Slider

അഗ്നി സാക്ഷി - ചെറുകഥ

0


സുഗന്ധഹാരിയാണ് പൊടിമഴ . പൂത്ത കാപ്പിയുടെ നറുമണം ചാലിച്ചു,നനഞ്ഞ മണ്ണിന്റെ പുതു ഗന്ധവും പേറി ,രോമകൂപങ്ങളിൽ തുളയുന്ന തണുപ്പും വഹിച്ചാണ് കാറ്റ് വീശുന്നത് . ഹെക്ടറുകൾ വരുന്ന വയലിന്റെ ഏതോ കോണിൽ ഡ്രില്ലർ ഉഴുന്ന നാദം അലയായ് അലച്ചുകൊണ്ടിരുന്നു . വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന റോഡിൻറെ വശങ്ങളിൽ മേയാൻ വേണ്ടി കെട്ടിയിട്ട ആടുകൾ നനവിൽ നിന്നും തണുപ്പിൽ നിന്നും രക്ഷപെടാൻ ശരീരം കുടഞ്ഞു കരഞ്ഞു. യജമാനനെ കാത്തു ദൂരേക്ക് നോക്കി നിന്നു. വീടിന്റെ ചെരുവിൽ മഴ നനയാതെ ഒതുങ്ങി നിന്നു കോഴികൾ ഒച്ചയുണ്ടാക്കി . പേരറിയാത്ത പക്ഷികളും ചീവീടുകളും സംഗീത സ്വരമുതിർത്തു
പൊടിമഴയുടെ ഇടവേളയിൽ പടിഞ്ഞാർ ചക്രവാള സീമയിൽ സൂര്യൻ സൗമ്യനായി ചിരിച്ചു .
" മോനെ ," ഏതോ ഓർമ്മയിൽ നിന്നു ഉണർന്ന പോലെ ഉമ്മ വിളിച്ചു .ഉമ്മയും ഞാനുംതണുത്ത കാറ്റും പുതു മണ്ണിന്റെ ഗന്ധവും ഉള്ള ആ സായന്തനത്തിൽ മൂടി പുതച്ചു വീടിന്റെ ഉമ്മറത്തിരിക്കുകയാണ് .
"എന്താ ഉമ്മാ "
" നിനക്കോർമ്മയുണ്ടോ നമ്മുടെ താഴെയുള്ള പാടങ്ങളെല്ലാം പുഞ്ചയും , നെഞ്ജയും നിറഞ്ഞു നിന്നിരുന്ന പഴയ നാളുകൾ ?"
ഇന്നവിടെ ഏറെ ഭാഗവും കവുങ്ങും വാഴയുമാണ് .ഞാൻ ഓർക്കാൻ ശ്രമിച്ചു, ഉപ്പയുടെ ചായ മക്കാനിയും അവിടെ പാടത്തു നിന്നു ചേറിന്റെ മണവുമായികേറി വരുന്ന കൃഷിപ്പണിക്കാരും . കൃഷിയും , മഴയും ,രാഷ്ട്രീയവും ഒക്കെ ചാർച്ചയാകുന്ന രാവിലെയും വൈകുന്നേരവും അവിടെ നടക്കാറുള്ളത് ഒരു ഗ്രാമസഭ തന്നെ ആയിരുന്നു . ഇഷ്ടവും , സ്നേഹവും , അലിവും, ആർദ്രതയും പരസ്പര ആദരവും നിറഞ്ഞു നിന്ന ചർച്ചകൾ .
"മോനെ , അന്ന് എല്ലാ കൊല്ലവും പാലക്കാടുള്ള പൗലോ കുഞ്ഞും കൂട്ടരും കൊയ്തൊഴിഞ്ഞ പാടത്തു താറാവു മേക്കാൻ വരാറുണ്ടായിരുന്നു" " അയാൾ ഇപ്പോഴും ജീവിക്കുന്നോ എന്തോ ?!താറാവു ഒക്കെ ഉണ്ടോ എന്തോ ?" ഉമ്മ സംസാരിച്ചു കൊണ്ടിരുന്നു .
പഴയ മടി തൊട്ടിലുകളിലൂടെ എന്റെ ഓർമ്മകൾ ഇഴയിട്ടു വളർന്നു . എന്റെ നാസാരന്ദ്രങ്ങളിൽ താറാവുകളുടെ മടുപ്പിക്കുന്ന മണം വന്നു നിറഞ്ഞു .അയാൾ എന്നെ ചുമലിലേറ്റി താറാവുകൾക്കൊപ്പം കൊണ്ട് പോകുന്നതും മുട്ടകൾ പൊതിഞ്ഞു തന്നതും എല്ലാം ....
മകരമാസത്തിലെ മരം കോച്ചുന്ന വയനാടൻ തണുപ്പിനെ പോലും വകവയ്ക്കാതെ താറാവുകളുമായി ഇവിടെ എത്തുന്ന അദ്ദേഹത്തെ ഓർത്തു . പുഴയോരത്തെ പുറം പോക്കിൽ വട്ടത്തിൽ വലകെട്ടി അതിൽ താറാവുകളും ,അതിനടുത്തു തന്നെ ടാർപോളിൻ ഷീറ്റിൽ ഉണ്ടാക്കുന്ന തമ്പിൽ അദ്ദേഹവും കൂട്ടരും ഉറങ്ങും .സഹൃദയനും തമാശക്കാരനും ആയിരുന്നു അയാൾ .താറാവു കൂട്ടിൽ കൂടിയാൽ അയാൾ ഉപ്പയുടെ ചായക്കടയിൽ എത്തും .കുറെ മുട്ടകളും കൊണ്ട് . ചില വൈകുന്നേരങ്ങളിൽ ഉപ്പ തൊടിയിലെ കരിയിലകൾ കൂട്ടി തീയിട്ടു കായും .ഉപ്പയ്ക്കൊപ്പം ഞങ്ങളും കൂടും .
അന്നൊരു വൈകുന്നേരം ...,
കഴ്ചക്കു മൂടുപടമിട്ടു കനത്ത കോട പരിസരമാകെ വിഴുങ്ങി .തണുപ്പ് എല്ലുകളിൽ സൂചി കൊള്ളുന്ന പോലെ കുത്തി നോവിച്ചു .ഇരുളും മുമ്പ് ഇരുട്ട് വന്നണഞ്ഞു .നേരത്തെ തന്നെ താറാവുകളെ കൂടണച്ചു പൗലോകുഞ്ഞു ഉപ്പയുടെ മക്കാനിയിൽ വന്നിരുന്നു വെടി പറഞ്ഞുകൊണ്ടിരുന്നു . നാലഞ്ചു പേർ വേറെയും ഉണ്ടായിരുന്നു . നാടൻ ചുക്ക് കാപ്പികുടിച്ചു കൊണ്ട് ,ചിരിയിലും വർത്തമാനങ്ങളിലും അവർ അലിഞ്ഞു പോയിരുന്നു . എന്റെ അനുജൻ ഉമ്മ മക്കാനിയുടെ അടുക്കളയിൽ കെട്ടിയ തൊട്ടിലിൽ ഉറങ്ങി പോയിരുന്നു മക്കാനിയുടെ പിന്നിലായിട്ടു വലതു വശത്തേക്ക് മാറി റോഡിൽ നിന്നു ഉയരത്തിൽ ആയിരുന്നു ഇറ താഴ്ത്തി പുല്ലു മേഞ്ഞു കെട്ടിയ ഞങ്ങളുടെ വീട് മക്കാനിയുടെ മുറ്റവും റോഡും ഒന്ന് തന്നെ ആയിരുന്നതിനാൽ മക്കാനിയിലെ റാന്തൽ വിളക്കിന്റെ വെട്ടം റോഡിൽ ചിതറിവീണിരുന്നു.
മൺകട്ടയുടെ പുറമെ പുഴമണ്ണ് തേച്ചു മിനുക്കി അതിന്റെ മുകളിൽ പലക വെച്ചുണ്ടാക്കിയ ഇരിപ്പിടത്തിൽ
ഒരു തൂണിൽ ചാരി ഞാൻ ഉറക്കം തൂങ്ങി .
"ഇമ്പായിയെ , ങ്ങൾ അത് പറയരുത് ,മ്മൾ ങ്ങക്ക് പറഞ്ഞ പോത്തിനെ തന്നെ വാങ്ങി തന്ന്",മൊയ്‌ദു മാപ്പിളന്റെ ആലേലു മ്മൾ രണ്ടാളും പോയി നോക്കീർന്നു .. ങ്ങൾ അഡ്വാൻസും കൊടുത്തു "
"അതെ രാമൻകുട്ട്യേ", പച്ചേ, അനിയത്തിനെ കാട്ടി ഏട്ടത്തിനെ കെട്ടിക്ക്യാ ന്നു ഈ ഇമ്പായീ കേട്ടിട്ടേ ള്ളൂ'
ങ്ങൾ അതെന്നെ , ഇന്നോട് കാട്ടി ".
" രാമൻകുട്ട്യേ ", ജ്ജ് അത് കാട്ടീത് ഒട്ടും സെരി അയീല്ല "
"കാദർ മാപ്പിളേ, ങ്ങളും ന്നെ കുറ്റപ്പെടുത്തല്ലീ ന്നും" "
ഉച്ചത്തിലുള്ള വർത്തമാനവും തർക്കങ്ങളും കേട്ടു കോടമഞ്ഞിൽ തട്ടി ചിതറുന്ന റോഡിലെ റാന്തൽ വെളിച്ചത്തിലേക്കു ഞാൻ തല ഉയർത്തി നോക്കി . കാലു നിലത്തുറക്കാത്ത വിധം പൂസായി രാമൻകുട്ട്യേട്ടൻ ഒറ്റക്കാണ് നാല് ആളുകൾ ആണെന്ന് തോന്നും വിധം സംസാരിച്ചു കൊണ്ട് പോകുന്നത് . അദ്ദേഹം നിർത്താതെ ഉച്ചവെക്കുന്നു , ഇടയ്ക്കു ഇമ്പായി അദ്ദേഹത്തെ അടിക്കുന്നതും കാദർ ഇടപെടുന്നതും എല്ലാം കേട്ടു .പാടവരമ്പിലൂടെ നടന്നു അദ്ദേഹത്തിന്റെ വീടെത്താൻ ഇനിയും അരമണിക്കൂറെടുക്കും .അത്രേം നേരം ആ തറക്കങ്ങളും പരിഹാരങ്ങളും നമുക്ക് കേൾക്കാനും ആവും .
ഉമ്മ എന്നെയെടുത്തു വീട്ടിൽ കൊണ്ട് പോയി മരക്കട്ടിലിലെ പുല്പായയിൽ ഉറക്കി .തണുപ്പിൽ നിന്ന് രക്ഷപെടാൻ ഉത്തരേന്ത്യൻ കച്ചവടക്കാർ കൊണ്ട് നടന്നു വിൽക്കുന്ന തരം കരിമ്പടം പുതപ്പിച്ചു .
വീടിന്റെ ഉമ്മറപ്പടിയിലെ തിണ്ണയിൽ ഒരു മണ്ണണ്ണ വിളക്കും കത്തിച്ചു വെച്ചു .
വീണ്ടും മക്കാനിയുടെ അടുക്കളയിൽ പോയീ ,ഉമ്മ ബാക്കിയുണ്ടായിരുന്ന ജോലികൾ ചെയ്തു കൊണ്ടിരുന്നു ..
മഞ്ഞു വീഴ്ചക്ക് രാത്രി ഒരു കുറവും ഉണ്ടായിരുന്നില്ല മേഞ്ഞിട്ട വീടിന്റെ വൈക്കോലിൻ തുമ്പിലൂടെ വെള്ളം ഇറയിലേക്ക് ഇറ്റിറ്റു വീണു . പുറത്തു കുരുമുളക് വള്ളിയിൽ നിന്ന് ചേമ്പിലയിലേക്കും കരിയിലയിലേക്കും വീഴുന്ന ജലത്തുള്ളികൾ ക്ട് ,ക്ട് ഒച്ചയുണ്ടാക്കി . അനുജൻ മക്കാനിയിലേ തൊട്ടിലിൽ തന്നെയാണ് ഉറങ്ങുന്നത് .
ഉമ്മയുടെ ഇരു ചെവികളും വീട്ടിൽ കിടത്തി ഉറക്കിയ എന്റെ നേരെ ആയിരുന്നു .
എന്തോ ഒരു വിളിയാളം കിട്ടിയ പോലെ
"മോൻ കരഞ്ഞോ "എന്ന് ഉറക്കെ വിളിച്ചു ചോദിച്ച് ഉമ്മ പുറത്തേക്കു വന്നു .
പിന്നെ ഒരു നിലവിളിയാണ് കേട്ടത് .
ഇനിയും പറയാനുണ്ട് ...പിന്നേം എഴുതാട്ടോ ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo