അറിയിപ്പ്:-
---------------
ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. കാരണം ഒരാളെപ്പോലെ ഏഴു പേർ ഉണ്ടെന്ന് പണ്ടാരോ എവിടെയോ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കറിയുന്ന ആൾ ആ എഴുപേരിൽ ആരെങ്കിലും ഒരാൾ മാത്രമാകും.
---------------
ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. കാരണം ഒരാളെപ്പോലെ ഏഴു പേർ ഉണ്ടെന്ന് പണ്ടാരോ എവിടെയോ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കറിയുന്ന ആൾ ആ എഴുപേരിൽ ആരെങ്കിലും ഒരാൾ മാത്രമാകും.
മുന്നറിയിപ്പ്:-
------------------
മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് രണ്ടും ശരീരത്തിന് ആവശ്യമായ ഒന്നും തരുന്നില്ല. ശരീരത്തിൽ ഉള്ളത് നശിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
------------------
മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് രണ്ടും ശരീരത്തിന് ആവശ്യമായ ഒന്നും തരുന്നില്ല. ശരീരത്തിൽ ഉള്ളത് നശിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
നന്ദി:-
-------
എവർനോട്ട് ആപ്പ്ളിക്കേഷൻ,
ലെനോവ മൊബൈൽ,
കൂടാതെ
ഇത് വായിക്കുന്ന എല്ലാവർക്കും.
-------
എവർനോട്ട് ആപ്പ്ളിക്കേഷൻ,
ലെനോവ മൊബൈൽ,
കൂടാതെ
ഇത് വായിക്കുന്ന എല്ലാവർക്കും.
കഥ:-
------
ചങ്ങാതി നന്നായാൽ....???
**************************
------
ചങ്ങാതി നന്നായാൽ....???
**************************
രചന :- ജയ്സൺ ജോർജ്ജ്
-------------------------------------------
-------------------------------------------
കഥാനായകൻ :- പ്രിയേഷ് രാഘവൻ
നായിക :- (ആളെ കിട്ടിയില്ല )
സഹനായകൻ. :- അബ്‌ദു അഞ്ചരക്കുളം
മറ്റു കഥാപാത്രങ്ങൾ :- പ്രിയേഷിന്റെ അമ്മ , എയർപോർട്ട് ഉദ്യോഗസ്ഥർ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നായിക :- (ആളെ കിട്ടിയില്ല )
സഹനായകൻ. :- അബ്‌ദു അഞ്ചരക്കുളം
മറ്റു കഥാപാത്രങ്ങൾ :- പ്രിയേഷിന്റെ അമ്മ , എയർപോർട്ട് ഉദ്യോഗസ്ഥർ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
' പ്രിയേഷ് രാഘവൻ ', സാമാന്യം ഭേദപ്പെട്ട നിലയിൽ എന്ന് വെച്ചാ തരക്കേടില്ലാത്ത രീതിയിൽ ഉഴപ്പുള്ള പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഇന്നത്തെ ചെറുപ്പക്കാരിൽ പെടുന്ന ഒരാൾ.
മൂന്ന് നേരം വീട്ടിലിരുന്ന് തിന്നുകയും പുറത്തൊക്കെ വെറുതെ ചുറ്റിതിരിയുകയും ചെയ്തു പൊയ്ക്കൊണ്ടിരുന്നതിന്റെ ഇടയിലാണ് പ്രിയേഷ് ആ വലിയ ദുരന്തസത്യം മനസ്സിലാക്കിയത്. അതും അമ്മ ഒരുദിവസം ഭക്ഷണം കൊണ്ടു കൊടുക്കുന്നതിന്റെ ഇടയിൽ പറഞ്ഞ അക്കാര്യത്തിൽ നിന്നും
" ഇങ്ങിനെ മൂക്ക് മുട്ടെ വിഴുങ്ങി നാട് മുഴുവൻ തെണ്ടി നടന്നോ.. പെങ്ങളെ കെട്ടിച്ചതിന്റെ കടം കയറി കുടുംബം മുടിയാറായി.. അച്ഛന് പണിക്ക് പോകാൻ പറ്റാതായി തുടങ്ങി..വിൽക്കാൻ ഇനി ഈ വീട് മാത്രമേ ബാക്കിയുള്ളൂ.. ഇനി ഒരുദിവസം ഇവിടുന്നും ഇറങ്ങേണ്ടി വരും... അപ്പോഴും എന്റെ പൊന്നുമോൻ ഇങ്ങിനെ തന്നെ ഒരു പണിക്കും പോകാതെ നടക്കണം... കുറച്ചുനാൾ കൂടി കഴിഞ്ഞാൽ അമ്മ മോന് വായു പുഴുങ്ങി തരാം.."
വായു പുഴുങ്ങി കഴിക്കുക.. അതെങ്ങിനെയായിരിക്കും പ്രിയേഷിന് മനസ്സിലായില്ല ചോദിക്കാൻ തുനിഞ്ഞു അമ്മയുടെ മുഖത്ത് നോക്കിയപ്പോൾ അമ്മയുടെ മുഖം സീരിയലിലെ അമ്മായിഅമ്മമാരുടെ പോലെയാണ്. അത് കണ്ടതോടെ വായിലിരുന്ന ചോറിനൊപ്പം ചോദ്യവും പ്രിയേഷ് അങ്ങ് വിഴുങ്ങി.
സംഭവം ഗുരുതരമാണ്. എന്തെങ്കിലും പണിക്ക് പോകണം. എന്നാ പെട്ടെന്ന് പണക്കാരനുമാകണം... അങ്ങിനെ എന്ത് പണി.. ? സംശയം തലയിൽ ചുമന്ന് നടന്ന പ്രിയേഷിന്റെ പ്രയാണം നിലച്ചത് ഉറ്റ ചങ്ങാതി അബ്‍ദുവിന്റെ മുന്നിലാണ്.
' അബ്‌ദു ', പ്രിയേഷിനെ പോലെ തന്നെ അലഞ്ഞു തിരിയുന്ന, കൃത്യമായി ഭക്ഷണം കഴിക്കുന്നതിൽ മാത്രം യാതൊരുവിധ വീഴ്ച്ചയും വരുത്താത്ത ഒരാൾ..
അബ്‌ദുവിന് വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ. അവിടെ വരെ എത്തുമ്പോഴേക്കും അബ്‍ദുവിന്റെ മീശക്കും താടിക്കും പഠിപ്പിക്കുന്ന മാഷിന്റെതിനെക്കാൾ കറുപ്പായി. കുട്ടികൾക്ക് അബ്‍ദുവാണോ മാഷാണോ മുതിർന്നത് എന്ന സംശയം വന്നപ്പോൾ മാഷ് അബ്‍ദുവിനെ രഹസ്യമായി വിളിച്ചു കാലിൽ വീണു പറഞ്ഞു നാളെ മുതൽ വരരുതെന്ന്. അഭിമാനിയായ അബ്‌ദു അതങ്ങ് അനുസരിച്ചു. ഇതിലും വലിയ ഗുരുദക്ഷിണ സ്വപ്നങ്ങളിൽ മാത്രം.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തീരുമാനമെടുക്കുന്ന കാര്യത്തിൽ അബ്‌ദു മിടുക്കനാണ്.
സംശയമറിഞ്ഞ അബ്‌ദു താടിയിൽ ഉഴിഞ്ഞു ആകാശത്തേക്ക് നോക്കി അതുകണ്ട് പ്രിയേഷും ആകാശത്തേക്ക് തന്നെ നോക്കിയിരുന്നു.
പെട്ടെന്ന് അബ്‌ദു ഒറ്റച്ചോദ്യം..
" നുമ്മക്കെന്റെ മാമാടെ അടുത്തേക്ക് പോയാലോ...?"
അബ്‍ദുവിന്റെ മാമ ഗൾഫിലാണ്..
" ഏത് ? ഗൾഫിലേക്കൊ ? " പ്രിയേഷിന് സംശയം.
" അതേന്ന്... നോക്ക് , അവിടാകുമ്പോ ടപ്പേ ടപ്പേ ന്ന് പറഞ്ഞു പണക്കാരനാകാം.. ഇമ്മടെ മാമ ഇപ്പൊ കോടീശ്വരനല്ലേ കോടീശ്വരൻ.. "
" അതൊക്കെ നടക്കുമോ "
" നടക്കൂന്ന് മൂപ്പർക്ക് അവിടെ ഇറച്ചി വെട്ടാണ് പണി. കഴിഞ്ഞാഴ്ച്ചെം എന്നോട് ചോദിച്ചേള്ളൂ മര്വോനെ നീ വരണാ എന്ന്.. ഞാൻ നോക്കീട്ട് അതേള്ളു വഴി... നിന്റെ കടോം വീടും എന്റെ കല്യാണോം നടക്കും.."
" എന്നാലും കൂടുതൽ പണി എടുക്കേണ്ടി വരുമോ.."
" നിനക്കെന്താ ചെക്കാ...ഇറച്ചി വെട്ടൊക്കെ ഒരു പണിയാണോ.. വെറുതെ നിന്ന് വെട്ടികൊടുത്താൽ മതി.. നീ ഇമ്മടെ കവലയിലെ കടയിലൊക്കെ കണ്ടിട്ടില്ലേ.. ശനിയാഴ്ച്ചെം ഞായറാഴ്ച്ചെം മാത്രല്ലേ പണിയുള്ളൂ അതും ഉച്ചയാകുമ്പോ തീരേം ചെയ്യും... ബാക്കിയുള്ള ദിവസൊക്കെ ഫ്രീയല്ലേ... ഈ ദുനിയാവിൽ ഇതിലും സുകൊള്ള പണി ഞാ നോക്കീട്ട് വേറേല്ല.. "
പ്രിയേഷും ചിന്തിച്ചപ്പോൾ കാര്യം ശരിയാണ്.
അബ്‌ദു തന്റെ മാമനെ വിളിച്ചു കാര്യങ്ങളൊക്കെ ശരിയാക്കി, വയ്യാത്ത അച്ഛനെകൊണ്ടു പിന്നേം കടം വാങ്ങിപ്പിച്ചു പ്രിയേഷും പോകാനുള്ള കാര്യങ്ങൾ ശരിയാക്കി..
അങ്ങിനെ പോകാനുള്ള ദിവസം വന്നെത്തി. പതിവുള്ള വികാരഭരിതമായ കരച്ചിൽ നിമിഷങ്ങൾ ഒക്കെ കഴിഞ്ഞു എയർപോർട്ടിൽ എത്തി. റ്റാറ്റ ബൈ ബൈ പറച്ചിലൊക്കെ കഴിഞ്ഞു അകത്തു കയറിവരി നിന്നപ്പോൾ ഒരു ഇരുപത് പേരടങ്ങുന്ന ഗ്രൂപ്പിന്റെ തുടക്കത്തിൽ പ്രിയേഷും അബ്‌ദു ആ ഗ്രൂപ്പിന്റെ പുറകിലും ആയിപ്പോയി.
പ്രിയേഷിന്റെ കയ്യിലുള്ള ബാഗ് സെക്യൂരിറ്റി ചെക്കിങ്ങിനുള്ള മെഷീനിൽ കയറ്റിയപ്പോഴാണ് ബീപ്പ് ബീപ്പ് ശബ്ദം വന്നത്. ഉദ്യാഗസ്ഥർ തുറന്ന് പരിശോധിച്ചപ്പോൾ സൂപ്പർ മാക്സിന്റെ ബ്ലേഡ് ഒരു കുഞ്ഞു ബോക്സ്.. ഇത് കൊണ്ടുപോകാൻ പറ്റില്ല കളയുകയാണ് എന്ന് പറഞ്ഞു അവരത് കളഞ്ഞു. പ്രിയേഷിന് അത് പുതിയ അറിവായിരുന്നു. എന്തായാലും അതൊക്കെ കഴിഞ്ഞു അകത്തു കയറി അബ്‍ദുവിനെ കാത്തിരുന്നു കുറേ നേരം കഴിഞ്ഞിട്ടും അവനെ കാണുന്നില്ല. പ്രിയേഷ് പുറത്തേക്ക് പോകാൻ നോക്കിയപ്പോ സെക്യൂരിറ്റി വിടുന്നുമില്ല.
അങ്ങിനെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഒരു ഓഫീസർ വന്ന് പ്രിയേഷിന്റെ പേര് വിളിച്ചു. പ്രിയേഷ് ചാടി എഴുന്നേറ്റു
' പ്രസൻറ് ടീച്ചർ ' എന്ന് പറഞ്ഞു.
പ്രിയേഷ് വിചാരിച്ചത് പോകാനുള്ളവരുടെ പേര് വിളിച്ചതാണെന്നാണ്. ഈ പ്രസൻറ് ടീച്ചർ അല്ലാതെ ഇംഗ്ലീഷിൽ വിളി കേൾക്കാൻ പ്രിയേഷനറിയുകയുമില്ല.
പക്ഷേ പണി പാളി.. അതിന്റെ ഉത്തരവാദിത്വം അവിടെ കൂടിയിരിക്കുന്നവർക്കാണ്. അവർ ചതിച്ചതാ.. അവരെല്ലാവരും കൂടി ഒറ്റ ചിരി.. അത്കണ്ട ഓഫീസർക്ക് കലി കയറി...
" എന്തെടാ.. കളിക്കാ നീ "
" അല്ല സാർ "
" അല്ലേ.. അല്ലെങ്കിൽ മോൻ വാ ട്ടാ.. നിന്നെ ഇപ്പൊ പറപ്പിക്കാം ഞാൻ.. അവന്റെയൊരു പ്രസന്റ് "
പ്രസന്റ് എന്ന് പറയുന്നത് ഒരാളെ അറസ്റ്റ് ചെയ്യാൻ പാകത്തിനുള്ള വലിയ തെറ്റാണെന്ന് പ്രിയേഷിനറിയില്ലായിരുന്നു..
കശാപ്പുകാരൻ പെരുന്നാളിന് അറക്കാൻ കൊണ്ടുപോകുന്ന ആട്ടിൻകുട്ടിയെ പോലെ ഓഫീസർ പ്രിയേഷിന്റെ കയ്യും പിടിച്ചു നടന്നു...
" സാർ സാർ വേണ്ട സാർ ഞാനിനി ഒരിക്കലും ആരോടും പ്രസന്റ് പറയില്ല സാർ.. പ്ളീസ് സാർ.. " പ്രിയേഷ് ഒരല്പം കരുണയ്ക്ക് വേണ്ടി കെഞ്ചി...
" നീ പറഞ്ഞോടാ ചെക്കാ.. എന്തിനാ പറയാതിരിക്കുന്നത്... പറഞ്ഞോന്നെ "
എവിടെ... ഓഫീസർ കാറ്റ് വന്നാലും കുലുങ്ങാത്ത ഹിമാലയ പർവ്വതം തലയിൽ കയറ്റി വെച്ച പോലെ നടന്നു..
അങ്ങിനെ നടന്നു അവരുടെ ഓഫീസിന്റെ അടുത്തെത്തി. ചില്ലിട്ട ഓഫീസിന്റെ അകത്ത് കയറുന്നതിന് മുമ്പേ പ്രിയേഷ് അബ്‍ദുവിനെ അതിനകത്ത് കണ്ടു. ചുറ്റും കൂടി നിൽക്കുന്ന ഓഫീസേഴ്സിന് മുമ്പിൽ സ്പിരിറ്റ് കേസിൽ അകത്തായ പ്രതികൾ ഫോട്ടോയ്ക്ക് പോസ് കൊടുക്കുന്ന പോലെ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന അബ്‌ദു.
പ്രിയേഷ് ആ റൂമിന്റെ അകത്ത് കയറിയതും അബ്‌ദു വിളിച്ചു.
" ടാ പ്രിയേഷേ.. നമ്മൾ ഗൾഫിൽ ഇറച്ചി വെട്ടാൻ പോകുവാണെന്നു പറഞ്ഞിട്ട് ഇവർ വിശ്വസിക്കുന്നില്ലെടാ..."
പ്രിയേഷ് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടുള്ള ഒരു ഓഫീസർ
" നീ ഇവന്റെ കൂട്ടത്തിലുള്ളതാണോ.. "
അതെ എന്ന് പറഞ്ഞതും ഓഫീസർ മറ്റുള്ളവരോട് പറഞ്ഞു
" ഇവന്റെ ബാഗ് ചെക്ക് ചെയ്യ് " അവർ പ്രിയേഷിന്റെ കയ്യിലിരുന്ന ബാഗ് തുറന്നു അകത്തുണ്ടായിരുന്ന അണ്ടർ വെയർ വരെ കുടഞ്ഞു പുറത്തിട്ടു.
" ഒന്നുമില്ല സാർ "
" അപ്പൊ എന്തെടാ ഇവന്റെ കയ്യിൽ ഇല്ലാത്തത്.. ഇവനും നിന്റെ കൂടെയുള്ളതാണെന്നല്ലേ പറഞ്ഞത്.." ഓഫീസർ അബ്‍ദുവിനോട് ചോദിച്ചു.
" അവനൊന്നും അറിയില്ല സാറേ.. ഇതൊക്കെ ഞാൻ തന്നെ വേണം നോക്കാൻ.. അവനും കൂടിയുള്ളത് ഞാൻ ശരിയാക്കിയിട്ടുണ്ട്..."
" നേരാണോടാ " പ്രിയേഷിനോട് ഓഫീസർ
" ആയിരിക്കും സാർ.. അല്ലബ്‌ദു ഇവരെന്തൊക്കെയാ ഈ ചോദിക്കുന്നത് നീയെന്തൊക്കെയാ ഈ പറയുന്നത്. സത്യത്തിൽ ഇവിടെന്താ നടക്കുന്നത്.." പ്രിയേഷിന് ഒന്നും മനസ്സിലായില്ല.
" ആഹഹ അപ്പൊ മോന് കാര്യങ്ങളൊന്നും അറിയില്ലേ...നിന്റെ കൂട്ടുകാരൻ കാണിച്ചു വെച്ചിരിക്കുന്ന അക്രമം കണ്ടോ നീ... ടോ നാരായണാ അതിങ്ങെടുത്തേ "
ഓഫീസർ പറഞ്ഞത് അനുസരിച്ചു നാരായണൻ എടുത്തുകൊണ്ടു വന്ന സാധനം കണ്ട് പ്രിയേഷിന്റെ കണ്ണ് തുറിച്ചു വന്നു..
' നല്ല കനവും വീതിയുമുള്ള മൂന്ന് വെട്ടുകത്തി..!!!!! '
" അബ്‌ദൂ..... ഇതെന്തിനാടാ..."
" അതൊരെണ്ണം മാമാക്ക് വേണ്ടിയിട്ടാടാ.. അവിടുത്തെ കത്തി പോരാ അത്രേ.. അക്കൂട്ടത്തിൽ ഞാൻ നമുക്കും ഓരോന്ന് പണിയിച്ചു അത്രയേ ഉള്ളൂ..."
സൂപ്പർ മാക്സിന്റെ ബ്ളേഡ് പോലും കൊണ്ടുപോകാൻ പറ്റില്ല എന്ന് അറിഞ്ഞ പ്രിയേഷിന് സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായി. പക്ഷേ അബ്‍ദുവിനെ അത് പറഞ്ഞു മനസ്സിലാക്കാൻ എന്താണ് ചെയ്യുക എന്നത് മാത്രം പ്രിയേഷിന് മനസ്സിലായില്ല. കാരണം അബ്‍ദുവിന് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ്.
പക്ഷേ അവിടെ ഭാഗ്യം തുണച്ചു. വിവരത്തിന്റെയും വിദ്യാഭാസത്തിന്റെയും കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്നവരാണ് രണ്ടുപേരുമെന്നു അധികം താമസിയാതെ തന്നെ ഓഫീസറിന് മനസ്സിലായി. അതിന് അധികം ഇന്റർവ്യൂ ഒന്നും ചെയ്യേണ്ടി വന്നില്ല.
അത് കൊണ്ടു തന്നെ ഓഫീസർ അതവിടെ ഉപേക്ഷിച്ചിട്ടു പൊക്കോളാൻ പറഞ്ഞു... പക്ഷേ .... അബ്‌ദു... അമ്പിനും വില്ലിനും അടുത്തില്ല. ഇനി അതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും പ്ലയിനിൽ കയറുവാണെങ്കിൽ വെട്ടുകത്തി കൊണ്ടുപോകും എന്നു തന്നെ. അതിന് ശക്തമായ ഒരു ന്യായീകരണവും പറഞ്ഞു.
" ഞാനേ മൂന്ന് ദിവസം കൊല്ലന്റെ ആലയിൽ ഉറക്കമിളച്ച് കൂട്ടിരുന്നു ഉണ്ടാക്കിയതാ.. അത് ചുമ്മാ കളയാനോ ? അയ്യടാ മക്കളെ അങ്ങിനെ ഞാനുണ്ടാക്കിയത് കളയുമ്പോ എടുത്തോണ്ട് വീട്ടിൽകൊണ്ടു പോകാമെന്ന് ഒരു കുപ്പായമിട്ടവനും ബിചാരിക്കണ്ട. ഞമ്മളെ കൊന്നാലും സമ്മയ്ക്കൂല്ല. അങ്ങിനിപ്പോ അത് കളഞ്ഞിട്ട് എനിക്കൊരു ഗൾഫിലും പോകണ്ട... മാമാന്റെ മോത്ത് ഞമ്മളെങ്ങിനെ നോക്കും.. ? മാമയോട് ഞമ്മളെന്ത് സമാധാനം പറയും..? അതും മാമ ജീവിതത്തിൽ ആദ്യയിട്ട് ഒരു കാര്യം ആവശ്യപ്പെട്ടിട്ട്.. നീ വേണേ പൊക്കോ... ഞാനില്ല , ഞാനില്ല..." അബ്‌ദു ഉറച്ചു നിന്നു....
അങ്ങിനെ പ്രിയ ചങ്ങാതിയുടെ ഉറച്ച തീരുമാനം മനസ്സിനെ പിന്നോട്ട് വലിച്ചെങ്കിലും അമ്മയുടെ ഡയലോഗും ആ കയ്യിലെ തവിയും അപ്പന്റെ ചുമയും ഓർമ്മയിൽ വന്നപ്പോൾ പ്രിയേഷ് അബ്‍ദുവിനോട് വികാരഭരിതമായ യാത്രയൊന്നും പറയാതെ ചുരുക്കി പറഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ ഗൾഫിലേക്കുള്ള വിമാനം കയറി...
താനുദ്ദേശിച്ചതും അബ്ദു പറഞ്ഞതും അല്ല ഗൾഫ് എന്നത് മനസ്സിലായപ്പോൾ ആദ്യം തിരിച്ചു പോകാൻ ചിന്തിച്ചെങ്കിലും മാസാവസാനം വീട്ടുകാരുടെ സന്തോഷം നിറഞ്ഞ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം അനുഭൂതിയുടെ ഒറ്റ പിൻബലത്തിൽ പതുക്കെ ഗൾഫിൽ വേരുകൾ താഴ്ത്തി.
മാർക്കറ്റിലെ ജോലി നല്ല ബുദ്ധിമുട്ട് ആയിരുന്നെങ്കിലും പിന്നെ വേറൊരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ബുച്ചർ ആയി ജോലി കിട്ടിയപ്പോൾ അത്ര ബുദ്ധിമുട്ട് തോന്നിയില്ല കാരണം അപ്പോഴേക്കും അത് ശീലമായിരുന്നു.. കാലം മെല്ലെ പിന്നെ സ്പീഡിൽ കടന്നുപോയി. ഇന്ന് പ്രിയേഷിന് കടമൊന്നുമില്ല... അച്ഛനും അമ്മയും സന്തോഷമായിരിക്കുന്നു. ഇനിയത്തെ വരവിന് പെണ്ണ് കെട്ടിക്കണം എന്ന ചിന്തയിലാണ് വീട്ടുകാർ...
അതേസമയം നമ്മുടെ അബ്‍ദുവോ... കുറച്ചു കൂടി ബുദ്ധിപൂർവ്വം ചിന്തിച്ചു.... മാമായുടെ സുന്ദരിയായ ഒറ്റ മകളെ പ്രേമിച്ചങ്ങ് കെട്ടി.. ജീവിതം സേഫാക്കി. അബ്‍ദുവിന് ഇപ്പൊ ഭാര്യ വീട്ടിൽ പരമസുഖം.
ഇടയ്ക്കുള്ള വരവിൽ രണ്ടുപേരും കാണാറുണ്ട്. വിശേഷങ്ങൾ പരസ്പരം പങ്കു വെയ്ക്കാറുണ്ട്. അത് കഴിഞ്ഞു ആ പഴയ പഞ്ചായത്ത് കിണറിന്റെ അരഭിത്തിയിൽ മാനം നോക്കി കിടക്കുമ്പോൾ അവരിൽ ആരെങ്കിലും ഒരാൾ ആ പ്രശസ്തമായ മോഹൻലാൽ ശ്രീനിവാസൻ ഡയലോഗ് ദേ ഇങ്ങിനെ ചോദിക്കും.
" അല്ലബ്‌ദു... "
" ഊം..."
" നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ? "
" ഓരോന്നിനും അതിന്റെതായ സമയമുണ്ട് പ്രിയാ "
അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപെട്ടതിന്റെ ഓർമ്മയിൽ ഒരു പുഞ്ചിരി കൂടി രണ്ടാളുടെയും ചുണ്ടിലുണ്ടാകും.
എന്തായാലും ചങ്ങാതി നന്നായാൽ ചങ്ങാതിക്ക് കൊള്ളാം. അല്ലെങ്കിൽ ചങ്ങാതിമാർക്കിട്ടു കൊള്ളും. ചിലപ്പോ അതോടെ ചങ്ങാതിയും നന്നാവും ചങ്ങാതിയുടെ ചങ്ങാതിയും നന്നാവും.
കഥ തീർന്നു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക