Slider

എന്റെ ചേച്ചിയമ്മ

0


വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയപ്പോൾ വിളക്ക് കൊളുത്തി സ്വീകരിച്ചതും കൈപിടിച്ച് കയറ്റിയതും ചേച്ചിയമ്മയായിരുന്നു ... ("ചേച്ചിയമ്മ " ഭർത്താവിന്റെ അച്ഛന്റെ ജേഷ്ഠന്റെ ഭാര്യ) പുതിയൊരു വീട്ടിലേക്ക് പറിച്ചു നട്ടതിന്റെ യാതൊരു അകൽച്ചയും എനിക്ക് തോന്നിയില്ല ... അത്രയ്ക്ക് അടുത്ത പെരുമാറ്റമായിരുന്നു എല്ലാവരുടെയും...
വല്യച്ചനും ചേച്ചിയമ്മയും രണ്ടു മക്കളും ഞാനും ഭർത്താവും അടങ്ങുന്ന ഞങ്ങളുടെ കൊച്ചു കുടുംബം.
ചേച്ചിയമ്മ "അമ്മ" എന്നതിനേക്കാൾ ഉപരി നല്ല ഒരു കൂട്ടുകാരി ആയിരുന്നു എനിക്ക്..
എല്ലാവരും ജോലിക്കും മറ്റും പോയിക്കഴിഞ്ഞാൽ ചേച്ചിയമ്മയും ഞാനും മാത്രം... ചേച്ചിയമ്മയാണ് ചേന പുഴുങ്ങാനും കാന്താരി ചമ്മന്തിയുണ്ടാക്കാനും ... പച്ച ഏത്തയ്ക്കാ പുഴുങ്ങി മുളക് ചമ്മന്തി കൂട്ടിക്കഴിക്കാനും ..... ചക്ക പുഴുക്ക് ഉണ്ടാക്കാനും .... മത്തക്കൂമ്പ് തോരൻ വയ്ക്കാനും ഒക്കെ പഠിപ്പിച്ചത്....
ചേച്ചിയമ്മക്ക് ഒരു പാട് കഥകൾ പറയാനുണ്ടാവും...കുട്ടിക്കാലത്തെ പറ്റി ..... കുടുംബത്തെ പറ്റി... നല്ല രസമാണ് കേൾക്കാൻ ..... അതിനിടെ കുശുമ്പും പരദൂഷണോം ഒക്കെ കാണും കേട്ടോ... (നമ്മള് പെണ്ണുങ്ങളല്ലേ )
മുണ്ടിയിലെ കുഞ്ഞോളാന്റി പാലിൽ വെള്ളം ചേർത്താണ് വിൽക്കുന്നതെന്നും... അപ്രത്തെ വീട്ടിലെ ഫിലോമിനേ പോലിരിക്കുന്ന കുഞ്ഞമ്മ ചേച്ചി നാല്പത് കഴിഞ്ഞിട്ടും കല്യാണത്തിന് സമ്മതിക്കാത്തത് മോഹൻലാലിനെ പോലത്തെ ചെറുക്കനെ കിട്ടാഞ്ഞിട്ടാണെന്നും .... (ഇതൊന്നുമല്ല ചെറുപ്പം മുതലെയുള്ള "കാജാബീഡി " വലി നിർത്താൻ പറ്റാത്തതുകൊണ്ടാണ് കുഞ്ഞമ്മ ചേച്ചി കല്യാണത്തിന് സമ്മതിക്കാത്തത് എന്ന രഹസ്യം ഞാൻ പിന്നീട് കണ്ടു പിടിച്ചു.... ഞാനാരാ മോള് ) അമ്പലത്തിൽ നിന്ന് പറയെടുക്കാൻ വന്നപ്പോൾ കതിനാ പൊട്ടിയതിനു ശേഷവും വല്യപ്പച്ചൻ "എന്താ മക്കളെ കതിനാ പൊട്ടിക്കാത്തത് " (വല്യപ്പച്ചന്റെ ചെവിയുടെ സ്പീക്കർ പോയി ) എന്ന് കതിനാ പൊട്ടിക്കും പോലെ ചോദിച്ചതും ഒക്കെ എനിക്ക് ചേച്ചിയമ്മയിൽ നിന്ന് കിട്ടിയ രസകരമായ കഥളായിരുന്നു ..
പിള്ളേരുടെയൊപ്പം ചേച്ചിയമ്മ മഞ്ചാടിക്കുരു ഇട്ടു കളിക്കാൻ കൂടിയതും .... പിള്ളേരു കാണാതെ മഞ്ചാടിക്കുരു ചെവിയിൽ ഒളിപ്പിച്ചു വച്ചതും.... അവസാനം പിള്ളേര് കണ്ടു പിടിച്ച് എടുക്കാൻ നോക്കിയപ്പോ മഞ്ചാടിക്കുരു ചെവിക്കകത്ത് കേറി പോയതും.... പിന്നീട് അതെടുക്കാൻ ആശുപത്രിയിൽ പോകേണ്ടി വന്നതും ഒക്കെ ചേച്ചയമ്മയെ പറ്റിയുള്ള രസകരമായ ഓർമ്മകളാണ്...
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എല്ലാവരും ജോലിക്ക് പോയി... മക്കള് രണ്ടു പേരും പഠിക്കാനും ..... ഞങ്ങൾ രണ്ടു പേരും രാവിലത്തെ കാപ്പി കുടി ( ബ്രേക്ക് ഫാസ്റ്റിന് ഞങ്ങൾ ഇങ്ങനാ പറയണേ )യൊക്കെ കഴിഞ്ഞു ചേച്ചിയമ്മ എന്നോട് പറഞ്ഞു ....
" കൊച്ചേ നമുക്കിന്ന് ചക്കക്കുരുവും മാങ്ങയും തേങ്ങയരച്ച് ചാറു വച്ചാലോ?"എത്തയ്ക്കാ തോരനും വച്ച് രണ്ട് ഉണക്കമീനും വറുക്കാം എന്താ ."
കേട്ടപ്പോ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ... എന്നാലും ഞാൻ ചോദിച്ചു
"അതിന് എവിടുന്നാ ചേച്ചിയമ്മേ ചക്കക്കുരു "....
"നമ്മുടെ പ്ലാവീന്ന് " ചേച്ചിയമ്മ പറഞ്ഞു.. ശരിയാണ് വീടിന്റെ മുൻപിൽ തന്നെ ഒരു വരിക്ക പ്ലാവുണ്ട്... അതും "തേൻവരിക്ക " .... പേരിലെ ഗമ പോലെ തന്നെ പ്ലാവിനും ഭയങ്കര ഗമയാണ് ... എല്ലാ ആണ്ടിലും ( വർഷാവർഷം) മൂന്നോ നാലോ ചക്കയുണ്ടാവും അതിൽ ഒരെണ്ണം കൈയെത്താവുന്ന ദൂരത്തും ബാക്കി മൂന്നും പ്ലാവിന്റെ കുടുന്തയിൽ (ഏറ്റവും മുകളിൽ എന്നതിന് ചേച്ചിയമ്മ ഇങ്ങനാ പറയുന്നേ) ആയിരിക്കും...
ഉണ്ടാകുന്ന ചക്കയിൽ ഒരെണ്ണ മോ രണ്ടണ്ണമോ ഞങ്ങൾക്ക് തിന്നാൻ കിട്ടും.... ബാക്കിയുള്ളത് അണ്ണാനും കാക്കയും കിളിയുമൊക്കെ ശാപ്പിടും... തോട്ടി കെട്ടിയാൽ പോലും എത്തില്ല... അതുക്കും മേലെ...നമ്മക്ക് നോക്കി നിന്ന് വെള്ളമിറക്കാനെ പറ്റൂ...
അങ്ങനെ ഈ വർഷവും പ്ലാവ് പറ്റിച്ചില്ല...ഉണ്ടായി ഒരു ചക്ക .... ഒരേയൊരു ചക്ക .... എല്ലാ പ്ലാവിലും ചക്ക കായ്ക്കുന്നതിന് മുൻപേ ....അതും ചേച്ചിയമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അങ്ങു കുടുന്തയിൽ ....
രണ്ടീസമായി മുറ്റത്തൂടെ നടക്കുമ്പോ നല്ല മണമാണ് ചക്ക പഴുത്ത മണം... പക്ഷെ എന്തു ചെയ്യാം നോക്കി നിൽക്കാനേ പറ്റൂ...
രാവിലെ ഞാൻ എഴുന്നേറ്റ് മുറ്റം തൂക്കാൻ വന്നപ്പോൾ അഞ്ചാറ് ചക്കക്കുരു അവിടെ വീണു കിടപ്പുണ്ട് .. കിളിയോ അണ്ണാനോ ചക്ക തുരന്ന് തിന്നിട്ടുണ്ടാവും.... ഞാനത് കളയാതെ പ്ലാവിൻ ചോട്ടിൽ തന്നെ കൂട്ടിയിട്ടു... കാക്കയും അണ്ണാനുമൊക്കെ തിന്നുന്നത് കൊണ്ടാവും പിന്നെയും ചക്കക്കുരു പൊഴിഞ്ഞു വീണു കൊണ്ടിരുന്നു...
ചിലപ്പോ ആ ചക്കക്കുരു വീണു കിടക്കുന്ന കണ്ടിട്ടാവും ചക്കക്കുരു മാങ്ങാക്കറി എന്ന ചേച്ചിയമ്മയുടെ ആശയത്തിന്റെ ഉത്ഭവസ്ഥാനം ...
കാപ്പി കുടിയൊക്കെ കഴിഞ്ഞ് ഞാൻ പതുക്കെ മുറിയിലോട്ട് കയറി... ചേച്ചിയമ്മ പതുക്കെ ഒരു പാത്രവുമെടുത്ത് ചക്കക്കുരു പെറുക്കാനിറങ്ങി.... കുറച്ച് നേരം കഴിഞ്ഞപ്പോൾ "അയ്യോ " എന്ന് ചേച്ചിയമ്മയുടെ ഒച്ച കേട്ടു ...
ഞാൻ മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ചേച്ചിയമ്മ നടയിലിരുന്നു പുറം തിരുമ്മാൻ ശ്രമിക്കുന്നുണ്ട്
"എന്തു പറ്റി ചേച്ചിയമ്മേ " ഞാൻ ചോദിച്ചു....
"എന്റെ കൊച്ചേ ഞാൻ കുനിഞ്ഞ് നിന്ന് ചക്കക്കുരു പെറുക്കിയപ്പോ പുറത്തൊരു ചക്കക്കുരു വീണു... "
എനിക്ക് പാവം തോന്നി. ഞാൻ ചേച്ചിയമ്മയുടെ നൈറ്റി മാറ്റി നോക്കി .... ശരിയാണ് ചക്കക്കുരുവിന്റെ വലുപ്പത്തിൽ പുറത്തൊരു മുഴ... ഞാൻ പതുക്കെ തിരുമ്മി ...
അപ്പോഴാണ്
ചേച്ചിയമ്മയുടെ ആത്മഗതം
" ഹൊ ഒരു ചക്കക്കുരു വീണപ്പോ ഇത്ര വേദന.. അപ്പോ ചക്ക വീണിരുന്നേലോ.. ചക്ക വീഴാഞ്ഞത് നന്നായി... ഇല്ലേ നാളെ ഞാൻ ചക്ക വീണു മരിച്ചു എന്ന് പത്രത്തിൽ വന്നേനെ ....എനിക്ക് നാണക്കേടായി പോയേനെ" എന്ന്
അതുവരെ സങ്കടപ്പെട്ടിരുന്ന ഞാൻ അതു കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു പോയി... ആരാണ്ട് എങ്ങാണ്ട് പറഞ്ഞ പോലെ ... " ഉയരം കൂടുംതോറും വീഴ്ച്ചയുടെ ആക്കവും കൂടും " എന്നു പറഞ്ഞ പോലെ ആയി ചേച്ചിയമ്മയുടെ കാര്യവും ... ചക്കക്കുരുവിന്റെ ആക്രമണത്താൽ നിസാരമായ പരുക്കേറ്റ ചേച്ചിയമ്മയെ കുറച്ച് തൈലമൊക്കെ തേച്ചു കൊടുത്ത് ആശ്വസിപ്പിച്ചു...
എന്തായാലും വേണ്ടില്ല ... ചേച്ചിയമ്മയെ ആക്രമിച്ച ചക്കക്കുരുവിനെ ഉൾപ്പടെ ചുരണ്ടിയെടുത്ത് ഞങ്ങൾ മാങ്ങയും ചേർത്ത് തേങ്ങയരച്ച് കറിയാക്കി അന്ന് ഉച്ചയ്ക്ക് കുശാലായി ചോറുണ്ടു...
ഇന്നിപ്പോ.... ഇവിടെ.... അന്യനാട്ടിൽ.... ചേച്ചിയമ്മയെ ... ചേച്ചിയമ്മയുടെ കഥകളെ ...
ചേച്ചിയമ്മ ഉണ്ടാക്കുന്ന ചക്കപ്പുഴുക്കും .... ചേന പുഴുങ്ങിയതും കാന്താരി ചമ്മന്തിയുമൊക്കെ ഞാൻ ഒരു പാട് മിസ് ചെയ്യുന്നു.....
ചിത്ര ദീപ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo