മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി പ്രേത്യേകിച്ചു ലക്ഷ്യബോധങ്ങളൊന്നുമില്ലാതെ തിന്നുക, കൂട്ടുകാരോടൊപ്പം കറങ്ങുക , ഉറങ്ങുക എന്ന ആപ്ത വാക്യവുമായി നടക്കുന്ന ഞാനും, ഞാനൊരു ജോലി മേടിച്ചു നന്നായി കാണാൻ വേണ്ടി പള്ളികളായ പള്ളികൾ മുഴുവൻ നേർച്ചയും കാഴ്ചയുമായി നടക്കുന്ന അമ്മച്ചിയും... എന്നെ കൊണ്ടു ഒരുപകാരവുമില്ലായെന്നു നാഴികക്കു നാൽപതു വട്ടം വിലപിക്കുന്ന അപ്പച്ചനും കളക്ടറാകണമെന്ന ഒറ്റ ലക്ഷ്യത്തോടെ അഞ്ചാം ക്ലാസുമുതൽ കോച്ചിംഗിനു പോകുന്ന പാൽകുപ്പി അനിയനും ... ഇവരുടെയെല്ലാം ചീഞ്ഞളിഞ്ഞ ഉപദേശവും കേട്ടാണ് ഈയുള്ളവന്റെയൊരു ദിവസം തുടങ്ങുന്നതു തന്നെ... !
വീട്ടുകാരേക്കാൾ എന്റെ കാര്യത്തിൽ ആകുലതയും സങ്കടവും പ്രകടിപ്പിക്കുന്ന നാട്ടുകാരുടെ ശല്യം കൂടി സഹിക്കാൻ കഴിയാതായപ്പോൾ 'കുര്യു ' എന്നു വിളിക്കപ്പെടുന്ന റിട്ടയർഡ് ഹെഡ്മാസ്റ്റർ മുരിക്കുവീട്ടിൽ കുര്യാക്കോസ് എന്ന എന്റെ അപ്പൻ അസാധാരണ ഓർഡിനൻസ് പാസ്സ് ആക്കി.. എന്നെ നാടുകടത്തുക.. !
അമ്മച്ചിയുടെ ആങ്ങളയുടെ സ്വർണക്കടയിൽ സെയിൽസ്മാൻ കം അക്കൗണ്ടന്റ് ആയി ജോലി... അക്കൗണ്ടിംഗിന്റെ എബിസിഡി പോലുമറിയാത്ത ഞാൻ പലതരത്തിലും എതിർക്കാൻ ശ്രമിച്ചെങ്കിലും അപ്പച്ചന്റെ തീരുമാനം അന്തിമമായിരുന്നു... പോത്തു പോലെ വളർന്നയെന്നെ ഒരു നാണവുമില്ലാതെ അപ്പച്ചൻ തല്ലുമെന്നു ഉറപ്പുള്ളതിനാൽ മറുത്തൊന്നും പറയാനും പോയില്ല...
ഞാൻ നാടുകടത്തപ്പെട്ട സ്ഥലം അപ്പച്ചൻ ആവർത്തിച്ചപ്പോൾ എന്റെയുള്ളിലെ കർമനിരതനായ യുവാവ് ഉണർന്നു... അമ്മച്ചിയുടെ ആങ്ങളയുടെ വീട്... അവിടെ പോകാൻ വല്യ ഇഷ്ടമല്ലെങ്കിലും തൊട്ടടുത്ത വീട്ടിലെ സുന്ദരിയും സുമുഖയും സർവോപരി സുശീലയുമായ 'ജാനകി' യുടെ മുഖം മനം നിറഞ്ഞു നിന്നപ്പോൾ പൂർണസമ്മതമങ്ങു മൂളി..
നെറ്റ്‌വർക്ക് പോലും മര്യാദക്കു കിട്ടാത്ത ആ ദുനിയാവിലേക്ക് പോകാനുള്ള മകന്റെ ഉത്സാഹം കണ്ടപ്പോൾ കുര്യുവിലെ സംശയരോഗി സടകുടഞ്ഞു എഴുന്നേറ്റു... എന്നാലും അമ്മച്ചിയുടെ പ്രാർത്ഥന ഫലിതച്ചതാകാം എന്ന ആശ്വാസം തൊട്ടടുത്ത നിമിഷം തന്നെ കൊമ്പൻ മീശകൊണ്ടു നിറഞ്ഞ നിഷ്കളങ്കത തീരെയില്ലാത്തയാ മുഖത്തു എനിക്കു കാണാമായിരുന്നു....
അങ്ങനെ അപ്പച്ചന്റെ പ്രഖ്യാപനത്തിന്റെ അഞ്ചാംപക്കം ഞാനവിടെ എത്തിപ്പെട്ടു.. 'മഹേഷിന്റെ പ്രതികാരത്തിൽ' വർണിക്കുന്നതുപോലെ ചിരിതൂകും പെണ്ണിന്റെ നാട്ടിൽ....
വന്നതിന്റെ പിറ്റേന്നു തന്നെ ടോമിച്ചനങ്കിളിന്റെ കൂടെ ഞാൻ ജ്വല്ലറിയിലേക്ക് വെച്ചു പിടിച്ചെങ്കിലും ജാനകിയെ മാത്രം കാണാൻ സാധിച്ചില്ല...
വേണ്ടിടത്തും വേണ്ടാത്തിടത്തും സ്നേഹം വാരി വിതറുന്ന ജാൻസി ആന്റിയും ടോമിച്ചനങ്കിളും പഠനത്തിലെ നൂറു സംശയവുമായി അനുകുട്ടിയും എന്നെ വല്ലാതെ വീർപ്പു മുട്ടിച്ചെങ്കിലും ജാനകിയെ കാണാനുള്ള ത്വര സർവം സഹിക്കാനെന്നെ പ്രാപ്തനാക്കിയിരുന്നു...
വന്നതിന്റെ പിറ്റേന്നു തന്നെ ടോമിച്ചനങ്കിളിന്റെ കൂടെ ഞാൻ ജ്വല്ലറിയിലേക്ക് വെച്ചു പിടിച്ചെങ്കിലും ജാനകിയെ മാത്രം കാണാൻ സാധിച്ചില്ല...
വേണ്ടിടത്തും വേണ്ടാത്തിടത്തും സ്നേഹം വാരി വിതറുന്ന ജാൻസി ആന്റിയും ടോമിച്ചനങ്കിളും പഠനത്തിലെ നൂറു സംശയവുമായി അനുകുട്ടിയും എന്നെ വല്ലാതെ വീർപ്പു മുട്ടിച്ചെങ്കിലും ജാനകിയെ കാണാനുള്ള ത്വര സർവം സഹിക്കാനെന്നെ പ്രാപ്തനാക്കിയിരുന്നു...
എന്നും ജ്വല്ലറിയിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും പ്രതീക്ഷയോടെ ഞാനെന്നും അവളുടെ മുഖം വീണ്ടും വീണ്ടും തിരഞ്ഞുകൊണ്ടെയിരുന്നു... കഴുകിയിട്ട അവളുടെ വിവിധ വർണത്തിലുള്ള വസ്ത്രങ്ങൾ എന്നിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ വീണ്ടും പാകിമുളപ്പിച്ചെങ്കിലും ആ ഉണ്ടക്കണ്ണിയെ മാത്രം പുറത്തെങ്ങും കണ്ടില്ല....
എന്നെ വേണ്ടാത്തവളെ എനിക്കും വേണ്ടായെന്നു പറഞ്ഞു ഉപേക്ഷിക്കാൻ മനസിനെ പറഞ്ഞു പാകപ്പെടുത്തിയെങ്കിലും എന്നത്തെയും പോലെ അവളുടെ വീടിനു മുന്നിലെത്തുമ്പോൾ ഒരു നാണവുമില്ലാതെ എന്റെ കഴുത്തു വീണ്ടും അങ്ങോട്ടേക്ക് തിരിയും... ആഴ്ച രണ്ടു പിന്നിട്ടിട്ടും കടുത്ത നിരാശയായിരുന്നു ഫലം.. !
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ ചിന്ത മുഴുവൻ അവളെവിടെ എന്നതായിരുന്നു ? പലസന്ദർഭങ്ങളിലും അനുകുട്ടിയോട് ജാനകിയെ കുറിച്ചു അന്വേഷിക്കാൻ മനസു സിഗ്നൽ തന്നെങ്കിലും കഴിഞ്ഞ തവണ ഞങ്ങൾ തമ്മിൽ നടന്ന മുട്ടൻ യുദ്ധം എന്നിലെ അഭിമാനിയെ ബ്ലോക്ക് ചെയ്തുകൊണ്ടെയിരുന്നു...
ഞാൻ വന്നെന്നറിഞ്ഞാൽ പമ്മിയും പാത്തും എന്നെ കാണാനായി ഓടിയെത്തുന്ന അവളുടെ അഭാവം എന്നിൽ പല സംശയങ്ങളും ഉണർത്തിച്ചു... ഒരു മനുഷ്യകുഞ്ഞു പോലുമറിയാതെ അവളെനിക്കു സമ്മാനിച്ച അവളുടെ പഴയ ഫോട്ടോ നെഞ്ചോടു ചേർത്തു വെച്ചായിരുന്നു പിന്നീടെന്റെയുറക്കം...
ദിവസങ്ങളോരോന്നായി കടന്നു പോകവേ എന്നിലെ മടിയനും മുടിയനുമായ പുത്രൻ ഉണരാൻ തുടങ്ങി... ജ്വല്ലറിയിലെ അരണ്ട ജീവിതം എന്നിൽ മടുപ്പുളവാക്കി...എന്റെ വരവിന്റെയും കാത്തിരിപ്പിന്റെയും ലക്ഷ്യം കാണാത്ത സങ്കടം മറുവശത്ത്... അന്നും രാത്രി ജാൻസി ആന്റിയുണ്ടാക്കിയ അപ്പവും ആവി പറക്കുന്ന കാട റോസ്റ്റും കൂടെ കുറച്ചു ചോറും കഴിച്ചു ജാനകിയെയും നെഞ്ചോടു ചേർത്തു ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു...
വൈകിയുറങ്ങിയതിനാൽ അനുകുട്ടിയുടെ ചിരട്ട പാറക്കിട്ടിടിച്ച മാതിരിയുള്ള ശബ്ദമാണ് പിറ്റേന്ന് എന്നെ ഏകദേശം 8.30 യോടു കൂടി ഉണർത്തിയത്...ഉണർന്നതെ ഞാൻ പരതിയത് പൊന്നു പോലെ സൂക്ഷിച്ച എന്റെ ജാനകിയുടെ സുന്ദരമായ ചിത്രമായിരുന്നു...
എന്റെ തിരിച്ചിലു കണ്ടിട്ടെന്നൊണം മറച്ചുപിടിച്ച എന്റെ ഉണ്ടക്കണ്ണിയുടെ പുഞ്ചിരിതൂകുന്ന ചിത്രം അനുകുട്ടിയെന്റെ നേരെ നീട്ടിയപ്പോഴേക്കും മുഖത്തും നെഞ്ചിലുമെല്ലാമൊരു കൊള്ളിയാൻ മിന്നി... ലംഘനം !
ഞാനും അവളുമേർപ്പെട്ട കരാർ മനപൂർവ്വമല്ലെങ്കിലും ഞാൻ ലംഘിച്ചു... ! ആരെയും കാണിക്കരുതെന്ന നിബന്ധനയോടെ അവൾ തന്ന ചിത്രം മൂന്നാമതൊരാൾ കണ്ടിരിക്കുന്നു... അനുകുട്ടിയുടെ കൈകളിലായതിനാൽ ഇനിയും ആളുകളുടെ എണ്ണം കൂടാനുള്ള സാധ്യതയും ഏറെയാണ്...
ഇനിയുണ്ടാകാൻ പോകുന്ന പുകിലോർത്തു ഞാനാകുലപ്പെടുമ്പോഴും അനുകുട്ടിയുടെ കൈകളിലിരുന്നു എന്റെ ഉണ്ടക്കണ്ണി കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ടായിരുന്നു... സ്ഥലകാല ബോധം വീണ്ടെടുത്തു അവളിൽ നിന്നും ഫോട്ടോ തട്ടിപറിച്ചെടുക്കാനായി ഞാൻ മുന്നോട്ടാഞ്ഞപ്പോഴേക്കും ജാനകിയുടെ വീടിന്റെ പടവുകളിലേക്ക് അവളുടെ കാലുകൾ എത്തപ്പെട്ടിരുന്നു...
ചാടി തുള്ളികൊണ്ടു വരുന്ന ജാനകിയിൽ നിന്നും രക്ഷപ്പെടാനായി പെട്ടിയുടെ മറയിലൊളിച്ചെങ്കിലും എന്നെക്കാൾ വലിയ തരികിടയായ അവളെന്നെ കയ്യോടെ പൊക്കിയിരുന്നു....
ഒരു കുറ്റവാളിയെ പോലെയവളുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്നയെന്നെ അവളുടെ ഉണ്ടക്കണ്ണു വീണ്ടുമുരുട്ടികൊണ്ടവൾ ദഹിപ്പിക്കുന്നുണ്ടായിരുന്നു... അവളുടെ വിചാരണയെ കുറിച്ചും കടുത്ത ശിക്ഷയെ കുറിച്ചും നന്നായി അറിയാവുന്ന ഞാൻ ആന്റിയെ ദയനീയതയോടെ നോക്കി.. എന്റെ നോട്ടത്തിന്റെയർത്ഥം പിടികിട്ടിയെന്നൊണം ആന്റിയിടപെട്ടു രംഗം ശാന്തമാക്കി...
എന്നും ബാഗിൽ അവൾക്കു വേണ്ടി കരുതിയിരുന്ന തേൻ മിഠായി അവൾക്കു നേരെ നീട്ടിയപ്പോഴേക്കും അവൾ ശാന്തയായിരുന്നു... കൊച്ചരി പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ടു എന്റെ ഉണ്ടക്കണ്ണി , നാലു വയസുകാരി തേൻമിഠായി എന്റെ കയ്യിൽ നിന്നും തട്ടി പറിച്ചെടുത്തിരുന്നു...
"അല്ല... ജാനുകുട്ടി നീയെന്നാ ചേട്ടായി വന്നിട്ടു ഇങ്ങോട്ടു വരാതിരുന്നത് ? "
എന്നയെന്റെ ചോദ്യത്തിനു എന്റെ കയ്യിൽ പിടിച്ചു വലിച്ചു അവളുടെ വീട്ടിലേക്ക് കൊണ്ടു പോയി തൊട്ടിലിൽ സുഖനിദ്രയിലാണ്ട കുഞ്ഞനിയനെ എനിക്കു കാണിച്ചു തന്നു...
കൂടെ 'എനിക്കിനി ചേട്ടായീനെ വേണ്ട.. എനിക്കെന്റെ കുഞ്ഞാവയെ മതിയെന്നു '
പറഞ്ഞു കൊണ്ടവൾ വായിലൂടെ തേനൊലിപ്പിക്കുന്നുണ്ടായിരുന്നു
കൂടെ 'എനിക്കിനി ചേട്ടായീനെ വേണ്ട.. എനിക്കെന്റെ കുഞ്ഞാവയെ മതിയെന്നു '
പറഞ്ഞു കൊണ്ടവൾ വായിലൂടെ തേനൊലിപ്പിക്കുന്നുണ്ടായിരുന്നു
'എന്നാലെന്റെ തേൻമിഠായി ഇങ്ങോട്ടു താടി ഉണ്ടക്കണ്ണി... '
കയ്യിൽ ബാക്കിയായിരുന്ന തേൻ മിഠായി കൂടെ വായിലേക്കിട്ടു കൊണ്ടവൾ വീണ്ടുമെന്നെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു കിലുകിലാ ചിരിക്കുന്നുണ്ടായിരുന്നു...
By: Anjana Mariya Thomas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക