Slider

ചിതയിലൊടുങ്ങാത്തവർ ( കഥ )

0
Image may contain: 1 person, closeup


കുളിക്കാനുള്ള വെള്ളം, മുറ്റത്തെ മൂന്നു കല്ലുള്ള അടുപ്പില് വെട്ടി തിളക്കുന്ന കണ്ടിട്ടാ തെക്കേ മുറിയിലേക്കെത്തിനോക്കി ഉറക്കെ വിളിച്ചത്..
“അതേ… കുളിക്കാനായ് വെള്ളം കാലായി “
ഈയിടെയായി ആൾടെ ചെവിയിത്തിരി പിന്നിലാ.. മറുപടി വരാഞ്ഞിട്ടു കുറച്ചൂടെയുറക്കെ വിളിച്ചു-.
“വെള്ളം കാലായി ..കുളിയായിക്കോളു “
ഇല്ല , മറുപടീല്ല . ഈയിടെയായി സംസാരിക്കാനും മടി തന്നെ.
അപ്പു കഴിഞ്ഞയാഴ്ച്ച വന്നപ്പം ഓര്മിപ്പിച്ചതാ –“അച്ഛന് മിണ്ടാൻ ബുദ്ധിമുട്ടുണ്ടേ”
“ പ്രായമെത്രെയായി അമ്മേ.. ഇനി ആശുപത്രീ കൊണ്ട് പോയാലവര് കളിയാക്കും”
ശരിയാ .. കഴിഞ്ഞ മാസം കാല് പെരുപ്പെ ന്നും പറഞ്ഞു ചെന്നപ്പം വലിയ ഡാകിട്ടാറാ ചോദിച്ചേ –“വയസ്സ് എത്രയായി അമ്മേ”
വയസായി കഴിഞ്ഞാ കേൾവീം കാഴ്ച്ചേം എല്ലാം പോവും.. മേലാകെ പെരുപ്പായി.. മരവിപ്പായി .. ഒന്നിനും മരുന്നൊട്ടില്ലെനും , എത്ര വലിയ ഡാക്കിട്ടരായാലും ... ഭഗവാൻ വിളിക്കുന്ന വരെ അനുഭവിക്കതന്നെ.. കൃഷ്ണാ!
കുളി കഴിഞ്ഞു വരുമ്പം ഒരു കടും ചായ കൊടുക്കണം. പഞ്ചാര കുറഞ്ഞാലും വേണ്ടീല.. തിളച്ചപ്പാടെയാവണം. ചൂട് കുറഞ്ഞാ മുഖം മാറും- "ഭാനുന് കാലമിത്രയായിട്ടും ന്റെ പാകമറീല്ല?"
പിടിവാശി ഒട്ടും കുറയൂല.. അപ്പൂനും അങ്ങനെ തന്നെ
അതിനു വെള്ളമടുപ്പത്തു വെച്ച് മുറ്റത്തേക്കെത്തി നോക്കിയപ്പം ഇല്ല ,ആൾ വന്നിട്ടില്ല.. ഈശ്വരാ..ഇങ്ങിനേം ണ്ടോ ഒരു മടി ..
.
വയസിത്രേയായിട്ടും മണിയഞ്ചടിച്ചാല് ചാടി എണീക്കണില്ലേ? ആൾടെ പാകത്തിനെല്ലാം കാലാക്കണില്ലേ?
ഇതൊക്കെ ആരോട് പറയാൻ..
കൊച്ചു കുട്ടിയാണേ എടുത്തോണ്ട് പോയി കുളിപ്പിക്കാം. ഇതതും പറ്റില്ല..
ആലോചിച്ചാല് ചില നേരത്തു സങ്കടാവും ..
വയസെനിക്കുമാവാണേ…എഴുപത്തിയൊന്നു നടപ്പാ..
അടുത്ത അടുപ്പിൽ കഞ്ഞിക്ക് വെള്ളം തിളച്ചു മറിയുന്നു. ചായ കഴിഞ്ഞാ രാവിലെ കഞ്ഞി മതി.
"ഭാനു , കഞ്ഞീല് തേങ്ങേ പയറോ വേണ്ട.. നീ വെർതെ ബുദ്ധിമുട്ടണ്ട "
ഇപ്പളായീ, കഞ്ഞി വെർതെ മതി. ചമ്മന്തീം വേണോന്നില്ല. ന്റ ബുദ്ധിമുട്ടൊന്നുല്ല. വയറിന് അസ്കിതേണ്ടാവും.
വെളിക്കിരുന്നാലെത്ര നേരം കഴിഞ്ഞാ വിയർത്ത് കുളിച്ച് പുറത്ത് വരുന്നേ. ആദ്യമാദ്യം നന്നായ് പേടിച്ചു. ഇപ്പോഴെല്ലാം ശീലം
ചായ ഗ്ലാസ്സിലൊഴിച്ചു തെക്കേ മുറിയിലേക്ക്ചെന്നു . കട്ടിലില് നോക്കുമ്പോൾ ആളില്ല..
കൃഷ്ണാ, ഇതെവിടെ പോയി.. ? പിന്നാമ്പുറത്തുടെ ന്റെ കണ്ണ് വെട്ടിച്ചു കുളിമുറീലെത്തിയോ ? അതോ ന്റെ
കാഴ്ച്ചേം ഇത്ര പെട്ടെന്ന് പോയോ?
തോളത്തെ തോർത്തിന്റെ അറ്റം കൊണ്ട് കണ്ണ് തിരുമ്മി ,ജനലിലൂടെ ഒന്നൂടെ മുറ്റത്തേക്ക് നോക്കുമ്പം തൊട്ടരികെ മുറിച്ചെടുത്ത മാവ്..
ഇതെപ്പോ ? ഇന്നാള് വന്നപ്പം അപ്പു പറഞ്ഞതാ –“മാവു വീട്ടിലോട്ടാമ്മേ ചാഞ്ഞു കിടക്കുന്നെ.. ഓടെല്ലാം പൊട്ടും. മഴക്കാലത്ത് വല്ലാതെ ബുദ്ധിമുട്ടാവും .എന്തേലും ചെയ്യണം..”
മഴയൊന്നും തൊടങ്ങീട്ടില്ല. ഉഷ്ണിച്ചു ചാവാ മനുഷ്യേരെ ..എടുപിടീന്ന് അവനിതെപ്പം മാവു വെട്ടി ?
കൃഷ്ണ … എന്റെ ഓർമ്മേം നീയെടുത്തോ?
ധൃതീല് നടന്നപ്പം അടുക്കളേലെ പടീല് കാലിന്റെ പെരുവിരല് തട്ടി.. .
എന്റമ്മേ ..പ്രാണനും കൈപിടിച്ചാ മുറ്റത്തോട്ടിറങ്ങിയേ....
ചെന്ന് നോക്കുമ്പം ദൂരെ പറമ്പിന്റെ അതിർത്തിലെ പടിഞ്ഞാറേ മൂലേല് ആ ചിത ഇനീം കെട്ടിട്ടില്ല * സാനി മേരി ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo