Slider

ഫസ്റ്റ് 25 @ അർത്തുങ്കൽ

0
Image may contain: 1 person, outdoor

ഇതൊരു വിസിറ്റ് നടത്തിയ കഥയാണ്‌ .. സാധാരണ കമ്മ്യൂണിറ്റി നഴ്സിംഗിന്റെ ഭാഗമായ ഒബ്സെർവഷൻ വിസിറ്റ് ഒന്നുമല്ലട്ടോ.. തികച്ചും വ്യത്യസ്തമായ ഒരു വിസിറ്റ്....
ക്ഷമിക്കണം .. ആദ്യം ഒരു സാഹചര്യ വിവരണം അത്യാവശ്യം ആണെന്ന് തോന്നുന്നു.
കാലം 2009 അല്ലെങ്കിൽ 2010. സ്ഥലം വൈക്കം കായലിന്റെ പരിസരം.. ഞായറാഴ്ച പകൽ ഏതാണ്ട് പത്തുമണി.. ഏകദേശം ഇരുപതു ഇരുപത്തിഒന്ന് പെൺപിള്ളേരും മൂന്നു ചെക്കൻമാരും വൈക്കം ബോട്ട് ജെട്ടിയിൽ കായലിലേക്കു നോക്കി കാറ്റും കൊണ്ട് കലപില കൂട്ടി അങ്ങനെ നില്കുകയാണ്.. ജെട്ടിയിലുണ്ടായിരുന്ന പൂക്കാരിയുടെ കൈയിൽ നിന്നും ഇതിൽ ചില തരുണീമണികൾ മുല്ലപ്പൂ വാങ്ങി തലയിൽ ചൂടുന്നു... കൂട്ടത്തിലെ ഉത്തരവാദിത്തപ്പെട്ട പുരുഷ കേസരി കായലിലേക്ക് അക്ഷമനായി നോക്കി നില്കുന്നു... കായലിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് ജങ്കാർ വരുന്നുണ്ട്... പക്ഷെ കടത്തു ബോട്ട് കാണുന്നില്ല... അധികം കാത്തു നിൽക്കേണ്ടി വന്നില്ല.. ബോട്ട് വന്നു.. ഈ പറഞ്ഞ ടീം മുഴുവൻ ബോട്ടിൽ കയറിപ്പറ്റി. ബോട്ട് നീങ്ങിത്തുടങ്ങി.....
ഈ ബോട്ടിൽ കയറിപ്പോയ ഞാനടക്കമുള്ള ഇരുപത്തി മൂന്നു പേർ ഗാന്ധിനഗർ SME ലെ 13th ബാച്ച് ഫസ്റ്റ് 25 ആണ്... എന്താണ് ഈ ഫസ്റ്റ് 25 എന്നല്ലേ ! പറയാം...
ഞങ്ങൾക്കൊരു കോളേജ് ബസ്‌ ഉണ്ട്... ഒരു 67 മോഡൽ 407 കോൺവെർട്ടഡ് സോ കോൾഡ്‌ ബസ്‌ വിത്ത്‌ ഷാജി ചേട്ടൻ ദി ഗ്രേറ്റ്‌ as സാരഥി... പ്രസ്തുത ശകടത്തിന്റെ സീറ്റിംഗ്‌ കപ്പാസിറ്റി മാക്സിമം ഇരുപത്തിമൂന്ന്‌ വിത്ത്‌ ഡ്രൈവർ.. ഇതുകാരണം ഞങ്ങളുടെ ബാച്ച് രണ്ടായി മുറിക്കപ്പെട്ടു...😥 As ഫസ്റ്റ് 25 & സെക്കൻഡ് 25.. എവിടെ പോണേലും ഇങ്ങനെ രണ്ടായി പോകാനാണ് വിധി...
അപ്പൊ പറഞ്ഞു വന്നത്.. ബോട്ടിൽ കയറിപ്പോയവർ ഇതുപോലെ പകുതി ബാച്ച് വൈക്കം താലൂക്കാശുപത്രിയിൽ മറ്റേണിറ്റി പോസ്റ്റിങ്ങിനു വന്നതാണ്‌... (ബാച്ചിന്റെ മറ്റേ പകുതി ചങ്ങനാശേരി താലൂക്ക്‌ ആശുപത്രിയിൽ )
ഒഴിവുകിട്ടിയ ഞായറാഴ്ച കൂട്ടത്തിൽ പെട്ട ലക്ഷ്മിയുടെ ഭവന സന്ദർശനത്തിന് പടയായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്....
ഞങ്ങളുടെ കടത്തു ബോട്ട് തവണക്കടവ് തീരത്തേയ്ക്കടുക്കുന്നു... ബോട്ട് കടവിൽ ചേർത്തു കെട്ടപ്പെട്ടു... ഞങ്ങൾ INEപ്പട പുറത്തിറങ്ങി... പെണ്ണുങ്ങളുടെയോക്കെ ഒരുക്കം കണ്ടാൽ എങ്ങോ കല്യാണത്തിന് പോവാന്ന് തോന്നും... മുല്ലപ്പൂവും സ്പ്രേയും പിന്നെ ഇത്തിരി എക്സ്ട്രാ പൗഡറും.... ആകെ തിളങ്ങുന്നു... (സത്യം )
പിന്നെ തിളയ്ക്കുന്ന വെയിലത്ത്‌ ബസ്‌ കാത്തു നിൽപ്... അങ്ങനെ അർത്തുങ്കൽ ബസ്‌ വന്നു.... കാത്തുനിൽക്കുന്ന ജനക്കൂട്ടം കണ്ട കണ്ടക്ടറിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി... ഞങ്ങൾ പടയായി ബസ്സിനുള്ളിലേക്ക് ...
ലക്ഷ്മിയുടെ വീടിന്റെ സ്റ്റോപ്പ്‌ എത്തി.. വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ഒരു ജാഥക്കുള്ള ആളുകൾ വരുന്നത് അയല്പക്കത്തെ ചേച്ചി തുറന്ന വായുമായി നോക്കിനില്കവേ ഞങ്ങളുടെ ജാഥയുടെ തല ഭാഗം ലക്ഷ്മിയോടൊപ്പം അവളുടെ വീട്ടിൽ പ്രവേശിച്ചു. . പിന്നെ പതുക്കെ വാലറ്റവും.
ചിരിക്കുന്ന മുഖവുമായി ലക്ഷ്മിയുടെ അച്ഛൻ ഞങ്ങളെ സ്വാഗതം ചെയ്യുമ്പോൾ കിച്ചണിൽ അമ്മയും അമ്മൂമ്മയും ഞങ്ങൾക്കുള്ള വെള്ളം ട്രേയിലാക്കുന്ന തിരക്കിലായിരുന്നു. ചിരിച്ചു കൊണ്ടുവന്ന അനിയത്തി കിച്ചുവിനെ കാണാൻ ലക്ഷ്മിയെക്കാൾ ഭംഗിയുണ്ടെന്നു ആരോ ഉച്ചത്തിൽ 'ആത്മഗതാഗതം ' ചെയ്തത് ക്രൂരമായിപ്പോയി എന്നു ഞാൻ ഇന്നും കരുതുന്നു. (പാവം ലക്ഷ്മി ) ഉപചാര മര്യാദകൾക്ക് ശേഷം വന്ന ഗ്യാപ്പിൽ ഞങ്ങൾ ചില തല്പര കക്ഷികൾ കുശലാന്വേഷണം എന്ന വ്യാജേന അടുക്കള ഭാഗത്തു കൂടി ഒരു റൗണ്ട്സ് നടത്തി... ഉള്ളത് പറയണമല്ലോ, ഞങ്ങൾ ഞെട്ടിപ്പോയി.. എന്റമ്മോ! എന്തൊക്കെ സന്നാഹങ്ങൾ .. !! ലക്ഷ്മിയുടെ അമ്മ, അമ്മൂമ്മ അയല്പക്കത്തെ രണ്ടു ചേച്ചിമാർ എല്ലാരും കൂടി കൊണ്ടുപിടിച്ച പണി.. ഒരാൾ വലിയ കോട്ടയിൽ ചോറ് വാരിവെക്കുന്നു.. അടുത്തയാൾ പപ്പടം കാച്ചുന്നു.. പിന്നൊരാൾ ഇല തുടക്കുന്നു.. ആകെ ഒരു സദ്യ വട്ടത്തിന്റെ ആംബിയൻസിസ്‌. .. പോരാഞ്ഞിട്ട് പായസത്തിന്റ കൊതിപ്പിക്കുന്ന മണവും..
വാസ്തവത്തിൽ ഇതൊക്കെ കണ്ട്‌ സന്തോഷം തോന്നേണ്ടതാണ്.. പക്ഷെ ഞങ്ങൾ ഇവരെയൊക്കെ ബുദ്ധിമുട്ടിച്ചോ എന്നൊരു തോന്നൽ ഉള്ളിന്റെയുള്ളിൽ...
തിരിച്ചു വീടിന്റെ ഉമ്മറത്തെത്തുമ്പോ കാണാം നമ്മടെ കൂട്ടത്തിലെ ഒരു പയ്യൻസ് അതാ പേരമരത്തിന്റെ മുകളിൽ .. !! താഴെ ഒരു പറ്റം സ്ത്രീജനങ്ങൾ ഒരുമാതിരി ആദിവാസി അച്ചപ്പം കണ്ട പോലെ പൊട്ട് പേരക്കയ്ക്കു വേണ്ടി കടിപിടി കൂടുന്നു... വേറൊരു സംഘം അവടെയിരുന്ന ഒരു സൈക്കിളും കൊണ്ട് നടക്കുന്നുണ്ട്.. ആകെ ഒരു പെരുന്നാൾ ഫീൽ ...
വെള്ളമണൽ വിരിച്ച വിശാലമായ പറമ്പിന്റെ ഒരറ്റത്തെ ഒറ്റനില വീട്..പറമ്പിൽ പഴങ്ങൾ നിറഞ്ഞ കശുമാവുകൾ, മൂന്നോ നാലോ കുളങ്ങൾ... ഊഞ്ഞാലാടാൻ പാകത്തിന് ചാഞ്ഞു കിടക്കുന്ന മരങ്ങൾ... മെല്ലെയൊഴുകുന്ന കൈത്തോട്... ഒരു കൊച്ചു സ്വർഗം...
നാട്ടിൻ പുറത്തുകാരുടെ നന്മയോടെ തികച്ചും സാധാരണക്കാരുടെ ചിട്ടകളോടെ സ്നേഹപൂർവ്വം ഞങ്ങൾക്ക് മുൻപിൽ വിളമ്പിത്തന്ന ആ സദ്യ കഴിച്ചു തുടങ്ങിയപ്പോൾ തന്നെ ആദ്യം ഞങ്ങൾക്ക് തോന്നിയ വിഷമം നീങ്ങി മനസ്സു നിറഞ്ഞുപോയി.. യാത്ര പറഞ്ഞിറങ്ങുമ്പോ മിഴികളും ...
പിന്നെ അർത്തുങ്കൽ പളളിയിലെ പ്രാർഥനയ്ക്കും കടല്തീരത്തെ അടിച്ചുപൊളിക്കും ശേഷം ചേർത്തലയുടെ സ്വന്തം മന്ത് കൊതുക് ഡ്യൂട്ടിക്കിറങ്ങും മുൻപ് ഞങ്ങൾ അക്കര പറ്റി

By: Anju Anthony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo