Slider

അഘോരികൾ

0
ഗംഗാ ഘട്ടിലെ ക്ഷേത്രത്തിൽ നിന്നും സന്ധ്യാ പൂജയ്ക്കുള്ള മണി നാദം ഉച്ചത്തിൽ കേൾക്കാം..
മൂന്നാലടി മാറി ഒരു വൃദ്ധന്റെ ജഡം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്... അതിന്റെയംശത്തിൽ വിശപ്പടക്കുവാനായി കഴുത്തിൽ കപോല മണിഞ്ഞ് കണ്ണുകളവിടേക്കുറപ്പിച്ച് കാല ഭൂതരെന്നറിയപ്പെടുന്ന അഘോരികൾ..
"ഹർ ഹർ മഹാദേവ്" ..
ദേഹമാകെ ഭസ്മം തേച്ച് ജഡ കെട്ടിയ നീണ്ട മുടിയും വലതു കൈയ്യിൽ കമണ്ഡലുവുമേന്തിയ ആ എല്ലുകളുന്തിയ ശരീരം മീരയ്ക്കു മുന്നിലിളകി...
"നിങ്ങൾ ... നിങ്ങളെന്താണ് മറച്ചുവയ്ക്കുന്നത് "?"സ്വന്തം അസ്ഥിത്വത്തെ മറന്ന് അഭിനയിച്ചിട്ട് ആരെ സംതൃപ്തിപ്പെടുത്തുവാനാണ്" ??
"എനിക്ക് മനുഷ്യ വികാരങ്ങളെ തിരിച്ചറിയുവാനാകുന്ന ഒരു ജന്മമുണ്ടായിരുന്നു"... "അതിനു പൂർണ്ണതയെത്തും മുൻപേ വികലമായ മനസിനെയുപേക്ഷിച്ച് ഭിക്ഷാംദേഹിയിൽത്തുടങ്ങി .. ഒടുവിൽ പരമേശ്വര ദാസനായി ....
ഗംഗയുടെ തീരത്ത് പാതിവെന്ത് പുണ്യം നേടുന്ന ആത്മാക്കളുപേക്ഷിച്ച ശരീരത്തിലെ വെന്തമാംസത്തിന്റെ രുചിയിൽ മതിമറന്നാടുന്ന അഘോരി എന്നൊരു പുനർജന്മമെനിക്കു ലഭിച്ചു"...
" അതിൽ നീയന്വേഷിക്കുന്ന ഉത്തർപ്രദേശുകാരൻ അർദ്ധ മലയാളി രാംചരൺ നാഥിന്റെ ഏക മകനെ നിനക്കു കാണുവാൻ സാധിക്കില്ല"... "അയാളും ഞാനും തമ്മിൽ ജന്മാന്തരങ്ങളുടെ വ്യത്യാസമിപ്പോഴുണ്ട്"...!
"വാരണസി എന്ന ഈ പുണ്യഭൂമിയിൽ മോക്ഷം കണ്ടെത്തിയ എന്റെ മനസ്സിലുള്ളത് നീ വിത്തുപാകിയ പ്രണയത്തിന്റെ മുകുളങ്ങളല്ല... ശിവ പഞ്ചാക്ഷരിയാണ്"... അതെ.. അതു മാത്രമാണ്.
"സ്ത്രീ സാമീപ്യം പോലും എന്റെ ചര്യകൾക്കെതിരാണ്.. ഉയരങ്ങൾ ത്തേടിപ്പോയവളാണു നീ.. എന്നെ ച്ചവിട്ടിക്കയറി നീ നേടിയ സൗഭാഗ്യം സർപ്പം കണക്കെ നിന്നെ തിരിഞ്ഞു കൊത്തിയപ്പോൾ വീണ്ടും വശീകരണത്തിനായി വന്നിരിക്കുന്നു". ..!
"പോ.. നീ"...
പെണ്ണെന്ന വർഗ്ഗത്തിനെത്തന്നെ വെറുക്കുവാൻ കാരണം നീയാണ്.. കഴിഞ്ഞ ജന്മത്തിന്റെ പാപക്കറ.. അതു ഞാൻ കഴുകിക്കളഞ്ഞിരിക്കുന്നു..
പിന്നെ ഒന്നുകൂടിയോർമ്മയിൽ വയ്ക്കുക... മടിയിലിരുന്ന മുത്തിനെ ചവറ്റുകൊട്ടയിലെറിഞ്ഞ് മാണിക്യം തേടി നീ പോയപ്പൊഴും എന്റെ മനസ്സ് നിന്റെ പ്രണയത്തിനു വേണ്ടിയൊരിക്കലും ദാഹിച്ചിരുന്നില്ല..
മഷിപുരട്ടിയ കണ്ണുകളിൽ പ്രണയവുമായി പത്തു വയസ്സിനു മുതിർന്ന എന്റെയരികിലെത്തിയത് നീയാണ്...
ആട്ടവിളക്കിന്റെ വെളിച്ചത്തിൽ നിലവറയുടെ നിശബ്ദതയിൽ ..കാപട്യമൊളിപ്പിച്ച ഹൃദയം.. അതിനെ വഹിക്കുന്ന ഈ ശരീരം എനിക്കു മുന്നിൽ സ്വമേധയാ സമർപ്പിച്ചതും നീ തന്നെ..
പ്രണയനൈരാശ്യമല്ല എന്റെയീ ജീവിതത്തിനു കാരണം.. ബനാറസിന്റെ മണ്ണിലെ ഓരോ അഘോരിയ്ക്കും എഴുതിയാൽത്തീരാത്ത ഒരു ഭൂതകാലമുണ്ടാകും.. ഈ ജീവിതം ഇതൊരു നിയോഗമാണ്:... ഇന്ന് നിന്റെ മുന്നിലുള്ള ഈ നിൽപു പോലും എന്നിലെ ചൈതന്യത്തെ ഇല്ലാതാക്കിയേക്കാം... കടന്നു പോ നീ ...
പറഞ്ഞു നിർത്തുമ്പൊഴേക്കും അയാൾ കിതച്ചു തുടങ്ങിയിരുന്നു ....
ഞാൻ... ഞാനിവിടെ നിൽക്കുന്നതിലർത്ഥമില്ലെന്നറിയാം... ഒന്നു മാഗ്രഹിച്ചല്ല ... ഒന്നുമാവശ്യപ്പെട്ടുമല്ല ഞാൻ നിങ്ങളെത്തേടിയെത്തിയത്... സന്യാസജീവിതം സ്വീകരിച്ചു എന്നറിയുവാൻ കഴിഞ്ഞത് ഗിരിധറിൽ നിന്നാണ്... ഒന്നു കാണണം എന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.. തൃപ്തിയായി.. തിരികെപ്പോകുന്നു..
അവൾ നിറം മങ്ങിയ ഇളം മഞ്ഞ കോട്ടൺ സാരിത്തുമ്പ് തലയിലേക്കു പുതച്ച് പുറത്ത് വാഹനം പാർക്കു ചെയ്തിരിക്കുന്നിടം ലക്ഷ്യമാക്കി നടന്നു നീങ്ങി..
ലഖൻപൂരിലേക്കുള്ള യാത്രയ്ക്കിടയിൽ അടുത്തിരുന്ന പതിമൂന്നു വയസുകാരി രചന നൂറുവട്ടം ചോദിച്ചു കൊണ്ടിരുന്നു..
അമ്മ എന്തിനാണ് ഇത്ര ദൂരം ക്ഷേത്ര സന്ദർശനത്തിനായി എത്തിയത്? ദൂരയാത്രകളെ വെറുത്തിരുന്ന അമ്മയ്ക്കിതെന്തു പറ്റി? മറുപടി ലഭിക്കാതെ വന്നപ്പോൾ അവൾ അസ്വസ്ഥയാകുവാൻ തുടങ്ങി....
രചനാ മിണ്ടാതിരിയ്ക്കുന്നുണ്ടോ നീ .. ഒറ്റ ശാസനയിലവളുടെ ചോദ്യങ്ങളെ താനൊതുക്കി...
മകളെ നിന്നോടും കളഭം വാരിയണിഞ്ഞു പുതു ജന്മം തേടിയ ആ ഭിക്ഷാംദേഹിയോടു മമ്മ മനസുകൊണ്ടൊരായിരം വട്ടം മാപ്പപേക്ഷിക്കുന്നു... ഉദരത്തിൽ കുരുത്ത ജീവനെക്കുറിച്ച് ഒരിക്കലും താനദ്ദേഹത്തെയറിയിച്ചില്ല.... അഛനാരെന്നുള്ള ചോദ്യത്തിന് നിനക്കൊരിക്കലും മറുപടിയും ലഭിച്ചില്ല.....
കപോലമണിഞ്ഞ നെഞ്ചിലേറ്റവും വെറുക്കപ്പെട്ട തന്റെ ചിത്രമൊരിക്കലും മായരുത്... ഒരിക്കലും തന്റെ ഭാഗമായിരുന്നു ശരി എന്നും... അദ്ദേഹമറിയരുത്....
മുത്തിനെ ചവറ്റുകൊട്ടയിലെറിഞ്ഞ് മാണിക്യത്തെ സ്വന്തമാക്കിയവളല്ല താൻ.. പിഴച്ച ഗർഭം ഒരു സൂചിമുനയ്ക്കുള്ളിലെ വിഷത്തിനു മുന്നിൽ നശിക്കാനൊരുങ്ങുന്നു എന്നറിഞ്ഞപ്പോൾ അതുമായി നാടു കടന്നവളാണ് താൻ...
ഭർത്താവില്ല... ആശ്രിതരില്ല... ആരുമില്ല തനിക്ക്... വിളിച്ചു പറയണമെന്നുണ്ട് ലോകത്തോട് ..
കണ്ണുകളിലിരുട്ടു കയറുന്നു... കൈകളുടെ നിയന്ത്രണവും... എതിരേ തീഗോളം കണക്കെയെന്തോ ഒന്ന്... കാതടപ്പിക്കുന്ന ശബ്ദം... ഒഴുകിപ്പരക്കുന്ന കൊഴുത്ത ചോര... പതിമൂന്നു വയസുകാരിയുടെ അവസാന പിടച്ചിൽ ...... അൽപ നേരത്തിനു ശേഷം ഭയാനകമായ നിശബ്ദത ....
അതെ .. ചില ജന്മങ്ങൾ മോക്ഷം നേടുക ഇപ്രകാരമാണ്
AnjuSujith, 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo