അപക്വമായ എന്തോ ഒന്ന് മനസ്സിൽ സംഭവിക്കുന്നത് പോലെ തോന്നി.
കണ്ണിൽ തത്തിക്കളിക്കാൻ തുടങ്ങിയത്, ഇനി മേൽ കടന്നു വരില്ലെന്ന് തോന്നിയതാണ്.
ഇന്നിപ്പോ ക്ഷണിക്കാതെ തന്നെ വന്നിരിക്കുന്നു.
"ആൺ കുട്ടികൾ കരയാൻ പാടില്ലല്ലോ..."അവനെക്കാളും മുതിർന്ന പ്രണയിനി അവനെ കളിയാക്കി.
കണ്ടത് ചിത്രച്ചേച്ചിയെ തന്നെ ആയിരുന്നു എന്ന് വിനീതിനു നല്ല ഉറപ്പായിരുന്നു. സംസ്ഥാന യുവജനോത്സവ൦ നടക്കുന്ന ഗ്രൗണ്ടിൽ തമ്മിൽ ഒരു നിമിഷം കണ്ടു.പൊടി മൂടി മങ്ങിയ കാഴ്ചകൾക്കുള്ളിൽ പരസ്പര൦ കാണാത്ത പോലെ അവർ നടന്നു നീങ്ങി. അവൻ അന്ന് പത്തു വയസ്സുള്ള ഒരു കുട്ടിയായിരുന്നില്ല. "ഞാൻ ആളാകെ മാറിപ്പോയല്ലേ ശ്യാമേ? ചിത്ര ചേച്ചി തിരിച്ചറിയാൻ ബുദ്ധിമുട്ടും വണ്ണം എന്നെ നോക്കിയപ്പോൾ ആണ് എനിക്കത് മനസിലായത്."
എന്നത്തേയും പോലെ നട്ടുച്ചയ്ക്ക് ഒരു കുടത്തണൽ പോലും ഇല്ലാതെ നടന്നു പോകുന്ന സ്ത്രീ ചിത്ര ചേച്ചിയാണെന്നറിയിക്കാൻ കാല൦ വിസമ്മതിച്ചില്ല .തുള വീണു നശിച്ച ബന്ധങ്ങളെ നൊമ്പരപ്പെട്ടു കുടിയിറക്കി വിട്ട് ഒരു തുളയിലൂടെ തന്നെ ഒളിഞ്ഞു നോക്കിച്ച ജീവിത യാത്രകൾ..
ന്യൂ ജൽപായഗുഡിയിലെ ഒരുൾനാടൻ ദരിദ്ര ഗ്രാമത്തിൽ നിന്നും തൻ്റെ കുഞ്ഞാങ്ങളയായ ചിരൊദീപിനൊപ്പം വന്ന "ലൊഖി" അഥവാ "ലക്ഷ്മി"..പേര് ചോദിച്ചവരോടൊക്കെ അവൾ "ലൊഖി" എന്ന് പറഞ്ഞു..
ആ പേര് അംഗീകരിക്കാൻ നാട്ടുകാർക്കും വീട്ടുകാർക്കും നന്നേ ബുദ്ധിമുട്ടുള്ളത് കൊണ്ട് ദിവസങ്ങൾക്കകം അവൾ ചിത്രയായി. വിനീത് അവളെ ചിത്ര ചേച്ചി എന്ന് വിളിച്ചു. അച്ഛൻ ആ ബംഗാളിയെ പണിക്കു വച്ചതിനു പിന്നിൽ പല വിധ ഉദ്ദേശം ഉണ്ട്...തൊടിയിലെ ആരും താമസിക്കാൻ കൂട്ടാക്കാത്ത ഭ്രാന്തൻ മുറിയ്ക്കു കിട്ടാവുന്ന മോക്ഷം, നടുവൊടിയുന്ന വിധം പണിയെടുക്കാൻ തരത്തിൽ അച്ഛനപ്പൂപ്പന്മാർ വെട്ടിപ്പിടിച്ച കണ്ണെത്താത്തത്ര പറമ്പുകൾ... വീണൊടിഞ്ഞു പ്ലാസ്റ്റർ ഇട്ട കൈകൾ പോലെ ഒരേ സമയം സഹതാപവും പരിഹാസവും ഉളവാക്കിയ ഹിന്ദി പോലെ തോന്നിപ്പിച്ച ഭാഷയിൽ അച്ഛൻ പ്രസംഗിച്ചു...
"തും ലോഗ് അഭീ കേരളാ ലോഗ് ഹേ"...
വിനീതിൻറെ കൂടെ നഴ്സറിയിൽ പോകാൻ ചിത്ര ആഗ്രഹിച്ചു...കണ്ണ് തള്ളും വിധം കഥകൾ മെനഞ്ഞു അവൻ അവളെ എന്നും കൊതിപ്പിച്ചു.എന്നിട്ടും അതിരാവിലെ മുതൽ സ്കൂൾ വാൻ വരുന്നത് വരെ അവൻ ഉലകം മുഴുവൻ കുലുങ്ങും വിധം ചീറിപ്പൊളിച്ചു ബഹളം ഉണ്ടാക്കുന്നത് എന്തിനെന്നു അവൾക്കു ആദ്യമൊന്നും മനസിലായില്ല... തൊടിയിലെ ഗോമാവിനേയും ആവോളം കൂഴച്ചക്ക തന്ന കുറിയ പ്ലാവിനേയും ചേർത്ത് കെട്ടിയുണ്ടാക്കിയ കയറൂഞ്ഞാലിൽ, മനസ്സിലും കണ്ണിൽ ഇരുട്ട് കയറും വരെ അവർ ചവിട്ടിക്കുതിച്ചാടി...ആംഗ്യങ്ങളിലൂടെ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച ബന്ധം... "
പൊടിയെത്ര തട്ടിക്കുടഞ്ഞാലും പഴയ മണം മാറാത്ത ഭംഗിയുള്ള ഉടുപ്പുകൾ പോലെ ആയിരുന്നു ചില ബാല്യകാല സ്മരണകൾ.."വിനീത് ഫേസ്ബുക്കിൽ എഴുതി...
മാറി വന്ന ഓരോ ഋതുക്കളെയും അമ്പരപ്പിക്കും വിധം അവർ വളർന്നു. ഏട്ടൻ ചിരോദീപ് എന്നും പണികളിൽ വ്യാപൃതനായി..
നാട്ടിൽ നടന്ന ഒരു അറും ബലാൽ സംഘം ചെയ്തത് ഒരു ബംഗാളി ആണെന്ന് തെളഞ്ഞപ്പൊത്തൊട്ടു വീണു തറച്ച നോട്ടങ്ങൾ,കടത്തിണ്ണയിൽ തുണിയുരിപ്പിച്ച കുത്തുവാക്കുകൾ.. എന്നും എടുത്തു നടന്ന കുട്ടികൾ പോലും ഭയന്നോടിയ വഴികൾ..ഇരുട്ടിൽ കൊടും വിഷം ചീറ്റുന്ന പാമ്പുകളെക്കാൾ ചില സ്ത്രീകൾ പേടിച്ച വർഗ്ഗം..ചാനൽ ചർച്ചകൾ കേട്ട് ഭയം പൂണ്ട് ഇടയ്ക്കിടെ തന്നെ അഗ്നിപരീക്ഷയ്ക്കിരുത്തിയ വീട്ടുകാർ...മാനവ സേവയെ അത്യുന്നതിയിലാക്കിയ കവയിത്രി പോലുംവികാരധീനയായി... "നമുക്ക് ഭീഷണിയാണീ സാംസ്കാരിക മലിനീകരണം..."അന്നാദ്യമായി അന്നാട്ടിൽ അവൻ ഒരു അന്യനാണെന്നു അവനു തന്നെ തോന്നി. എന്തെന്നില്ലാത്ത ഒരുൾ ഭയം ഓരോ രാപ്പകലിലും അവനെ പിന്തുടർന്നു.. അച്ഛൻ അവനെ വിളിച്ചു "ചിത്രയെ നീ എവിടെയെങ്കിലും കൊണ്ടുപോയി വിടണം..ഞങ്ങൾക്ക് അവളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കഴിയില്ല..നിങ്ങൾക്കു മുഴുവൻ ഈ നാട്ടിൽ ചീത്ത പേരാണ്...നിനക്കു ഇവിടെ കഴിയാം." ചിരോയുടെ കണ്ണുകൾ കാട് വെട്ടിത്തെളിക്കാറായ പറമ്പിൻറെ അറ്റത്തെ പാതി പൊളിഞ്ഞ കൂരയിൽ ചെന്ന് തറച്ചു... ചിരൊ അസ്വസ്ഥൻ ആയിരുന്നു..അധികം വൈകാതെ അവനു അവനെത്തന്നെ നഷ്ടമായി കഴിഞ്ഞിരുന്നു..മാനസികരോഗചികിത്സ നൽകുന്ന പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വന്ന ഒരു മേഡം സ്വകാര്യമായി പറയുന്നത് കേട്ടു.." സത്യം പറയാലോ സാറേ..ഈ ഉപമ പാടില്ല..എങ്കിലും പറയുകയാ..അസുഖം ബാധിച്ച ഒരു കാവൽ നായയെ പോലെ ആണ് അയാൾ അവിടെ..." പിറ്റേ ദിവസം സമയം തെറ്റാതെ ക്ലിനിക്കിൽ വന്നപ്പോൾ മനോരോഗ വിദഗ്ദൻ മധുപാൽ ചോദിക്കാതെ തന്നെ അച്ഛൻ പറഞ്ഞു..."ബന്ധു ഒന്നും അല്ല..ഒരു ബംഗാളി ആണ്.ഞങ്ങൾ നോക്കുന്നത് കൊണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നു.എന്തൊക്കെ പുകിലാ ഇവമ്മാരെക്കൊണ്ടു.നമ്മുടെ സംസ്കാരത്തിന് പറ്റില്ല." കാലാ കാലങ്ങളായി കൈകളിൽ തേങ്ങ പൊളിച്ചു കൊപ്ര പൂളിയെടുത്തതിൻ്റെ തഴമ്പിൽ സ്വന്തം കൈ
അമർത്തി വെച്ച് യജമാനനെ നോക്കി ചിരോ പുഞ്ചിരിച്ചു..."ഇവൻ ഇങ്ങനെയാ..വെറുതെ ചിരിയ്ക്കും" അച്ഛൻ പിറുപിറുത്തു.. "കാവൽ നായ യജമാനനയോ യജമാനൻ കാവൽ നായയെയോ ശെരിക്കും കാക്കുന്നത്!!!" ഡോക്ടർ മധുപാൽ അന്ന് ഡയറിയിൽ കുറിച്ചു..
ഏറെ വൈകിയും ദ്വിജൻ മുഖോപധ്യായ് അപ്പോഴും വിനീതിൻ്റെ അമർച്ച ചെയ്യപ്പെട്ട ചിന്തകളുടെ വ്യത്യസ്ത തലങ്ങളിൽ ഭാങ്കു പോലെ ഒഴുകാൻ തുടങ്ങി.ശില പോലെ ഉറച്ചു പോയവ ഉരുകാൻ തീജ്വാല തന്നെ വേണം എന്നില്ലല്ലോ...
"നിൻറെ ജോലിയ്ക്ക് കൊഴപ്പം വരില്ല...മാത്യു സാർ പറഞ്ഞിട്ടുണ്ട്...നാട്ടിലേക്ക് ഓടി വരാതെ ഗൾഫിൽത്തന്നെ പിടിച്ച് നിൽക്കൂ..." അച്ഛൻ ഫോൺ കട്ട് ചെയ്തു.. ചിത്രയെയും ചിരോയെയും പോലെ ദാരിദ്ര്യം മാത്രം അല്ലല്ലോ നമ്മളെ പലരെയും ഈ മരുഭൂമിയിൽ കൊണ്ടെത്തിക്കുന്നത്...അച്ഛനോടതു പറഞ്ഞില്ല..
ഇടവേളയിൽ എപ്പോഴോ ഫേസ്ബുക്ക് തുറന്നു നോക്കിയപ്പോൾ ഒന്ന് രണ്ടു പോസ്റ്റിനു താഴെ ആരുടെയോ ഒരു അപ്ഡേറ്റ് ... "ലോകമേ തറവാട്, തനിക്കീ
ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തൻ കുടുംബക്കാര്‍..........
" ഇരുട്ടു മൂടിയ കണ്ണുകളിൽ ചിലർ വിളിക്കാതെ വീണ്ടും വന്നിരിക്കുന്നു....
By: Divya nambiar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക