Showing posts with label ദിവ്യനമ്പ്യാർ. Show all posts
Showing posts with label ദിവ്യനമ്പ്യാർ. Show all posts

തിരസ്‌കൃതർ....


ജനിച്ചതെങ്ങനെ ഞാനീ തുരുത്തിൽ
തിരക്കു ഭക്ഷിച്ച വൻകരയ്ക്കുള്ളിൽ
നിൻ വിയർപ്പുതുള്ളികളറിയാതെയെന്നെ 
വെറുതെ തള്ളുവാനെങ്ങനെ തോന്നി...
ജ്വലിച്ചു പൊങ്ങുന്ന തീയിലിരുട്ടിൽ
തിണർപ്പു ബാധിച്ച പ്രജ്ഞ മറന്നു...
വിളിപ്പുറത്തുള്ള വികാരക്കുളിരിൽ
വിലങ്ങു ഭേദിച്ച മാംസങ്ങൾ നിങ്ങൾ...
വരും വരായ്കകൾ കാണാതെയന്നാ-
വിധിയൊരുത്തനെ പഴിയും പറഞ്ഞു
വഴുതി വീണു പിടഞ്ഞു മരിച്ചൂ
കരുതലില്ലാത്ത സീതായനങ്ങൾ...
മതിഭ്രമത്തിൻറെ ചോരഛർദ്ദിക്കാൻ
മരണ വേഗത്തിലോടുന്നു നിങ്ങൾ
നിഴൽത്തിരക്കിൽ മെതിച്ചു നശിച്ചാ-
ഇതളുകൾ പോയൊരിഷ്ടമാല്യങ്ങൾ
വിശപ്പുനക്കിയ വിവേകപ്പഴുതിൽ
വിലങ്ങുമായി വന്ന വാക്കുകളെല്ലാം
തുറിച്ചു നോക്കുന്നു ചുറ്റിലും നിങ്ങൾ ഹൃത്തി-
ന്നെഴുത്തറിയാത്ത അഭ്യസ്തവിദ്യർ
മടുപ്പു തീർക്കുന്നു മൂഢരാം നിങ്ങൾ
കണക്കു കൂട്ടാതെ പെറ്റുകൂട്ടുന്നോർ..
ഒടുവില്ലെല്ലാം കഴിഞ്ഞീ നിരത്തിൽ
തളിർത്ത ബാല്യം കുഴിച്ചു മൂടുന്നു..
എനിക്ക് വേണ്ടാത്ത ജന്മത്തിലെന്നെ
തളച്ചു മൂകരായ് രാജ്യം വെടിഞ്ഞു...
നീ പൊടുന്നനെ ഇന്ന് പൊട്ടി മുളപ്പൂ
ഈ നഗരമെന്നെ പടിയിറക്കുമ്പോൾ..
കറുത്ത രക്തം തിളയ്ക്കുന്ന മർത്യർ
തിരക്കു കൂട്ടുന്നു കാമം രചിക്കാൻ...
വിളിച്ചു കൂട്ടുവാനില്ലെൻറെ വാക്കിൽ
മനുഷ്യനൊന്നിന്റെ പേരുകൾ പോലും..
നെരിപ്പു പണ്ടേയെരിച്ചെന്റെ ഉള്ളിൽ
നീ പുകച്ചു കത്തിച്ചയാക്ഷേപവാക്യം...
നിരത്തി വച്ചിതാ കാവ്യം രച്ചിപ്പൂ എൻ
പിതൃത്വമറിയാത്ത കാലാന്തരങ്ങൾ...
എനിക്ക് നിശ്ചയം വേണമീ ജന്മം ഞാൻ
കൊതിച്ചൊരിത്തിരി പൊതിച്ചോറ് നൽകാൻ
രുചിച്ചു തീരാത്ത വീഞ്ഞുണ്ട് ഭൂമിയിൽ
രസത്തിനായാൽപ്പം ദുഖവും ചേർക്കാം
തൊലിപ്പുറങ്ങളും രക്തബന്ധങ്ങളും
മറന്നു നിങ്ങൾ വരികെൻറെ ചാരെ..
കണക്കു ചൊല്ലാതെ പങ്കിടാനറിയാം
കനിവിനാൽ വെന്ത പാഥേയമെന്നും..
വിശന്നവനല്ലേ പാടുവാനറിയൂ
വരണ്ട ഹൃത്തിന്റെ പട്ടിണിപ്പാട്ടുകൾ
തളർന്നു വീഴില്ലൊരിക്കലും വെയിലിൽ
തിരസ്‌കൃതർ നമ്മൾ കനലിൽ കിളിർത്തവർ....
ദിവ്യ...

വിളിക്കാതെ വന്നുപോയവർ....


അപക്വമായ എന്തോ ഒന്ന് മനസ്സിൽ  സംഭവിക്കുന്നത്‌ പോലെ തോന്നി.
കണ്ണിൽ തത്തിക്കളിക്കാൻ തുടങ്ങിയത്,  ഇനി മേൽ  കടന്നു വരില്ലെന്ന് തോന്നിയതാണ്.
 ഇന്നിപ്പോ ക്ഷണിക്കാതെ തന്നെ വന്നിരിക്കുന്നു. 
"ആൺ കുട്ടികൾ കരയാൻ പാടില്ലല്ലോ..."അവനെക്കാളും മുതിർന്ന പ്രണയിനി അവനെ കളിയാക്കി.  
കണ്ടത് ചിത്രച്ചേച്ചിയെ തന്നെ ആയിരുന്നു എന്ന് വിനീതിനു നല്ല ഉറപ്പായിരുന്നു. സംസ്ഥാന യുവജനോത്സവ൦ നടക്കുന്ന ഗ്രൗണ്ടിൽ  തമ്മിൽ ഒരു  നിമിഷം കണ്ടു.പൊടി മൂടി മങ്ങിയ കാഴ്ചകൾക്കുള്ളിൽ പരസ്പര൦ കാണാത്ത പോലെ അവർ  നടന്നു നീങ്ങി. അവൻ അന്ന് പത്തു വയസ്സുള്ള ഒരു കുട്ടിയായിരുന്നില്ല. "ഞാൻ ആളാകെ മാറിപ്പോയല്ലേ ശ്യാമേ? ചിത്ര ചേച്ചി തിരിച്ചറിയാൻ ബുദ്ധിമുട്ടും വണ്ണം എന്നെ നോക്കിയപ്പോൾ ആണ് എനിക്കത് മനസിലായത്."  
എന്നത്തേയും പോലെ നട്ടുച്ചയ്ക്ക് ഒരു കുടത്തണൽ പോലും ഇല്ലാതെ നടന്നു  പോകുന്ന സ്ത്രീ  ചിത്ര ചേച്ചിയാണെന്നറിയിക്കാൻ  കാല൦ വിസമ്മതിച്ചില്ല .തുള  വീണു നശിച്ച ബന്ധങ്ങളെ നൊമ്പരപ്പെട്ടു കുടിയിറക്കി വിട്ട് ഒരു തുളയിലൂടെ  തന്നെ ഒളിഞ്ഞു നോക്കിച്ച ജീവിത യാത്രകൾ.. 
ന്യൂ ജൽപായഗുഡിയിലെ  ഒരുൾനാടൻ ദരിദ്ര ഗ്രാമത്തിൽ നിന്നും തൻ്റെ കുഞ്ഞാങ്ങളയായ ചിരൊദീപിനൊപ്പം   വന്ന "ലൊഖി" അഥവാ "ലക്ഷ്മി"..പേര് ചോദിച്ചവരോടൊക്കെ അവൾ "ലൊഖി" എന്ന്  പറഞ്ഞു..
 ആ പേര് അംഗീകരിക്കാൻ നാട്ടുകാർക്കും വീട്ടുകാർക്കും നന്നേ  ബുദ്ധിമുട്ടുള്ളത് കൊണ്ട് ദിവസങ്ങൾക്കകം അവൾ ചിത്രയായി. വിനീത് അവളെ ചിത്ര  ചേച്ചി എന്ന് വിളിച്ചു. അച്ഛൻ ആ ബംഗാളിയെ പണിക്കു വച്ചതിനു പിന്നിൽ  പല വിധ ഉദ്ദേശം ഉണ്ട്...തൊടിയിലെ ആരും താമസിക്കാൻ കൂട്ടാക്കാത്ത ഭ്രാന്തൻ  മുറിയ്ക്കു കിട്ടാവുന്ന മോക്ഷം, നടുവൊടിയുന്ന വിധം പണിയെടുക്കാൻ തരത്തിൽ  അച്ഛനപ്പൂപ്പന്മാർ വെട്ടിപ്പിടിച്ച കണ്ണെത്താത്തത്ര പറമ്പുകൾ...  വീണൊടിഞ്ഞു പ്ലാസ്റ്റർ ഇട്ട കൈകൾ പോലെ ഒരേ സമയം സഹതാപവും പരിഹാസവും  ഉളവാക്കിയ ഹിന്ദി പോലെ തോന്നിപ്പിച്ച ഭാഷയിൽ അച്ഛൻ പ്രസംഗിച്ചു...
 "തും ലോഗ് അഭീ കേരളാ ലോഗ് ഹേ"...  
വിനീതിൻറെ കൂടെ നഴ്സറിയിൽ പോകാൻ ചിത്ര  ആഗ്രഹിച്ചു...കണ്ണ് തള്ളും വിധം  കഥകൾ മെനഞ്ഞു അവൻ അവളെ എന്നും കൊതിപ്പിച്ചു.എന്നിട്ടും അതിരാവിലെ മുതൽ  സ്കൂൾ വാൻ വരുന്നത് വരെ അവൻ ഉലകം മുഴുവൻ കുലുങ്ങും വിധം ചീറിപ്പൊളിച്ചു  ബഹളം ഉണ്ടാക്കുന്നത് എന്തിനെന്നു അവൾക്കു ആദ്യമൊന്നും മനസിലായില്ല...  തൊടിയിലെ  ഗോമാവിനേയും ആവോളം കൂഴച്ചക്ക തന്ന  കുറിയ പ്ലാവിനേയും ചേർത്ത്  കെട്ടിയുണ്ടാക്കിയ കയറൂഞ്ഞാലിൽ, മനസ്സിലും കണ്ണിൽ ഇരുട്ട് കയറും വരെ അവർ  ചവിട്ടിക്കുതിച്ചാടി...ആംഗ്യങ്ങളിലൂടെ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച  ബന്ധം... " 
പൊടിയെത്ര  തട്ടിക്കുടഞ്ഞാലും  പഴയ മണം മാറാത്ത  ഭംഗിയുള്ള ഉടുപ്പുകൾ പോലെ ആയിരുന്നു ചില ബാല്യകാല സ്മരണകൾ.."വിനീത്  ഫേസ്ബുക്കിൽ എഴുതി... 
മാറി വന്ന ഓരോ ഋതുക്കളെയും അമ്പരപ്പിക്കും വിധം അവർ വളർന്നു. ഏട്ടൻ ചിരോദീപ് എന്നും പണികളിൽ വ്യാപൃതനായി.. 
 നാട്ടിൽ നടന്ന ഒരു അറും ബലാൽ സംഘം ചെയ്തത് ഒരു ബംഗാളി ആണെന്ന്  തെളഞ്ഞപ്പൊത്തൊട്ടു വീണു തറച്ച നോട്ടങ്ങൾ,കടത്തിണ്ണയിൽ തുണിയുരിപ്പിച്ച  കുത്തുവാക്കുകൾ.. എന്നും എടുത്തു നടന്ന കുട്ടികൾ പോലും ഭയന്നോടിയ  വഴികൾ..ഇരുട്ടിൽ കൊടും വിഷം ചീറ്റുന്ന പാമ്പുകളെക്കാൾ ചില സ്ത്രീകൾ പേടിച്ച  വർഗ്ഗം..ചാനൽ ചർച്ചകൾ കേട്ട് ഭയം പൂണ്ട് ഇടയ്ക്കിടെ തന്നെ  അഗ്നിപരീക്ഷയ്ക്കിരുത്തിയ വീട്ടുകാർ...മാനവ സേവയെ അത്യുന്നതിയിലാക്കിയ  കവയിത്രി പോലുംവികാരധീനയായി...  "നമുക്ക് ഭീഷണിയാണീ സാംസ്കാരിക  മലിനീകരണം..."അന്നാദ്യമായി അന്നാട്ടിൽ അവൻ ഒരു അന്യനാണെന്നു അവനു തന്നെ  തോന്നി. എന്തെന്നില്ലാത്ത ഒരുൾ ഭയം ഓരോ രാപ്പകലിലും അവനെ പിന്തുടർന്നു..  അച്ഛൻ അവനെ വിളിച്ചു "ചിത്രയെ നീ എവിടെയെങ്കിലും കൊണ്ടുപോയി  വിടണം..ഞങ്ങൾക്ക് അവളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ  കഴിയില്ല..നിങ്ങൾക്കു മുഴുവൻ ഈ നാട്ടിൽ ചീത്ത പേരാണ്...നിനക്കു ഇവിടെ  കഴിയാം." ചിരോയുടെ  കണ്ണുകൾ കാട് വെട്ടിത്തെളിക്കാറായ പറമ്പിൻറെ  അറ്റത്തെ പാതി പൊളിഞ്ഞ കൂരയിൽ ചെന്ന് തറച്ചു... ചിരൊ അസ്വസ്ഥൻ  ആയിരുന്നു..അധികം വൈകാതെ അവനു അവനെത്തന്നെ  നഷ്ടമായി  കഴിഞ്ഞിരുന്നു..മാനസികരോഗചികിത്സ നൽകുന്ന പാലിയേറ്റീവ് കേന്ദ്രത്തിൽ  നിന്നും വന്ന ഒരു മേഡം സ്വകാര്യമായി പറയുന്നത് കേട്ടു.." സത്യം പറയാലോ  സാറേ..ഈ ഉപമ പാടില്ല..എങ്കിലും പറയുകയാ..അസുഖം ബാധിച്ച ഒരു കാവൽ നായയെ പോലെ  ആണ് അയാൾ അവിടെ..." പിറ്റേ ദിവസം സമയം തെറ്റാതെ ക്ലിനിക്കിൽ  വന്നപ്പോൾ മനോരോഗ വിദഗ്ദൻ മധുപാൽ ചോദിക്കാതെ തന്നെ അച്ഛൻ പറഞ്ഞു..."ബന്ധു  ഒന്നും അല്ല..ഒരു ബംഗാളി ആണ്.ഞങ്ങൾ നോക്കുന്നത് കൊണ്ട് ഇങ്ങനെ ജീവിച്ചു  പോകുന്നു.എന്തൊക്കെ പുകിലാ ഇവമ്മാരെക്കൊണ്ടു.നമ്മുടെ സംസ്കാരത്തിന്  പറ്റില്ല." കാലാ കാലങ്ങളായി  കൈകളിൽ തേങ്ങ പൊളിച്ചു കൊപ്ര പൂളിയെടുത്തതിൻ്റെ തഴമ്പിൽ സ്വന്തം കൈ
 അമർത്തി വെച്ച് യജമാനനെ നോക്കി ചിരോ പുഞ്ചിരിച്ചു..."ഇവൻ ഇങ്ങനെയാ..വെറുതെ ചിരിയ്ക്കും" അച്ഛൻ പിറുപിറുത്തു.. "കാവൽ നായ യജമാനനയോ യജമാനൻ കാവൽ നായയെയോ ശെരിക്കും കാക്കുന്നത്‌!!!" ഡോക്ടർ മധുപാൽ അന്ന് ഡയറിയിൽ കുറിച്ചു..  
ഏറെ വൈകിയും ദ്വിജൻ മുഖോപധ്യായ് അപ്പോഴും വിനീതിൻ്റെ അമർച്ച ചെയ്യപ്പെട്ട  ചിന്തകളുടെ  വ്യത്യസ്ത തലങ്ങളിൽ ഭാങ്കു പോലെ ഒഴുകാൻ തുടങ്ങി.ശില പോലെ ഉറച്ചു പോയവ ഉരുകാൻ തീജ്വാല തന്നെ വേണം എന്നില്ലല്ലോ... 
 "നിൻറെ ജോലിയ്ക്ക് കൊഴപ്പം വരില്ല...മാത്യു സാർ  പറഞ്ഞിട്ടുണ്ട്...നാട്ടിലേക്ക് ഓടി വരാതെ ഗൾഫിൽത്തന്നെ പിടിച്ച്  നിൽക്കൂ..." അച്ഛൻ ഫോൺ കട്ട് ചെയ്തു.. ചിത്രയെയും ചിരോയെയും പോലെ ദാരിദ്ര്യം മാത്രം അല്ലല്ലോ നമ്മളെ പലരെയും ഈ മരുഭൂമിയിൽ കൊണ്ടെത്തിക്കുന്നത്...അച്ഛനോടതു പറഞ്ഞില്ല.. 
ഇടവേളയിൽ എപ്പോഴോ ഫേസ്ബുക്ക്  തുറന്നു നോക്കിയപ്പോൾ ഒന്ന് രണ്ടു പോസ്റ്റിനു താഴെ ആരുടെയോ ഒരു  അപ്ഡേറ്റ് ... "ലോകമേ തറവാട്, തനിക്കീ 
 ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തൻ  കുടുംബക്കാര്‍..........
" ഇരുട്ടു  മൂടിയ കണ്ണുകളിൽ ചിലർ വിളിക്കാതെ വീണ്ടും വന്നിരിക്കുന്നു.... 

By: Divya nambiar

സ്നേഹഗാഥ



എത്ര വട്ടം പറഞ്ഞു ഞാൻ നിന്നോട്
നിഷ്ഠൂരമാം നിൻ ചെയ്തികൾ കണ്ടിട്ടും..
സാന്ത്വനം എന്നൊന്നില്ല; ഓർമ്മകൾക്കെന്തു 
വാശിയിതല്ലോ ദുസ്സഹം...
കണ്ടു മടുത്ത മുഖങ്ങൾ തൻ വെന്തു 
വെണ്ണീറാക്കും നോട്ടങ്ങളെന്നെ,
പിന്തിരിപ്പിക്കുന്നിതീയിടെ
നർമ്മ സല്ലാപവും ചിന്തകളറ്റതായ്...
നീരുറവകൾ കണ്ടു കൊതിച്ചിട്ടോ?
ദാഹംഎനിക്കതേറെയുണ്ടായിട്ടോ?
ഓടിയടുത്തു ഞാൻ വേച്ചും കിതച്ചുമാ -
പാറമടകൾ പോറലേൽപ്പിച്ചിട്ടും..
ചെന്നടുക്കാത്ത കൊമ്പിനോടന്നു ഞാൻ 
സ്നേഹമോതിത്തളർന്നു ഞാൻ കീഴിലെ-
പൂമരത്തോടു നീതി കാട്ടാതെയാ-
പ്പാല മേലെ തളച്ചൂ ഞാൻ മോഹങ്ങൾ..
കണ്ടതില്ല തെളിജലം മെല്ലെയെൻ സന്നമാം
മുഖം ആഴ്ന്നിറക്കി വൃഥാ
കണ്ടു കൊള്ളേണ്ടതില്ലല്ലോ ദൂരെയായി
പൂഴ്ത്തി വച്ചൊരാ ഔഷധക്കൂട്ടുകൾ...
തെല്ലൊരു ശാന്തിയില്ലാ ഹൃദയത്തിൽ
മുള്ളു പോലെ നീ കോറി വരച്ചൊരാ-
ചോര ചീന്തും ചുവർച്ചിത്രങ്ങളെൻ
ജീവനെ പിൻവിളിക്കുന്നു പിന്നെയും...
തെല്ലൊരു ശാന്തിയില്ലാ
നിൻ ഹൃദയത്തിൻ താഴുകളെല്ലാം നിദ്രയിലാഴുമ്പോൾ
ഉണ്ടുറങ്ങാതെ കാവലിരുന്നു ഞാൻ
നിൻ സ്നേഹം പൂശിയ ദ്രവ്യങ്ങൾ കാക്കുവാൻ..
ഒന്ന് രാവ് പുലർത്തുവാനാവാതെ തിങ്ങി നിൽക്കുന്നു
മേഘങ്ങൾ മേൽക്കു മേൽ...
കണ്ണിലാകെ തളം കെട്ടി നിൽക്കുന്ന
ക്ലാവ് ചുംബിച്ച കണ്ണുനീർ പൊയ്കകൾ...
ജീവിതത്തോട് മല്ലിടിക്കുന്ന ഞാൻ
ജീവനില്ലാതെ പോൽ വാഴുന്നു നാൾക്കു നാൾ
അസ്തമിക്കാനായ് പോകുമ്പോഴെങ്കിലും
നൽകുക നീയാ ഔഷധക്കൂട്ടുകൾ...
ഇത്തിരി നേരമെങ്കിലും അന്നെനി-
ക്കൊത്തിരി സ്നേഹമുണ്ണണം നിശ്ചയം
ഇഷ്ട ദാനമായി തന്നില്ലയെങ്കിലും
കഷ്ടമെന്നോർത്തെങ്കിലും മതി..
വർഷമേറെ കഴിഞ്ഞെങ്കിലും നീയാ
വാക്കുകളെ കുഴിച്ചു നോക്കീടുക
അക്ഷരങ്ങളലിവോടെ നിൻ വിരൽ
സ്പർശമേൽക്കാൻ ധൃതിപ്പെടും നിശ്ചയം
വിണ്ടു കീറിച്ചിതറിയ വാക്കുകൾ നീ 
വെറുതെയെങ്കിലും ചേർത്തൊന്നു വായ്ക്കുക
അക്ഷരങ്ങൾ തൻ ആത്മാവിൽ ആനന്ദ
നൃത്തമാടുന്ന പ്രണയഗാഥകൾ തേടുക...
A poem by,
Divya nambiar

നിർവാണം...


ഞാൻ മരിച്ചു നമ്മളായി
നമ്മൾ മരിച്ചു വീണ്ടും ഞാനാവാ-
ത്തൊരു പ്രയാണം
നമ്മളായിരിക്കുന്നിടത്തു
ശൂന്യതയിൽ നിറങ്ങളും
മൗനത്തിൽ ചിന്തകളുമുണ്ടായിരുന്നു
നിത്യം...
ഒരൊറ്റ സൂര്യനെ നെഞ്ചിലേറ്റി,
ഒരൊറ്റ വെളിച്ചത്തിൽ ഉറക്കമുണർന്നു
തകർത്തെറിഞ്ഞ കയ്യാലപ്പൊക്കത്തിൽ
മരങ്ങൾ നട്ടു, ജീവജലം നൽകി
ഒന്നല്ല ഒരായിരം വൃക്ഷങ്ങൾ..
നിർവൃതി...
കണ്ണിൽ ഇരുട്ടും മനസ്സിൽ വെളിച്ചവുമായി
ദിശ നോക്കാതൊഴുകി
ഒന്നിൽ നിന്ന് പലതായി
പല ജന്മാന്തരങ്ങളിലായ്...
നിരന്തരം...
ചിതറിയ ആകാശം ചേർത്തു കെട്ടി
തണലുണ്ടാക്കി
ചിന്തകൾക്ക് ചിറകു നൽകി,
പറത്തി വിട്ടൊരു പട്ടം പോൽ
ഹാ! ഇതെന്തു സ്വാതന്ത്രം.
നിർവാണം...
Divya.....

പിറവി...


“നേരം ഒരുപാടു ഇരുട്ടി തുടങ്ങിയിരുന്നു...രാവിലെ ഉണരാനേ പറ്റുന്നില്ല..നല്ല ക്ഷീണം! 'അന്ന' പറയുന്നത് അവൾക്കൊരു ഉന്മേഷവും തോന്നുന്നില്ലെന്നാണ്.മറുപടിയായി റോസമ്മ ഒന്ന് മൂളി.പറഞ്ഞത് "അന്ന" ആയതുകൊണ്ട് ശരിയായിരിക്കും എന്ന് റോസമ്മയ്ക്ക് തോന്നി.ഉന്മേഷം ഒട്ടും തോന്നിയില്ലെങ്കിലും അന്ന മുറതെറ്റാതെ പ്രാർത്ഥിക്കാനിരുന്നു. പ്രാർത്ഥിച്ചിട്ട്‌ ഒരു കാര്യവുമില്ല എന്ന് അവൾ തന്നെ മുദ്ര കുത്തിയ പല കാര്യങ്ങളും മനസ്സിലേയ്ക്കു കടത്താതെ തന്നെ മൗനത്തിലേക്ക് ചേക്കേറാൻ അവൾക്കു മാത്രമല്ല അവിടെത്തെ പലർക്കും തന്നെ കാലാ കാലങ്ങളായി കഴിഞ്ഞിരുന്നു..ഒരു കണക്കിന് പറഞ്ഞാൽ ദൈവത്തെ ഒട്ടും തന്നെ ബുദ്ധിമുട്ടിക്കാതെ അവർ അവിടെ തളം കെട്ടി നിൽക്കാൻ തുടങ്ങീട്ടു ഒട്ടനവധി വർഷങ്ങൾ!!
ഡിസംബർ പകുതിയായി കഴിഞ്ഞു.വശ്യമായ തണുത്ത പ്രഭാത0 കമ്പിളിപ്പുതപ്പുകൾ ഓരോന്നും അഴിച്ചു മാറ്റി സൂര്യ രശ്മികളിൽ അലിഞ്ഞു ചേരാൻ ധൃതിപ്പെടുന്നു ...ഒരു നീണ്ട രാവിനു ശേഷം അങ്ങനെ ഒരു പകൽ.. കണ്ണഞ്ചിക്കുന്ന വർണ്ണ ശബളിമയോടെ എല്ലാ കൊല്ലവും ഡിസംബർ ഞൊടിയിടയിൽ വന്നു പോയി..മനസിൻറെ വേദനകളെ മരവിപ്പിച്ച ഡിസംബർ..അവൾ ഡിസംബറിനോട് കടപ്പെട്ടിരുന്നു..
'അന്ന' ഒരു സനാഥ ആയിരുന്നു..കൂടെപ്പിറപ്പായി ഒരു ചേച്ചി മാത്രം കൂടെയുള്ള ഒരു സനാഥ..കുട്ടിക്കാലത്ത്, കണ്ണുകൾ ഇറുക്കി അടച്ച് അവൾ ബൈബിളിലെ ഏതെങ്കിലും ഒരു പേജ് തുറക്കും..വീണ്ടും കണ്ണ് തുറക്കാതെ, വചനങ്ങളിൽ ഏതിലെങ്കിലും ചൂണ്ടു വിരൽ കുത്തി, എന്തോ വലിയ സമ്മാനം കിട്ടാൻ പോകുന്ന വണ്ണം തിടുക്കത്തിൽ കണ്ണ് തുറന്നു അത് തിടുക്കത്തിൽ വായിക്കും .. എന്തൊക്കെയോ വിരൽതുമ്പിൽ നേടിക്കഴിഞ്ഞെന്നുറച്ച് ഉന്തിത്തള്ളി തീർത്ത ബാല്യം...
ചെമ്പിച്ച് നീണ്ട മുടിയിഴകൾ വാരി വലിച്ചു കെട്ടി വച്ച് ഒരു കുഞ്ഞു പാവാടയും പഴകിപ്പിഞ്ഞിയ ജോർജെറ്റ് ബ്ലൌസുമിട്ടു ഒരു താറാവിനെ പോലെ നടന്നു നീങ്ങിയ അവളേ പലർക്കും എടുത്തു ലാളിക്കാൻ തോന്നി...അവൾ അവരോടു തൻറെ കേടു പറ്റാത്ത കുഞ്ഞു പല്ലുകൾ കാട്ടി ചിരിച്ചു...അങ്ങനെ ചിരിച്ചു നില്ക്കുന്ന ഒരു ഫോട്ടോ, പള്ളിയിൽ തിയോളജി റിസർച്ചിന്റെ ഭാഗമായി വന്ന ഒരു വിദേശി അച്ചൻ അവൾക്കു സമ്മാനിച്ചതാണ്‌..അന്ന് തൊട്ടു കണ്ണടച്ച് പ്രാർഥിക്കുമ്പോൾ ഒക്കെ മനസ്സിൽ കടന്നു വന്ന കർത്താവിന്റെ രൂപം അദ്ദേഹത്തിന്റെ ആയിരുന്നു.

വലുതായപ്പോൾ, അവൾ കൂടുതൽ സംസാരിക്കാനിഷ്ടപ്പെട്ടത്‌ അവളുടെ ഭാഷയിൽ തന്നെ തിരിച്ചുത്തരം കൊടുക്കാത്തവരോടായിരുന്നു..പ്രാവുകളോടും കടലിനോടും മഴയോടും ഇരുട്ടിനോടും പ്രാർത്ഥനാമുറിയിലെ ക്രിസ്തു ബിംബത്തോടും അവൾ സംസാരിച്ചു..സംവദിച്ചു..പരാതിപ്പെട്ടു..പുച്ഛിച്ചു..അവൾക്കു മുൻപിലും പിന്നിലും കാലം വഴി തെറ്റിയതും മറ്റുള്ളവരെ വഴി തെറ്റിച്ചതും അന്നയുടെ മുൻ വിഷയങ്ങളായി..
ഒരിക്കൽ ധ്യാനം കൂടാൻ ദൂരെയുള്ള ഒരു പള്ളിയിലേക്ക് കോൺവെൻറിലെ ഒരു സിസ്റ്ററിന്റെ കൂടെ ട്രെയിനിൽ യാത്ര പോകുമ്പോൾ, അരണ്ട വെളിച്ചത്തിൽ പ്ലാട്ഫോമിന്റെ കുറച്ചു അപ്പുറത്ത് കുറെ നാടോടികൾ കൂട്ടമായി ഇരിക്കുന്നത് കണ്ടു..നിലത്തു കാലുറയ്ക്കാതെ പാറിക്കളിച്ച നാടോടി കുട്ടികൾ..പുറത്തു നല്ല മഴക്കോൾ..കൊളുത്തി വച്ച വിളക്കിൽ ഒരു കൂസലും ഇല്ലാതെ എണ്ണ കുടിച്ചുo കൊണ്ട് തിരി എരിയുന്നു അവിടെയെങ്ങും ''കൃഷ്ണാ മുകുന്ദാ'' വിളികൾ കാറ്റിൽ പലയിടത്തേക്കും ഒഴുകിപ്പരന്നു...മിന്നൽ വെളിച്ചത്താൽ തീക്ഷ്ണമായ കണ്ണുകൾ കൂടുതൽ തെളിഞ്ഞു കണ്ടപ്പോൾ കുഞ്ഞുങ്ങളെ മാലാഖമാരെ പോലെ തോന്നിച്ചു.. ചേറും വിയർപ്പും കഴുകിക്കളഞ്ഞു പരാതിയോ പരിഭവമോ ഒന്നുമില്ലാതെ എന്നത്തേയും പോലെ അന്നും ദൈവത്തെ വിളിച്ച, ഏതൊരു അരക്ഷിതാവസ്ഥയിലും ദൈവത്തെ പ്രാർഥിക്കാൻ മടികാണിക്കാത്ത ആ ഒരു കൂട്ടം ആളുകളെ കണ്ടപ്പോൾ ഒരുപക്ഷെ ദൈവത്തെക്കാൾ ശ്രേഷ്ഠരെന്നു അന്നയ്ക്കു തോന്നി....
അന്നയുടെ ചേച്ചി "ആനി" അവൾ ഒരു മൗനി ആയിരുന്നു..എന്നും ചിട്ടകളിൽ ഒതുങ്ങി കൂടി അവൾ വേവലാതിപ്പെട്ടു ജീവിച്ചു...പാപം ചെയ്തവർ നരകത്തിൽ എത്തിച്ചേരും എന്ന തത്വത്തെ അവൾ ഭയപ്പെട്ടു...അതവളുടെ ഓജസ്സിനെ വലിച്ചു മുറുക്കി ചങ്ങലകൾക്കുള്ളിലെ ഭ്രാന്തിയാക്കി...'ആപേക്ഷികത'യിൽ അവൾ ഒട്ടും 
വിശ്വസിച്ചില്ല..ആനിയുടെ ലോകം കണക്കുകൂട്ടലുകളിൽ കുരുങ്ങിക്കിടന്നു..
ആനി വെളിച്ചത്തെ പേടിച്ചു .."നിനക്കെപ്പോഴും ഈ ജനവാതിൽ ഇങ്ങനെ തുറന്നാലെ സമാധാനാവൂ..എനിക്കാണെങ്കിൽ വെളിച്ചം ഇത്തിരി കൂടുതൽ കണ്ടാ ചെന്നിക്കുത്താ!!!"ഇല്ലാത്ത വേദനകളെ ഒന്നടങ്കം അനുഭവിച്ച മട്ടിൽ അവൾ നെടുവീർപ്പിട്ടു..

സമൂഹ വിവാഹം നടത്താൻ പള്ളി തീരുമാനിച്ചപ്പൊ ആനിയ്ക്കും ഒരു വരൻ ഉണ്ടായി....ത്രേസ്യാമ്മച്ചിയുടെ വാക്കുകൾ അവൾ മൗനം പാലിച്ചു കേട്ട് നിന്നു..പെണ്ണിന് ജന്മം പാഴാവാതെ പോണെങ്കിൽ ആന്തൊണ വേണം...കൊച്ചേ, പിന്നെ 2 മൂന്നു കൊച്ചുങ്ങൾ!!! അതൊക്കെ ആയാലേ കർത്താവു തന്ന ജന്മത്തിന് നീ കടപ്പെട്ടവൾ ആവു..." പുണ്യ പാപ പട്ടികയിൽ കണക്കു കൂട്ടിയപ്പോൾ അവർ പറഞ്ഞത് എത്ര ശരിയെന്നു അവൾക്കും തോന്നി..പെയ്തുകൊണ്ടിരുന്ന മഴ വീണു കുതിർന്ന പള്ളി മുറ്റത്തെ വലിയ മണി അപ്രതീക്ഷിതമായി ശബ്ദിച്ചത് അവൾ മുഖവിലയ്ക്കെടുത്തു..നെറ്റിയിൽ ചെറുതായിറ്റു വീണ മഴത്തുള്ളികൾ അവളിൽ ആദ്യമായി ഇക്കിളി ഉണ്ടാക്കി...
തോമസ്‌ ഒരു അധ്വാനിയായിരുന്നു അയാൾ എന്നും പണിയ്ക്ക് പോയിരുന്നു..പണിചെയ്തു കിട്ടിയ കൂലി ഓരോ ദിവസവും പെറ്റു പെരുകി..ദുസ്വഭാവം ഒട്ടും തന്നെ ഇല്ലാത്ത അയാൾ ഒരിക്കൽ മാത്ര൦ പറങ്കി മാങ്ങ കൊണ്ട് വാറ്റിയ ചാരായം പണിപ്പെട്ട് കുടിച്ചിറക്കിയത് ഒരു മരുന്നായിട്ടയിരുന്നു ..കെട്ടു കഴിഞ്ഞു 24-)൦ നാൾ തളർത്തിക്കിടത്തിയ, കാൽവിരലുകളിൽ പോലും അരിച്ചിറങ്ങിയ വേദന ...വയറ്റിൽ ആഴ്ന്നിറങ്ങിയ കൂരമ്പുകൾ...ഹൃദയത്തിൽ പ്രണയ൦ മാത്ര൦ കൊണ്ട് നടക്കാൻ വേണ്ടി തിരക്കൊഴിച്ച ഒരുപിടി ദിനരാത്രങ്ങൾക്കൊടുവിൽ പറഞ്ഞ ഒരു വാക്ക്, "നീ പ്രാർത്ഥിക്കു.." 
ഇത് പറഞ്ഞതിൻറെ മൂന്നാം ദിവസം ആനി തോമസിനെ ഓർത്തു കരഞ്ഞു ..ത്രേസ്യാമ്മ ചേച്ചി പറഞ്ഞു "ദീനം വന്നാ നമുക്ക് എന്ത് ചെയ്യാനൊക്കും കുഞ്ഞേ ..യോഗമില്ല..കർത്താവ്‌ നിന്നെ കാക്കും .." ആനിയുടെ ഗത്യന്തരമില്ലാത്ത ദീന രോദനം ദിവസങ്ങളോളം അന്നയെ രാപ്പകലുകളിൽ പിന്തുടർന്നു..ഒറ്റയ്ക്കിരിക്കുമ്പോൾ അന്നയും പലപ്പോഴും കരഞ്ഞിട്ടുണ്ട്.. ..കരയുന്നതിനിടയിൽ ഒരിക്കൽ ആകസ്മികമായി കണ്ണാടിയിൽ അവൾ തൻറെ തന്നെ മുഖം കാണാനിടവന്നപ്പോൾ ഉറച്ചെടുത്ത തീരുമാനം ആണ്..ഇനിയൊരിക്കലും ഇത്ര വികൃതമായി കരയില്ല..അന്ന അത് ആനിയിലും പരീക്ഷിച്ചു..പലപ്പോഴും അവളെ വെളിച്ചം കാണിച്ചു..പിന്നീടെപ്പോഴോ ആനി വെളിച്ചത്തെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു..''സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും സ്വയം കെട്ട് തന്നെ ഇരുട്ടിലാഴ്ത്തിയ വെളിച്ചത്തോട് ആനി ഒരിക്കലും പരാതി പറഞ്ഞില്ല..

അന്നയെ സിസ്റ്റർ ഒരു വീട്ടിലാക്കി.."ഹോം നേഴ്സ്"ആയിട്ടാണ് അവളെ അയച്ചത്...വീട്ടു ജോലിക്കാരി, പണിക്കാരി, വേലക്കാരി ഈ പെരിലൊന്നും എന്നാൽ അവൾ അറിയപ്പെട്ടില്ല.."രാത്രി എന്നും എൻറെ ബെഡ് ഒന്ന് വിരിച്ചു തരണം അന്നമോളെ..ഇതിൽ എന്നും എന്തേലും കെടന്നു എഴയുന്നത് പോലെ എനിക്ക് തോന്നും..പിന്നെ നമുക്കൊത്തിരി മിണ്ടണം..പുറം ലോകം പോലെ അല്ല..ഈ പഴയ വലിയ വീട്ടിൽ ക്ലോക്ക് എന്നും പതുക്കെയേ തിരിയൂ.."മാഗി അമ്മച്ചി പല്ലുകൾ ഏകദേശവും പുറത്തു കാട്ടി ചിരിച്ചു..തൻറെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മാഗി അമ്മച്ചിയെ പോലെയിരുന്നേനെ എന്നവൾ ഒരിക്കൽ അവരോടു പറഞ്ഞു..വളരെ അച്ചടക്കത്തിൽ മുൻപിലെ നിരയിൽ മാത്രം നരച്ചു തുടങ്ങിയ അമ്മച്ചിയുടെ മുടിയുടെ വകമെടുത്തു കെട്ടിവയ്ക്കുന്നതിനു ഇടയിൽ അന്ന പറഞ്ഞു..അവരുടെ കൈഞരമ്പുകൾ മണ്ണിരകളെ പോലെ വളഞ്ഞു കിടന്നു..അവർ ആ കൈകൾ കൊണ്ട് അന്നയുടെ കൈകളെ തൊട്ടു..അന്നയുടെ അമ്മ മരിച്ചതല്ല; സമൂഹം കൊന്നതാനെന്ന് അന്ന സ്വയം പഠിച്ചതിന്റെ കൂട്ടത്തിൽ മാഗി അമ്മച്ചിയും അധികം വൈകാതെ പഠിച്ചു..
സോഫിയ!! അന്നയുടെ അമ്മ!!! അമ്മ തുറന്നു ചിരിക്കുന്ന ഒരു പുസ്തകം ആണെന്ന് അവൾ വിശ്വസിച്ചു..ആദ്യത്തെ പ്രസവത്തിൽ മാനസിക നില തെറ്റിയ സോഫിയയെ സോമൻ നന്നായി നോക്കി..പണിയ്ക്ക് പോകാതെ മുരടിച്ചു പോയ പല ചിന്തകൾ മനസ്സിൽ ഉണ്ടായെങ്കിലും സോമൻ ആകാശത്തെ നക്ഷത്രങ്ങളിൽ വിശ്വസിച്ചു..അയാൾ ഉണർന്നു കിടക്കുന്നത് കണ്ട് സോഫിയ ഇരുട്ടിൽ പതറാതെ കിടന്നു..സോമൻ അവളുടെ ഉള്ളിൽ സമ്മാനിച്ച പ്രത്യാശയുടെ നക്ഷത്ര൦ അന്നയായിത്തീരാൻ ഒരു 6 മാസം ബാക്കി നിൽക്കെ അയാൾ വീട് വിട്ടിറങ്ങി.
മനോനില ഒരിക്കലെ സോഫിയയ്ക്ക് തെറ്റിയുള്ളൂ..രണ്ടാമത് തെറ്റിയത് മനോനില തെറ്റാതപ്പോൾ അവൾ കണക്കു കൂട്ടി വച്ച ജീവിതത്തിലേക്കുള്ള വഴികൾ ആയിരുന്നു..സോമൻ മുന്നിലുണ്ടാവും എന്ന് കരുതി പലതും തൊട്ടും പിടിച്ചും പുന്നാരിച്ചും കൊണ്ട് വിഭ്രാന്തിയുടെ മരുഭൂമിയിൽ നിന്ന് ജീവിതത്തിൻറെ നാട്ടു പച്ചയിലെയ്ക്ക് നടന്നു പോകാൻ ആശിച്ച അവളുടെ വഴികൾ..
അന്നയെ നോക്കി പുഞ്ചിരിച്ചവർ സോഫിയയെ നോക്കി പുച്ചിച്ചു...ഭ്രാന്ത് അഭിനയിച്ചു സോമനെ നാടുകടത്തി എന്ന് പലരും അടക്കം പറഞ്ഞു..കാരണം സോമൻ ദൈവവിശ്വാസി ആയിരുന്നു..പക്ഷെ വികലമായ ചിന്തകളുടെ ചങ്ങലകൾ പൊട്ടിച്ച് പുറകെ, തന്നെ മാത്രം പിന്തുടർന്ന പെണ്ണിൽ അയാൾ വിശ്വസിച്ചില്ല.."ബുദ്ധിഭ്രമം വന്ന പെണ്ണല്ലേ..ഇനിയും അത് വന്നാൽ എൻറെ സോമാ നിന്നെക്കൊണ്ടു താങ്ങില്ല..".വൈകാതെ തന്നെ നക്ഷത്രങ്ങളുടെ കീഴിൽ ഒരു കുഞ്ഞു നക്ഷത്രം പോലെ അന്ന!!!
സോഫിയ പിഴച്ചവൾ ആയി..ചുറ്റുമുള്ള എല്ലാ അമ്പല വാസികളും പള്ളിക്കാരും എല്ലാം വിധിയെഴുതി..അവളെ കുഴിച്ചിട്ടു..പള്ളിയിൽ തന്നെ അവരതിനു സ്ഥലം കണ്ടു..എല്ലാവരും ഒരുപിടി മണ്ണിട്ടു...അടക്കം പറഞ്ഞവരെ ചോദ്യം ചെയ്യിക്കുന്ന രീതിയിൽ ഒരു കത്തും സോഫിയ എഴുതി വച്ചില്ല..അപ്പോഴും പലരും പറഞ്ഞു ..."എന്ത് പണിയാ സോഫി ചെയ്തത്..ഭ്രാന്തു വന്നാ ഇങ്ങനെയാ..പറക്കമുറ്റാത്ത രണ്ടു കുട്ടികളെ അവൾ..." മൺസൂൺ ആയതിനാൽ നക്ഷത്രങ്ങൾക്ക് പകരം വക്കാൻ മഴയും മഴയ്ക്ക്‌ പുറകെ മരമഴയും പെയ്തു...എല്ലാ ഞായർ ദിവസങ്ങളിലും അന്ന നടന്നു നീങ്ങിയ വഴികളിൽ കാലം വഴിവെട്ടി പുല്ലു വിരിച്ചു... 
അവൾ ഭംഗിയുള്ള "അന്ന"യാനെന്നും അന്ന എന്നത് ഭംഗിയുള്ള ഒരു പേരാണെന്നും അവൾ അറിഞ്ഞതും അവളെ അയാൾ അറിയിച്ചതും ഒരു ഡിസംബറിൽ ആയിരുന്നു ...ഡിസംബറിന് പ്രണയത്തിന്റെ തണുപ്പുണ്ടെന്ന് അവൾ അന്നെവിടെയോ വായിച്ചിരുന്നു..പണിയ്ക്ക് നിന്ന വീട് ക്രിസ്മസിന് മുൻപ് പെയിന്റ് ചെയ്തു മിനുക്കാൻ വന്നയാൾ തന്റെ ഹൃദത്തിനു0 കൂടി വർണങ്ങൾ നല്കിപോയത് വളരെ പെട്ടെന്നായിരുന്നു..
ജോൺ അന്നയോട് പരാതിപ്പെട്ടു..അല്ലെങ്കിലും ഇത് ഒന്നു നോക്കു എന്റെ അന്ന കൊച്ചേ ..ഇത്രോം വെല്യ വീട് പെയിന്റ് ചെയ്യാൻ അവർ കരാറു കൊടുത്തത് വെറും രണ്ടു പേർക്ക്..ഇത്രോം വലിയ വീട് കേട്ടാവെങ്കില് അവർക്ക് എൻറെ ടീമിനെ മൊത്തം വിളിച്ചൂടായോ..ദേ കൊച്ചു കൂടി ഞങ്ങളെ സഹായിക്കണം കേട്ടോ.." അവൾ അയാളെ ഒന്ന് നോക്കി.. അവളുടെ നോട്ടത്തിന്റെ അർഥം മനസിലാകാതെ ഒരു നിമിഷം അന്തം വിട്ടു നിന്ന് ജോൺ പണി തുടങ്ങി..ആ ദിവസം മുതൽ ആ വീട് നിറം പൂശുന്നതിനൊപ്പം തന്നെ അയാൾ അന്നയുടെ മനസ്സിൻറെ ഓരോ മുറികളിലും കട്ടിയുള്ള നിറക്കൂട്ട്‌ അണിയിച്ചു.. 
രണ്ടു നീണ്ട വർഷങ്ങൾ..അതിൽ അലയടിച്ച കോടാനു കോടി തിരമാലകൾ.. അവിടെ കടൽ അടുത്തായത് കൊണ്ട് തന്നെ അവൾ എന്നും അലകൾ കേട്ടിരുന്നു..ഏകാന്തമായ ഓരോ സായാഹ്നങ്ങളിലും അവൾ കടലിനെ ഓർത്തു...ഒറ്റയ്ക്ക് അവിടെ ആ പള്ളിയുടെ ഉള്ളിൽ അവൾ പോയിരുന്നതിൽ ഒരു കാര്യം കടലിനെ കേൾക്കാൻ ആയിരുന്നു ...കടൽ കാണാൻ മാത്രം അല്ല കേൾക്കാനും കഴിയും എന്നത് അവൾ പഠിച്ചിട്ടു 2 വർഷം കഴിഞ്ഞു...

ജോൺ ഒരു വിധവയുടെ വളർത്തു മകൻ ആയിരുന്നു..മരണ ശേഷം ബന്ധുക്കൾ പലതും കൊണ്ട് പോകാൻ തുനിഞ്ഞതിൻറെ കൂട്ടത്തിൽ അവനെ കോൺവെന്റിൽ ആക്കാൻ ആരും മറന്നില്ല..അവൻറെ മരിച്ചു പോയ അമ്മച്ചിയെ അവൻ എന്നും പച്ച നിറത്തിൽ ഓർത്തു..അവർ തണലായിരുന്നു..ത്യാഗത്തിന്റെ വിഴുപ്പു ഭാണ്ഡം അവർ ഒരിക്കലും അവനെ കൊണ്ട് പേറിച്ചില്ല..അവൻ മാത്രം നടക്കേണ്ടുന്ന വഴികളിൽ ദൂരെ ഒരു പന്തo പിടിച്ച് അവർ അവൻറെ ഏറ്റവും പിന്നിൽ മാത്രം നിന്നു..പെരുമഴ കൊള്ളിച്ചില്ലെങ്കിലും ചാറ്റൽ മഴ കൊള്ളിച്ചു അവർ അവനു പനി വരുത്തി, അവനെ ശക്തനാക്കി..കൊടുംവെയിൽ സ്വയം ഏറ്റു വാങ്ങിക്കൊണ്ടു ചില്ലകൾക്കുള്ളിലൂടെ കൂർത്ത രശ്മികൾ കൊണ്ട് കുത്തി അവനെ പാകപ്പെടുത്തി..തൻറെ കീഴിൽ മാത്രമല്ല, എല്ലാ മരത്തണലിലും ജീവവായു ഉണ്ടെന്നു പഠിപ്പിച്ചു ലോകം കാണാൻ പറഞ്ഞയച്ചു...അവരുടെ മരണ ശേഷം പള്ളിയിൽ നിന്ന് വരുന്ന വഴിയിലെ കാറ്റാടി മരങ്ങൾ അവനോടു പലതും സംസാരിച്ചു..നിഗൂഡമായ അവയുടെ ഭാഷകൾ..ഇത് ഒരിക്കൽ അയാൾ അന്നയോടു പറഞ്ഞു...
ജോൺ അന്നയോടു പറഞ്ഞു,"ആകാശത്തെ പറവകൾ വിതയ്ക്കുന്നില്ല..കൊയ്യുന്നില്ല, കലവറകളിൽ സംഭരിക്കുന്നില്ല..." അന്നയും വിവാഹത്തിൽ വിശ്വസിച്ചില്ല..അവർ വിവാഹത്തെ കുറിച്ച് സംസാരിച്ചേയില്ല ..ഭൗതികമായി ഒന്നും നല്കാനില്ലാത്തവർക്ക് പരസ്പരം നല്കാൻ ശ്രഷ്ടാവുണ്ടാക്കിയ ഒരേ ഒരു ദ്രവ്യം അനുകമ്പ മാത്രം ആണെന്ന് അവർ വിശ്വസിച്ചു.
രക്ത ബന്ധത്തിന്റെ കറ പുരണ്ടു അതിൻറെ കണക്കു മാത്രo എഴുതി വെച്ച് മനുഷ്യനെ ചങ്ങലകളിൽ തളച്ചിടുന്ന സ്നേഹത്തെ അന്ന കണക്കിലെടുക്കാതായി..സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്നേഹം എന്നത് സ്വന്തം രക്തത്തോട് മാത്രമുള്ള നമ്മുടെ സ്നേഹത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഇടുങ്ങിയതുമായ സ്വാർഥതയുടെ രൂപമാണ്..ആ സ്വാർത്ഥത ദൈവം അനുവദിച്ചിട്ടുണ്ടെന്ന മട്ടിൽ അത് തലമുറകളോളം ആവർത്തിക്കപ്പെട്ടു..സ്വന്തം മക്കളിൽ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിച്ച പലതും സ്നേഹത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു നാടകം ആയിരുന്നു...സ്വാർത്ഥമായ സ്നേഹത്തിന്റെ ചില തുളുമ്പി പോകലുകൾ...അത് എച്ചിൽ ഇല പോലെ ആയിരുന്നു..സ്വാദിഷ്ടമായ ഭക്ഷണം വിളമ്പി നക്കി തുടച്ച എച്ചിൽ ഇലയിലെ എണ്ണമെഴുക്കുകൾ..കറിവേപ്പിലകൾ..
ആനി പോയി, യാത്ര പറഞ്ഞത് രണ്ടു പേരോടും കൂടി ആയിരുന്നു..ദൂരെ കർണാടകത്തിൽ ഒരു അഡോപ്ഷൻ ഹോമിൽ ആയയെ വേണം..കൂലി ഉണ്ട്..താമസം ഭക്ഷണം എല്ലാം പണം നല്കാതെ കിട്ടും..പിന്നെ ചെറിയ കുട്ടികൾ..പദ്ധതിയിട്ട പ്രകാരം സ്വന്തം വയറ്റിൽ പിറന്നില്ലെങ്കിലും ആരോ പതിച്ചു വെച്ച നക്ഷത്രങ്ങള പോലെ കുറേ കുട്ടികൾ..അന്ന സന്തോഷിച്ചു..ആനി അവളെ സ്വയം കണ്ടെത്തി കഴിഞ്ഞു...ജോണിനോട്‌ ആനി ഒന്നും പറഞ്ഞില്ല..ആനിയ്ക്ക് വിറയ്ക്കുന്നതായി ജോണിന് തോന്നി..അപ്പോഴേക്കും നാട്ടിൽ ജോണിനെയും അന്നയെയും പിഞ്ചു കുട്ടികള്ക്ക് പോലും അറിയാമായിരുന്നു...ആനി തിരിഞ്ഞു നോക്കാതെ നടന്നു...ആനി അന്നയുടെ വയറിലെയ്ക്ക് ഇടം കണ്ണിട്ടു നോക്കുന്നതായി ജോണിന് തോന്നി..അന്ന വാചാലയാണ്..അവൾ എന്നും വാചാലയായിരുന്നു, ജോൺ ഓർത്തു..
ജോണിന് ഒരുപാട് കാലം അന്നയെക്കുറിച്ച് ഓർത്തിരിക്കാൻ സാധിച്ചില്ല..ഒരുപാടു സന്തോഷത്തിൽ ഒരിക്കൽ ചുമരിൽ കൊറേ ഉയരത്തിൽ നിറം പൂശിക്കൊണ്ടിരിക്കുമ്പോൾ പറ്റിയ ഒരു വീഴ്ച്ച...ദൂരെ നിന്ന് കേട്ടത് എന്തെന്ന് ആദ്യം ആലോചിച്ചില്ല...പക്ഷെ ഒരുപാട് നേരം കേട്ടില്ലെന്നു നടിച്ചു ആദ്യം..ഏറ്റവും തെളിഞ്ഞു കേട്ടപ്പോഴേയ്ക്കും ജോൺ നൽകിയ തന്നിലെ നിറങ്ങൾ മുഴുവൻ വിധി തുടച്ചെടുത്തു പോയി കഴിഞ്ഞിരുന്നെന്ന് അന്നയ്ക്കു മനസിലായി..നിഴലുകൾക്ക് പോലും നടക്കാൻ പേടിയായ വഴിയിൽ ജോണിന്റെ ഓർമകളും പേറി അന്ന നടന്നു..അവളുടെ നോട്ടത്തിനു നിറം മങ്ങിയെങ്ങിലും പലരുടെയും നോട്ട൦ കനത്തു...പലരും മുറു മുറുത്തു "അങ്ങനെ ആദർശം പറഞ്ഞു പറഞ്ഞു അവനും ഒരുപിടി മണ്ണായി, അല്ലെങ്കിലും എന്തോന്ന് ആദർശം ഇതൊക്കെ..ഛെ!!!" 
അന്ന ഒന്ന് മാത്രം ആശിച്ചു...ജന്മം നല്കും..ആരെന്തു പറഞ്ഞാലും ആ കുഞ്ഞു ജനിക്കും..തൻറെ രക്തം ആയതു കൊണ്ടല്ല; രക്തത്തിൽ അവൾക്കു പണ്ടേ വിശ്വാസം പോയതാണല്ലോ..തന്റെ അമ്മയെ കൊന്ന സമൂഹത്തോടുള്ള അവളുടെ പക പോക്കൽ ആയിരുന്നു അവൾക്കു ആ പിറവി...ആ അമ്മയോടുള്ള ആദരവായിരുന്നു അവൾക്കു അത്..തന്റെ ഉള്ളിൽ കാലങ്ങളായി നീറിയ അരക്ഷിതാവസ്ഥയിൽ പുകഞ്ഞു പൊട്ടിത്തെറിച്ച കുറെ ചോദ്യങ്ങളായിരുന്നു അത്..ആയിടയ്ക്ക് അവൾ എന്നും കടൽ കാണാൻ പോയിരുന്നു..നട്ടുച്ചയ്ക്ക് അവൾ അവിടെ പോയിരിക്കും..കരിങ്കല്ല് പാകി ഉയർത്തിക്കെട്ടിയ കടൽ തീരത്ത് നിറ വയറുമായി അവൾ ചെന്നിരിക്കുമ്പോൾ ഏതോ തടവറയിൽ തന്റെ മാനസിക നില തെറ്റിയത് പോലും അറിയാനാവാതെ കണ്ണിമ വെട്ടാതെ പകച്ചു നോക്കി നിന്ന മിതാനുഭോഗിയായ ഒരു മനോരോഗിണിയെ പോലെ തോന്നിച്ചു..തലയ്ക്കു മുകളിൽ കത്തി ജ്വലിച്ച സൂര്യൻ അവൾക്കു ഉന്മേഷം പകർന്നു..തലങ്ങും വിലങ്ങും പാറി നടന്നു ചട്ടക്കൂടിൽ ഒതുങ്ങി നില്ക്കാനിഷ്ടപ്പെടാത്ത തലമുടി അവളെ പ്രകീർത്തിച്ചു പാടി ...ശക്തിമത്തായ ഏതോ രാജ്യത്തിൻറെ കൊടിക്കൂറ പോലെ അവ അവളുടെ ശിരസ്സിന്റെ മുകളിൽ പാറിക്കളിച്ചു.. തിരമാലകളുടെ മൌനത്തെ മാത്രം അവൾ ഭയന്നു..ആഞ്ഞടിച്ചു വന്ന അലകൾ അവൾക്കു ഊർജം നല്കി ..ശക്തയായ പ്രകൃതി തന്റെകൂടെ തന്നെ ഉണ്ടെന്നവൾ കത്തുന്ന വെയിലിലും കൂരാകൂരിരുട്ടിലും പേമാരിയിലും ഒക്കെ അവൾക്ക് തോന്നി..നെഞ്ച് കലങ്ങുന്ന വേദനയിലും അവൾ ഒന്നും ഉരിയാടിയില്ല...ജനിച്ചേ തീരു..ഇതൊരു ശക്തമായ പിറവിയാണ്..അത് എത്രയും പെട്ടെന്നുണ്ടാവട്ടെ അവൾ കണക്കു കൂട്ടി.."എന്റെ അന്നേ.. നീയൊന്നു മിണ്ടൂ ..മനുഷ്യന് പേടിയായിട്ടു പാടില്ല നിന്റെ മട്ടു കണ്ടിട്ട്..നിനക്ക് ശെരിക്കും വേദനയുണ്ടോ?"
പുറത്തു ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു..അന്ന അസ്വസ്ഥ യാണ്...അടി വയറിനെ ഇടിച്ചു കലക്കുന്ന വേദന അവളെ കുറെ നേരം പിന്തുടർന്നില്ല..പള്ളി പെരുനാളിനു ഉത്സവ ചന്ത കാണാൻ പോയപോലെ പലരും ഉറക്കെ സംസാരിക്കുന്നു.. ഉറ്റവരെ തിരക്കിൽ പെട്ട് കാണാതെ പോയ പോലെ വെപ്രാളത്തിൽ പലരും പലതിനെയും തിരഞ്ഞോടുന്നു..ഒരൊറ്റ കരച്ചിൽ മാത്രം കേട്ടു...അന്ന അത് കേട്ടോ എന്നറിഞ്ഞില്ല..ഒന്ന് ഞെരുങ്ങിയതു കണ്ടെന്നു ഒരു കന്യാസ്ത്രീ സിസ്റ്റർ പറഞ്ഞു..."സോറി സിസ്റ്റർ ...എക്ലാംസിയ ആയിരുന്നു...വേണ്ടവിധം നോക്കി...ഒന്നും ചെയ്യാൻ സാധിച്ചില്ല..പെൺകുഞ്ഞാണ്..കുട്ടി ഓക്കേ ആണ്.."കടൽ അപ്പോഴും മെല്ലെ ഇരമ്പിക്കൊണ്ടിരുന്നു..കനത്ത മഴയെ ആട്ടിപ്പായ്ച്ചും കൊണ്ട് തണുത്ത കാറ്റ്..മെല്ലെ നടന്നു നീങ്ങുമ്പോഴും സിസ്റ്ററുടെ കാതിൽ നിരന്തരം കേട്ടു.."കുട്ടി ഓക്കേ ആണ്."
അവർ അപ്പോഴും പ്രതീക്ഷിച്ചു അന്ന എന്നത്തേയും പോലെ മഴയോടും ഇരുട്ടിനോടും കടലിനോടും കണ്ണടച്ച് പറയുകയാവും...കുട്ടി ഓക്കേ ആണ്...ഞാനും........

By: 

Divya Nambiar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo