Slider

ഒരു സുന്നത്ത് കല്യാണത്തിന്റെ ഓർമ്മയ്ക്ക്

0
അറയ്ക്കലങ്ങാടിയിലെ വിശേഷങ്ങൾ - പത്ത്
"ഒരു സുന്നത്ത് കല്യാണത്തിന്റെ ഓർമ്മയ്ക്ക്"
========================================
വർഷങ്ങൾക്കപ്പുറം........
ഓണത്തിന് സ്‌കൂൾ പൂട്ടി. ഓണപ്പൂട്ടിന് റഷീദിന്റെ സുന്നത്ത് കഴിക്കണമെന്ന് അവന്റെ ഉപ്പ ഉസ്മാൻ നേരത്തെ തീരുമാനിച്ചിരുന്നു. സ്‌കൂൾ പൂട്ടിയ പിറ്റേന്ന് - അയൽവാസികളും ബന്ധുക്കളുമായി കുറച്ചുപേർ റഷീദിന്റെ വീട്ടിലെത്തിയിട്ടുണ്ട്. റഷീദിന്റെ ഉമ്മ സക്കീനയും അമ്മായി സാബിറയും ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്. വടക്കിനിയിൽ അവരെ സഹായിക്കാൻ കറുമ്പിക്കദീജയുമുണ്ട്.
ഒസാൻ കാരണവർ കുഞ്ഞിമ്മൂസ എത്തി.
"കുഞ്ഞിക്കായിമ്മല് ഒസാൻ പച്ച ഈർക്കിൽ ഓട്ടും"....എന്ന് സ്‌കൂളിൽ നിന്ന് ചില കൂട്ടുകാർ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഒസാനെ കണ്ടപ്പോൾ റഷീദിന്റെ നെഞ്ച് പെട പെടാ പിടക്കാൻ തുടങ്ങി. അയാളുടെ ഊശാൻ താടി പറിച്ചെടുക്കാനുള്ള ദേഷ്യം തോന്നി റഷീദിന്.
പേടിച്ച് ഓടിപ്പോയി മരക്കൊമ്പിൽ കയറി ഒളിച്ചവരുടെ കഥകളും ചങ്ങാതിമാർ പറഞ്ഞ് കേട്ടിട്ടുണ്ട്.
ഓടിപ്പോയി ഒളിച്ചാലോ...റഷീദ് ചിന്തിച്ചു. പക്ഷേ എങ്ങനെ ഓടിപ്പോകാനാണ്! ഉത്തരവാദിത്ത ബോധമുള്ള അമ്മാവൻ ജമാൽ തന്റെ അവകാശമെന്നോണം മരുമകന്റെ കൈവിരലിൽ നിന്ന് പിടിവിടാതെ അവനെ കൂടെ കൊണ്ട് നടക്കുകയല്ലെ...ഒരു പക്ഷേ ഇവൻ ഓടിപ്പോകുമോ എന്ന് അമ്മാവനും ചിന്തിച്ചു കാണും...ഈ കടമ്പ കടന്നാണല്ലോ അമ്മാവനും വന്നിട്ടുള്ളത്.
സമയം ഉച്ചതിരിഞ്ഞ് നാല് മണി.
പള്ളിയിൽ നിന്ന് മുസ്ല്യാർ എത്തി. മുസ്ല്യാരുടെ വക ഒരു നീണ്ട ദുആ....
ഉസ്മാന്റെ സുഹൃത്ത് മൊയ്തീനും അമ്മാവൻ ജമാലും കുഞ്ഞിമ്മൂസ ഒസാനും റഷീദിനെ കൂട്ടി തെക്കിനിയിലേക്ക് കടന്നു, വാതിൽ ചാരി. അപ്പോൾ റഷീദിന്റെ മുഖം വിളറി വെളുത്തിരുന്നു.
"റബ്ബേ ന്റെ കുട്ടി"......സക്കീനയുടെ മാതൃഹൃദയം തേങ്ങി.
"ഒന്നും പേടിക്കണ്ട, ജ്ജ് സമാദാനിക്ക്"....സാബിറ നാത്തൂനെ ആശ്വസിപ്പിച്ചു.
മൊയ്‌തീൻ ഒരു മരക്കസേരയിൽ ഇരുന്നു. റഷീദിനെ അയാളുടെ മടിയിൽ മുന്നോട്ട് നീക്കി ഇരുത്തി. ഉടുത്തിരുന്ന മുണ്ട് അഴിച്ചു മാറ്റി. കാലുകൾ വിടർത്തി വച്ചു. താഴെ റഷീദിന്റെ മുൻപിലായി ഒരു ചട്ടിപ്പടിക്കം വച്ചു. റഷീദിന് അഭിമുഖമായി ഒരു പലകയിൽ ഒസാൻ ഇരുന്നു. മൊയ്‌തീൻ റഷീദിന്റെ കണ്ണുകൾ പൊത്തി.........
"ബിസ്മില്ലാഹി റഹ്മാനുർറഹീം".......
കത്തി വച്ചപ്പോൾ ചെറിയൊരു വേദന. റഷീദ് ഒന്ന് ചിനുങ്ങി. ഒസാന്റെ കത്തി ചട്ടിപ്പടിക്കത്തിൽ വീഴുന്ന ശബ്ദം കേട്ടു.
"അൽ ഹംദുലില്ലാ"....ഒസാൻ ദൈവത്തെ സ്തുതിച്ചു.
ജമാൽ സുൽത്താനെ താങ്ങിയെടുത്ത് കൊണ്ടുവന്ന് ജനലിനരികിൽ പത്തായത്തിന്മേൽ കിടത്തി. സക്കീന മോന്റെ അടുത്തേക്ക് ഓടിയെത്തി. വിതുമ്പുന്ന മനസ്സോടെ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അപ്പോൾ ആ മാതൃനയനങ്ങൾ ഈറനണിഞ്ഞിരുന്നു.
പിന്നീട് എല്ലാവർക്കും പത്തിരിയും ഇറച്ചിയും വിളമ്പി.
പണ്ടത്തെ കാലത്ത്, സുന്നത്ത് കഴിക്കുന്ന മുറിയിൽ കുട്ടിയുടെ അമ്മാവൻ വാളുമായി നിൽക്കുമത്രെ. ഒസാന്ന് കയ്യബദ്ധം പറ്റിയാൽ അയാളെ വെട്ടിക്കൊല്ലാൻ. അത് പഴമക്കാർ പറഞ്ഞു കേട്ട കഥ. ശരിയാണോന്ന് അറിയില്ല.
പിറ്റേന്ന് രാവിലെ കൂട്ടുകാർ റഷീദിനെ കാണാൻ വന്നു. റഷീദ് പത്തായത്തിന്മേൽ മലർന്ന് കിടക്കുകയാണ്. ഒരു വെള്ള തുണി കൊണ്ട് പുതച്ചിട്ടുണ്ട്. സുന്നത്ത് കഴിച്ച ഭാഗത്ത് ആ തുണി തട്ടാതിരിക്കാൻ, തുണിയുടെ നടുഭാഗം പൊക്കി നിർത്തി ഒരു കുരുക്കിട്ട് അവിടെ നിന്ന് ചൂടിക്കയർ കൊണ്ട് മേലെ ഉത്തരത്തിൽ കെട്ടി നിർത്തിയിരിക്കുന്നു.
"എന്താടാ ഇവിടെയൊരു നാറ്റം?"......
വന്ന പാടെ കൂട്ടുകാരൻ മജീദ് റഷീദിനെ കളിയാക്കി. കുട്ടികളെല്ലാവരും ചിരിച്ചു.
"അനക്ക് വേദനിച്ചോ?"......വിഷ്ണുവിന്റെ ചോദ്യം.
"ഇല്ല" എന്ന മട്ടിൽ റഷീദ് തലയാട്ടി.
"നോക്കെട്ടാടാ...അന്റെ കണ്ടം പോയ കുഞ്ഞാണി".....എന്ന് പറഞ്ഞ് കൂട്ടുകാരൻ കാജാഹുസ്സൈൻ തുണി പൊക്കി നോക്കാൻ ശ്രമിച്ചു. റഷീദ് അനുവദിച്ചില്ല.
റഷീദിന്റെ ഉമ്മ അവർക്ക് ചായയും പലഹാരങ്ങളുമായി വന്നു.
അന്ന് തൊട്ട് നേന്ത്രക്കുലകളും ഹലുവക്കെട്ടുകളും നെയ്യപ്പവും മറ്റു പലഹാരങ്ങളും റഷീദിന്റെ വീട്ടിലേക്കൊഴുകി.
കൂട്ടുകാർ ദിവസേന റഷീദിനെ കാണാനെത്തി. അവൻ ഇങ്ങിനെ കിടക്കുന്നതിൽ കൂട്ടുകാരുടെ മനസ്സിൽ ചെറിയൊരു നൊമ്പരം. ക്ഷേമാന്വേഷണത്തോടൊപ്പം പല തരം പലഹാരങ്ങളും കഴിക്കാമല്ലോ എന്ന ഗൂഢ ലക്ഷ്യവും കൂടിയുണ്ടായിരുന്നു നിത്യേനയുള്ള അവരുടെ സന്ദർശനത്തിന് പിന്നിൽ.
ഒസാൻ എല്ലാദിവസവും ഉച്ചയോടടുത്ത സമയത്ത് വന്നു. ഇളം ചൂടുള്ള വെള്ളം അൽപ്പാൽപ്പം മെല്ലെ മെല്ലെ ഒഴിച്ച് ശീലയുടെ കെട്ടഴിച്ചു. അപ്പോൾ റഷീദിന് നന്നായി വേദനിച്ചു. കത്തിവച്ചപ്പോഴല്ല, ഈ അഴിച്ച് കെട്ടുമ്പോഴാണ് അസഹനീയമായ വേദന എന്ന സത്യം റഷീദ് തിരിച്ചറിഞ്ഞ ദിനങ്ങൾ. മരുന്ന് പുരട്ടി വേറെ ശീലകൊണ്ട് വീണ്ടും കെട്ടി. ഊണ് കഴിച്ച ശേഷം ഒസാൻ പോകും. ഒരാഴ്ചയായപ്പോൾ നന്നായി ഉണങ്ങി.
കുളിച്ച് പുത്തൻ വസ്ത്രങ്ങളണിഞ്ഞ് ഉപ്പയോടൊപ്പം പള്ളിയിൽ പോയി ളുഹർ നമസ്കരിച്ച് തിരിച്ച് വന്നു. നെയ്ച്ചോറും കോഴിയിറച്ചിയുമായിരുന്നു അന്നത്തെ വിഭവം.
റഷീദിന്റെ കൂട്ടുകാരും ഒസാൻ കുഞ്ഞിമ്മൂസയും റഷീദിനോടൊപ്പമിരുന്നുള്ള ഒരു മൃഷ്ടാന്നഭോജനത്തോടെ അവന്റെ സുന്നത്ത് കല്യാണത്തിന് തിരശ്ശീല വീണു.
.............തൊട്ടിയിൽ.............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo