Slider

ശ്യാമ

0
Image may contain: 1 person, beard and closeup

......
ഏറെ നാളുകൾക്കു ശേഷം ഒരു മനുഷ്യനെ പോലെ എന്റെ കണ്ണ് നിറഞ്ഞു .. അറിയാതെ പൊട്ടിക്കരഞ്ഞു .. സംസാരിക്കണം അവളോട് സംസാരിക്കണം ഒരുവാക്ക് കേട്ടാൽ മതി .. ദേഷ്യപ്പെട്ടെങ്കിലും ഒരുവാക്ക് ...
ഞാൻ അവളുടെ റൂമിനു മുന്നിലെത്തി .. ഡോറിൽ തട്ടി അല്പനേരത്തിനു ശേഷം അവൾ വാതിൽ തുറന്നു ..
ശ്യാമ ..
ഏറെനേരത്തെ മൗനം ഞങ്ങള്കിടയിലുണ്ടായി ...ഇരുളിൽ പരസ്പരം മിണ്ടാതെ നോക്കി നിന്നു
നിശബ്ദതയെ മുറിച്ചു ഞാൻ പറഞ്ഞു ..ക്ഷെമിക്കാനാകില്ല എന്നറിയാം എങ്കിലും ക്ഷെമിക്കണം .. എന്നെ .. എന്നെയിതിൽനിന്നും രെക്ഷിക്കാമോ ...
അവളൊന്നും മിണ്ടിയില്ല ... ആ വാതിലെന്റെ മുന്നിലടഞ്ഞു ..
ഞാൻ പിന്നിലേക്കു പൊന്നു ... ഒരായുസ്സ് മുഴുവൻ അനുഭവിക്കുന്നതിലും വേദന ഞാനവൾക്ക് നൽകി കഴിഞ്ഞിരിക്കുന്നു..എന്നിട് നിസാരമായി ക്ഷെമിക്കണം പോലും ...
നിറഞ്ഞ കണ്ണുകൾ തുടച്ചു വീടിനു പുറത്തിറങ്ങി .. ശ്യാമയുടെ മനസ്സിൽ ഞാൻ മരിച്ചിരിക്കുന്നു , അവളുടെ മനസ്സിൽ ഞാൻ മരിച്ചെങ്കിൽ ഇതു വെറും ജഡമാണ് ..
ഇനി അവളെ കഷ്ടപെടുത്താനായി എന്തിന് ജീവിക്കണം ..ഞാൻ കാരണം അവളിനി കണ്ണീർകുടിക്കാൻ പാടില്ല ..
നടന്നു.. അടുത്തുള്ള റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി ..
ട്രാക്കിനു അടുത്തെത്തി .. ഇനി മരണമാണ് .. എല്ലാമിന്നുകൊണ്ട് തീരട്ടെ ..
കണ്ണുകൾ അടച്ചു ..കരയാനാവകാശമില്ലാത്തവന്റെ കണ്ണിൽക്കൂടി കണ്ണീർ ധാരയായി ഒഴുകി ...
അവസാന ഓർമ്മകൾ മനസിലൂടെ കടന്നു പോയി ...
ചുറ്റും മഞ്ഞിൻ പുകച്ചുരുൾ അവിടെ നിറ പുഞ്ചിരിയാലെ ഒരു കൊച്ചു മാലാഖയെ പോലെ എന്റെ ശ്യാമ ...ഇച്ചായാ .. എന്ന് വിളിച്ചുകൊണ്ടവൾ പൊട്ടിച്ചിരിക്കുകയാണ് .. എന്നെ മയക്കിയ നിഷ്കളങ്കതയുടെ പുഞ്ചിരി...
ആദ്യമായി ശ്യാമയെ കണ്ടതും ,ഇഷ്ടം പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടതും, കണ്ണ് നിറച്ചതും .., പിന്നാലെ കൂടി അവളുടെ സ്നേഹം നേടിയതും , ബൈക്കിൽ എന്നെ ചുറ്റി പിടിച്ചിരുന്നു യാത്രചെയ്തതും , ഒന്നിച്ചു മഴനഞ്ഞതും , അവളെ ഞാൻ കോരി എടുത്തു വട്ടം കറക്കിയതും, കഴുത്തിൽ താലിചാർത്തിയപ്പോൾ നിറ കണ്ണുകളോടെ എന്നെ അവൾ നോക്കിയതും , മഞ്ഞു പെയ്യുന്ന താഴ്‌വരയിൽ ഒരു പുതപ്പിനുള്ളിൽ സ്നേഹത്തോടെ നടന്നതും , പ്രഭാതത്തിൽ എന്റെ കണ്ണിൽ ഒരു ചെറു ചുമ്പനം നൽകി, ചിരിയോടെ ഓടി മറയുന്നതും ...എല്ലാം ഒരു സ്വപ്നം പോലെ വന്നു പോയി ...
**** ****** ****
പ്രണയ വിവാഹമായിരുന്നു ..സുബിയുടെയും ശ്യാമയുടെയും .. ഇരുവീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു അവർ വിവാഹിതരായി ..
സുബി ജോസഫ് അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള ക്രിസ്ത്യൻ കുടുംബത്തിലെ ആയിരുന്നു..
ശ്യാമ പാരമ്പര്യം പേറുന്ന ഹിന്ദു കുടുംബ പശ്ചാത്തലത്തിൽ ജീവിച്ചൊരു സാദാരണകാരിയായ പെണ്ണും ..
വീട്ടുകാരുടെ എതിർപ്പിന് കാരണം ഇതൊക്കെ തന്നെ ... പണവും ,മതവും ..
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ല എന്ന് ഉറപ്പായപ്പോൾ സുബി ശ്യാമയെ വിളിച്ചിറക്കി വിവാഹം കഴിച്ചു .. കൂടെ നില്ക്കാൻ കുറച്ചു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു ..
ആരോടും വഴക്കിനോ ,അവകാശം പറയാനോ പോയില്ല , അതിനു നാട്ടിൽ നിന്നുമില്ല ..
സുബി ഡൽഹിയിൽ അറിയപ്പെടുന്ന ഒരു അഡ്വെർടൈസിങ് കമ്പനിയിലെ ഡിസൈനർ ആണ്
അവനെ വിശ്വസിച്ചു കൂടെ പോന്നവളെ പൊന്നു പോലെ നോക്കാൻ അത് ധാരാളം ..
ഡൽഹിയിലേക്കുള്ള യാത്രയിൽ സുബിയുടെ നെഞ്ചിൽ കിടന്നു കരഞ്ഞു തളർന്നുറങ്ങിയ ശ്യാമയെ അവൻ ചേർത്ത് പിടിച്ചു, നെറുകയിലൊരുമ്മ നൽകി .. ഇനി ഇവൾ കരയുവാൻ പാടില്ല എന്ന ഉറച്ചതീരുമാനത്തോടെ ..
കുറച്ചു ദിവത്തെ വിഷമങ്ങൾക്കും പെട്ടെന്നുണ്ടായ പറിച്ചു നടീലിന്റെ ചെറിയ ബുദ്ധിമുട്ടുകൾക്ക് ശേഷം അവർ ജീവിച്ചു തുടങ്ങി ..ശെരിക്കും പ്രണയിച്ചു തുടങ്ങി ..
വിവാഹത്തിന് ശേഷമാണു യഥാർത്ഥ പ്രണയം ആരംഭിക്കുന്നത് ...
ഒരുപാടു സ്നേഹം പരസ്പരം പങ്കുവെച്ച് ... സ്നേഹത്തിന്റെ ചുമ്പനങ്ങൾ നൽകി... മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പോലുള്ള കണ്ണുകളാൽ നോക്കി..... ഇരുവരും കരുതിയതെല്ലാം പരസ്പരം നൽകി .... പ്രണയാർദ്രമായ വിരലുകൾകൊണ്ട്തഴുകി .... മുല്ലമൊട്ടു വിരിയുന്ന ചിരികൾ നൽകി.... കുറുമ്പുകൾ കാട്ടി.... ഒരുപാടൊരുപാട് സ്നേഹം നല്കി ഇരുവരും ജീവന്റെ പാതിയായി ....
വളരെ സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു ..
മറഞ്ഞിരിക്കുന്ന ആ ..വില്ലനെ അറിയാതെ ..
സുബി , ജോബ് ഏറെ ആസ്വദിച്ചു ചെയ്യുന്ന ഒരാളാണ് നിറങ്ങളാണ് അവന്റെ ലോകം .. പുതിയ ചിന്തകളുടെ, ക്രിയേറ്റിവിറ്റിയുടെ .. മനോഹരമായ ഡിസൈൻസിന്റെ , കലയുടെ ലോകം ...
കമ്പനിക്കും, സഹപ്രവർത്തകർക്കും അവൻ പ്രിയപ്പെട്ടവനായിരുന്നു ..
ദുശീലം എന്ന് പറയാൻ വല്ലപ്പോഴും ഒരു ബിയർ കഴിക്കും .. അല്ലാതെ ഒന്നുമില്ല അതൊരു ദുശീലമായി തോന്നിയിട്ടുമില്ല ..
പക്ഷെ ..വല്ലപ്പോഴും ഒരു ബിയർ കഴിച്ചിരുന്ന സുബി ഡൽഹിയിലെ തണുപ്പ് കാലത്തു പതിയെ അതിന്റെ എണ്ണം കൂട്ടി ..
ശ്യാമ ഇടക്ക് കണ്ണുരുട്ടും അപ്പോൾ അവളെ പതിയെ സോപ്പിടും , ചെറിയ കുറുമ്പുകൾ അവളും നന്നായി ആസ്വദിച്ചിരുന്നു .. കൃത്രിമ ദേഷ്യം കാണിക്കുമെങ്കിലും അവന്റെ കൊച്ചു കൊച്ചു കള്ളത്തരങ്ങൾ അവൾ അനുവദിച്ചിരുന്നു ...
ബിയർന്റെ എണ്ണം കൂടി വന്നപ്പോൾ അവൾ പരിഭവം പറഞ്ഞു , കുടി നിർത്തിക്കോ എന്നൊരു ശാസനയും ...
ഉത്തരവ് , എന്റെ ശ്യാമ കുട്ടീ.... നിർത്തി ഇനി ഇല്ല .. സുബി പറഞ്ഞു
പക്ഷെ എന്നും കുടിച്ചിരുന്ന സമയമായപ്പോൾ ആകെ ഒരു അസ്വസ്ഥത എന്തോ ഒരു ദേഷ്യം പോലെ ..
പക്ഷെ കുടിച്ചില്ല അവൾക് നൽകിയ വാക്ക് പാലിക്കണം . ഓഫീസിൽ നിന്നിറങ്ങി നേരെ ഫ്ലാറ്റിൽ വന്നു .. വാതിൽ തുറന്ന അവൾ അവനെയൊന്നു സൂക്ഷിച്ചൊന്നുനോക്കി എന്നിട്ട് ചേർത്ത് നിർത്തി അടപടലം ഒന്ന് മണത്തു നോക്കി ...
കണ്ണുരുട്ടി നിന്ന അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയവൻകണ്ടു ..
ചക്കര ഏട്ടൻ ...
നോ ... ഇച്ചായൻ .. സുബി ചിരിച്ചു ..
അതേലോ.. എന്റെ ചക്കര ഇച്ചായൻ ..എന്നാൽ വാ ..
നല്ല വിശപ്പ് എന്തെങ്കിലും കഴിക്കാൻ താ...ശ്യാമോ ..
ഫ്രഷ് ആയിട്ട് വാ .. കൊരങ്ങാ .. ഞാൻ ചായ എടുക്കാം ..
ടൗവൽ അവന്റെ കൈയ്യിൽ കൊടുത്തു ഉന്തി തള്ളി ബാത്റൂമിലേക് വിട്ടു ..
അവളുടെ മുന്നിൽ നന്നായി അഭിനയിച്ചിരുന്നെങ്കിലും ഉള്ളിൽ ഒരല്പം കുടിച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹം അവനുണ്ടായിരുന്നു .
കുറച്ചു ദിവസം അങ്ങനെ പോയി .. നല്ല ദേഷ്യം, ഒന്നിലും കോൺസെൻട്രേഷൻ കിട്ടുന്നില്ല ..
ഓഫീസ് വക പാർട്ടി സ്റ്റാർ ഹോട്ടലിൽ നടന്നു .. എല്ലാവരും ഫാമിലിയായെത്തി . ശ്യാമയുമുണ്ട് കൂടെ .. ഒരു ബിയർ കഴിക്കാനുള്ള പെർമിഷൻ അവളോട് കെഞ്ചി അവൻ വാങ്ങിച്ചിരുന്നു .. കള്ള വെയിറ്റ് ഇട്ട് അവൾ സമ്മതിച്ചു .. പാവം ...
ഒരു ബിയർ കഴിച്ചു , ഒന്നൂടെ കിട്ടിയിരുന്നെങ്കിൽ. അവളോട് സത്യം ചെയ്‌തും പോയി .ഫ്രണ്ട്‌സൊക്കെ നല്ല മൂഡിൽ,
അവനാകെ നിരാശയായി നിൽകുമ്പോൾ ഫ്രണ്ട് അരുൺ വോഡ്ക വെച്ച് നീട്ടിയത്
അവൻ നിരസിച്ചു .. ഡാ ഹോട് ശെരിയാകില്ല .. ഞാൻ കുടിക്കില്ല .
എന്റെ പൊന്നു ബ്രോ .. ചുമ്മാ ബിയർ കുടിച്ചു വയറു വീർപ്പിക്കാതെ ഇതു ട്രൈ ചെയ് .. സ്മെലും കാണില്ല പെണ്ണുംപിള്ള പൊക്കും എന്നുള്ള പേടിയും വേണ്ട എന്നെ കണ്ടില്ലേ ...
എന്താ സംഭവം അടുത്തിരുന്ന ആളുടെ വക ചോദ്യം .
അതോ ഇവൻ ഒള്ള ബിയർ എല്ലാം കൂടി കുടിച്ചു ടെറസിൽ കുപ്പിയുടെ എണ്ണം കൂടിയപ്പോൾ വൈഫ് ഫുൾ സ്റ്റോപ്പ് ഇടീച്ചു.. പാവം ..
ഹഹഹഹ ....
ഡാ എനിക്ക് കുടിച്ചു പരിചയമില്ല .. അതാ വെറുതെ എന്തിനാ .. എങ്ങാനും തലക്കു പിടിച്ചാൽ ആകെ അലമ്പാകും ..
എന്റെ പൊന്നു ബ്രോ ... നീ ഇതൊന്നു പിടിച്ചേ .. എന്നിട് ഒറ്റവലി ..ഒരു പ്രെശ്നവുമില്ല..
ഇങ്ങനെയൊക്കെയല്ലേ ശീലമാക്കുന്നത് .. ഉം .. കുടിക്ക് .. ജസ്റ്റ് ഒന്ന് ട്രൈ ചെയ് ..
വേണ്ട കുടിക്കരുത് പാടില്ല സുബി ...... അവനുള്ളിലാരോ പറഞ്ഞതവൻ കേട്ടില്ല അരുണിന്റെ നിർബന്ധവും , ഉള്ളിലെ ആഗ്രഹവും കൈ ആ ഗ്ലാസിലേക്കു നീണ്ടു
ഒറ്റവലി ഗ്ലാസ് കാലി..
അടിപൊളി ഇതുപോലെ ഒറ്റവലിക്ക് കുടിക്കാൻ മലയാളിയെ കൊണ്ട് മാത്രമേ സാധിക്കൂ നിന്നെ കണ്ടാൽ ഫസ്റ്റ് ടൈം ആണെന്ന് പറയില്ലല്ലോടാ .. മിടുക്കൻ .. അരുൺ പൊട്ടിച്ചിരിച്ചു..
അതൊരു തുടക്കമാവുകയായിരുന്നു .. ശ്യാമ അറിയില്ല എന്ന ധൈര്യം ,
ആദ്യമൊക്കെ കുറ്റബോധം ഉണ്ടായിരുന്നു .. പിന്നെ അത് എങ്ങനെയോ മാറി.
ഒരു ദിവസം ഒരു ഫുൾ വാങ്ങി ഫ്ലാറ്റിൽ വന്നു ..
ശാസനയോടെ ശ്യാമ വന്നപ്പോൾ .. കോപത്തിൽ അവനവളെ നോക്കി , അവൾക് നേരെ കൈകൾ ചൂണ്ടി മിണ്ടി പോകരുത് എന്നുപറഞ്ഞു ..
ശ്യാമ വല്ലാതെ ഭയന്നു..
ആദ്യമായാണവൻ ഇങ്ങനെ ദേഷ്യപ്പെട്ടത് , അവളതു പ്രതീക്ഷിച്ചില്ല ..
മനസ്സിൽ ചെറിയ വിഷമം തോന്നിയെങ്കിലും മദ്യമുള്ളിൽ ചെന്നപ്പോൾ അവനതു മറന്നു ..
പിന്നെ പല ദിവസങ്ങളിൽ ഇതൊരു പതിവായി ..
അവളുടെയുള്ളിൽ അവനോടുള്ള സ്നേഹത്തിലുപരി, ഭയം എന്ന വികാരം ഉടലെടുത്തു
നാളുകൾ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു ..
മദ്യം സുബിയുടെ മനസിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു .. ജോലിക്കിടയിൽപോലും മദ്യം വേണമെന്നായി രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ അത് നൽകുന്ന ധൈര്യവും ആത്മവിശ്വാസവും ചിന്തകളും വലുതായിരുന്നു ..
പക്ഷെ കുറച്ചു നാളുകൾക്കു ശേഷം കഴിക്കുന്ന പെഗ്ഗിന്റെ അളവ് കൂട്ടേണ്ടതായി വന്നു ,,
അളിയാ കപ്പാസിറ്റി കൂടിയല്ലോ നീ ഒരു പുലിയായി മാറിക്കൊണ്ടിരിക്കുന്നു അരുണിന്റെ വക കമന്റ് സുബിക്ക് അഭിമാനം പോലെ തോന്നി ..
പെഗ്ഗിന്റെ അളവ് കൂട്ടിയപ്പോൾ പഴയ ഉണർവ് വന്നിരിക്കുന്നു .. കൊള്ളാം...
ബ്രാൻഡുകൾ പലവിധമുണ്ടല്ലോ വിലകൂടിയ പല ബ്രാൻഡുകളും പരീക്ഷിച്ചു മനസ്സിനിണങ്ങിയ കുറെ ബ്രാൻഡുകളെ അവൻ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി ..
ശ്യാമയുടെ കരഞ്ഞ കണ്ണുകൾ പലപ്പോഴും കണ്ടില്ലെന്നു നടിച്ചു .. അവന്റെ കോപത്താൽചുവന്ന കണ്ണുകളെ അവൾ വല്ലാതെ ഭയപ്പെട്ടു ജീവിക്കാൻ തുടങ്ങിയിരിക്കുന്നു ..
ഇടക്കൊന്നു നിർത്താൻ ശ്രെമിച്ചെങ്കിലും പരാജയപെട്ടു ..
പറ്റുന്നില്ല ... നിർത്താൻ പറ്റുന്നില്ല ...
ചിന്തിക്കാൻ , പുതിയ ആശയങ്ങൾ കിട്ടുവാൻ ജോലി ചെയ്യാൻ മദ്യം കഴിച്ചേ മതിയാകൂ..
അവർക്കിടയിലെ പ്രണയം .. സ്നേഹം , കുറുമ്പുകൾ , സന്തോഷങ്ങൾ എല്ലാം എവിടെയോ നഷ്ടമായി ..
കമ്പനിയിലെ പണ്ട് നിസാരമായി കണ്ടിരുന്ന സഹപ്രവർത്തകർക്കിടയിലെ ചെറിയ പ്രശ്നങ്ങളവനു വലുതായി മാറി .. വലിയ തോതിൽ പ്രതികരിക്കാൻ തുടങ്ങി .. ഒരു സ്ഥിരം പ്രശ്നക്കാരനായി മാറി...
പ്രശ്നങ്ങൾ ഫ്ളാറ്റിലേക്കും ആരംഭിച്ചപ്പോൾ താമസിച്ചു കൊണ്ടിരുന്ന ഫ്ലാറ്റ് ഒഴിയേണ്ടി വന്നു.. കിട്ടുന്ന ശമ്പളം കുടിക്കാനായി മാറിയപ്പോൾ ആഗ്രഹിച്ചു വാങ്ങിയ കാറിന്റെ ലോൺ അടവ് മുടങ്ങി ..അത് സിസി ചെയ്തു കൊണ്ടുപോയത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളു ...
ശ്യാമ നിറകണ്ണുകളോടെ ദയനീയമായി നോക്കിയതേ ഉള്ളു ..
അവനു ശ്യാമയെ ഫേസ് ചെയ്യാൻ സാധിക്കുമായിരുനില്ല ..
ജീവിതത്തിലെ ഓരോന്നോരോന്നായി നഷ്ടമായികൊണ്ടിരിക്കുന്നു ...പക്ഷെ ദുഃഖം തീർക്കുവാനും മദ്യത്തെത്തന്നെ ആശ്രയിച്ചു ..
ബാറിൽ ഒട്ടും വെളിവില്ലാതെ കിടക്കുന്ന സുബിയെ മിക്കവാറും താങ്ങി എടുത്തു കൊണ്ട് വരുന്നത് അരുൺ ആയിരുന്നു ..
മദ്യം കുടിക്കാൻ പ്രോത്സാഹിപ്പിച്ച അരുൺ ഒരിക്കലും അമിതമായി കുടിച്ചിരുന്നില്ല ....
കമ്പനിയിൽ മദ്യപിച്ചു വഴക്കിട്ടു മാനേജരെ കൈയ്യേറ്റം ചെയ്തു , എല്ലാമായിരുന്ന ജോലി കൂടി നഷ്ടമായപ്പോൾ പൂർണമായും ജീവിതം നാശത്തിലേക്ക് കൂപ്പുകുത്തി ..
വീട് വീണ്ടും മാറി ഒരു ചേരിയിലേക്കായി താമസം , അടുത്ത് റെയിൽവേ ലൈൻ കടന്നു പോകുന്നുണ്ട് .. ട്രെയിൻ കടന്നു പോകുമ്പോഴുള്ള കടുത്ത അരോചകമായ ശബ്ദത്തെ കുടിച്ചു ബോധമില്ലാതെ കിടക്കുന്ന അവനറിഞ്ഞില്ല .. കണ്ണീരോടെ ശ്യാമ രാത്രികൾ തള്ളി നീക്കി ...
കടങ്ങൾ പെരുകിയപ്പോൾ ആഹാരത്തിനുള്ള വകയും റൂം റെന്റും , മുടങ്ങിയപ്പോൾ ശ്യാമ അടുത്തുള്ള ഫ്ലാറ്റുകളിൽ ജോലിക് പോകാൻ തുടങ്ങി..
അവളുടെ പേഴ്സിൽ നിന്നും കാശ് പിടിച്ചുവാങ്ങി സുബി കുടിച്ചുകൊണ്ടിരുന്നു ..വിലകൂടിയ മദ്യത്തില്നിന്നും എന്തെങ്കിലും വിഷം മതിയെന്നായി .. കുടിച്ചു ബോധമില്ലാതെ ബെഡിൽ തന്നെ മൂത്രമൊഴിച്ചു ശർദ്ധിച്ചു കിടന്നു ..
ദിവസവും കണ്ണീരോടെ അതെല്ലാം വൃത്തിയാക്കുന്ന ശ്യാമയെ അവൻ കണ്ടില്ല, ശ്രെദ്ധിച്ചില്ല ..
ക്ഷീണിച്ചു ക്ഷീണിച്ചു അവളാകെ കോലം കെട്ടിരിക്കുന്നു ...
ചിന്തകളില്ല , ഓർമകളില്ല , പ്രണയമില്ല , സ്നേഹമില്ല ..ഒന്നുമവൾ അറിയുന്നില്ല ..ഇരുവരും ഒരു വീട്ടിലെ രണ്ടു മുറിയിലായിട്ട് നാളുകൾ കടന്നിരിക്കുന്നു ..ഇപ്പോൾ രണ്ടു ഗ്രഹങ്ങൾ പോലെ ആന്തരം ....
അവൾ കണ്ണീരോടെ കത്തിച്ചു വെക്കുന്ന നിലവിളക്കിനു പിന്നിൽ കർത്താവും , കൃഷ്ണനും അവളെ നോക്കി മൗനം പൂണ്ടു നിന്നിരുന്നു ....
ഒരു സന്ധ്യാസമയം അവളുടെ കൈയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി അവൻ കുടിക്കാൻ പോയി , വൈകിട്ടവനെ താങ്ങി കൊണ്ട് വന്നത് അരുൺ ആണ് .
മുറിയിൽ കയറ്റി കിടത്തിയ ശേഷം അരുണിന്റെ കണ്ണുകൾ നിറകണ്ണുകളോടെ ഭിത്തിയിൽ ചാരിനിൽകുന്ന ശ്യാമയുടെ ദേഹത്തേക്ക് വീണു ..
ശ്യാമ എനിക്കല്പം ചൂട് വെള്ളം വേണം, കുടിക്കാൻ .. . അരുൺ വിക്കി വിക്കി പറഞ്ഞു ..
അവൾ അടുക്കളയിൽ നിന്നും വെള്ളം എടുത്തു തിരിയുമ്പോൾ പിന്നിൽ അരുൺ ..
അവൻ അവളെ കടന്നു പിടിച്ചു .. ശക്തിയായി ബലം പ്രയോഗിച്ചു അവനിലേക് ചേർക്കാൻ ശ്രെമിച്ചു .. അവന്റെ നഖങ്ങൾ അവളുടെ കൈകളിൽ മുറിവേൽപ്പിച്ചു , ക്രൂരമായ മുഖത്തോടെ അവൻ അവളെ കീഴ്പ്പെടുത്താൻ ശ്രെമിച്ചു ..
സർവ്വ ശക്തിയുമെടുത്തു കുതറി മാറിയ ശ്യാമ അവിടിരുന്ന കത്തി എങ്ങനെയോ കൈയ്യിലെടുത്തു അവനു നേരെ വീശി ..
ഒന്ന് രണ്ടു തവണ വീണ്ടും അരുൺ മുന്നിലേക്കു വന്നെങ്കിലും ഇനി നിന്നാൽ പന്തിയല്ല എന്ന് മനസിലാക്കി വേഗം പുറത്തേക്ക് ഓടി ..
രാവിലെ ബോധം വീണ സുബി ശ്യാമയെ വിളിച്ചു..വിളി കേൾകാതിരുന്ന അവളെ അവിടെയെല്ലാം നോക്കി നടന്നു ..ഒടുവിൽ അടുക്കളയിൽ ഒരു മൂലയ്ക്കിരുന്നു കരഞ്ഞു തളർന്നിരിക്കുന്ന ശ്യാമയെ കാണാൻ കഴിഞ്ഞു ..
അവൾക്കരികിലേക്ക് ചെന്നതും ഭ്രാന്തമായ ആവേശത്തിൽ അവൾ സുബിക്കുനേരെ കത്തി വീശി ഒരു ഭ്രാന്തിയെ പോലെ അലറി..
ശ്യാമേ ..... എന്തായിത് ശ്യാമേ.. സുബിയുടെ വിളി അവളെ സ്വബോധത്തിലേക് തിരിച്ചു കൊണ്ടുവന്നു ...
കത്തുന്ന കണ്ണുകളോടെ അവനെ നോക്കി അവൾ നിസ്സഹായതയോടെ പൊട്ടി കരഞ്ഞു നിലത്തേക്ക് വീണു ...
അടുത്തുള്ള ഒന്നുരണ്ടു കൂട്ടുകാരികൾ അവളെ കാണാൻ വന്നു അവർ പറഞ്ഞാണ് നടന്നതത്രയും സുബിക്ക് മനസിലായത് ...
അതുമാത്രമല്ല അവൾ സഹിക്കുന്ന കഷ്ടപ്പാടിന്റെ വലിപ്പവും, സഹിക്കുന്ന വേദനയും,
ദിവസങ്ങൾ ഏറെയായി ശ്യാമ മുറിക്കുള്ളിൽത്തന്നെയാണ് പേടിച്ചരണ്ട മിഴികൾ കരഞ്ഞുതളർന്ന കണ്ണുകൾ , ആഹാരം പോലും ശെരിക്ക് കഴിക്കുന്നില്ല ..
സുബി മനസികമായാകെ തളർന്ന അവസ്ഥയിലാരുന്നു ..
എല്ലാത്തിനും കാരണക്കാരൻ താനാണ് , വിശ്വസിച്ചകൂട്ടുകാരനിൽ നിന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല, ദൈവ മാണവളെ സംരക്ഷിച്ചത് ..
ഒരുപക്ഷെ മറിച്ചായിരുനെങ്കിൽ ... .
ചിന്തിക്കാൻ കൂടി വയ്യാ...
ഇനി വയ്യ അവളുടെ കണ്ണുനീർ കാണാൻ .. എല്ലാം ഞാൻ കാരണമാണ് എന്റെ പെണ്ണിന്റെ മാനം വരെ ഞാൻ കാരണം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു ..
കുറ്റബോധം കൊണ്ടവന്റെ ഉള്ളുനീറി ....
ജീവിതത്തിലേക്കു തിരിച്ചു വരണം എങ്ങനെ ??? അറിയില്ല !! ശ്യാമ ഒന്ന് മിണ്ടിയിരുനെങ്കിൽ .. എന്നോട് അവൾ ക്ഷെമിക്കുമോ...??
രാത്രിയായി ശ്യാമ റൂമിൽത്തന്നെയാണ് ,
സുബി അവളുടെ റൂമിലേക്കു നടന്നു പതിയെ വാതിലിൽ തട്ടി ,ഏറെ നേരത്തിനുശേഷം വാതിൽ തുറന്നു ..
മൗനം ...
ഇരുവരും ഇരുളിൽ പരസ്പരം മിണ്ടാതെ നോക്കി നിന്നു..
സുബി നിശബ്ദതയെ മുറിച്ചു അവളോട് പറഞ്ഞു ..ക്ഷെമിക്കാനാകില്ല എന്നറിയാം... എങ്കിലും, ക്ഷെമിക്കണം .. എന്നെ .. എന്നെയിതിൽനിന്നും രെക്ഷിക്കാമോ ...
അവൾ ഒന്നും മിണ്ടിയില്ല ... ആ വാതിൽ ശക്തിയായി അവനുമുന്നിലടഞ്ഞു ..
*** ****** **** ****
നീട്ടിയുള്ള ട്രെയിനിന്റെ ഹോൺ ശബ്ദം കേട്ട് ഓർമകളിൽ നിന്നു ഞെട്ടി ഉണർന്നു .. കണ്ണുകൾ നിറഞ്ഞിരിക്കുന്നു ...
ഇല്ല ... എനിക്ക് കരയാൻ അവകാശമില്ല ..ഇനി മരണമാണ് ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പരിഹാരം ...
ശ്യാമ എന്നോട് പൊറുക്കട്ടെ ...
ട്രെയിൻ അടുത്തെത്തി കൊണ്ടിരിക്കുന്നു .. കണ്ണുകൾ ഇറുക്കി അടച്ചു ധൈര്യം സംഭരിച്ചു ..
പെട്ടെന്ന് പിന്നിൽ നിന്നും ശക്തിയായി എന്തോ എന്നെ വലിച്ചു പിന്നിലേക്കിട്ടു , നിലത്തു കൈകുത്തി പതിയെ എഴുന്നേറ്റ ഞാൻ കണ്ടത് നിറഞ്ഞ കണ്ണുകളോടെ കോപത്തോടെ നിൽക്കുന്ന ശ്യാമയെ ആണ് ,
മുഖമടച്ചു ഒരടി തന്നു അവൾ , കൈകൾ രണ്ടും ചുരുട്ടി വാവിട്ടു കരഞ്ഞു കൊണ്ട് എന്റെ ദേഹത്തേക്ക് ഇടിച്ചു... പതിയെ പതിയെ ശക്തി കുറഞ്ഞു കുറഞ്ഞു എന്നെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞുകൊണ്ടവൾ നിന്നു...
ഞങ്ങൾക്കരികിലൂടെ വലിയ ശബ്ദത്തോടെ ആ ട്രെയിൻ കടന്നു പൊയ്ക്കൊണ്ടിരുന്നു ..
അവളുടെ കണ്ണ്നീരിൽ എല്ലാമുണ്ടായിരുന്നു ദേഷ്യവും , പരിഭവവും, സങ്കടവും , വേദനയും
സ്നേഹവുമെല്ലാം ...
ഒന്നും പരസ്പ്പരം പറയാതെ ഞങ്ങൾ കെട്ടി പിടിച്ചുനിന്ന് കുറെ കരഞ്ഞു ...
എന്നോ നഷ്‌ടമായ പ്രണയം ഞങ്ങളെ വീണ്ടും പുൽകുകയായിരുന്നു....
ഡൽഹിവിട്ടു നാട്ടിലേക്ക് മടങ്ങാനും ട്രീറ്റ്മെന്റ് എടുക്കാനും തീരുമാനിച്ചു.. എത്ര നാളാണ് എനിക്കെന്നെ കണ്ട്രോൾ ചെയ്യാൻ കഴിയുക എന്നറിയില്ല .അതിനു മുൻപെനിക്കു ജീവിതത്തിലേക്കു തിരിച്ചു വരണം ..
നാട്ടിലെ നല്ലൊരു De-addiction & Rehabilitation സെന്റർ ലേക്ക് പോകാൻ തീരുമാനം ആയി..
അവൾ ജോലിക് പോകുന്ന ഫ്ളാറ്റിലെ മലയാളി കുടുംബം അവളെ സഹായിച്ചു....
കുറച്ചു പണവും നാട്ടിൽ ട്രീറ്റ്മെന്റ്നുള്ള സഹായവും അവർ ഒരുക്കിതന്നു ..
അവളെ സ്നേഹിക്കുന്ന എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങൾ യാത്ര തിരിച്ചു ..
എല്ലാം നഷ്ടപ്പെട്ടെങ്കിലും അതിന്റെ വേദന ഉള്ളിൽ മറച്ചു വെച്ചു അവൾ എന്നെ ചേർന്നിരുന്നു ... വേദനകൾ കണ്ണുകൾ നിറച്ചിരുന്നെങ്കിലും പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു അത് ...
റീഹാബിലിറ്റേഷൻ സെന്റർ ഒരു ആശ്രമം ആയിരുന്നു ...
മെഡിറ്റേഷന്റെയും , മരുന്നുകളുടെയും , പ്രാർത്ഥനയുടെയും ലോകമായിരുന്നു പിന്നീടങ്ങോട്ട്..
തുടക്കത്തിൽ കാര്യങ്ങൾ അത്ര നിസാരമായിരുന്നില്ല ഭ്രാന്തമായ അവസ്ഥകൾ പലതും നേരിടേണ്ടിവന്നു ..
കണ്ണീരോടെ പ്രാർത്ഥനയോടെ എന്റെ ശ്യാമ എന്റെ കൈകളിൽ മുറുക്കി പിടിച്ചിരുന്നു ..
പല പ്രഭാതങ്ങളിലും രാത്രിയിൽ എനിക്ക് കൂട്ടിരുന്നു എന്റെ നെഞ്ചിൽ തലവെച്ചുറങ്ങുന്ന ശ്യാമയെ എനിക്ക് കാണാൻ കഴിഞ്ഞു ..
എന്നെ ചുറ്റിയിരിക്കുന്ന അവളുടെ ക്ഷീണിച്ചു മെലിഞ്ഞ കൈകൾ ..
എന്നെ പ്രണയിച്ചനാളുകൾ അവളുടെ കൈകൾക്കെന്ത് അഴകായിരുന്നു ...
ഈ വിരലുകൾക്കെന്ത് ഭംഗിയായിരുന്നു ... ഈ വിരലുകളിലൊന്ന് തൊടാൻ കൊതിച്ചിട്ടുണ്ട് ..
അത്രയ്ക്ക് മാർദ്ദവമായിരുന്നു ...
അന്ന് തുടുത്തു ചുവന്നിരുന്ന കവിളുകൾ ഇപ്പോൾ ക്ഷീണിച്ചു ഒട്ടി പ്പോയിരിക്കുന്നു ..
മനോഹരമായ കണ്ണിനു ചുറ്റും കറുത്ത പാടുകൾ വീണിരിക്കുന്നു ,
എപ്പോഴും മുഖത്തുണ്ടായിരുന്ന പ്രകാശം എങ്ങോ നഷ്ടമായിരിക്കുന്നു ..
ക്ഷീണിച്ച ഒരു രൂപം എന്നെ ചുറ്റി പിടിച്ചിരിക്കുന്നു ..
കറുത്ത ചുളിവ് വീണ കൈ വിരലുകൾക്കു മുകളിലൂടെ ഞാൻ എന്റെ കൈകൾ മെല്ലെ തഴുകി ചേർത്ത് പിടിച്ചു ...
ഒരു കൂട്ടം നല്ല മനുഷ്യരുടെ സ്നേഹത്തിൽ ഞാൻ ജീവിതത്തിലേക്കു തിരിച്ചുള്ള പടവുകൾ കയറാൻ തുടങ്ങി ..
എന്റെ മനസിലേക്ക് എന്നോ നഷ്‌ടമായ എന്റെ നിറങ്ങൾ, ഭാവനകൾ , സുന്ദര സ്വപ്‌നങ്ങൾ മദ്യത്തിന്റെ ചുവയില്ലാതെ കടന്നു വന്നു ...
ഞാൻ കണ്ണ് തുറന്നിരിക്കുന്നു.....
മനോഹരമായ ഈ പ്രകൃതിയെ കാണാൻ , ഈ കാറ്റേൽകുവാൻ , പ്രഭാതത്തിന്റെ മഞ്ഞിൻ കണങ്ങളേറ്റുവാങ്ങുവാൻ ..
അപ്പോഴും... ശ്യാമ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു ...
* * *
ആശ്രമത്തിലെ സഹായം കൊണ്ട് ഒരു ജോലി ശെരിയായി.. ഒരു കൊച്ചു വാടക വീട് എടുത്തു .. സന്തോഷത്തോടെ ജീവിക്കണം .. പുത്തൻ പ്രതീക്ഷകളുമായി ..
ജീവിതത്തിലേക്ക് തിരിച്ചു വന്ന നാളുകൾ ..
മനോഹരമായ ഒരു സായം സന്ധ്യയിൽ ആശ്രമ ഗാർഡനിലെ ഒരു കോൺക്രീറ്റ് ബെഞ്ചിൽ ഞാനും ശ്യാമയും ഇരിക്കുകയായിരുന്നു ... എന്റെ തോളിലേക് ശ്യാമ തലചായ്ച്ചിരുന്നു ..
നഷ്ടബോധത്തിന്റെ കണ്ണുനീരില്ലാതെ .. ഇനിയും പരസ്പരം നൽകാനുള്ള പ്രണയത്തിന്റെ പ്രതീക്ഷകൾ മാത്രം പേറി ഇരിക്കുമ്പോൾ ... അന്ന് ആ സന്ധ്യയിൽ ഏറെ നാളായി മനസിനെ അലട്ടിയിരുന്ന ഒരു ചോദ്യം ഞാൻ ശ്യാമയോട് ചോദിച്ചു ...
ശ്യാമാ ...
ഉം ... അവൾ പതിയെ മൂളി ..
" മദ്യം നമ്മുടെ ജീവിതം നശിപ്പിച്ചപ്പോഴും , എന്നിൽനിന്ന് വേദനകൾ മാത്രം കിട്ടിയിട്ടും , സഹിക്കാവുന്നതിനപ്പുറം ദുഖവും , കണ്ണീരും ഞാൻ നൽകിട്ടും ,
ഞാൻ കാരണം നിന്റെ മാനത്തിനു പോലും വിലപറയുന്ന അവസ്ഥയുണ്ടായിട്ടും ..
എന്നെ എന്തുകൊണ്ട് നീ ഉപേക്ഷിച്ചില്ല, ..
എന്നെ എന്തുകൊണ്ട് നീ വിട്ടുപോയില്ല , ..
എന്തിനു എനിക്കുവേണ്ടി ഇത്രയും ത്യാഗങ്ങൾ സഹിച്ചു കൂടെ നിന്നു...?
ഒരു നിമിഷത്തെ മൗനത്തിനു ശേഷം
എന്റെ തോളിൽ നിന്നുമവൾ മുഖമുയർത്തി ....
എപ്പഴോ നഷ്‌ടമായ തിളക്കം തിരികെയെത്തിക്കൊണ്ടിരിക്കുന്ന അവളുടെ മനോഹരമായ കണ്ണുകൾകൊണ്ടെന്നെ നോക്കി....
എന്റെ തലയിലെ മുടിയിഴകളിലൂടെ അവളുടെ മനോഹരമായ വിരലുകൾ തഴുകി ....
പതിയെ എന്റെ മുഖം അവളുടെ നെഞ്ചിലേക്ക് ചേർത്തു....
എന്റെ കാതുകൾ അവളുടെ ഹൃദയമിടിപ്പിലേക്ക് ചേർന്നു നിന്നു ....
കുറച്ചു നിമിഷത്തെ മൗനം .....
എന്റെ കണ്ണുകളറിയാതെ നിറഞ്ഞു ...
എനിക്കുള്ള ഉത്തരം.. അവിടെയുണ്ടായിരുന്നു ...
.......ശുഭം ......
( സഹനത്തിന്റെയും , പ്രണയത്തിന്റെയും സ്വാന്തനത്തിന്റെയും സ്ത്രീരൂപമായ ശ്യാമമാർക്കായി സമർപ്പിക്കുന്നു ...)
:- ശ്രീജിത്ത് വിജയൻ ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo