Slider

അട്ടകൾ

0
Image may contain: 1 person, smiling, text

മോർച്ചറിയുടെ വാതിൽ തുറന്ന് അകത്തേക്ക് നടക്കുമ്പോൾ അയാളുടെ ഹൃദയം പതിവിൽ കൂടുതലായി ഒരു തവണ പോലും മിടിച്ചിരുന്നില്ല. അതിനുള്ളിലെ കനത്ത നിശബ്ദത അയാളെ അസ്വസ്ഥനാക്കിയില്ല. അതു പക്ഷേ മരണം എന്നത് ഏതൊരു മനുഷ്യനും ഏറ്റവും അവസാനം ചെന്നു കയറാനുള്ള രാത്രി വണ്ടിയാണെന്ന് ചിന്തിക്കാൻ മാത്രമുള്ള ആത്മജ്ഞാനമോ വിവേകമോ ഒന്നും അയാൾക്ക് ഉണ്ടായിരുന്നത് കൊണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ട് എന്നൊരു ചോദ്യം ചോദിച്ചാൽ അയാൾ അങ്ങനെയാണെന്നതിൽ കൂടുതൽ നല്ല ഒരു ഉത്തരം ഇല്ല എന്നു മാത്രം പറയാം. പക്ഷേ അൽപ്പം മുമ്പ് ജനറൽ വാർഡിനരികെയുള്ള ആ ഇടനാഴിയിലുടെ മോർച്ചറിയിലേയ്ക്ക് നടക്കുമ്പോൾ ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നയാൾക്ക് പരിഭ്രമം ഉണ്ടായിരുന്നു. സമയം രാത്രി ഒരു മണിയോടടുത്തിരുന്നു. എങ്കിലും എല്ലാവരും ഉറക്കത്തിലായിരിക്കുമെന്ന് ഉറപ്പിക്കാൻ വയ്യ. വേദന സഹിക്കാൻ വയ്യാതെ കാലൊടിഞ്ഞ ഒരാൾ ചിലപ്പോൾ ഞരങ്ങിക്കൊണ്ട് കിടക്കുന്നുണ്ടാവാം. അല്ലെങ്കിൽ സുഖമില്ലാത്ത ഭാര്യയ്ക്കു കൂട്ടിരുന്ന ഒരാൾ ഉറക്കത്തിൽ നിന്ന് ടോയ്ലറ്റിൽ പോവാൻ വേണ്ടി എഴുന്നേറ്റിട്ടുണ്ടാവാം.
പെട്ടെന്ന് പുറത്ത് എന്തോ ഒരു ശബ്ദം കേട്ടതു പോലെ. അയാൾ ഭിത്തിയോട് ചേർന്ന് ശ്വാസം പോലും കഴിക്കാതെ ചെവി കൂർപ്പിച്ചു നിന്നു. ഇല്ല, വെറും തോന്നലാണ്. അല്ലെങ്കിൽ തന്നെ ഈ രാത്രിയിൽ മോർച്ചറിയിലേക്ക് കയറി വരാൻ മാത്രം ധൈര്യമുള്ള ആരുണ്ട്. അഥവാ ഇനി ആരെങ്കിലും വരുകയാണെങ്കിൽ തന്നെ പുറത്ത് കാവൽ നിൽക്കുന്ന അറ്റൻഡർ മുരുകൻ സൂചന തരേണ്ടതാണ്. എല്ലാം ഭദ്രമാണ്.
സ്ട്രച്ചറിൽ പത്ത് മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം. അവൾ അയാൾക്ക് ചിരപരിചിതയാണ്.അഞ്ചോ ആറോ മണിക്കൂറുകൾക്ക് മുമ്പ് അയാൾ തന്റെ വീടിന്റെ വരാന്തയിൽ പെയിൻറിളകിയ തൂണിൽ ചാരിയിരുന്ന് കട്ടൻ ചായ കുടിക്കുമ്പോൾ ഒരു വേലിക്കെട്ടിന് അപ്പുറത്ത് നിന്ന് അവൾ വിറകു വെട്ടുകയായിരുന്നു. തെന്നിമാറിയ സാരിയുടെ ഇടയിലൂടെ തന്നെ നോക്കിയ അയാളെ അവൾ തെറിയഭിഷേകം ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ ഈ മോർച്ചറിയിലെ ഒരു തുരുമ്പ് പിടിച്ച സ്ട്രെച്ചറിൽ വിവസ്ത്രയായി കിടക്കുമ്പോൾ എന്തുകൊണ്ടോ അയാൾക്ക് ആ നഗ്നത ആസ്വദിക്കാൻ തോന്നിയില്ല. ഇന്നലെ വരെ അവൾ അയാൾക്ക് അയൽക്കാരിയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് തനിച്ച് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ അവളുടെ കാര്യത്തിൽ അയാൾ അതീവ തൽപ്പരനായിരുന്നു. പക്ഷേ ഇപ്പോൾ അവൾ വെറുമൊരു ശവമാണ്. തനിക്ക് ആയിരം രൂപ നേടിത്തരാനുള്ള വെറുമൊരു ശവം.
പെട്ടെന്ന് നിശബ്ദതയെ ഭേദിച്ച് അയാളുടെ മൊബൈൽ ശബ്ദിച്ചു. ചിന്തയിലാണ്ടിരുന്ന അയാൾ പെട്ടെന്ന് ഒന്ന് ഞെട്ടുക തന്നെ ചെയ്തു. അടുത്ത ബെല്ലടിക്കുന്നതിനു മുമ്പേ അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തു. അറ്റൻഡർ മുരുകനാണ്.
" കാഷ്വാലിറ്റിയിൽ പെട്ടെന്ന് ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ട്. കൂടെ കുറച്ച് ആളുകൾ ഉണ്ട്.ഞാൻ പറയാതെ നീ അവിടെ നിന്നു പുറത്തേയ്ക്ക് വരരുത്.”
അവിടെ അൽപ്പനേരം കൂടി കഴിച്ചുകൂട്ടുന്നതിൽ അയാൾക്ക് ഒട്ടും ഭയം ഉണ്ടായിരുന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം അത് മുമ്പ് പലതവണയും ഇതിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോൾ വല്ലാതെ ദാഹിക്കുന്നുണ്ട്.പുറത്ത് തന്നെ കാത്തു കിടക്കുന്ന ആംബുലൻസിൽ ഒരു കുപ്പി മുന്തിയ ബ്രാൻഡ് മദ്യം ഇരിപ്പുണ്ടെന്ന് പെട്ടെന്ന് ഓർത്തു. അതു ഇപ്പോൾ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ പറഞ്ഞ പണി ചെയ്തു തീർക്കാതെ അതിനെക്കുറിച്ച് ഓർക്കണ്ട. ഈ ആശുപത്രിയിൽ നിന്നും മൃതദേഹങ്ങളെ ആ ഭ്രാന്തൻ ഡോക്ടറുടെ വീട്ടിൽ എത്തിക്കുന്നതിന് കിട്ടുന്ന കൂലിയാണ് ആയിരം രൂപയും ഒരു കുപ്പി മദ്യവും. ഡോക്ടർക്ക് ഈ ശവങ്ങളെ കൊണ്ട് എന്താണ് ചെയ്യാനുള്ളത്. ആ വീടിന്റെ മുന്നിൽ മൃതദേഹം ഇറക്കി വയ്ക്കുന്നത് വരെയാണ് തന്റെ ജോലി.അതിനു ശേഷം എന്താണ് നടക്കുന്നതെന്ന് അയാൾക്കറിയില്ല. പല തവണ ചോദിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷേ ആ മുഖം കാണുമ്പോൾ ഉമിനീരിറക്കാൻ കൂടി കഴിയാതെ മിഴിച്ച് നിൽക്കും. പറഞ്ഞ പൈസ നീണ്ടുമ്പോൾ ഒരക്ഷരം പോലും ഉരിയാടാതെ അതു വാങ്ങി തിരിച്ചു പോവും.
ഇതിനു മുമ്പ് രണ്ട് തവണ അയാൾ ഡോക്ടർക്ക് വേണ്ടി ഈ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ അത് അജ്ഞാതരായ ഊരും പേരും അറിയാത്ത രണ്ട് ജഡങ്ങളായിരുന്നു. അതു കൊണ്ടാവാം തുടരന്വേഷണങ്ങൾ ഒന്നും ഉണ്ടായതുമില്ല. പക്ഷേ ഇത് അങ്ങനെയല്ല. പത്ത് മുപ്പത്തഞ്ച് വർഷമായി ഈ നാട്ടിൽ ജീവിച്ചു മരിച്ച വീട്ടുകാരും നാട്ടുകാരും ഉള്ള ഒരു സ്ത്രീയാണ്.ഇതിനു പിന്നിലെ അപകടം അറിഞ്ഞിട്ടും ഇത്ര റിസ്ക് എടുക്കാൻ ബുദ്ധിരാക്ഷസനായ ഡോക്ടർ തയ്യാറായത് അയാൾക്ക് മനസ്സിലായില്ല. എന്തുകൊണ്ടോ ആ ചോദ്യം മാത്രം ചോദിക്കാൻ ധൈര്യപ്പെട്ടു.അപ്പോൾ കിട്ടിയ മറുപടി അവൾ മൂന്നു മാസം ഗർഭിണിയായിരുന്നു എന്നതാണ്. മൂന്നു മാസം വളർച്ചയുള്ള ഒരു ഭ്രൂണം അവളുടെ ഉള്ളിലുണ്ട്. അവളുടെ ശരീരത്തേക്കാൾ ആ ഭ്രൂണത്തിലാണ് ഡോക്ടറുടെ കണ്ണെന്ന് തോന്നി. അടുത്ത ചോദ്യം ചോദിക്കാൻ വേണ്ടി അയാൾ വായ തുറന്നിരുന്നു. അതിനു മുന്നേ ഡോക്ടർ പറഞ്ഞു. " ഇത്തവണ നീ മുരുകന്റെ കയ്യിൽ നിന്ന് ആയിരമല്ല, രണ്ടായിരം രൂപ വാങ്ങിക്കോളു” അയാൾ തൊണ്ട വരെ വന്ന ആ ചോദ്യം അപ്പാടെ വിഴുങ്ങുകയാണ് ചെയ്തത്.
സമയം എത്രയായി കാണും. ഭിത്തിയോട് ചാരി നിലത്തിരിക്കുമ്പോൾ അയാൾ വെറുതെ ഓർത്തു. മൊബൈലിലെ സ്ക്രീനിൽ രണ്ടു മണി കാണിച്ചു. മുരുകൻ എന്താണ് വിളിക്കാത്തത്.കുറച്ചു കൂടി കഴിഞ്ഞാൽ നേരം വെളുക്കും. ആശുപത്രി ശബ്ദമുഖരിതമാവും. എങ്കിൽ ഈ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരും. പോസ്റ്റ് മാർട്ടം കഴിഞ്ഞ അവളുടെ ശരീരം രാവിലെ ബന്ധുക്കൾ കൊണ്ടുപോവുമായിരിക്കും. മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണ് എന്നാണ് അറിഞ്ഞത്. അവൾ എന്തിനായിരിക്കും ആത്മഹത്യ ചെയ്തത്. അല്ലെങ്കിൽ ഒരു പക്ഷേ കൊന്നതായിരിക്കുമോ. എങ്കിൽ ആര്? ഇങ്ങനെയുള്ള ചോദ്യങ്ങൾ ചിന്തിക്കുന്നതിനിടയിലാണ് അതിലും പ്രസക്തമായ കാര്യം താൻ ചിന്തിക്കാതിരുന്നതെന്തെന്ന് അയാൾ ഓർത്തത്. ഭർത്താവ് ഉപേക്ഷിച്ച അവൾ ഗർഭിണി ആയതെങ്ങനെ? ഒരു പക്ഷേ ആരെങ്കിലും പ്രണയം എന്ന് പറഞ്ഞ് പറ്റിച്ചതാവാം. അല്ലെങ്കിൽ….. ഹേയ്... അതാവില്ല ;അവൾ ഒരിക്കലും ഒരു ദുർന്നടപ്പുകാരിയായിരുന്നില്ല. ഇനി ഒരു പക്ഷേ ആയിരുന്നിരിക്കുമോ. ആർക്കറിയാം. പെണ്ണിന്റെ ഉള്ളറിഞ്ഞ ആരുണ്ട്.
പെട്ടെന്നാണ് ചിന്തകളെ ഭേദിച്ചു കൊണ്ട് ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നത്. ലേബർ റൂം കുട്ടികളുടെ വാർഡും ഒക്കെഅപ്പുറത്തെ ബ്ലോക്കിലാണല്ലോ. പിന്നെ എവിടെ നിന്നാണ് ഈ കരച്ചിൽ.ഒരു പക്ഷേ ജനറൽ വാർഡിൽ പനി പിടിച്ച് കിടക്കുന്ന ഒരു കുട്ടി ഇൻജക്ഷൻ വച്ചപ്പോൾ പ്രതിഷേധിക്കുന്നതാവാം. അല്ലെങ്കിൽ ഉറക്കത്തിൽ സ്വപ്നം കണ്ട് കരയുന്നതാവാം.അല്ല, ഇതങ്ങനെയല്ല. ചീവീടിനെ പോലെ കർണ്ണപുടം തുളയ്ക്കുന്ന തരത്തിലുള്ള കരച്ചിൽ.കാതും പൊത്തിപ്പിടിച്ച് അയാൾ ചാടിയെഴുന്നേറ്റു. അപ്പോൾ കണ്ട കാഴ്ച അയാൾ ജീവിതത്തിൽ കണ്ടതിൽ വച്ചേറ്റവും വെറുപ്പുളവാക്കുന്നതായിരുന്നു.
അവളുടെ നഗ്നമായ വയറിനോട് ഒട്ടി ഒരു ചോരക്കുഞ്ഞ് കിടക്കുന്നു. ഇപ്പോൾ ജനിച്ചതു പോലെ. ചോരയും മറുപിള്ളയും എല്ലാം കൂടി കുഴഞ്ഞ് വഴുവഴുപ്പുള്ള ദുർഗന്ധമുള്ള ഒരു ദ്രാവകം ദേഹത്ത് നിന്ന് ഇറ്റു വീഴുന്നു. ആ കുഞ്ഞ് ശരീരത്തിൽ അസാമാന്യ വലിപ്പമുള്ള കണ്ടാൽ അറപ്പു തോന്നുന്ന ഒരു അട്ട കടിച്ചു തൂങ്ങി കിടക്കുന്നു. കുഞ്ഞിന്റെ ചോര കുടിച്ച് അത് വീർത്ത് വീർത്ത് വരുകയാണ്.
ആ കാഴ്ച കണ്ട് അയാൾ കുടല് പുറത്ത് വരുന്ന രീതിയിൽ ശർദ്ധിച്ചു. വല്ലാത്ത ദുർഗന്ധം പരന്നു. കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്തതു പോലെ ഒന്നു കൂടി നോക്കി.ഹോ... എന്തൊരു കാഴ്ചയാണത്.. ബോധം മറയുകയാണ്. നിലത്തേയ്ക്ക് വീഴുന്നതിനിടയിൽ പണിപ്പെട്ട് ഒന്നു കൂടി തല ചെരിച്ചു നോക്കി. സ്ട്രെച്ചറിൽ അവൾ എഴുന്നേറ്റിരുന്ന് കുഞ്ഞിന് പാലു കൊടുക്കുന്നു. മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ രണ്ട് തീക്കണ്ണുകൾ തന്നെ നോക്കുന്നത് അവസാനമായി അയാൾ കണ്ടു. അവൾ ചിരിക്കുന്നുണ്ടായിരുന്നു.ചോര കുടിച്ച് വീർത്ത അട്ട അപ്പോഴും കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് പിടി വിട്ടിരുന്നില്ല…!
…………………..
നഗര മധ്യത്തിൽ കൂടി ആംബുലൻസ് ഓടുകയായിരുന്നു. ഡ്രൈവറുടെ അടുത്ത സീറ്റിൽ ഇരുന്ന മുരുകൻ ഒരു സിഗററ്റ് തീ പിടിപ്പിച്ചു.
“ ചേട്ടാ... എനിക്കെന്തോ വല്ലാത്ത പേടിയാവുന്നു... “ ഡ്രൈവർ തങ്കപ്പന്റെ ശബ്ദം.
" എന്തു പേടിക്കാൻ “ മുരുകൻ ഒരു പുക ഊതി വിട്ടു. പിന്നെ മദ്യക്കുപ്പി പൊട്ടിച്ചു.
" ആ ഡോക്ടറുടെ ഭാഗ്യമാണെന്നു കരുതിയാൽ മതി. ഒന്നിനു പകരം രണ്ട് ശവങ്ങൾ അല്ലേ കിട്ടിയിരിക്കുന്നത് “
മുരുകൻ പുറകിൽ കിടക്കുന്ന ആ രണ്ടു മൃതദേഹങ്ങളിലേയ്ക്ക് നോക്കി. അവളുടെ ശരീരത്തിനടുത്ത് കിടന്ന അയാളുടെ ദേഹത്തിൽ നിന്ന് അപ്പോഴും ചൂട് വിട്ട് മാറിയിരുന്നില്ല. ശർദ്ധിലിന്റെ അവശിഷ്ടങ്ങൾ അയാളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരുന്നതിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.
"പക്ഷേ ചേട്ടാ... അയാള് എങ്ങനെയാ മരിച്ചത്. എനിക്കിതെന്തോ പൊല്ലാപ്പ് കേസായി തോന്നുന്നു.” ഡ്രൈവറുടെ ശബ്ദത്തിൽ വല്ലാത്ത ഭീതിയുണ്ടായിരുന്നു.
" അതു പിന്നെ മോർച്ചറിയിൽ പാതിരാത്രിയിൽ ഒറ്റയ്ക്കു ഇരിക്കുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു എലി ഓടുന്ന ശബ്ദം കേട്ടാലും മതി പേടിച്ച് ചാവാൻ. അയാൾക്ക് അത്രേ ആയുസ്സ് ഉണ്ടാവുകയുള്ളു. നമ്മൾ എന്തിനാ അതോർത്ത് തല പുകയ്ക്കുന്നത്. പറഞ്ഞ കാശ് കിട്ടും .അതുമാത്രം ഓർത്താൽ മതി “
സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മുരുകന് എന്തോ അസ്വസ്ഥത തോന്നി. കാലിൽ ഭാരമുള്ള എന്തോ തൂങ്ങിക്കിടക്കുന്നത് പോലെ. തോന്നലല്ല, എന്തോ ഉണ്ട്.അയാൾ ടോർച്ച് അടിച്ചു നോക്കി. വലിയ ഒരു അട്ട കാലിൽ കടിച്ചു തൂങ്ങി രക്തം കുടിക്കുന്നു. ഒരു ഞെട്ടലോടെ അയാൾ കൈ കൊണ്ട് വലിച്ചു മാറ്റാൻ ശ്രമിച്ചു. പെട്ടെന്ന് ഡ്രൈവർ തടഞ്ഞു.
"തീക്കൊള്ളി കൊണ്ട് പൊള്ളിപ്പിച്ചാലേ അവൻ പിടി വിടു. ചേട്ടൻ ഇവിടെ ഇരി. ഞാൻ ഇപ്പോ വരാം”
അവൻ തൊട്ടടുത്ത് കാണുന്ന ചായക്കടയുടെ നേർക്ക് നടന്നു.
അപ്പോൾ നടുറോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇരുന്ന് മുരുകൻ ചിന്തിക്കുകയായിരുന്നു, എവിടെ വച്ചാണ് ഈ അട്ട തന്റെ കാലിൽ കയറിയത്. അയാൾക്ക് ഓർമ്മ വന്നു; മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ എടുത്ത് വണ്ടിയിൽ കയറ്റുന്നതിനിടയിൽ ഇതുപോലെ ഒന്നു രണ്ടെണ്ണം അവിടെ കണ്ടിരുന്നു. അവിടെ വച്ചാവാം. പെട്ടെന്ന് എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയരുന്നതു പോലെ. അയാൾ ചുറ്റും നോക്കി. ദൂരെ എവിടെയെങ്കിലും നിന്നാണോ. അല്ല;തൊട്ടടുത്ത് നിന്ന്; അതിന്റെ ശ്വാസം അയാളുടെ പിൻകഴുത്തിൽ തട്ടുന്ന അത്രയും അടുത്ത് നിന്ന് ; കാലിൽ കടിച്ചു പിടിച്ചിരുന്ന അട്ട അപ്പോൾ ഒന്നുകൂടി ശക്തിയായി ചോര വലിച്ച് കുടിക്കുകയായിരുന്നു...!!!

By: Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo