാതായ സ്നേഹത്തിനും.....
കാമുകിയിൽ നിന്നും പോയി മറഞ്ഞ പ്രണയത്തിനും....അങ്ങനെ പലതിനും അവർ ...അവളിൽ ... അഭയം പ്രാപിച്ചുകൊണ്ടിരുന്നു...
ആർത്തുലയുന്ന മനസ്സിൽ തിരകളെ...
താരാട്ടുമൊരു തീരം പോലെ... അവളിപ്പോൾ ഒരുപാട് പേരുടെ ആശ്രയമാണ്...
വെറും മണിക്കൂറുകളുടെ കരാറിൽ ഒപ്പ് വച്ച് വരുന്ന പലരും....ഒരു രാത്രിയോ പകലോ ....ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ... മാസങ്ങളോ....അവളെ പിരിയാൻ കഴിയാതെ എല്ലാം മറന്നവളിൽ ലയിച്ചു...ഒടുവിൽ അവരുടെ ജീവന്റെ താളമായി അവൾ മാറുകയാണ് പതിവ് ...
ഒരിക്കലും തെരുവ് വേശ്യകളെ പോലെ ആരോടുമവൾ കണക്കു പറഞ്ഞ് പണം വാങ്ങാത്തത് കൊണ്ടാവാം...പലരും
പിരിയുന്ന വേളയിൽ എണ്ണിയാൽ തീരാത്ത നോട്ടുകെട്ടുകൾ കൊണ്ട് അവളെ മൂടുന്നത് ..
അവളോടൊപ്പമുള്ള രാത്രികൾ വല്ലാത്തൊരു അനുഭവം തന്നെയാണ്
അവളിന്ന് ആരുടെയെങ്കിലും സ്വകാര്യതയായിരുന്നെങ്കിൽ അയാളായിരിക്കാം ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ഭർത്താവ്.
ഓരോ പുരുഷന്റെയും വിരൽ തുമ്പിൽ വിടരുന്ന ഒരു പൂവായിരുന്നു
അവൾ...നറുസുഗന്ധത്തിന്റെ ഉറവിടം ആ കുഞ്ഞുപൂവിലെ തേൻ തുള്ളിയായി അവൾക്കുള്ളിൽ നിറയാൻ മോഹിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല...
ഒരുപാട് പേർക്ക് അവൾ എന്നുമൊരു തണൽ മരമാണ് ... തളരുമ്പോൾ ചാരി നിർത്തുന്ന തണൽ മരം...
അതിലെ ഇല എങ്ങനെ... പൂവെങ്ങനെ.. ഫലം ആരൊക്കെ ഭക്ഷിച്ചു...
അതിന്റെ വേരുകൾ എവിടേയ്ക്ക് പോകുന്നു.... എന്നൊന്നും ആരും ഒരിക്കലും പരിശോധിക്കാൻ ആഗ്രഹിച്ചില്ല.
ഒരു നൂലഴഞ്ഞ പട്ടം പോലെ അവൾ മാറിവരുന്ന ഓരോരുത്തരുടേയും.... വ്യത്യസ്ത മായ ... ഇഷ്ടങ്ങൾക്കൊത്ത് പാറി പറന്നു ...
ചിലർ അവളുടെ ശരീരത്തിൽ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ അനിർവചനീയമായ അനുഭൂതി നുകർന്ന് മനോഹരമായ രാത്രികൾ സമ്മാനിച്ചതിന് നന്ദിപറഞ്ഞു മടങ്ങി
ഉറക്കം മറന്ന രാത്രികളിൽ ചിലർക്ക് അവളൊരു രാക്കുയിലായി....അവളുടെ മനോഹരമായ സ്വര മാധുര്യത്തിൽ കാതോർത്തു ലയിച്ചവർ... പുലരുവോളം അവൾക്കു വേണ്ടി കവിതകൾ രചിച്ചു ...
ചിലർക്ക് വേണ്ടി അവൾ വർണ്ണപീലി നിവർത്തി...നൃത്തച്ചുവടുകൾ വയ്ക്കുന്നൊരു മയിൽ പേടയായി... അവളുടെ നാട്ട്യലാവണ്യം ആസ്വദിച്ചും ഒടുവിൽ അവളോടൊപ്പം നൃത്തം ചെയ്തും അവർ സന്തോഷത്തിന്റെ കൊടുമുടികൾ കീഴടക്കി...
ഒരിക്കൽ അടുത്തറിഞ്ഞിട്ടുള്ള വരൊക്കെ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു.. എന്നാൽ അവളുടെ ജീവിത ചിത്രങ്ങൾക്ക് നിറം ചാലിക്കാൻ മറ്റാരെയും അവൾ അനുവദിച്ചില്ല..
അവൾക്കിഷ്ടമുള്ള പലതരം വർണ്ണങ്ങൾകൊണ്ട് ചായം പൂശി അവൾ അതിനെ കൂടുതൽ മനോഹരമാക്കി
അന്ന് ആദ്യമായി അവളെ കണ്ട നാൾ മുതൽ....സൂര്യനെ ചുറ്റുന്ന ഭൂമി എന്നപോലെ....എന്റെ ശരീരവും ആത്മാവും അവളെ വലം വച്ച് കൊണ്ടേ ഇരിക്കുന്നു... അവൾ കൂടെയുണ്ടെങ്കിൽ മേഘമായ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എനിക്ക് പറക്കാൻ കഴിയുമെന്നു തോന്നി..
നശ്വരമായ ഈ ശരിരം മറ്റുള്ളവരുടെ മനസ്സിന്റെ തൃപ്തിക്കും തിഷ്ണതക്കും വേണ്ടി അവൾ സ്വയം സമർപ്പിക്കുന്നു... മരുഭൂമിയിൽ പെയ്ത കുളിർ മഴ പോലെ ചുട്ടുപൊള്ളുന്ന മനസുകൾക്ക് സ്നേഹ സാന്ത്വനം ആയിരുന്നു അവൾ ...
അത്കൊണ്ട്
ഉറച്ച ശബ്ദത്തോടെ എനിക്ക് പറയാൻ കഴിയും
"അവൾ അഭിസാരിക തന്നെ
എങ്കിലും
ഇന്ന് ഈ ഭൂമിയിൽ ശ്രേഷ്ഠയായ അഭിസാരിക അവൾ മാത്രം
എന്റെ ശിവകാമി"
NB: സ്ത്രീത്വത്തെ അപമാനിച്ചുന്നു തോന്നുന്ന വർക്കും ..😌ഇവിടെ ഒരു പൊങ്കാല ഇടണമെന്ന് ആഗ്രഹമുള്ളവരോടും.....😌
ഞ്യാനല്ല എന്റെ കഥാപാത്രമാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയാൻ പറഞ്ഞ്🤗
എന്ന് 🙇 പഴേ വൈദേഹി പൊന്നു 😜
ഇപ്പോളത്തെ അഖില രഘുനാഥ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo