Slider

സഖി

0

പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഇങ്ങനെ വീട് കയറിയിറങ്ങുന്നത് ഒട്ടും താൽപര്യമുള്ള കാര്യമല്ല. അത് കൊണ്ട് തന്നെ ചെറുതായി ഒരന്വേഷണം ഒക്കെ നടത്തിയാണ് പോയത്.ഇനിയിപ്പോൾ പെണ്ണിന് മാത്രം ഇഷ്ടമായാൽ മതി.
ഭാഗ്യത്തിന് ആ വീട്ടിൽ കൂടുതൽ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ഉപ്പയും ഉമ്മയും മാത്രം. എല്ലാവരും നല്ല പെരുമാറ്റം. അൽപം കഴിഞ്ഞപ്പോൾ ചായയുമായി അവൾ വന്നു.പക്വതയാർന്ന ചിരിയും ചലനങ്ങളും നല്ല ഇഷ്ടമായി. എന്തൊക്കെയായാലും പതിവുകൾക്കിപ്പോഴും മാറ്റമില്ല.. ഇനി ചെക്കനും പെണ്ണിനും തനിച്ച് സംസാരിക്കാനുള്ള സമയമാണ്.
കെട്ടാൻ പോവുന്ന പെണ്ണിന് വിദ്യാഭ്യാസം വേണമെന്ന് മാത്രമായിരുന്നു ആകെയുള്ള ആഗ്രഹം. മെഡിസിന് രണ്ടാം വർഷം പഠിക്കുന്ന കുട്ടിയുടെ ആലോചന വന്നപ്പോൾ ആശങ്ക ഉണ്ടായിരുന്നു. അവർക്കൊരു ഡോക്ടർ തന്നെയല്ലേ ചേരുക എന്ന്. പക്ഷേ പെൺ വീട്ടുകാർക്കും
അവൾക്കും വേറെ പ്രൊഫഷനിൽ ഉള്ള ആളെയാണ് താൽപര്യം പോലും. ഡോക്ടറെന്ന് വെച്ചാൽ പണ്ടേ എനിക്ക് ബഹുമാനവും.. അങ്ങനെയാണ് കുട്ടിക്കാലത്ത് ആരാവണമെന്ന് രമണി ടീച്ചർ ചോദിച്ചപ്പോൾ ക്ലീഷേ ഉത്തരം പറഞ്ഞ എഞ്ചിനിയർ സ്വപ്‌നത്തിലെ ഡോക്ടറെ കാണാൻ ഇറങ്ങി പുറപ്പെട്ടത്.
ലിവിംഗ് റൂമിൽ നിരത്തിയിട്ട സെറ്റികളിലൊന്നിൽ ഞങ്ങൾ രണ്ട് പേരും ഇരുന്നു. ആദ്യത്തെ ടെൻഷനൊക്കെ സംസാരിച്ച് തുടങ്ങിയപ്പോൾ മാഞ്ഞ് പോയിരുന്നു. ആത്മവിശ്വാസം തുളുമ്പുന്ന അവളുടെ വാക്കുകൾക്ക് മുന്നിൽ ഞാനും വാചാലനായി. നല്ല സുഹൃത്തുക്കളെ പോലെ എന്തൊക്കെയോ സംസാരിച്ചു. ഒടുവിൽ ചോദിക്കേണ്ട സമയമായി... എന്നെ ഇഷ്ടമായോ?
അവളെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. എനിക്കിപ്പോൾ ഒരു കല്ല്യാണത്തിന് ഒട്ടും താൽപര്യമില്ലായിരുന്നു.. എന്റെ ഏറ്റവും വലിയ സ്വപ്നത്തിലേക്കാണ് പഠിച്ച് കൊണ്ടിരിക്കുന്നത്. വിവാഹം അതിനൊരു തടസ്സമാവുമോ എന്നൊരു ഭയമുണ്ട്.. പക്ഷേ .. നിങ്ങളോട് സംസാരിച്ചപ്പോൾ...
എന്ത് പറയണമെന്ന് എനിക്ക് മനസിലായില്ല.. എങ്കിലും പെട്ടെന്നൊരു പ്രേരണയിൽ അവളുടെ രണ്ട് കൈകളും പിടിച്ചെടുത്ത് ഞാൻ പറഞ്ഞു... എന്നെ വിശ്വസിക്കാം....
എല്ലാവരോടും യാത്ര പറഞ്ഞ് പോരുമ്പോൾ തിരിഞ്ഞ് നോക്കിയില്ലെങ്കിലും എനിക്കറിയാമായിരുന്നു..പ്രണയം തുളുമ്പുന്ന രണ്ട് കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടെന്ന്. പെണ്ണേ... നിന്നോട് പറയാതെ പറഞ്ഞ് നീ മനസ്സിലാക്കിയ ഒരു സ്വപ്നമുണ്ടെനിക്ക്.. പട പടാന്ന് പൊട്ടുന്ന ഒരു ബുള്ളറ്റിൽ പുസ്തകങ്ങളും ലബോറട്ടറി റെക്കോർഡും അടങ്ങിയ ബാഗും മുന്നിൽ വെച്ച് നിന്നോടൊപ്പം നിന്റെ കോളേജിലേക്കൊരു യാത്ര... പരീക്ഷ ചൂടിൽ ഉറങ്ങാതൊരു കൂട്ടിരിപ്പ്.. ഒടുവിൽ ഫലം കാത്ത് നിന്നേക്കാൾ ആകാംശയോടെ വെബ് സൈറ്റുകളിൽ പരതാനും... ആഹ്ലാദത്തിൽ പങ്കു ചേരാനും...
ഒന്നും അവസാനിക്കുന്നില്ല.... സ്വപ്നങ്ങളിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണല്ലോ........
by: 
Younus Muhammed 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo