Slider

നഴ്സിംഗ് സമരത്തെ കുറിച്ച് അല്പം

0
നഴ്സിംഗ് സമരത്തെ കുറിച്ച് അല്പം
-------
ഞാൻ ഒരു റേഡിയോഗ്രാഫർ ആണ് ദുബായിൽ ജോലി ചെയ്യുന്നു.ഇത്രയും വർഷത്തെ എന്റെ അനുഭവ പരിചയത്തിന്റെ ബലത്തിൽ കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
നഴ്സിംഗ് എന്ന പ്രൊഫഷന്റെ മഹത്വം എനിക്ക് മനസിലായത് കഴിഞ്ഞ വർഷമാണ്.
എന്റെ ജീവിതത്തിൽ ആകസ്മികമായത് പലതും സംഭവിച്ചു.
പെട്ടെന്നൊരു ദിവസം ഡ്യൂട്ടിക്കിടെ കഠിനമായ നെഞ്ച് വേദന വന്നു ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ
തന്നെ എന്നെ അഡ്മിറ്റ് ചെയ്തു. നെഞ്ചിൽ നല്ല ഇൻഫെക്ഷൻ ഉണ്ടായിരുന്നു. വലത്തേ ശ്വാസകോശം ചുരുങ്ങി പോയി. ശ്വാസം എടുക്കാൻ വലിയ പ്രയാസമായിരുന്നു. പെട്ടെന്ന് ഒരു വലിയ സർജറി
വേണ്ടി വന്നു. എന്തൊക്കെയാ നടക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നതിന് മുന്നേ എല്ലാം കഴിഞ്ഞിരുന്നു. മുകളിൽ ആകാശവും താഴെ ഭൂമിയും
ഇനി ഈ ഭൂമിയിൽ എത്ര നാൾ എന്നൊക്കെ ചിന്തിച്ചു സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ ഒറ്റ കിടപ്പ്.
ചിന്തിക്കാൻ ആഗ്രഹിക്കാത്ത ആ ദിനങ്ങൾ വീണ്ടും
ചിന്തിച്ചു പോകുന്നത് ഒരു കടപ്പാടിന്റെ പാട് മനസ്സിൽ ഉള്ളത് കൊണ്ടാണ്.അമ്മയും സഹോദരങ്ങളും ആരും ഇല്ലാത്ത ഈ ഊഷര ഭൂമിയിൽ സ്നേഹത്തിന്റെ പച്ചപ്പുമായി എന്റെ കൂടപ്പിറപ്പിന്റെയും അമ്മയുടെയും ഒക്കെ സ്ഥാനത്തു നിന്ന് എന്നെ പരിചരിച്ച ആ വെള്ള ഉടുപ്പിട്ട മാലാഖമാരോടുള്ള കടപ്പാടിന്റെ ഓർമയിൽ.
മറക്കില്ല ഒരിക്കലും ആ സാന്ത്വനവും സാമീപ്യവും.
എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ആ വിശുദ്ധ കൈകൾക്കു നന്ദി പറഞ്ഞു കൊണ്ട് സമകാലീന കാര്യങ്ങളെ കുറിച്ച് അല്പം പറയട്ടെ.
ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം ആവശ്യത്തിനോ മറ്റുള്ളവരുടെ ആവശ്യത്തിനോ ഒരു ആശുപത്രി സന്ദർശിക്കാത്തവരായി ആരും തന്നെ കാണില്ല ഇത് നമ്മുടെ സമൂഹം ആതുര സേവന മേഖലയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
ഒരു ആശുപത്രിയിൽ നമ്മൾ ചെന്നാൽ ഏറ്റവും കൂടുതൽ വിളിക്കുന്നതും കേൾക്കുന്നതും ആയ
വാക്കാണ് 'സിസ്റ്റർ' അല്ലെങ്കിൽ 'ബ്രദർ' എന്നത്.
അത് പോലെത്തന്നെ പ്രധാനപെട്ടത് ആണ് അവരുടെ ജോലിയും എല്ലാ കാര്യത്തിനും അവർ വേണം.
എല്ലാരോടും അവർ ഇടപിഴകണം.
ഡോക്ടറോട്,ലാബ് സ്റ്റാഫിനോട്, റേഡിയോഗ്രാഫേഴ്സ് നോട്, അറ്റൻഡർമാരോട് അങ്ങിനെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാത്തിനോടും ബന്ധപ്പെടേണ്ട ഒരേ ഒരു
വിഭാഗമാണ് "നേഴ്സ്".
എല്ലാം കഴിഞ്ഞു രോഗിയുടെ ബന്ധുക്കളുടെ ചീത്തയും അവർക്കു തന്നെ. നഴ്സിംഗ് എന്ന ഒരു പ്രൊഫഷൻ തിരഞ്ഞെടുക്കുന്പോൾ ഒരു പക്ഷെ അവർക്കു അറിയില്ലായിരിക്കാം ഇത് ഇത്രേം വലിയ ഒരു കോടാലിയാണെന്ന്.
സമൂഹത്തിൽ മാന്യമായ സ്ഥാനവും വരുമാനവും പ്രതീക്ഷിച്ചാണ് നല്ല ഒരു ശതമാനം വിദ്യാർത്ഥികളും ഈ മേഖല തിരഞ്ഞെടുക്കുന്നത്.സാമാന്യം നല്ലൊരു തുക മുടക്കി പഠിച്ചു കഴിഞ്ഞാൽ പിന്നെ വിദേശത്തോ സ്വദേശത്തോ ഒരു ജോലിക്കായുള്ള ശ്രമമായി.
വിദേശത്തോ സർക്കാരിലോ കേറി പറ്റിയാൽ സാമാന്യം കുഴപ്പമില്ലാതെ കഴിഞ്ഞു കൂടാം പക്ഷെ സ്വകാര്യ മേഖലയിൽ ആണ് ജോലി എങ്കിൽ ജീവിതം വഴി മുട്ടിയത് തന്നെ.
ഈ രംഗത്ത് ഏറ്റവും ചൂഷണത്തിന് വിധേയമാകുന്ന ഒരു വിഭാഗമാണ് നഴ്സിംഗ് മേഖല. ഒരു ആതുരാലയം നടത്തി കൊണ്ട് പോകാനുള്ള പ്രധാന വർക്ക് ഫോഴ്സ് ആയ നഴ്സിംഗ് സ്റ്റാഫുകൾക്ക് മെച്ചപ്പെട്ട വേതനമോ ആനുകൂല്യങ്ങളോ കൊടുക്കാതെ സ്വകാര്യ ആശുപത്രികൾ നടത്തി കൊണ്ടിരിക്കുന്ന ഈ ചൂഷണത്തെ കണ്ടില്ലെന്നു നടിക്കാനാണ് പൊതു സമൂഹത്തിന് ഇഷ്ടം. കാരണം മറ്റൊന്നും അല്ല നഴ്സിംഗ് എന്ന ശാഖയിൽ കൂടുതലും സ്ത്രീകളാണ്. അവരുടെ അവകാശങ്ങളെ കുറിച്ചൊന്നും പറയുന്നത് നമ്മുടെ സമൂഹ മനസാക്ഷിക്ക് പിടിക്കില്ല.
സ്ത്രീകൾക്ക് വേണ്ടി ഘോര ഘോര പ്രസംഗിക്കുന്ന മഹിളാ മണികളെ ഒന്നും മഷിയിട്ടു
നോക്കിയാൽ കാണില്ല.കാരണം ഇവിടെ
വലിയ സെൻസഷൻ ഒന്നും ഇല്ലല്ലോ..?
ഈ ചൂഷണത്തെ
വിമർശിക്കാനോ അതിനെതിരെ വിരൽ ചൂണ്ടാനോ ഇവിടെത്തെ നമ്മുടെ സൊ കോൾഡ് സാംസ്‌കാരിക നായകന്മാരും നായികമാരും ആരും വരില്ല.
ആരും വേണ്ട ഈ അവകാശം നേടിയെടുക്കാൻ
നമ്മൾ ഒരുമിച്ചു നിന്നാൽ മാത്രം മതി.
വേണ്ടി വന്നാൽ ആതുര സേവന മേഖലയിലെ
മറ്റു സംഘടനകൾ കൂടി രംഗത്ത് ഇറങ്ങണം
എന്നാണ് എനിക്ക് പറയാനുള്ളത്.
ഇപ്പൊ പതുക്കെ കാറ്റ് നമ്മുടെ ഭാഗത്തോട്ടു വീശുന്നുണ്ട് ഇന്നത്തെ എല്ലാ ചർച്ചയും ഈ കാര്യത്തെ കുറിച്ചായിരുന്നു.
ശുഭ ലക്ഷണമാണ്..
കാലാകാലവും ഈ ചൂഷണവും സഹിച്ചു
ജീവിക്കില്ല എന്ന് എല്ലാവരും അങ്ങ് തീരുമാനിക്കണം.!
നമ്മൾ എല്ലാവരും ജോലി ചെയ്താണ് ജീവിക്കുന്നത്
അതും വർഷങ്ങളുടെ പഠനം കൊണ്ട് നേടിയെടുത്ത
ആത്മ വിശ്വാസത്തിന്റെയും അറിവിന്റെയും ബലത്തിൽ.അതിന്റെ കൂലി തന്നില്ലെങ്കിൽ നമ്മൾ വാങ്ങിക്കും.!
ഈ സമരം കത്തണം.
കത്തിപടരണം.
സമരത്തിന്റെ ചൂട് ഹോസ്പിറ്റൽ
മാനേജ്‍മെന്റിന്റെ തിരിയുന്ന കസേരയെ
തീ പിടിപ്പിക്കണം.
വിദ്യാർത്ഥികളെ വച്ച് സമരം പൊളിക്കാൻ ബുദ്ധി ഉപദേശിച്ചവരുടെ ആസന്നം പൊള്ളണം.
ഇത് കാലം കാത്തു വച്ച നീതിയാണ്.
ഇത് നടപ്പായേ പറ്റൂ.
ഈ ചൂഷണം ഇനി പൊറുക്കരുത്.!
--------
Rakesh vallittayil
Radiographer
Dubai.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo