Slider

പ്രണയം പോലെ എന്തോ.

0
Image may contain: 1 person

ഞങ്ങളുടെ ചെറിയ ഗ്രമത്തിലെ ഒന്നാം ക്ലാസ്സുമുതൽ നാലാംക്ലാസ്സുവരെ ഉള്ള ഈന്തനോലി സ്കൂൾ. ഞാൻ നാലാംക്ലാസ്സിൽ പഠിക്കുന്ന കാലം. എതിർവശത്തെ ബഞ്ചിൽ ഇരിക്കുന്ന കൂട്ടുകാരനെ ശ്രദ്ധിക്കാൻ കാരണം അവന്റെ ചിരി ആയിരുന്നു.... വശ്യമായ ചിരി. വട്ടമുഖവും, എണ്ണതേച്ചു ഒരു വശത്തേക്ക് ചീകി ഒതുക്കി വെച്ചിരിക്കുന്ന മുടിയും, തിളക്കമുള്ള കണ്ണുകളും... ചിരിക്കുമ്പോൾ മുഴുവൻ അടഞ്ഞുപോകുന്ന ആ കണ്ണുകൾ എനിക്ക് അത്ഭുതമായിരുന്നു.
നാലാം ക്ലാസ്സ്‌ കഴിഞ്ഞു അവനും ഞാനും വേറെ സ്കൂളിൽ ആയി. എങ്കിലും അടുത്ത് താമസിക്കുന്നതുകൊണ്ട് അവനെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ശിവ ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞു നട തുറക്കുമ്പോൾ അവൻ കണ്ണുകൾ അടച്ച് കൈകൂപ്പി നിൽക്കുമ്പോൾ ഞാൻ വെറുതെ തൊഴുകൈയ്യുമായി അവനെ നോക്കി നിക്കാറുണ്ടായിരുന്നു.
പത്താംക്ലാസ്സിൽ എത്തിയപ്പോൾ വീട്ടിൽ വഴക്കുണ്ടാക്കി ഞാനും അവന്റെ സ്കൂളിൽ തന്നെ അഡ്മിഷൻ എടുത്തു. നോക്കിയപ്പോൾ ക്ലാസും ഒന്നുതന്നെ.. 10th A. ആൺകുട്ടികളുടെ ബെഞ്ചിൽ നാലാമത് അവനും പെൺകുട്ടികളുടെ മുന്പിലെ ബെഞ്ചിൽ രണ്ടാമത് ഞാനും. എന്നും അവൻ അടുത്ത്... ആ ഒരു വർഷം നെഞ്ചിടിപ്പിന്റെ കാലമായിരുന്നു. ഒളികണ്ണാലെ ഞാൻ ഇടയ്ക്കിടെ അവനെ കാണും. എങ്കിലും ഒരക്ഷരം പറയാനോ മുഖമുയർത്തി അവനെ ഒന്ന് നോക്കാനോ കഴിഞ്ഞിട്ടില്ല.
ഒരു വർഷം കടന്നുപോയി... വർഷാവസാന പരീക്ഷ കഴിഞ്ഞ് അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോയ ആ കാഴ്ച ഇന്നും മനസിലുണ്ട് . അവധിക്ക് അവൻ അവന്റെ അമ്മാവന്റെ വീട്ടിൽ പോയി എന്നറിഞ്ഞു. ഞാൻ ആ മാസം എന്നെന്നേക്കുമായി ഞാൻ കേരളത്തിനോട് വിടപറഞ്ഞു, അച്ഛനോടൊപ്പം ഭോപ്പാലിൽ പോകുകയാരുന്നു. ട്രെയിൻ വിട്ടപ്പോൾ ദൂരെ നിന്ന് ഓടികിതക്കുന്ന രണ്ട് കാലുകൾ കാണുമെന്നോർത്തു... ആൾക്കൂട്ടത്തിനിടയിൽ നനഞ്ഞ രണ്ട് മിഴികൾ എന്നെ യാത്രയാകും എന്നോർത്തു.. ഒന്നുമുണ്ടായില്ല.... പുറകിൽ മാഞ്ഞുപോകുന്ന എന്റെ നാടും ശബ്ദമില്ലാത്ത എന്റെ പ്രണയവും.. ഞാൻ കുതിച്ചുപായുന്ന തീവണ്ടിയിൽ പുതിയ തീരങ്ങൾ തേടി യാത്രയായി.....
ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു... അവൻ എവിടെയോ ഉണ്ട്... ജീവിതയാത്രയിൽ കിനിഞ്ഞ വിയർപ്പുകണങ്ങൾ അവന്റെ മുഖത്തും ചുളിവുകൾ വരുത്തിയിട്ടുണ്ടാകാം. എണ്ണ തേച്ച മുടികൾ ഇന്ന് പാറിപ്പറന്നു കിടക്കുകയാവാം, നിഷ്കളങ്കതയിൽ പൗരുഷം കലർന്ന് മുഖച്ഛായ മാറിയിട്ടുണ്ടാവാം... എങ്കിലും ഇന്നും ആൾക്കൂട്ടത്തിനിടയിൽ എനിക്ക് തിരിച്ചറിയാനാവും അവനെ... ആ കണ്ണുകളെ.
പ്രണയത്തിന്റെ പരിഭാഷ എനിക്കറിയില്ല , ഇത് പ്രണയം ആയിരുന്നൊ എന്നുപോലും അറിയില്ല,... പക്ഷെ ഇഷ്ട്ടമായിരുന്നു.... ഇന്നും ഇഷ്ട്ടമാണ്.. എന്നും ഇഷ്ട്ടപെടും... ഞാൻ മനസ്സിൽ താലോലിച്ച ആ വികാരത്തെ.. നിഷ്കളങ്കമായ ആ സ്നേഹത്തെ... അവൻ അറിയാതെ പോയ അവനോടുള്ള എന്റെ പ്രണയത്തെ......
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo