Slider

സ്വന്തം പ്രോഡക്ട്

0


ആറ്റുനോറ്റുണ്ടായ മോനാ...
നല്ലോണം ലാളിച്ചു..
കൊച്ചുവായിൽ വലിയ വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോ ഞാനഭിമാനത്തോടെ ഭാര്യയെ നോക്കി..
സ്വന്തം പ്രോഡക്ട് നന്നാവുമ്പോ ആർക്കായാലും സന്തോഷം കാണൂല്ലേ..
ന്യൂസ്‌പേപ്പറിടാൻ വന്ന പയ്യന്റെ മേലെ മഴവെളളം തെറിപ്പിക്കുമ്പോ അവനു വയസ്സു മൂന്നു തികഞ്ഞിട്ടില്ല..
ദൈന്യതയോടെ എന്നെ നോക്കിയ പയ്യനോട് ഞാൻ പറഞ്ഞു..
"കൊച്ചു കുട്ടിയല്ലേ ക്ഷമിച്ചേക്കു.."
അടുക്കളപ്പണിക്ക് വന്ന കദീത്തയെ തറയിൽ വെളിച്ചെണ്ണ ഒഴിച്ചു വെച്ചു വീഴ്‌ത്തിയപ്പോൾ അവനു വയസ്സു നാലാവുന്നതേയുള്ളൂ..
എന്റുമ്മാന്നും പറഞ്ഞു തറയിലേക്ക് മലർന്നടിച്ചു വീണ കദീത്തക്കു ഭാഗ്യത്തിനൊന്നും സംഭവിച്ചില്ല..
നടുവിന് കൈകൊടുത്തു വേച്ചു വേച്ചു നടന്നു പോവുന്ന കദീത്തയോട് ഞാൻ പറഞ്ഞു..
"കൊച്ചു കുട്ടിയല്ലേ ക്ഷമിച്ചേക്കു.."
ദിവസങ്ങൾ പിന്നെയും കടന്നുപോയി..
വീടിനു പിറകിലാണ് സൂര്യൻ വെളിക്കിരിക്കാൻ വരാറുള്ള വിശാലമായ പറമ്പു..
അവിടെത്തന്നെയാണ് മുൻഷിമാഷുടെ ഗോമതിയും കുടിയും കിടപ്പുമൊക്കെ..
(ഗോമതിയെന്നത് ഒരു പശുവാണെന്നും അതോണ്ട് തന്നെ സദാചാര വാദികളും ഒളിഞ്ഞു നോട്ടക്കാരും സദയം ക്ഷമിക്കണമെന്നും അഭ്യർത്ഥിക്കുന്നു..)
ചില മലയാളികളെപ്പോലെ തൊട്ടുമുന്നിൽ കിടക്കുന്ന വൈക്കോല് തിന്നാതെ അയൽപക്കത്തുള്ള പുല്ലു തേടിപ്പോവുന്ന ശീലം ഗോമതിക്കുമുള്ളതിനാൽ ഒരു ധൈര്യത്തിനവളെ തൊട്ടടുത്തുള്ള തെങ്ങിൽ ബന്ധിച്ചാണ് മാഷ് പോവാറുള്ളത്..
അതെ കയറൂരി ഗോമതിയെ അഴിഞ്ഞാടാൻ വിട്ട സമയത്തു അവനു വയസ്സു കഷ്ടിച്ച് നാലര..
പശുവിന്റെ പിറകെയോടി ക്ഷീണിച്ചു വരുന്ന മാഷിനോടായി ഞാൻ പറഞ്ഞു..
"കൊച്ചു കുട്ടിയല്ലേ ക്ഷമിച്ചേക്കു.."
ഒന്നും മിണ്ടാതെ മാഷെന്നെ നോക്കി ഗോമതിയെയും വലിച്ചു വീട്ടിലേക്കു മടങ്ങി..
കാലം പിന്നേറെയൊന്നും കടന്നു പോയില്ല..
അപ്പൊഴേക്കും സ്കൂൾ തുറക്കാറായി..
പുത്തൻ ബാഗും കുടയുമായി സ്വന്തം പ്രൊഡക്ട് സ്‌കൂളിലേക്കു പോവുന്നതോർത്തു അഭിമാനത്തൊടെ മുറ്റത്തെ തുമ്പിന്മേലിരുന്ന നേരത്താരുന്നു എന്റെ കണ്ണിനരികിലായൊരു കല്ലു വന്നുമ്മ വെച്ചതു..
കല്ലിന്റെ ഉത്ഭവം സ്വന്തം പ്രൊഡക്ടിന്റെ കയ്യാരുന്നുവെന്നു അറിഞ്ഞത് തുന്നിക്കെട്ടിയ മുഖവുമായി വീട്ടിലേക്കു മടങ്ങിയെത്തിയപ്പോഴായിരുന്നു..
വിവരമറിഞ്ഞ പത്രക്കാരൻ പയ്യനും കദീത്തയും മുൻഷിമാഷും ഒരേസ്വരത്തിൽ പറഞ്ഞു..
"കൊച്ചു കുട്ടിയല്ലേ ക്ഷമിച്ചേക്കു.."
ഇത്തവണ ഞങ്ങൾ അഭിമാനത്തൊടെ പരസ്പരം നോക്കിയില്ല..
പകരം ഞാൻ ദൈന്യതയോടെയവളെ നോക്കി..
അവളെന്നേയും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo