Slider

തിരസ്‌കൃതർ....

0

ജനിച്ചതെങ്ങനെ ഞാനീ തുരുത്തിൽ
തിരക്കു ഭക്ഷിച്ച വൻകരയ്ക്കുള്ളിൽ
നിൻ വിയർപ്പുതുള്ളികളറിയാതെയെന്നെ 
വെറുതെ തള്ളുവാനെങ്ങനെ തോന്നി...
ജ്വലിച്ചു പൊങ്ങുന്ന തീയിലിരുട്ടിൽ
തിണർപ്പു ബാധിച്ച പ്രജ്ഞ മറന്നു...
വിളിപ്പുറത്തുള്ള വികാരക്കുളിരിൽ
വിലങ്ങു ഭേദിച്ച മാംസങ്ങൾ നിങ്ങൾ...
വരും വരായ്കകൾ കാണാതെയന്നാ-
വിധിയൊരുത്തനെ പഴിയും പറഞ്ഞു
വഴുതി വീണു പിടഞ്ഞു മരിച്ചൂ
കരുതലില്ലാത്ത സീതായനങ്ങൾ...
മതിഭ്രമത്തിൻറെ ചോരഛർദ്ദിക്കാൻ
മരണ വേഗത്തിലോടുന്നു നിങ്ങൾ
നിഴൽത്തിരക്കിൽ മെതിച്ചു നശിച്ചാ-
ഇതളുകൾ പോയൊരിഷ്ടമാല്യങ്ങൾ
വിശപ്പുനക്കിയ വിവേകപ്പഴുതിൽ
വിലങ്ങുമായി വന്ന വാക്കുകളെല്ലാം
തുറിച്ചു നോക്കുന്നു ചുറ്റിലും നിങ്ങൾ ഹൃത്തി-
ന്നെഴുത്തറിയാത്ത അഭ്യസ്തവിദ്യർ
മടുപ്പു തീർക്കുന്നു മൂഢരാം നിങ്ങൾ
കണക്കു കൂട്ടാതെ പെറ്റുകൂട്ടുന്നോർ..
ഒടുവില്ലെല്ലാം കഴിഞ്ഞീ നിരത്തിൽ
തളിർത്ത ബാല്യം കുഴിച്ചു മൂടുന്നു..
എനിക്ക് വേണ്ടാത്ത ജന്മത്തിലെന്നെ
തളച്ചു മൂകരായ് രാജ്യം വെടിഞ്ഞു...
നീ പൊടുന്നനെ ഇന്ന് പൊട്ടി മുളപ്പൂ
ഈ നഗരമെന്നെ പടിയിറക്കുമ്പോൾ..
കറുത്ത രക്തം തിളയ്ക്കുന്ന മർത്യർ
തിരക്കു കൂട്ടുന്നു കാമം രചിക്കാൻ...
വിളിച്ചു കൂട്ടുവാനില്ലെൻറെ വാക്കിൽ
മനുഷ്യനൊന്നിന്റെ പേരുകൾ പോലും..
നെരിപ്പു പണ്ടേയെരിച്ചെന്റെ ഉള്ളിൽ
നീ പുകച്ചു കത്തിച്ചയാക്ഷേപവാക്യം...
നിരത്തി വച്ചിതാ കാവ്യം രച്ചിപ്പൂ എൻ
പിതൃത്വമറിയാത്ത കാലാന്തരങ്ങൾ...
എനിക്ക് നിശ്ചയം വേണമീ ജന്മം ഞാൻ
കൊതിച്ചൊരിത്തിരി പൊതിച്ചോറ് നൽകാൻ
രുചിച്ചു തീരാത്ത വീഞ്ഞുണ്ട് ഭൂമിയിൽ
രസത്തിനായാൽപ്പം ദുഖവും ചേർക്കാം
തൊലിപ്പുറങ്ങളും രക്തബന്ധങ്ങളും
മറന്നു നിങ്ങൾ വരികെൻറെ ചാരെ..
കണക്കു ചൊല്ലാതെ പങ്കിടാനറിയാം
കനിവിനാൽ വെന്ത പാഥേയമെന്നും..
വിശന്നവനല്ലേ പാടുവാനറിയൂ
വരണ്ട ഹൃത്തിന്റെ പട്ടിണിപ്പാട്ടുകൾ
തളർന്നു വീഴില്ലൊരിക്കലും വെയിലിൽ
തിരസ്‌കൃതർ നമ്മൾ കനലിൽ കിളിർത്തവർ....
ദിവ്യ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo