Slider

വിവാഹം

0
വിവാഹം
***********
കഷ്ടപ്പാടും ദുരിതവും അറിഞ്ഞ്,ജീവിച്ച എന്റെ കുടുംബത്തിലെ നാല് പെൺമക്കളിൽ മൂത്തവളാണ് ഞാൻ. കൂലിപ്പണി ചെയ് കുടുംബത്തിലെ പട്ടിണി മാറ്റാൻ നെട്ടോട്ടമോടുന്ന ഉപ്പയുടെ ദയനീയ മുഖം ആണ് കുഞ്ഞു നാളു മുതലേ കണ്ടു വളർന്നത്. നാലാമത് ഉമ്മ ഗർഭിണിയാണെന്നറിഞ്ഞ അന്നു മുതൽ ഒരു ആൺ കുഞ്ഞിന് വേണ്ടി ഉമ്മ ചെയ്യാത്ത നേർച്ചകളില്ല. അതിലൊന്നും ഉപ്പാക്ക് വിശ്വാസവും ഉണ്ടായിരുന്നില്ല. പടച്ചോൻ തരുന്നത് ആണാണേലും പെണ്ണാണേലും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ ഞാൻ തയ്യാറാണ് ആയിശൂ എന്ന് ഉമ്മാനോട് നാഴികക്ക് നാൽപതു വട്ടം പറയുന്ന ആ പൊന്നുപ്പയുടെ മോളായി ജനിച്ചതിൽ എനിക്ക് അഭിമാനം തോന്നിയിട്ടേയുള്ളൂ. നാലും പെൺ മക്കളായിട്ടും ഇല്ലായ്മകളിൽ തനിക്ക് തണലായി ഒരാൺ കുഞ്ഞിനെ ദെെവം തരാത്തതിൽ ഒരിക്കൽ പോലും ഉപ്പ നിരാശപ്പെടുന്നതും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.
ചോർന്നൊലിക്കുന്ന ഓല മേഞ്ഞ വീട്ടിൽ ആ ഉപ്പയുടെ തണലിൽ ഞങ്ങൾ ജീവിക്കുമ്പോൾ ആ വീട് ഞങ്ങൾക്ക് സ്വർഗ്ഗമായിരുന്നു. കല്യാണപ്രായമായ എനിക്ക് പല ആലോചനകളും വന്നപ്പോഴും വീടിന്റെ വലിപ്പം കുറഞ്ഞതിന്റെ പേരിലും സ്ത്രീധനം കിട്ടാനുള്ള വഴിയൊന്നും ചുറ്റുപാട് കണ്ടാൽ തെളിയുന്നില്ലെന്നതിന്റെ പേരിലും വന്നതെല്ലാം മുടങ്ങി നിൽക്കുന്ന സമയത്താണ് നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയുടെ മകൻ എന്നെ പെണ്ണുകാണാൻ വന്നത്. ഉപ്പയുടെ എല്ലാ അവസ്ഥയും പച്ചവെള്ളം പോലെ അറിയുന്ന ബ്രോക്കർ ആണ് ആ ആലോചനയുമായി മുന്നോട്ട് വന്നതെന്നറിഞ്ഞപ്പോൾ ഉപ്പയിൽ ഒരു ആത്മവിശ്വാസം തെളിയുന്നുണ്ടായിരുന്നു. ഞാനും ഉമ്മയും അനിയത്തിമാരും ഉൾപ്പെടെ എല്ലാവർക്കും അതിശയമായിരുന്നു ഇങ്ങനൊരു ആലോചന. കാരണം കൊട്ടാരക്കെട്ടിൽ നിന്ന് ചോർന്നോലിക്കുന്ന ഓല മേഞ്ഞ വീട്ടിലേക്കാണ് ഒരു കല്യാണപ്പെണ്ണിനെ തിരഞ്ഞു വന്നിരിക്കുന്നത്.
സ്ത്രീധനമൊന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്നു പറഞ്ഞപ്പോൾ എന്റെ ഉപ്പയുടെ മുഖത്ത് പതിനാലാം രാവിന്റെ തെളിച്ചമായിരുന്നു. നാല് പെൺമക്കളേം ഒരോരുത്തരുടേയും കയ്യിൽ ഏൽപിക്കുന്നത് വരെ എന്റെ റൂഹ് നീ എടുക്കരുത് റബ്ബേ എന്ന് അഞ്ച് നേരവും നിസ്കാരപ്പായയിലിരുന്ന് കരഞ്ഞു പ്രാർത്ഥിക്കുന്നത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്. ആ പ്രാർത്ഥനയുടെ ഫലമാണ് ആരാലും ആഗ്രഹിച്ചു പോവുന്ന ആ വലിയ കുടുംബത്തിലേക്കുള്ള എന്റെ കല്യാണാലോചന. അധികം താമസിയാതെ തന്നെ നിശ്ചയവും കഴിഞ്ഞു.
ആ കല്യാണാലോചന നാട്ടിലെല്ലാം പാട്ടായി. കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടു.. ഒരു പറ്റം ആൾക്കാര് പറഞ്ഞു ''പെൺ കുട്ട്യോളുടെ ഭാഗ്യം പെരുവഴീലാണെന്ന് വെർതെയല്ല പറയുന്നതെന്നും, എങ്ങനെ ജീവിച്ച പെണ്ണാണ് മമ്മദിന്റ് മകള്... നാളെ കേറി ചെല്ലാൻ പോകുന്നത് മണിമാളികയിലേക്ക്.. ഒക്കെ മമ്മദിന്റെ കഷ്ടപ്പാടിന്റെ ഗുണം ആണെന്ന്'' എന്ന്.വേറൊരു പറ്റം ആൾക്കാരു പറഞ്ഞു നടന്നു ''പഠിക്കാൻ പോയ കാലത്ത് കണ്ണും കയ്യും കാട്ടി ഹാജ്യാരുടെ മോനെ പെണ്ണ് വളച്ചെടുത്തതാണെന്ന്..'' ആരുടേയും വായ മൂടിക്കെട്ടാൻ പറ്റില്ലാല്ലോ.. പറയേണ്ടവരൊക്കെ പറയേണ്ട വിധത്തിൽ എല്ലാം പറഞ്ഞു നടന്നെങ്കിലും എന്റെ കല്യാണം ഗംഭീരമായി തന്നെ നടന്നു. ആവശ്യത്തിന് ഇടാനുള്ള പൊന്ന് വരെ എന്നെ കല്യാണം കഴിക്കുന്ന വീട്ടുകാര് എന്റെ ഉപ്പയുടെ കയ്യിലേൽപിച്ചു കൊടുത്തിരുന്നു.. എന്റെ ഉപ്പയുടെ വിയർപ്പിന്റെ ഒരു കണിക പോലും ഈ കല്യാണത്തിന് വേണ്ടി വീഴിച്ചില്ല.
എല്ലാം മംഗളമായി തന്നെ നടന്നു. ആ വലിയ വീട്ടിലേക്ക് വലതു കാൽ വെച്ചു ഞാൻ കയറിച്ചെല്ലുമ്പോൾ ഒരത്ഭുതമായാണ് എനിക്ക് തോന്നിയത്.
ഇന്ന് വരെ കാണാത്തൊരു മായാ ലോകം ആയിരുന്നു എനിക്ക് ആ വലിയ വീട്..
മഴക്കാലമായാൽ മഴത്തുള്ളികൾ ഇറ്റി വീഴുന്ന ഇടനാഴിയിൽ ബക്കറ്റ് വെച്ചാണ് വെള്ളം വീട്ടിനുള്ളിൽ നിറയാതിരിക്കാൻ ഉമ്മ പാട് പെട്ടിരുന്നത്.. ഒരു കാറ്റ് ആഞ്ഞ് വീശിയാൽ ഉള്ളിൽ ഭീതിയായിരുന്നു.. ഏതു സമയത്തും നിലം പൊത്താവുന്ന തരത്തിലാണ് വീടിന്റെ അവസ്ഥ. ഇന്ന് ഞാൻ ഈ വലിയ വീട്ടിൽ എല്ലാ സുഖസൗകര്യങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോഴും എന്റെ മനസ്സ് ആ കുഞ്ഞു വീട്ടിലെ അസൗകര്യങ്ങളിലായിരുന്നു. ഞാൻ രക്ഷപ്പെട്ട് ജീവിക്കുകയാണല്ലോ എന്നുള്ള എന്റെ തോന്നലിൽ നിന്ന് എന്നെ മുക്തയാക്കിയതും എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ വലിയ മനസ്സായിരുന്നു. ഇന്ന് എന്റെ ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും ജീവിക്കുന്നത് പുതിയ വീട്ടിലാണ്. ആ വീട്ടില് ഇനി എന്റെ കുഞ്ഞനിയത്തിമാർക്ക് മഴയെ പേടിക്കണ്ട, കാറ്റിനെ പേടിക്കണ്ട.
എല്ലാം ഒരു നിയോഗം പോലെ... വിവാഹം സ്വർഗ്ഗത്തിൽ വെച്ചാണ് നടക്കുന്നതെന്ന് പറയുന്നതു പോലെ...
എന്റെ ഇല്ലായ്മകളെ അറിഞ്ഞു എന്നെ തന്റെ നല്ല പാതിയാക്കിയ ആ വലിയ മനസ്സിനുടമ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെ ഉപദ്രവിക്കുന്ന ഓരോരുത്തർക്കും ഒരു പാഠമാണ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo