Showing posts with label ടിന്റു പി മാനുവൽ. Show all posts
Showing posts with label ടിന്റു പി മാനുവൽ. Show all posts

സ്വപ്നലോകത്തെ അമ്മ


വിടർന്നുകൊണ്ടിരികുന്ന ആ പൂമൊട്ടും തൻറെ ഉദരത്തിലുള്ള കുരുന്നുജീവനും അസാധാരണമായവിധം സാമ്യതയുള്ളതുപോലെ ..
ചെടി തൻറെ ഇലയും മുള്ളും കൊണ്ട് ആ കുരുന്നു ജീവനെ പൊതിഞ്ഞു സംരക്ഷിക്കുന്നു..അതുപോലെ താനിവനെ തൻറെ ജീവന്റെ ജീവനായി പത്തു മാസം ഉദരത്തിൽ വഹിക്കും.പിന്നീട് അവനു ലോകത്തിന്റെ നന്മ തിന്മകളെ ക്കുറിച്ച് അവബോധമുണ്ടാക്കികൊടുത്തു നന്മയിൽ വളർത്തണം .എത്രയെത്ര മോഹങ്ങൾ .. എല്ലാ അമ്മമാരും ഈ സമയത്ത് സ്വപ്നങ്ങളുടെ ലോകത്ത് ആണോ ആവോ ജീവിക്കുക ?
തന്റെ മോൻ .മോൻ ആണോ അതോ മോളാണോ ?വളർന്നു വലുതായി തന്നോളമെത്തുന്നതുവരെയുള്ള കാര്യങ്ങൾ ഇതിനോടകം എത്ര വട്ടം മനസ്സിൽ കണ്ടിരിക്കുന്നു.ഇന്നു ആദ്യത്തെ സ്കാനിം ഗ് ആണെന്നുള്ള കാര്യം ഓർമ്മ യിലെത്തിയപ്പോളാണ് സ്വപ്നലോകത്തു നിന്നും തിരിച്ചുവരാനായത്.
വീട്ടുകാർക്കൊക്കെ ഇപ്പോൾ എന്തു സ്നേഹമാ.. രണ്ടുപേർക്കുള്ള സ്നേഹം ഒരുമിച്ചു കിട്ടുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ..
ചെടിയിൽ വീണ്ടും പല വിധത്തിലുള്ള പൂവുകൾ വിരിഞ്ഞും കൊഴിഞ്ഞുമിരുന്നു...
വീണ്ടും ഒരു നനുത്ത പ്രഭാതത്തിൽ ആ ചെടിയുടെ ചാരത്തിരിക്കുമ്പോൾ തന്റെയുള്ളിൽ മോഹങ്ങളോ പ്രതീക്ഷയോ ഒന്നുമില്ല.സ്വാർത്ഥതയെന്ന തീച്ചൂളയിൽ കരിഞ്ഞു ചാമ്പലായ ഒരുപിടി സ്വപ്നങ്ങളുടെ അവശിഷ്ടം ..അതു മാത്രമാണിനി ശേഷിക്കുന്നത്.
ആ ദിവസങ്ങൾ ഇന്നലെ കഴിഞ്ഞതു പോലെ ഓർമ്മയിലുണ്ട്.ബുദ്ധിമാധ്യം ഉള്ള ഒരു കുഞ്ഞാണ് തന്റെ ഉദരത്തിലുള്ളതെന്ന സത്യം ഡോക്ടർ പറഞ്ഞത്‌ . വീട്ടുകാരും ഭർത്താവും അങ്ങനൊരു കുഞ്ഞിനെ വളർത്തുന്ന തിന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞതു. തന്റെയുള്ളിലെ സ്വാർത്ഥയായ സ്ത്രീ അബോർഷനു സമ്മതിക്കുന്നതു.
പക്ഷെ അതിനുശേഷമാണ് നഷ്ടപ്പെടലിന്റെ വേദന തന്നെ കാർന്നു തിന്നാൻ തുടങ്ങിയതു.എന്താണു മനുഷ്യർ മാത്രം ഇത്ര സ്വാർത്ഥരായി തീരുന്നത്..
ബാക്കി എല്ലാ ജീവികളും എല്ലാ കുഞ്ഞുങ്ങളേം ഒരേപോലെ കാണുബോൾ മനുഷ്യർ മാത്രം എന്താണു അംഗവൈകല്യവും ഉള്ള കുട്ടികളെ ഈ ഭൂമിയിൽ ജനിക്കാൻ പോലും അനുവദിക്കാത്തത്.ഏറ്റവും ചിന്താശേഷി കൂടിയ സൃഷ്ടി ആയതുകൊണ്ടാണോ എന്തോ?
വീണ്ടും ഒരു കുഞ്ഞിനു ജന്മം കൊടുക്കുമ്പോൾ ഈ വിഷമങ്ങൾ ഒക്കെ മാറുമെന്നു എല്ലാരും പറയന്നു.പക്ഷെ തനിക്കറിയാം ഈ കൊലപാതകത്തിന്റെ കുറ്റബോധവും നഷ്ടപ്പെടുത്തലിന്റെ വേദനയും ജീവിതാവസാനം വരെ ഒരു നിഴൽ പോലെ തന്നെ പിന്തുടരുമെന്നു.
പകുതി വണ്ട്‌ കാർന്നു തിന്ന പൂമൊട്ടിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന ചെടിയുടെ ഇലകൾ തന്നെ നോക്കി വികൃതമായി ചിരികുന്നുണ്ടോ?
ബുദ്ധികൂടിയ ജീവിയായത് കൊണ്ട് അമ്മയുടെ ഉദരത്തിൽ പോലും സുരക്ഷിതരല്ലാത്ത മനുഷ്യകുഞ്ഞുങ്ങളെ ഓർത്തു ഇന്ന് ഈ മാതൃ ഹൃദയം തേങ്ങുന്നു....

By: 
Tintu P Manuel

പുലിവാൽ പിടിപ്പിച്ച ഫ്ല്ഷ്


സ്വന്തമായി പ്ലാൻ ചെയ്തു ഒരു നാലഞ്ചു ദിവസത്തെ ദേശസഞ്ചാരം നടത്തണം എന്ന് എന്റെയും സഹമുറിയെതിയുടെയും ആഗ്രഹത്തിൽ നിന്നാണ്കഥ തുടങ്ങുന്നത് . ഓളെ പറ്റി പറയുക ആണേൽ എന്നെ പോലെ ഒക്കെ തന്നെ അരവട്ടുള്ള ഒരു സാധനം.കേരളത്തിന്റെ അങ്ങേ അറ്റത്താണ് നാട് .
അങ്ങനെ അഹോരാത്രം പണി ചെയ്തു ഞങ്ങൾ ഒരു കിടിലൻ പ്ലാൻ ഉണ്ടാക്കി .ഓഫീസിൽ ജോലി ചെയ്യാൻ ഈ ആത്മാർത്ഥ ഉണ്ടായിരുനെങ്ങിൽ കുറഞ്ഞത്‌ ഒരു പ്രൊജക്റ്റ്‌ മാനേജർ എങ്കിലും ആയി വിലസാമായിരുന്നു. ആ...പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു വെള്ളി ആഴ്ച ഓഫീസിൽ നിന്ന് വരുന്നു, ബാഗ്‌ എറിയുന്നു, സാധനസാമഗ്രികൾ വേണ്ടതും വേണ്ടാത്തതും ഒക്കെ കൊണ്ട് പോകാനുള്ള ബാഗിൽ കുത്തി നിരക്കുന്നു. സ്റ്റാർട്ട്‌ ക്യാമറ ആക്ഷൻ.ഓടാൻ തുടങ്ങുന്നു.റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുന്ന ശീലം പണ്ടേ ഞങ്ങൾക്ക് ഇല്ല.ജപ്പാൻ റെയിൽവേ പക്കാ കൃത്യനിഷ്ഠ ഉള്ളത് കൊണ്ട് ഓടിയില്ലെങ്ങിൽ ട്രെയിൻ കിട്ടുമെന്ന ശുഭാപ്തി വിശ്വാസവും ഞങ്ങള്ക്ക് ഇല്ല.
അങ്ങനെ ദാ ഇപ്പൊ അടയും എന്ന മട്ടിൽ ഞങ്ങളെ നോക്കി ചിരിച്ച റെയിൽവേ ക്രോസ്സിനിടയിലൂടെ നുഴഞ്ഞു കയറി ഓടി. ഇത് കണ്ടിരുന്നേൽ കാശ്മീർ അതിർത്തിയിൽ ഉള്ള പാവം ജവാന്മാർ ഞങ്ങളെ മനസ്സാ ഗുരുവായി വരിക്കുമായിരുന്നു. എന്തായാലും ട്രെയിനിൽ കയറി പറ്റി. മുൻജന്മ സുകൃതം തന്നെ.
അങ്ങനെ കറക്റ്റ് 11 മണിയോടു കുടി ഞങ്ങൾ സ്റ്റേഷനിൽ എത്തി. ഇനി ബസ്സ്‌ ടെർമിനലിൽ നിന്നു ബസ്സ്‌ പിടിക്കണം. കട്ട പ്ലാനിങ്ങു തന്നെ. പക്ഷെ ഒരു പ്രശ്നം ഉണ്ട്....ആ മഹാനഗരത്തിൽ എവിടെയാണ് ബസ്സ്‌ ടെർമിനൽ എന്നു അറിയില്ല.
പിന്നെ കുടെയുള്ള സാധനത്തിൻറെ വീക്നെസ് ആണു ടോയിലറ്റ് . എവിടെ ആ സിംബൽ കണ്ടാല്ലും പറയും "ഡി ഒരു മിനിറ്റ്....സുസു....ഇപ്പൊ വരാട്ടോ ". കഷ്ട്ടകാലം എന്നല്ലാതെ എന്ത് പറയാൻ...അവള്ടെ മുന്നിൽ തന്നെ അതാ ആ ബോർഡ്‌. ആകെ കഷ്ട്ടി 10,20 മിനുറ്റെ ഉള്ളു. വേഗം വരണേ എന്നു പറഞ്ഞു ഞാനവളെ യാത്രയാക്കി.
2....4....5..മിനിറ്റ് ആയിട്ടും അവളെ കാണുനില്ല. നോക്കുമ്പോൾ കുറെ സെക്യൂരിറ്റി ജീവനക്കാർ അങ്ങോട്ട്‌ ഓടി പോകുന്നുണ്ട്. കർത്താവേ! അവളെങ്ങാനും തട്ടി പോയോ! അങ്ങനെയാണേൽ ഹിറ്റ്‌ ആകും. ജപ്പാൻ ടോയിലെറ്റിൽ വീരമൃത്യു വരിക്കുന്ന ആദ്യത്തെ ഇൻഡ്യൻ വനിതാ! എന്തായാലും ഞാനും അവരുടെ പിറകെ വെച്ചുപിടിച്ചു.
ഉള്ളിൽ കയറി നോക്കിയപ്പോൾ എന്താ.....ലവൾ കൂളായി നിൽപുണ്ട്. ലവന്മാർ ആണേൽ എന്തോ ചോദിക്കുന്നുണ്ട്. അറിയാവുന്ന മുറി ജാപനീസിൽ എന്താ കാര്യമെന്ന് ഞാൻ തിരക്കി. "ആവശ്യ സമയത്തു എൻറെ ജാപനീസ് തന്നെ വേണം , കണ്ടോടി" എന്നാ ഭാവത്തിൽ ഞാനങ്ങനെ ഞെളിഞ്ഞു നിന്നു. അപ്പോഴാണ് ഇടുക്കി ഡാം പൊട്ടിയാൽ എങ്ങനെ ഉണ്ടാക്കും...അമ്മാതിരി ലവന്മാർ എന്തൊക്കെയോ പറഞ്ഞു. അതായിരുന്നു ശെരിക്കുമുള്ള ജാപ്പ നീസ്. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല....ജബ ജബ .......
അത്രയും നേരം മിണ്ടാതെയിരുന്ന ഒരു ചേട്ടത്തി അപ്പോൾ മിണ്ടി തുടങ്ങി. എൻറെ ഗ്യാസ് പോകാൻ വെയിറ്റ് ചെയ്യ്തതാണെന്ന് തോന്നുന്നു. അവർ പറഞ്ഞത് ആരോ ടോയിലറ്റിന്നു അപകട സൈരെൻ മുഴക്കിയത്രേ! അതാണീ പൊല്ലാപൊക്കെ!
ഞാൻ അവളെ നോക്കി. "എന്നെ കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ" എന്ന ഭാവതില്ലുള്ള നിൽപ്പ്. എനിക്ക് അപകടം മണത്തു. എന്തോ ഒപ്പിച്ചിട്ടുള്ള നിൽപ്പാണ്. പറഞ്ഞു വന്നപ്പോൾ എന്താ....അവൾ ഫ്ലഷിനു പകരം അപകട സൈരെൻ ആണ് പ്രെസ്സ് ചെയ്തത്!
അവളെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാം ജാപനീസിൽ എഴുതിരികുന്നതു കൊണ്ടു ഒരു ഊഹം വെച്ചു ജീവിച്ചു പോകുന്നതല്ലേ! കട്ടവനെ കിട്ടില്ലെങ്ങിൽ കിട്ടിയവനെ പൊക്കാം എന്നാ പോലീസ് നയം ഓളുന്നു പയറ്റിനോക്കി. ഫ്ലഷ് നോക്കിട്ടു കണ്ടില്ല...അപ്പൊ കണ്ട ഒരു ബട്ടണ്‍ മാന്യമായി പ്രെസ്സി......കണക്കു കൂട്ടലുക്കൾ തലനാരിയിഴക്ക്‌ തെറ്റിയതാ. എന്നാല്ലും നീട്ടിയൊരു ക്ഷമാപണം നടത്തി അവിടുന്നു ഇറങ്ങി. ഇനി മേലാൽ ടൊയിലറ്റിൽ പോകരുത് എന്നാണു പറയാൻ തോന്നിയതു...പക്ഷെ അതു ഞാനങ്ങു വിഴുങ്ങി. അനുസരണശീലം തീരെയില്ലാത്ത അവൾ ഇനി സ്വഭാവം എങ്ങാനും മാറ്റി ഇത് അനുസരിച്ചാൽ പണി എനിക്കാകും കിട്ടുക. ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ വൃത്തികേടായി കിടക്കുന്ന എന്റെ റൂമിനെ ഇനിയും മോശമാക്കണ്ടാന്നു തോന്നി.
ഇനി ബസ്സ്‌ സ്റ്റോപ്പ്‌ കണ്ടു പിടിക്കണം. അതിനു വേണ്ടിയുള്ള പരതലായി. സമയകുറവു കാരണം ഒരുപാടു ഗവേഷണം നടത്താനും പറ്റണില്ല. ടാക്സി പിടിക്കാമെന്ന് വിചാരിച്ചു. എന്തൊക്കെയോ പറയുന്നതല്ലാതെ ആരും വരുന്നില്ല. കാര്യം മനസിലാകാതെ മിഴിച്ചു നിൽക്കാനെ ഞങ്ങൾക്കായോളു. പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത് അടുത്തുള്ള സ്ഥലമാണെങ്കിലും വഴി അറിയാത്തവരെ ചുറ്റിച്ചു കാശു സമ്പാദിക്കുന്ന ഏർപ്പാട് ഇവിടെ ഇല്ലാന്നു.
ഇനി വഴി തടയൽ നോക്കാം. എങ്ങോട്ടോ പോവുകയായിരുന്ന ഒരു ചേട്ടത്തിയെ തടഞ്ഞു നിർത്തി വഴി ചോദിച്ചു. അവർ കയ്യും കാലും ഉപയോഗിച്ച് പറഞ്ഞിട്ടും മിഴുങ്ങസ്സ്യായാന്നു നിൽക്കുന്ന ഞങ്ങളെ കണ്ടിട്ട് ഒരുമിച്ചു പോകാമെന്ന് പറഞ്ഞു. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. പണ്ട് പട്ടി ഓടിച്ചപ്പോ മാത്രമേ ഇമ്മാതിരി ഓട്ടം ഓടിട്ടുള്ള്. എന്തായാലും ഓടിപ്പോയി ബസ്സിൽ കയറിയതും അതു സ്റ്റാർട്ട്‌ ചെയ്തതും ഒരുമിച്ചായിരുന്നു. ധൃതിപിടിച്ചു എവിടെക്കോ പോവുകയായിരുന്ന അവരുടെ ഹൃദയവിശാലതയെ പറ്റി ഞങ്ങൾ വാനോളം പുകഴ്ത്തി. പിന്നീടു പലപ്പോഴും ഞങ്ങളെ പല ഏടാകൂടങ്ങളിൽ നിന്നും ഇതുപോലെ നല്ല മനസ്സിനുടമകളായ ജപ്പാൻകാർ രക്ഷിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഞങ്ങൾ ഒരു വല്യ തീരുമാനം എടുത്തു. ഇനി ഏതെങ്ങില്ലും ജപ്പാൻകാർ നമ്മുടെ നാട്ടിൽ വരികയാണെങ്ങിൽ നമ്മുടെ സർവ്വശക്തിയും ഉപയോഗിച്ചു അവരെ ട്രീറ്റ്‌ ചെയ്യണമെന്നു.അതുകൊണ്ട് ആർകെല്ലും ഫ്രണ്ട്സ് ഒണ്ടേ ഞങ്ങൾടെ അടുത്തേക്ക് വിട്ടേക്കു...........

By: Tintu

"പ " യും "മ " യും ..


കൊറച്ചു പഴേ കഥയാണ് കേട്ടോ .ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പ് .. ഉയ്യോ അത്രേം പൊറകോട്ട് പോണ്ട . പഠിച്ചോണ്ടിരിക്കുന്ന പിള്ളേർ എന്ന വ്യാജേന തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം .അതായതു ഒരു അഞ്ചാറു കൊല്ലം മുമ്പ്. ആറു മാസം കൂടുമ്പോ വരുന്ന യൂണിവേഴ്സിറ്റി പരീക്ഷയും പിന്നെ ഇതിനിടയ്ക്കുള്ള രണ്ടു ഇന്റെർണൽ പരീക്ഷകളും ലാബ് ,റെക്കോർഡ് ബുക്കെഴുത്തു ,പിന്നെ അസൈന്മെന്റ്‌ എഴുത്തു എന്നീ ഉപദ്രവങ്ങളൊഴിച്ചാൽ രാജാവിനെപ്പോലെ ജീവിച്ചിരുന്ന സമയം .. ആ ..അതൊക്കെയൊരു കാലം . ഇപ്പോളാകട്ടെ എല്ലുമുറിയെ പണിയെടുത്തു കാലം കഴിക്കുന്നു .അത്രയ്ക്കു പണിയൊന്നുമില്ലാട്ടോ .. ഇച്ചിരി ഓവറാക്കിയതാ .
അതൊക്കെ പോട്ടെ നമുക്ക് കാര്യത്തിലോട്ടു വരാം . അന്ത കാലത്തു നമ്മൾ പിള്ളേരൊക്കെ മാസാവസാനം മഹാ പിച്ചകളാകും. ഇന്നും സ്ഥിതി വ്യത്യാസം ഒന്നുമില്ല. ശമ്പളം കിട്ടി മാസത്തിൻറെ ആദ്യപകുതി രാജാവാണേൽ ബാക്കി ദിവസങ്ങൾ മഹാ എച്ചിയും പിച്ചയും ആണെന്നു പറഞ്ഞാൽ കൊറഞ്ഞുപോകും. ഹോസ്റ്റൽ ഫീസും പിന്നെ അല്ലറ ചില്ലറ ചിലവുകളുമൊക്കെയായിട്ടു വീട്ടീന്നു തരുന്ന ഒരു അലവൻസുണ്ട്. ഹോസ്റ്റലിലെ രസവും സാമ്പാറും തിരിച്ചറിയാത്ത കറികൾ മടുക്കുമ്പോൾ പുറത്തൂന്നുള്ള ഫുഡ്ഡടി, പിന്നെ ചെറിയ രീതിലൊള്ള ഷോപ്പിംഗ് , വല്ലപ്പോഴും ഒള്ള സിനിമാകാണൽ ഇത്യാദി കലാപരിപാടികളോടെ ഈ അലവൻസൊക്കെ തീർന്നു കാൽകാശിനു ഗതിയില്ലാത്തവരാകും ഞങ്ങൾ .
അങ്ങനെയിരിക്കുന്ന സമയത്താണ് ഒരു സുഹൃത്തിൻറെ ചേച്ചിയുടെ കല്യാണം വരുന്നത്. ആർഭാടം കൊറക്കാൻ പാടില്ലാലോ. ഞങ്ങളെല്ലാരുടെ ഒരു ഗമണ്ടൻ ഗിഫ്റ് ഒക്കെ വാങ്ങി പോകാൻ തീരുമാനിച്ചു. ഗമണ്ടൻ എന്നു പറയുമ്പോ തെറ്റിദ്ധരിക്കേണ്ട.വലിപ്പം മാത്രമേ ഒള്ളു ഉള്ളടക്കം ജാസ്തിയാ ..
കല്യാണം ഞായറാഴ്ച ആയോണ്ടും വെള്ളിയാഴ്‌ച കെട്ടിപ്പെറുക്കി വീട്ടിൽ വന്നോണ്ടും കല്യാണത്തിനു വീട്ടീന്നു പോവേണ്ട സ്ഥിതിവിശേഷം സംജാതമായി.
അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ടിറങ്ങുന്ന തിരക്കിൽ വീട്ടിലൊന്നു വന്നുപോകുന്നതിൻറെ യാത്രാബത്ത അപ്പൻറെ കീശേന്നു കരസ്ഥമാക്കാനും മറന്നു.പല്ലുതേക്കാൻ മറന്നാലും ഇതു മറക്കാൻ പാടില്ലാത്തതാരുന്നു.പക്ഷെ അത്യാവശ്യം വണ്ടിക്കൂലിക്കൊള്ള കാശൊക്കെ എൻറെ കീശേലും ഒണ്ടാരുന്നു. നമ്മളോടാ കളി..
എന്തായാലും ഏറ്റുമാനൂർ KSRTC സ്റ്റാന്റിൽ നിന്നും പാലയ്ക്കുള്ള ബസ്സിൽ സ്ഥാനം പിടിച്ചു .ഡ്രെസ്സിനു അധികം ചതവും ഒടിവും പറ്റാതെ പ്രേത്യേകം ശ്രെദ്ധിച്ചു. അങ്ങനെ സ്വസ്ഥമായിട്ടിരിക്കുമ്പോൾ ബസ്സിലെ തെരക്ക് കൂടിക്കൂടിവന്നു. സീറ്റു കിട്ടാത്ത ഹതഭാഗ്യരെ നോക്കി അമ്പട ഞാനേ എന്ന ഭാവത്തിൽ ഞെളിഞ്ഞിരുന്നു.അപ്പോളാണ് ഒരു വല്യമ്മ കയറിവന്നത് . അധികം അവശതകളൊന്നും പ്രത്യക്ഷത്തിൽ തോന്നുന്നില്ല. പക്ഷേ തലനരച്ചിട്ടുണ്ടാരുന്നു. അന്നും ഇന്നും തലനരച്ചവരെല്ലാം പ്രായം ആയവരാണ് എന്ന മിദ്യാബോധം മനസ്സിൽ ഒള്ളോണ്ട് പണ്ട് പൊടിയമ്മ ടീച്ചർ പഠിപ്പിച്ചതനുസരിച്ചു ഞാൻ ന്റെ സീറ്റു ആ വല്യമ്മക്കു നൽകി.എന്നിട്ടു രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ കമ്പിയിൽ തൂങ്ങി നിൽപ്പായി.
കയ്യിലൊരു ബാഗുണ്ട് , പിന്നെ പേഴ്സും ഫോണുമുണ്ട്, ഇച്ചിരി നല്ല ചുരിദാർ ആയോണ്ട് അതിന്റെ ദുപ്പട്ടയും ഒരു പ്രേത്യേക പരിചരണം പ്രതീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ഒരു വിധത്തിൽ നിക്കുമ്പോളാണ് ടിക്കറ്റ് ടിക്കറ്റ് എന്നും പറഞ്ഞു ഒരു ക്രൂരന്റെ രംഗപ്രവേശനം.എനിക്കു സ്വന്തമായി സീറ്റുണ്ടാരുന്നപ്പോ ഈ മാന്യദേഹം എവിടെയായിരുന്നോ എന്തോ ...
എന്തായാലും ആൾക്കു കാശൊക്കെ കൊടുത്തു ബാലൻസ് പേഴ്സിലിടുന്നതിരക്കിൽ ടിക്കറ്റ് പറന്നുപോയി.സാരമില്ല ഇപ്പോ തന്നെ ഇറങ്ങാറാവൂല്ലോ എന്നു സമാധാനിച്ചു.കൊറച്ചു കഴിഞ്ഞപ്പോ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴംചൊല്ലു അന്വർത്ഥമാക്കുംവിധം ടിക്കറ്റ് ചെക്കർ എവിടുന്നോ ബസ്സിനുള്ളിൽ പൊട്ടിമുളച്ചു.
അയാളോട് ടിക്കറ്റ് പറന്നുപോയി എന്നു ഞാൻ പറഞ്ഞു. പക്ഷെ എന്താണെന്നറിയില്ല അദ്ദേഹം എന്നോട് ചൂടാവാൻ തൊടങ്ങി.ഇപ്പോളത്തെ പിള്ളേരിങ്ങാനൊക്കെയാ നാണമില്ലലോ എന്നൊക്കെ പറഞ്ഞു അയാളെനിക്ക് ഒരു ടിക്കറ്റ് എഴുതിത്തന്നു.
ഒരു ടിക്കറ്റ് പറന്നുപോയതിൽ ഇത്ര നാണിയ്ക്കാൻ എന്തിരിക്കുന്നു എന്നു ആത്മഗതം ചെയ്‌തു അയാള് നീട്ടിയ ടിക്കറ്റ് ഞാൻ വാങ്ങി. പാവം ഞാൻ ഒരു ടിക്കറ്റ് കൂടി എടുക്കേണ്ടി വരൂല്ലോന്നോർത്തു സങ്കടത്തോടെ അയാള് തന്ന ടിക്കറ്റ് തുറന്നു നോക്കി.പകച്ചുപോയി എന്റെ ബാല്യം. ഡബ്ബിൾ ചാർജ് ..പാവം ചെക്കർക്കു തെറ്റിയതാരിക്കും. ഞാൻ അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.
അപ്പോൾ ആ ദുഷ്ടൻ ആ ബസ്സിലുള്ള സകലമാന മനുഷ്യരും കേൾക്കേ ഉറക്കെ പ്രഖ്യാപിച്ചു " ടിക്കറ്റ് എടുക്കാതെ ബസ്സിൽ യാത്ര ചെയ്‌തതിനുള്ള പിഴയാ കൊച്ചേ ഇതു" ഞാൻ ഞെട്ടിപോയി.
ചുറ്റുപാടുമുള്ള മനുഷ്യർ, നല്ലോം അണിഞ്ഞൊരുങ്ങീട്ടൊണ്ടല്ലോ പക്ഷെ ഗവൺമെന്റിനെ പറ്റിക്കണം അല്ലേ എന്ന ഭാവത്തിലൊള്ള നോട്ടം.
ഇത്രേമൊക്കെ ആയപ്പോ ഹാ ദൈവദൂതനെ പോലെ നമ്മുടെ കണ്ടക്ടർ രംഗപ്രവേശനം ചെയ്തു. ഈ കൊച് ടിക്കറ്റ് എടുത്തതാണല്ലോ സാർ എന്നു പറഞ്ഞു.എന്നായാലും അടുത്തൊള്ള മനുഷ്യർക്കൊക്കെ മനസ്സിലായി ഞാൻ ടിക്കറ്റ് എടുത്തതാണെന്നു. അല്ലാണ്ട് ഓസിനല്ലന്നു.പറഞ്ഞിട്ടെന്താ നമ്മുടെ കണ്ടക്ടർക്കു ചെക്കറുടെ അത്രേം ഒച്ച ഇല്ലാത്തോണ്ട് മുന്നിലിരിക്കുന്ന മാന്യജനങ്ങളുടെ കണ്ണിൽ ഞാനൊരു കള്ളിയാരിക്കാം.
പതുക്കെ പതുക്കെ കാര്യങ്ങൾ വ്യക്തമായി ഞാൻ " പറന്നുപോയി " എന്നു പറഞ്ഞത് ചെക്കർ "മറന്നുപോയി" എന്നാ കേട്ടത്. "പ" യും "മ" യും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ടെന്നു അന്നാദ്യമായി തിരിച്ചറിഞ്ഞു.എന്തായാലും അവസാനത്തെ ചില്ലറപൈസയും അവർക്കെണ്ണിക്കൊടുത്തു അവിടുന്നു തലയൂരി.
ദൈവമേ ഈ ബസ്സിലൊണ്ടാരുന്ന ആരും കല്യാണത്തിനൊണ്ടാവരുതേ എന്ന പ്രാർത്ഥനയേ പിന്നീടൊണ്ടായൊള്ളു.എന്റെ ഭാഗ്യം "മോളേ നീ ആ ബെസിലൊണ്ടാരുന്ന കൊച്ചല്ലേ "എന്നുള്ള ചോദ്യങ്ങളൊന്നും അവിടെയുണ്ടായില്ല.പക്ഷെ ഇപ്പൊ ആരേലും ചോദിക്കും എന്നൊരു പേടി മനസ്സിൽ ഒണ്ടാരുന്നു.
അതിൽപിന്നെ എപ്പോ KSRTC ബസ്സിൽ കയറിയാലും ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുന്ന ഒരു പതിവുണ്ടായി. ചിലപ്പോളൊക്കെ എൻറെ പേഴ്‌സ് തുറക്കുമ്പോൾ ടിക്കറ്റ് കളക്ഷൻ എൻറെ ഹോബിയാണെന്നു തോന്നിപ്പോകുന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ...

By: TintuPmanuel

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo