Slider

ഒരുരുളച്ചോര്‍

0


ഒരിക്കലെനിക്കൊരുരുള ചോറു തരുംനിങ്ങള്‍
ചെറു താളത്തില്‍ കൈതട്ടിവിളിച്ച്
ഒരിറ്റുകണ്ണീരിന്‍ ഉപ്പുചേര്‍ത്ത്
ഒരു തൂശനിലച്ചിന്തില്‍ ഒരുക്കും
അന്യമാം ഭാവമിശ്രണങ്ങളുമായ്
അഴകോലും ഉരുളകളെനിക്കായ്
ആര്‍ദ്രമോഹങ്ങളുടെ തുണയറ്റ നേരത്ത്
ഊര്‍ന്നുപോയ സ്വബോധസ്വപ്‌നങ്ങള്‍
ഉയര്‍ന്നുവന്ന ഉന്മാദത്തിരയിളക്കത്തിനൊടുവില്‍
ചേര്‍ത്തുബന്ധിച്ചു കര്‍മ്മദോഷം തീര്‍ത്തവര്‍
കാലമൊരു ചേലയായ്ത്തന്ന കറുപ്പിന്റെ പാട
ഉടലില്‍ ഉരുകിയൊട്ടിയതറിയാതെ
ചുരുളുകളായ് പാറിയോരളകങ്ങള്‍
ചുരുണ്ടു ജഡപിടിച്ചതറിയാതെ
ഇരുളുംവെളിച്ചവും മറന്നുപോയ
രാപ്പകലുകളറിയാത്ത ജീവിതം
ദാനമായ്‌ത്തന്നവര്‍ നിങ്ങള്‍
ചങ്ങലച്ചാലില്‍ക്കുരുങ്ങിപ്പൊളിഞ്ഞ
ചോരയൊലിക്കും വ്രണങ്ങളില്‍
ആര്‍ത്തിയോടോട്ടിയ വൃത്തികെട്ടൊരാ
തടിയനീച്ചകളെ കണ്ടില്ല നിങ്ങള്‍
എന്നോതിന്ന വറ്റിന്റെ ബാക്കിതേടിയെത്തുന്ന
കുഞ്ഞുറുമ്പിന്റെ കൂട്ടങ്ങള്‍
ദയലേശമന്യേ കടിക്കുമ്പോള്‍
കരയുന്നോരെന്നെ കാണാത്ത നിങ്ങള്‍
മുറിവിലുയരുന്ന നോവിന്റെ തീഷ്ണതയില്‍
ഉച്ചത്തില്‍ അലറിക്കരഞ്ഞിട്ടു വറ്റിയ
തൊണ്ടക്കുഴിയിലെക്കിറ്റു തണ്ണീരിനുകേഴുമ്പോള്‍
കാതുകള്‍ കൊട്ടിയടച്ചവര്‍ നിങ്ങള്‍
എന്റെ ചിരിയും കരച്ചിലും പുച്ഛമായ്
കണ്ട മുഖങ്ങളിലിപ്പോള്‍ തെളിയുന്ന
ഒട്ടിച്ചുവെച്ച ദൈന്യ മുഖംമൂടികള്‍
വായ്ക്കരിയിടുന്ന വറ്റിലോരിത്തിരി
ഇഷ്ടമായൊരിക്കല്‍ തന്നിരുന്നെങ്കില്‍
ഒരു രാവുകൂടിയെനിക്കു ബാക്കിയായേനെ
------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo