Slider

ഒരു ജന്മം കൂടി

0


സ്റ്റീവ് മെഗഗി !!! പേര് അവളുടെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുമെന്ന് ഇന്ത്യയിൽ നിന്നും ഹയർ സ്റ്റഡീസിനായി അമേരിക്കയിലെത്തുമ്പോൾ അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല .ഓർമ വെച്ച നാൾ മുതൽ അവൾ അനാഥാലയത്തിൽ ആയിരുന്നു.പഠിക്കാൻ മിടുക്കി ആയിരുന്ന അവൾക് വിദേശത്തു എം .ബി .  ചെയ്യാനുള്ള സ്കോളർഷിപ് കിട്ടിയപ്പോൾ പോകാനുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത്  പള്ളിയിലെ വികാരിയച്ചനായിരുന്നു.

യൂണിവേഴ്സിറ്റി കോളേജ്  ഹോസ്റ്റലിൽ തന്നെ താമസ സൗകര്യം ശരിയായി.സഹപാഠിയും റൂംമേറ്റും ആയിരുന്ന എലീഷ  നല്ലൊരു സുഹൃത് കൂടിയായിരുന്നു.എലീഷ  വീക്കെൻഡിൽ വീട്ടിലേക്ക് പോകുമ്പോൾ ഒരിക്കൽ അവളെയും ക്ഷണിച്ചു .പിന്നീട് അവൾ വീട്ടിലെ നിത്യ സന്ദർശക ആകാൻ അധികം താമസിച്ചില്ല.

എലീഷയുടെ അച്ഛന് ബിസ്സിനെസ്സ് ആയിരുന്നു.'അമ്മ ഒരു ഫർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജരും.
അവിടെ വെച്ചാണ് അവൾ സ്റ്റീവിനെ പരിചയപ്പെടുന്നത്.എലീഷയുടെ ചേട്ടൻ .എലീഷ അവളെ അവനു പരിചയപ്പെടുത്തി.ചെമ്പൻ മുടിയും വെള്ളാരം കണ്ണുകളും നീണ്ടുമെലിഞ്ഞ ശരീരവും നുണക്കുഴിയോടുകൂടിയുള്ള നിഷ്കളങ്കമായ ചിരിയും.അതായിരുന്നു സ്റ്റീവ്!

ആദ്യകണ്ടുമുട്ടലിൽ തന്നെ അവർ സുഹൃത്തുക്കൾ ആയി.കേരളത്തിലെ കായലുകളും  മലനിരകളും എരിവുള്ള ഭക്ഷണവും അവനു ഇഷ്ടമായിരുന്നു.ഡെൽഹിയിലൊരു ചാരിറ്റി പ്രവർത്തനത്തിനായി വന്നിട്ടുണ്ടെന്നും അന്ന് കേരളത്തിലേയ്ക്കു വരാൻ പ്ലാൻ ഉണ്ടായിരുന്നു എന്നും ചില കാരണങ്ങളാൽ അത് നടന്നില്ലെന്നും അവൻ പറഞ്ഞു.സംസാരിക്കുമ്പോൾ ചുറ്റും ഉള്ളവരിലേക്ക് ഒരു പോസിറ്റീവ് എനർജി നിറയ്ക്കുന്ന ഒരു പ്രേത്യേക കഴിവ് സ്റ്റീവിന് ഉണ്ടായിരുന്നു.

പിന്നീട് പലതവണ എലീഷയുടെ വീട്ടിൽ പോയപ്പഴും സ്റ്റീവും അവളും ഒരുപാടു സമയം ഒരുമിച്ചു ചെലവഴിച്ചു.കേരളത്തെ പറ്റി ആയിരുന്നു അവൻ കുടുതലും സംസാരിച്ചിരുന്നത്. കേരളത്തിൽ ഒരുപാട് മരങ്ങൾ വെട്ടിനശിപ്പിക്കുന്നുണ്ടെന്നും വീട്ടിൽ നിന്നും ഫാക്ടറിയിൽ നിന്നുമുള്ള മാലിന്യം പുഴകളിലേക്ക് ഒഴുക്കി ജലം മലിനമാക്കുന്നുണ്ടെന്നും അവൻ പറഞ്ഞു.ഇത്ര മനോഹരമായ നാട് കുറച്ചുകൂടി നന്നായി പരിപാലിച്ചാൽ അത് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുമെന്ന് അവൻ പറഞ്ഞു.ഡൽഹിയിൽ പോയപ്പോൾ അവിടെ വഴിയരികിൽ ഭിക്ഷ യാചിക്കുന്ന ഒരുപാടു പേരെ കണ്ടുവെന്നും അതിൽ വൃദ്ധർ മുതൽ ജനിച്ചു ദിവസ്സങ്ങൾ മാത്രം പ്രായമായ കുട്ടികളെ വരെ ഒക്കത്തെടുത്തു വെച്ച് വിശപ്പ് തീർക്കാൻ മുറവിളി കൂട്ടുന്നവർ  ഉണ്ടെന്നും അവൻ സങ്കടം പറഞ്ഞു.ഇവിടെയും അങ്ങനെ ഉള്ള ആൾക്കാർ ഉണ്ടല്ലോ ഹോംലെസ്സ് എന്ന് അല്ലെ അവർ അറിയപ്പെടുന്നത് എന്ന് അവൾ ചോദിച്ചു.ഉണ്ട് പക്ഷെ അവർ വഴിനീളം ഇരുന്ന് യാചിക്കുക അല്ല എന്നും അവർക്കു താമസിക്കാൻ വീടില്ല എന്നെ ഉള്ളു  ഇവിടുത്തെ ഭരണകൂടം അവർക്കായി മാസാമാസം ഒരു ചെറിയ തുക നൽകുന്നുണ്ടെന്നും അവൻ പറഞ്ഞു. തുക വെച്ച് അവർക്കു ഒരു താമസസൗകര്യം കിട്ടില്ലായിരിക്കാം പക്ഷെ അവരുടെ ദൈന്യംദിന ആവശ്യങ്ങൾ നടന്നുപോകുന്നുണ്ട് എന്നും അവൻ അറിയിച്ചു. ഒരു വസ്ത്രം ഊരി മറ്റൊരു വസ്ത്രം അണിയുന്ന ലാഘവത്തോടെ അല്ലെ നിങ്ങൾ ഒരു കല്യാണം കഴിച്ച്, കൂടെ താമസിച്ച് ,ബന്ധം പിരിഞ്ഞു മറ്റൊരു വിവാഹം കഴിക്കുന്നത് എന്ന് അവൾ കളിയാക്കി. ഇവിടുത്തുകാരെ പറ്റി മിക്കവർക്കും ഉള്ള ഒരു തെറ്റിധാരണ ആണ് അതെന്നു അവൻ പറഞ്ഞു.ഒരു ആണിനും പെണ്ണിനും പരസ്പരം ഇഷ്ടപെട്ടാൽ ഒന്നിച്ചു താമസിക്കും.ഒരുമിച്ചായിരിക്കുന്നിടത്തോളം അങ്ങയറ്റം ആത്മാർത്ഥതയോടെ ആയിരിക്കും സ്നേഹിക്കുക.പൊരുത്തപ്പെടാൻ പറ്റില്ല എന്ന് തോന്നിയാൽ വളരെ അന്തസ്സോടെ പരസപരം സംസാരിച്ചു പിരിയുകയും ചെയ്യും.പിരിഞ്ഞുകഴഞ്ഞാൽ പരസ്പരം ചീത്ത വിളിച്ചും ഒരാൾ മറ്റേ ആളെ പറ്റി  കാണുന്നവരോടെല്ലാം പരദൂഷണം പറഞ്ഞും നടക്കാറില്ലെന്നും മിക്കപ്പോഴും അവർ ജീവിതകാലം മുഴുവനും നല്ല സുഹൃത്തുക്കൾ ആയി തുടരുമെന്നും അവൻ പറഞ്ഞു.താൻ തന്റെ അമ്മയുടെ പൂർവ വിവാഹ ബന്ധത്തിൽ ഉള്ള മകൻ ആണെന്നും ഏലീഷ തന്റെ അമ്മയുടെ രണ്ടാം വിവാഹത്തിൽ ഉള്ള മകൾ ആണെന്നും എന്നിട്ടും എലീഷയുടെ അച്ഛൻ തന്നെ സ്വന്തം മകനെ പോലെ ആണ് സ്നേഹിക്കുന്നതെന്നും രണ്ടാനച്ഛനും അമ്മയും അമ്മയുടെ എക്സ് ഹുസ്ബന്റുമായി ഇപ്പഴും നല്ല സുഹൃത്ബന്ധം പുലർത്താറുണ്ടെന്നും തനിക്ക് വേണ്ടപ്പോൾ സ്വന്തം അച്ഛനെ പോയി കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അവൻ പറഞ്ഞത് അവൾ അവിശ്വസനീയതയോടെ കേട്ടുനിന്നു .നാട്ടിൽ ആണെങ്കിൽ ഒരു ഡിവോഴ്സ് നടന്നാൽ  അതിന്റെ പ്രത്യാഘാതങ്ങൾ അവൾ ഓർത്തു. ഡിവോഴ്സ് കഴിഞ്ഞാൽ ഭാര്യ ഭർത്താവ് ചെയ്തു പോന്ന കാര്യങ്ങൾ എരിവും പുളിയും ചേർത്ത് മറ്റുള്ളവരോട് പറയുന്നതും ,ഭർത്താവ് ഇത്ര നാളും കൂടെ കഴിഞ്ഞ ഭാര്യയെ പറ്റി ഉള്ളതും ഇല്ലാത്തതും ആയ കഥകൾ നാട് നീളെ പ്രചരിപ്പിക്കുന്നതും പ്രശ്നങ്ങളുടെ മുക്കാൽ പങ്കിന്റെയും ഉത്തരവാദികൾ ആയ ഇരുവരുടെയും വീട്ടുകാരുടെ അനാവശ്യമായ ഇടപെടലും പിന്നെ മക്കൾക്ക് വേണ്ടിയുള്ള കടിപിടിയും!! മനസ്സിൽ ഇതെല്ലം ഓർത്തു അവൾ അറിയാതെ ചിരിച്ചു പോയി.താനും എലീഷയും ഒരു അച്ഛന്റെ മക്കൾ അല്ല എന്ന വാർത്ത കേട്ട് അവൾ പരിഹസിച്ചു ചിരിക്കുകയാണെന്നു കരുതി അവനു വിഷമം വന്നു. കാര്യം അവൻ സ്വന്തം കൂട്ടുകാരോട് പോലും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം വളരെ വലുതാണ് എന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് അവനോടു എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി..

ഒരു ദിവസ്സം ക്ലാസ് കഴിഞ്ഞു കോളേജിന് വെളിയിൽ ഇറങ്ങിയതും പിറന്നാൾ കേക്കും ബലൂണുകളും ബൊക്കെയും ഒക്കെ പിടിച്ച് സ്റ്റീവും അവന്റെ കുറച്ചു കൂട്ടുകാരും എലീഷയും അവളെ  കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു.അനാഥാലയത്തിലെ സിമന്റ് തേച്ച മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന അവളുടെ പിറന്നാൾ അവൻ അതിഗംഭീരമായി ആഘോഷിച്ചു.അവളുടെ പിറന്നാൾ ദിവസ്സം ഓർത്തുവെച്ച് ഇത്ര ദൂരം അവളെ തേടിവന്നത് അവൻ അവളെ അത്രമാത്രം സ്നേഹിക്കുന്നതുകൊണ്ടാണെന്നു അവൻ പറയാതെ തന്നെ അവൾ മനസ്സിലാക്കി.

അവൻ അവൾക്ക് പലതരം  ക്വിസീൻ പരിചയപ്പെടുത്തി.ഇറ്റാലിയൻ ,മെക്സിക്കൻ,ബ്രസീലിയൻ,അമേരിക്കൻ എല്ലാം.കൂടെ വാലുപോലെ എലീഷയും ഉണ്ടായിരുന്നു.അവൻ ഒരിക്കലും അവന്റെ ഇഷ്ടങ്ങൾ അവളുടെ മേൽ അടിച്ചേൽപ്പിച്ചില്ല.മറിച്ചു അവൾക്കിഷ്ടമുള്ളത് എന്താണെന്ന് അന്വേഷിച്ചറിഞ്ഞു സ്വയം മാറാൻ ശ്രെമിച്ചു.അവൾക്ക് വെള്ളച്ചാട്ടം കാണാൻ ഇഷ്ടമാണെന്നറിഞ്ഞ് അവളെയും എലീഷയെയും കൂട്ടി അവൻ അങ്ങനെ ഉള്ള സ്ഥലങ്ങളിലേക്ക് പോയി.അവളെപോലെ തന്നെ ബീച്ചും പുഴയും ഒക്കെ അവനും ഇഷ്ടമായിരുന്നു. എത്ര വിഷമം വന്നാലും കുറച്ച് നേരം ബീച്ചിൽ വന്നിരുന്നാൽ മനസ്സ് ശാന്തം ആവും എന്നവൻ പറയുമായിരുന്നു.കടലിലിറങ്ങുമ്പോൾ അവൻ കൊച്ചുകുട്ടികളെ പോലെ ആർത്തുവിളിക്കുമായിരുന്നു.അവൾക്കും നഷ്ടപ്പെട്ട ബാല്യം തിരിച്ചു കിട്ടിയതുപോലെ ആയിരുന്നു.അവൻ അവൾക്ക് ഒരു അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടയും സ്നേഹം നൽകി.അവൾക്ക് ഇതൊരു രണ്ടാം ജന്മം ആയിരുന്നു.ഒരിക്കൽ പോലും സ്റ്റീവ് അവളെ സ്പര്ശിക്കുവാനോ ഒരു അശ്ളീലം പറയുവാനോ എന്തിന് ഒരു തെറ്റായ നോട്ടം നോക്കുവാനോ പോലും മുതിർന്നില്ല.

ഒരിക്കൽ അവനും അവളും മാത്രം ഉള്ള ഒരു സന്ധ്യയിൽ അവൻ ഒരു പൊതി എടുത്ത് അവൾക് നീട്ടി.ഒരു ചെറിയ ജുവൽ ബോക്സ് ആയിരുന്നു അത്.തുറന്നു നോക്കിയപ്പോൾ ഒരു ഡയമണ്ട് മോതിരം. മോതിരമെടുത്തു കയ്യിൽ പിടിച്ച് അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി കൊതിയോടെ ചോദിച്ചു "എന്നെ വിവാഹം കഴിക്കാമോ?"അവൾ പകച്ചുനിന്നില്ല.അവൾ പ്രതീക്ഷിച്ചതായിരുന്നു ഒരു നിമിഷം.ആഗ്രഹിച്ചതും! ചോദ്യത്തിന് ഉത്തരം കൊടുക്കും മുൻപ് അവനോടവൾ അനാഥ ആയ അവളെ എന്തിനിത്ര സ്നേഹിക്കുന്നു എന്ന് ചോദിച്ചു.അവൾക്ക് ഇത്ര നാളും ലഭിക്കാതിരുന്ന സ്നേഹം വാരിക്കോരി തരാനും തന്റെ  മരണം വരെ അവളെ നെഞ്ചോടു ചേർത്ത് കാത്തുസൂക്ക്ഷിക്കാനും താൻ ഭൂമിവിട്ടുപോയാലും ഒരു നിഴലായി അവളോടൊപ്പം നടക്കുവാനും അവൻ ആഗ്രഹിക്കുന്നതുകൊണ്ടു എന്നായിരുന്നു അവൻ നൽകിയ മറുപടി.നിറകണ്ണുകളോടെ അവൾ അവന്റെ ചോദ്യത്തിന് സമ്മതം എന്ന് ഉത്തരം നൽകി.

ഇന്ത്യൻ സംസ്കാരം ഏറെ ഇഷ്ടപ്പെട്ടിരുന്ന അവന് താലിയോടു കൂടിയുള്ള കല്യാണം വേണം എന്ന് നിർബന്ധം ഉണ്ടായിരുന്നു.അവളുടെ പഠിത്തം കഴിഞ് ഒരു ജോലി നേടി എടുത്തിട്ടുമതി കല്യാണം എന്നും അവർ തീരുമാനിച്ചു.

ഒരിക്കൽ അവധിക്കു പോയപ്പോൾ അവളെയും എലീഷയെയും സ്റ്റീവ് തന്നെ തിരികെ ഹോസ്റ്റലിൽ കൊണ്ടുവിടാം എന്ന് തീരുമാനിച്ചു .അവളുടെ കൂടെ അത്ര സമയം കുടി ചിലവഴിക്കാമല്ലോ എന്ന് അവൻ കൊതിച്ചു.അവിടെ നിന്നും എട്ടു മണിക്കൂർ ദൂരം ഉണ്ടായിരുന്നു ഹോസ്റ്റലിലേക്ക്.രാത്രി വൈകിയാണ് അവർ പുറപ്പെട്ടതും.ഏലീഷ ബാക് സീറ്റിൽ കിടന്ന് ഉറക്കം ആയിരുന്നു.
സ്റ്റീവ് ഡ്രൈവ് ചെയ്യുകയും അവൾ ഫ്രണ്ട് സീറ്റിൽ അവനോടു സംസാരിച്ചുകൊണ്ടുമിരുന്നു.എന്തോ പറഞ്ഞു തർക്കിച്ച് അവൾ അവളുടെ സീറ്റ് ബെൽറ്റ് ഊരി മാറ്റി.കാറിൽ കയറിയാൽ സീറ്റ് ബെൽറ്റ് ഇടുക എന്നത് സ്റ്റീവിന് നിർബന്ധം ആയിരുന്നു.അവനെ വാശിപിടിപ്പിക്കാൻ ആണ് അവള് അങ്ങനെ ചെയ്തതും.അവൻ പറഞ്ഞിട്ടൊന്നും അവൾ സീറ്റ് ബെൽറ്റ് ഇട്ടില്ല..മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു .അവളുടെ സൈഡിലെ തുറന്നിട്ട ഗ്ലാസ്സിലൂടെ വീശി അടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറക്കുന്നത് സ്റ്റീവ് ഇടയ്ക് നോക്കുന്നുണ്ടായിരുന്നു.അവളുടെ നേരെയുള്ള ഓരോ നോട്ടത്തിലും അവന്റെ കണ്ണുകളിൽ തുളുമ്പിനിന്ന വാത്സല്യവും സ്നേഹവും അവൾ സന്തോഷത്തോടെ ആസ്വദിച്ചു.ഒരു വളവിനപ്പുറം ഗോൾഫ് ക്ലബ് ആണെന്നും അവൻ അവിടെ ആഴ്ചയിൽ ഒരിക്കൽ ഗോൾഫ് കളിക്കാൻ വരാറുണ്ടെന്നും അതിനു മുൻപിൽ ഒരു ചെറിയ തടാകം ഉണ്ടെന്നും ചിലർ അവിടെ ചൂണ്ട ഇടാറുണ്ടെന്നും പോകുന്ന വഴി ക്ലബും തടാകവും കാണാം എന്നും ഇടത്തേക്ക്  നോക്കി ഇരുന്നോളാനും അവൻ അവളോട് പറഞ്ഞു.

അവൻ പറഞ്ഞ വളവു തിരിഞ്ഞതും എതിർ വശത്തു നിന്നും ഹൈ ബീം ഇട്ടു ഒരു വണ്ടി വന്നതും ഒരുമിച്ചായിരുന്നു.സ്റ്റീവ് ഓടിച്ചിരുന്ന കാറ് റോഡ് കടന്നു ഗോൾഫ് ക്ലബ്ബിന്റെ മുൻപിലുള്ള തടാകത്തിലേക്ക് ഒരു വലിയ ശബ്ദത്തോടെ കൂപ്പുകുത്തി.അവളുടെ സൈഡിലെ തുറന്നിട്ട ഗ്ലാസിൽ കൂടി വെള്ളം കാറിനകത്തേയ്ക്ക് ഇരച്ചുകയറി. ഒന്ന് നിലവിളിക്കാൻ പോലുമാവാതെ ശ്വാസം കിട്ടാതെ മൂവരും പിടഞ്ഞുകൊണ്ടിരുന്നു.വീശിയടിക്കുന്ന കാറ്റും അലറിപ്പെയ്യുന്ന മഴയും കൂടാതെ കട്ടപിടിച്ച ഇരുട്ടും .കാറ്മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു .സീറ്റ് ബെൽറ്റ് ഊരിയതിനാൽ അവൾക് അനങ്ങാൻ സാധിച്ചു. മരണവെപ്രാളത്തിനിടയ്ക്കും സ്റ്റീവിന്റെ  ബലിഷ്ഠമായ കൈകൾ തുറന്നിട്ട ഗ്ലാസ്സിലൂടെ അവളെ കാറിന് പുറത്തേയ്ക്ക് ആഞ്ഞുതള്ളിയത് അവളറിഞ്ഞു .കയ്യും കാലുമിട്ടടിച്ചും , വെള്ളത്തിലൂടെ ഒഴികിയും ,മുങ്ങിയും താണും, വെള്ളം കുടിച്ചും അവൾ തടാകത്തിനു ചുറ്റുമുള്ള ഒരു പൊന്തയിൽ ചെന്നടിഞ്ഞു.സ്റ്റീവും എലീഷയും അവർ സഞ്ചരിച്ചിരുന്ന കാറും തടാകത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത് ഒന്ന് ഒച്ച വെയ്ക്കാൻ  പോലും ആവാതെ ഒന്നനങ്ങാൻ പോലും ആവാതെ പാതി ചത്ത ശരീരവും അലറിക്കരയുന്ന മനസ്സുമായി പൊന്തയിൽ കിടന്ന് അവൾ വേദനയോടെ കണ്ടു.അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.

കണ്ണുതുറക്കുമ്പോൾ അവൾ ഹോസ്പിറ്റലിൽ ആയിരുന്നു.സ്റ്റീവിന്റെ അച്ഛനും അമ്മയും അവിടെ നിൽപ്പുണ്ടായിരുന്നു.ആദ്യം അന്വേഷിച്ചത് അവനെ തന്നെയാണ്.പിൻസീറ്റിൽ മയങ്ങിക്കിടന്നതിനാൽ രക്ഷപെടാൻ എലീഷ്യക് ഒരു പഴുതും ഉണ്ടായിരുന്നില്ല .എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ മരണം അവളെ വിഴുങ്ങി.എലീഷയുടെയും ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങി കിടന്ന സ്റ്റീവിന്റെയും ജഡം മോർച്ചറിയിൽ വെച്ചിട്ടുണ്ടെന്നറിഞ്ഞതും പരിസരം മറന്നു അവൾ അലറിവിളിച്ചു.പൊട്ടിപ്പൊട്ടി കരഞ്ഞു.തന്നെ മാത്രം എന്തിനു ബാക്കി വെച്ചിരിക്കുന്നു എന്ന് ചോദിച്ചു അവൾ സകല ദൈവങ്ങളെയും ശപിച്ചു.ഒരു രണ്ടാം ജന്മം തന്നു തന്നെ കൊതിപ്പിച്ച് ഇത്ര നാളും ആരും തരാതിരുന്നത്രയും സ്നേഹം തന്നു ശ്വാസം മുട്ടിച്ച് തന്നെ വിട്ടു മറ്റൊരുലോകം തേടിപ്പോയ സ്റ്റീവിനെ അവൾ വെറുത്തു.
ഹോസ്പിറ്റലിൽ അവളുടെ സകല കാര്യങ്ങളും നോക്കിയിരുന്നത് സ്റ്റീവിന്റെ മാതാപിതാക്കൾ ആയിരുന്നു. തങ്ങളുടെ മകന്റെ ഭാര്യ ആയിട്ട് തന്നെ അവർ അവളെ ഏറ്റെടുത്തു.
ഇന്ന് തടാകത്തിനു ചുറ്റും ക്രാഷ് റെയിൽ ഉണ്ട്.ഒരു പെണ്ണും അവളെ പോലെ കരയാതിരിക്കാൻ സ്റ്റീവിന്റെ മാതാപിതാക്കൾ തന്നെ മുൻകൈ എടുത്ത് പണിയിപ്പിച്ചതാണത്.

പള്ളിയിലെ സെമിത്തേരിയിൽ മാർബിളിൽ തീർത്ത രണ്ടു കല്ലറകൾക്കു മുൻപിൽ വെന്തുരുകുന്ന മനസ്സുമായി അവൾ നിന്നു.
"അനാഥ ആയിരുന്ന എനിക്ക് ഒരു അച്ഛനെയും അമ്മയെയും സമ്മാനിച്ച് പാതിവഴിയിൽ എന്നെ തനിച്ചാക്കി നിങ്ങൾ രണ്ടുപേരും യാത്രയായി.ഒരു ജന്മം മുഴുവൻ ഓർത്തുവെയ്ക്കാൻ ഉള്ള സ്നേഹം നീ എനിക്ക് തന്നു സ്റ്റീവ്.നീ മരണത്തിലേയ്ക് മുങ്ങിത്താഴുമ്പരും എന്നെ നീ ജീവിതത്തിലേയ്ക് തള്ളിവിട്ടു .നീ ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ല എന്ന് നിനക്ക് അറിയില്ലായിരുന്നുവോ..? 

ഇനി ഒരു ജന്മം ഉണ്ടോ എന്ന് എനിക്ക്  അറിഞ്ഞുകൂടാ.പക്ഷെ ഒരു ജന്മം കുടി എനിക്ക് വേണം സ്റ്റീവ്.നിന്റെ ഭാര്യയാവാൻ,നിന്റെ കൂടെ ജീവിക്കാൻ,നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ,നമ്മൾ സ്വപ്നം കണ്ട ജീവിതം ജീവിക്കാൻ.നീ പറഞ്ഞതുപോലെ നീ ഭൂമിവിട്ടുപോയാലും ഒരു നിഴൽ പോലെ നീ എന്റെ കൂടെ ഉണ്ടാവും എന്ന് എനിക്ക് അറിയാം.
നിനക്കു മരണമില്ല സ്റ്റീവ്!"
കണ്ണുനീർ മൂടി അവളുടെ കാഴ്ച്ച മങ്ങി.ചക്രവാളത്തിന്റെ ചുവപ്പേറ്റ് അവളുടെ വിരലിൽ കിടന്ന ഡയമണ്ട് മോതിരം ഒന്നുകൂടി തിളങ്ങി..


രചന : ANJANA BIJOY
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo