Slider

അന്വേഷണം

0
അന്വേഷണം
നഗ്നനാണിന്നു ഞാൻ.
നഗര ശിലകളഴിഞ്ഞ്
അധികാരത്തിന്റെ
ആശ്ലേഷത്തിൽ,
ആത്മഹത്യ ചെയ്ത കാലത്തിന്റെ
വിഭൂതി വാരിപ്പൂശിയ മദ്ധ്യാഹ്നസൂര്യനെ
മടിയിൽ വെച്ചു നടക്കുന്നവൻ.
സൗഹൃദത്തിന്റെ വറചട്ടിയിലെ
അവസാന ധാന്യമണിയും
ഉള്ളംകൈ പൊള്ളിച്ച്
ഗ്രാമ വീഥികളിൽ പുലഭ്യം തേടി.
മടവീണ സ്വപ്നത്തിൻ പുഞ്ചകളിൽ
ഋതുക്കളെ പൊള്ളിച്ചെടുത്ത
ഇണയടയാളങ്ങളൊഴുകി നീങ്ങി
പുതിയ വിതനിലങ്ങൾ തേടി.
കുളിരിന്റെ ചാമരം വീശി നിന്നിരുന്ന
സായന്തനങ്ങൾ പകുത്തേകിയ കൈകൾ
ഉരുകി വീണ സ്വത്വ കാമനകളെ
സ്മൃതിയുടെ ചുടലപ്പറമ്പുകളിൽ
തിലോദകമുരുട്ടി, ഭൂതകാലത്തിനായി.
ഉമിനീരൂറ്റി യുഗപാദങ്ങളെ കഴുകി
ഞാൻ ഉത്തരങ്ങൾ തേടുന്നു.
പഴന്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ച
മനസ്സിൻ ഗ്രീഷ്മങ്ങളെ
കടം കൊണ്ടു ജ്വലിച്ച
മധ്യാഹ്ന സൂര്യനെ നിഗ്രഹിച്ച്,
ബ്രഹ്മാണ്ഡങ്ങളെ വിഴുങ്ങിയ
കൊടിയ തമസ്സിനെ
എന്റെ നടവഴികളെ തിന്നു തീർക്കാൻ
പെയ്തിറക്കിയത്
ഏത് കർക്കിടകങ്ങൾ?
വേനലിൽ നൊന്ത ഭൂമിയുടെ സങ്കടങ്ങൾ,
തിരകളൊടുങ്ങി
ജലം മരിച്ചു പൊന്തി വീർത്ത
എന്റെ കടലുകളിൽ
ചരിച്ചൊഴിച്ചു തീ പിടിപ്പിച്ചതെന്തിന്?
ജനിസ്മൃതികൾ അന്യം നിന്ന
കറുപ്പുകളിൽ
വർണ്ണരാജികൾ
കൊല ചെയ്യപ്പെടവെ,
പൊന്തി വരുന്ന സുര്യനെ
ഓരോനിമിഷവും കശാപ്പുചെയ്ത്
ഉന്മാദം കൊള്ളുന്ന
ഈ ഭൂമികയിൽ
ഞാൻ തിരയുന്നു, എന്റെ
അനാഥത്വത്തിൻ ശിരോലിഖിതങ്ങൾ.

DevaManohar, 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo