കൊറച്ചു പഴേ കഥയാണ് കേട്ടോ .ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പ് .. ഉയ്യോ അത്രേം പൊറകോട്ട് പോണ്ട . പഠിച്ചോണ്ടിരിക്കുന്ന പിള്ളേർ എന്ന വ്യാജേന തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം .അതായതു ഒരു അഞ്ചാറു കൊല്ലം മുമ്പ്. ആറു മാസം കൂടുമ്പോ വരുന്ന യൂണിവേഴ്സിറ്റി പരീക്ഷയും പിന്നെ ഇതിനിടയ്ക്കുള്ള രണ്ടു ഇന്റെർണൽ പരീക്ഷകളും ലാബ് ,റെക്കോർഡ് ബുക്കെഴുത്തു ,പിന്നെ അസൈന്മെന്റ് എഴുത്തു എന്നീ ഉപദ്രവങ്ങളൊഴിച്ചാൽ രാജാവിനെപ്പോലെ ജീവിച്ചിരുന്ന സമയം .. ആ ..അതൊക്കെയൊരു കാലം . ഇപ്പോളാകട്ടെ എല്ലുമുറിയെ പണിയെടുത്തു കാലം കഴിക്കുന്നു .അത്രയ്ക്കു പണിയൊന്നുമില്ലാട്ടോ .. ഇച്ചിരി ഓവറാക്കിയതാ .
അതൊക്കെ പോട്ടെ നമുക്ക് കാര്യത്തിലോട്ടു വരാം . അന്ത കാലത്തു നമ്മൾ പിള്ളേരൊക്കെ മാസാവസാനം മഹാ പിച്ചകളാകും. ഇന്നും സ്ഥിതി വ്യത്യാസം ഒന്നുമില്ല. ശമ്പളം കിട്ടി മാസത്തിൻറെ ആദ്യപകുതി രാജാവാണേൽ ബാക്കി ദിവസങ്ങൾ മഹാ എച്ചിയും പിച്ചയും ആണെന്നു പറഞ്ഞാൽ കൊറഞ്ഞുപോകും. ഹോസ്റ്റൽ ഫീസും പിന്നെ അല്ലറ ചില്ലറ ചിലവുകളുമൊക്കെയായിട്ടു വീട്ടീന്നു തരുന്ന ഒരു അലവൻസുണ്ട്. ഹോസ്റ്റലിലെ രസവും സാമ്പാറും തിരിച്ചറിയാത്ത കറികൾ മടുക്കുമ്പോൾ പുറത്തൂന്നുള്ള ഫുഡ്ഡടി, പിന്നെ ചെറിയ രീതിലൊള്ള ഷോപ്പിംഗ് , വല്ലപ്പോഴും ഒള്ള സിനിമാകാണൽ ഇത്യാദി കലാപരിപാടികളോടെ ഈ അലവൻസൊക്കെ തീർന്നു കാൽകാശിനു ഗതിയില്ലാത്തവരാകും ഞങ്ങൾ .
അങ്ങനെയിരിക്കുന്ന സമയത്താണ് ഒരു സുഹൃത്തിൻറെ ചേച്ചിയുടെ കല്യാണം വരുന്നത്. ആർഭാടം കൊറക്കാൻ പാടില്ലാലോ. ഞങ്ങളെല്ലാരുടെ ഒരു ഗമണ്ടൻ ഗിഫ്റ് ഒക്കെ വാങ്ങി പോകാൻ തീരുമാനിച്ചു. ഗമണ്ടൻ എന്നു പറയുമ്പോ തെറ്റിദ്ധരിക്കേണ്ട.വലിപ്പം മാത്രമേ ഒള്ളു ഉള്ളടക്കം ജാസ്തിയാ ..
കല്യാണം ഞായറാഴ്ച ആയോണ്ടും വെള്ളിയാഴ്‌ച കെട്ടിപ്പെറുക്കി വീട്ടിൽ വന്നോണ്ടും കല്യാണത്തിനു വീട്ടീന്നു പോവേണ്ട സ്ഥിതിവിശേഷം സംജാതമായി.
കല്യാണം ഞായറാഴ്ച ആയോണ്ടും വെള്ളിയാഴ്‌ച കെട്ടിപ്പെറുക്കി വീട്ടിൽ വന്നോണ്ടും കല്യാണത്തിനു വീട്ടീന്നു പോവേണ്ട സ്ഥിതിവിശേഷം സംജാതമായി.
അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ടിറങ്ങുന്ന തിരക്കിൽ വീട്ടിലൊന്നു വന്നുപോകുന്നതിൻറെ യാത്രാബത്ത അപ്പൻറെ കീശേന്നു കരസ്ഥമാക്കാനും മറന്നു.പല്ലുതേക്കാൻ മറന്നാലും ഇതു മറക്കാൻ പാടില്ലാത്തതാരുന്നു.പക്ഷെ അത്യാവശ്യം വണ്ടിക്കൂലിക്കൊള്ള കാശൊക്കെ എൻറെ കീശേലും ഒണ്ടാരുന്നു. നമ്മളോടാ കളി..
എന്തായാലും ഏറ്റുമാനൂർ KSRTC സ്റ്റാന്റിൽ നിന്നും പാലയ്ക്കുള്ള ബസ്സിൽ സ്ഥാനം പിടിച്ചു .ഡ്രെസ്സിനു അധികം ചതവും ഒടിവും പറ്റാതെ പ്രേത്യേകം ശ്രെദ്ധിച്ചു. അങ്ങനെ സ്വസ്ഥമായിട്ടിരിക്കുമ്പോൾ ബസ്സിലെ തെരക്ക് കൂടിക്കൂടിവന്നു. സീറ്റു കിട്ടാത്ത ഹതഭാഗ്യരെ നോക്കി അമ്പട ഞാനേ എന്ന ഭാവത്തിൽ ഞെളിഞ്ഞിരുന്നു.അപ്പോളാണ് ഒരു വല്യമ്മ കയറിവന്നത് . അധികം അവശതകളൊന്നും പ്രത്യക്ഷത്തിൽ തോന്നുന്നില്ല. പക്ഷേ തലനരച്ചിട്ടുണ്ടാരുന്നു. അന്നും ഇന്നും തലനരച്ചവരെല്ലാം പ്രായം ആയവരാണ് എന്ന മിദ്യാബോധം മനസ്സിൽ ഒള്ളോണ്ട് പണ്ട് പൊടിയമ്മ ടീച്ചർ പഠിപ്പിച്ചതനുസരിച്ചു ഞാൻ ന്റെ സീറ്റു ആ വല്യമ്മക്കു നൽകി.എന്നിട്ടു രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ കമ്പിയിൽ തൂങ്ങി നിൽപ്പായി.
കയ്യിലൊരു ബാഗുണ്ട് , പിന്നെ പേഴ്സും ഫോണുമുണ്ട്, ഇച്ചിരി നല്ല ചുരിദാർ ആയോണ്ട് അതിന്റെ ദുപ്പട്ടയും ഒരു പ്രേത്യേക പരിചരണം പ്രതീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ഒരു വിധത്തിൽ നിക്കുമ്പോളാണ് ടിക്കറ്റ് ടിക്കറ്റ് എന്നും പറഞ്ഞു ഒരു ക്രൂരന്റെ രംഗപ്രവേശനം.എനിക്കു സ്വന്തമായി സീറ്റുണ്ടാരുന്നപ്പോ ഈ മാന്യദേഹം എവിടെയായിരുന്നോ എന്തോ ...
എന്തായാലും ആൾക്കു കാശൊക്കെ കൊടുത്തു ബാലൻസ് പേഴ്സിലിടുന്നതിരക്കിൽ ടിക്കറ്റ് പറന്നുപോയി.സാരമില്ല ഇപ്പോ തന്നെ ഇറങ്ങാറാവൂല്ലോ എന്നു സമാധാനിച്ചു.കൊറച്ചു കഴിഞ്ഞപ്പോ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴംചൊല്ലു അന്വർത്ഥമാക്കുംവിധം ടിക്കറ്റ് ചെക്കർ എവിടുന്നോ ബസ്സിനുള്ളിൽ പൊട്ടിമുളച്ചു.
അയാളോട് ടിക്കറ്റ് പറന്നുപോയി എന്നു ഞാൻ പറഞ്ഞു. പക്ഷെ എന്താണെന്നറിയില്ല അദ്ദേഹം എന്നോട് ചൂടാവാൻ തൊടങ്ങി.ഇപ്പോളത്തെ പിള്ളേരിങ്ങാനൊക്കെയാ നാണമില്ലലോ എന്നൊക്കെ പറഞ്ഞു അയാളെനിക്ക് ഒരു ടിക്കറ്റ് എഴുതിത്തന്നു.
ഒരു ടിക്കറ്റ് പറന്നുപോയതിൽ ഇത്ര നാണിയ്ക്കാൻ എന്തിരിക്കുന്നു എന്നു ആത്മഗതം ചെയ്‌തു അയാള് നീട്ടിയ ടിക്കറ്റ് ഞാൻ വാങ്ങി. പാവം ഞാൻ ഒരു ടിക്കറ്റ് കൂടി എടുക്കേണ്ടി വരൂല്ലോന്നോർത്തു സങ്കടത്തോടെ അയാള് തന്ന ടിക്കറ്റ് തുറന്നു നോക്കി.പകച്ചുപോയി എന്റെ ബാല്യം. ഡബ്ബിൾ ചാർജ് ..പാവം ചെക്കർക്കു തെറ്റിയതാരിക്കും. ഞാൻ അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.
അപ്പോൾ ആ ദുഷ്ടൻ ആ ബസ്സിലുള്ള സകലമാന മനുഷ്യരും കേൾക്കേ ഉറക്കെ പ്രഖ്യാപിച്ചു " ടിക്കറ്റ് എടുക്കാതെ ബസ്സിൽ യാത്ര ചെയ്‌തതിനുള്ള പിഴയാ കൊച്ചേ ഇതു" ഞാൻ ഞെട്ടിപോയി.
ചുറ്റുപാടുമുള്ള മനുഷ്യർ, നല്ലോം അണിഞ്ഞൊരുങ്ങീട്ടൊണ്ടല്ലോ പക്ഷെ ഗവൺമെന്റിനെ പറ്റിക്കണം അല്ലേ എന്ന ഭാവത്തിലൊള്ള നോട്ടം.
ചുറ്റുപാടുമുള്ള മനുഷ്യർ, നല്ലോം അണിഞ്ഞൊരുങ്ങീട്ടൊണ്ടല്ലോ പക്ഷെ ഗവൺമെന്റിനെ പറ്റിക്കണം അല്ലേ എന്ന ഭാവത്തിലൊള്ള നോട്ടം.
ഇത്രേമൊക്കെ ആയപ്പോ ഹാ ദൈവദൂതനെ പോലെ നമ്മുടെ കണ്ടക്ടർ രംഗപ്രവേശനം ചെയ്തു. ഈ കൊച് ടിക്കറ്റ് എടുത്തതാണല്ലോ സാർ എന്നു പറഞ്ഞു.എന്നായാലും അടുത്തൊള്ള മനുഷ്യർക്കൊക്കെ മനസ്സിലായി ഞാൻ ടിക്കറ്റ് എടുത്തതാണെന്നു. അല്ലാണ്ട് ഓസിനല്ലന്നു.പറഞ്ഞിട്ടെന്താ നമ്മുടെ കണ്ടക്ടർക്കു ചെക്കറുടെ അത്രേം ഒച്ച ഇല്ലാത്തോണ്ട് മുന്നിലിരിക്കുന്ന മാന്യജനങ്ങളുടെ കണ്ണിൽ ഞാനൊരു കള്ളിയാരിക്കാം.
പതുക്കെ പതുക്കെ കാര്യങ്ങൾ വ്യക്തമായി ഞാൻ " പറന്നുപോയി " എന്നു പറഞ്ഞത് ചെക്കർ "മറന്നുപോയി" എന്നാ കേട്ടത്. "പ" യും "മ" യും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ടെന്നു അന്നാദ്യമായി തിരിച്ചറിഞ്ഞു.എന്തായാലും അവസാനത്തെ ചില്ലറപൈസയും അവർക്കെണ്ണിക്കൊടുത്തു അവിടുന്നു തലയൂരി.
ദൈവമേ ഈ ബസ്സിലൊണ്ടാരുന്ന ആരും കല്യാണത്തിനൊണ്ടാവരുതേ എന്ന പ്രാർത്ഥനയേ പിന്നീടൊണ്ടായൊള്ളു.എന്റെ ഭാഗ്യം "മോളേ നീ ആ ബെസിലൊണ്ടാരുന്ന കൊച്ചല്ലേ "എന്നുള്ള ചോദ്യങ്ങളൊന്നും അവിടെയുണ്ടായില്ല.പക്ഷെ ഇപ്പൊ ആരേലും ചോദിക്കും എന്നൊരു പേടി മനസ്സിൽ ഒണ്ടാരുന്നു.
അതിൽപിന്നെ എപ്പോ KSRTC ബസ്സിൽ കയറിയാലും ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുന്ന ഒരു പതിവുണ്ടായി. ചിലപ്പോളൊക്കെ എൻറെ പേഴ്‌സ് തുറക്കുമ്പോൾ ടിക്കറ്റ് കളക്ഷൻ എൻറെ ഹോബിയാണെന്നു തോന്നിപ്പോകുന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ...
By: TintuPmanuel

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക