റൂമില്‍ എല്ലാവരും നല്ല ഉറക്കമാണ്.മകളെ പെണ്ണ് കാണാന്‍ വന്ന ചെക്കന്‍ അവള്‍ക്ക് നിറം പോരായെന്നു പറഞ്ഞൊഴിഞ്ഞ വിവരമറിഞ്ഞ് ഹംസക്ക കുറെ നേരം സങ്കടപ്പെട്ട് തന്നോട് ഓരോന്ന് പറയുന്നുണ്ടായിരുന്നു.ഇടക്കെപ്പോഴോ അയാളും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
തന്റെ മനസ് മാത്രം ശാന്തമാവാതെ പലപല ചിന്തകളിലലഞ്ഞ് ഉറക്കത്തിന് പിടികൊടുക്കാതെ ഉഴറിനടക്കുകയാണ്.എ സിയുടെ മുരള്‍ച്ചയോടൊപ്പം ചിലരുടെ കൂർക്കം വലിയും ഉയർന്നുകേള്‍ക്കുന്നുണ്ട്.
മൊബൈലിലെ ബട്ടണ്‍ ഞെക്കി.സമയം പന്ത്രണ്ടര ആയിരിക്കുന്നു.നാളെ രാവിലെ ആറുമണിക്കാണ് ഡ്യൂട്ടി.സാധാരണ എട്ടുമണിക്കാണെങ്കിലും നാളെ സൈറ്റ് അല്‍ ഐ നിലായതിനാല്‍ ആറുമണിക്കേ പുറപ്പെടേണ്ടതുണ്ട്.നാളെ കൂടെ വരേണ്ട സുധീഷ് എട്ടുമണിക്ക് തന്നെ ഉറങ്ങി.
ശബ്‌ദമുണ്ടാക്കാതെ പതിയെ വാതില്‍ തുറന്ന് പുറത്തിറങ്ങി.പുറത്ത് നല്ല ചുടുകാറ്റടിക്കുന്നുണ്ട്.ടെറസിലെ ബെഞ്ചില്‍ ചെന്നിരുന്നു.ചുറ്റും നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചുകിടക്കുന്ന ദുബൈ നഗരം.ദുബൈ ഒരിക്കലും ഉറങ്ങുന്നില്ല.റോഡൂകളിലിപ്പോഴും തിരക്കാണ്.അല്‍ഷാബ് കോളനിയിലെ ഈ പാർപ്പിടസമുച്ചയത്തിന്റെ ടെറസിലിരുന്നാല്‍ ദുബൈ ഇന്റർനാഷണല്‍ എയർപോർട്ട് വളരെയടുത്ത് കാണാം.ഒരു ഭാഗത്ത് വിമാനം ടേക്കോഫ് ചെയ്യുമ്പോള്‍ മറുവശത്ത് ലാന്‍ഡിംഗ് നടക്കുന്നു.മിഌട്ടില്‍ ഒന്നെന്ന തോതില്‍ ലാന്‍ഡിംഗും ടക്കോഫും.
കനത്ത ശബ്‌ദത്തോടെ ലാന്റിങ്ങിഌള്ള ഒരുവിമാനം തലക്ക് മുകളിലൂടെ താഴ്‌ന്നു പറക്കുന്നു.പിന്‍വശത്ത് ആകാശത്ത് ലാന്‍ഡിംഗിനായി വരിയായി വരുന്ന വിമാനങ്ങളുടെ ഹെഡ്‌ലൈറ്റുകള്‍ തെളിഞ്ഞു കാണാം.
എല്ലാം കണ്ടുമടുത്ത കാഴ്‌ചകള്‍.ഇടക്ക് റോഡില്‍ നിന്നും പോലീസ് വാഹനത്തിന്റെ പ്രതേ്യ ക തരത്തിലുള്ള സൈറണ്‍ ശബ്‌ദം കേട്ടു.പുസ്‌തകത്താളുകളിലൊളിപ്പിച്ച മയില്‍പ്പീലിത്തുണ്ടു പോലെ മനസിന്റെയുള്ളില്‍ ഇതുവരെ വെളിച്ചം കാണാത്ത നിരവധി സ്വപ്‌നങ്ങളുമായാണ് ഓരോരുത്തരും ഇവിടെ വിമാനമിറങ്ങുന്നത്.ചിലരുടെ സ്വപ്‌നങ്ങള്‍ എ സിയുടെ തണുപ്പില്‍ തളിരിടുന്നു.മറ്റു ചിലരുടേത് മരുഭൂമിയിലെ ചൂടുകാറ്റില്‍ വാടിക്കരിഞ്ഞു പോവുന്നു.
ഇന്ന് സെപ്‌റ്റംബർ അഞ്ച്.മുസാഫർഖന്റെലീവ് തീരുന്ന ദിവസം.അവന്‍ അവന്റെ നാടായ പാക്കിസ്‌ഥാനിലേക്ക് പോയിട്ട് രണ്ട് മാസമാകാറായി.എപ്പോഴും തന്റെ കുട്ടികളെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു അവന്‍.മലയടിവാരത്തിലെ പുഴക്കരികിലെ വീട്ടില്‍ അവന്‍ ലീവിനെത്തുമ്പോള്‍ പെരുന്നാള് പോലെയായിരുന്നു.രണ്ടാഴ്‌ചമുമ്പ് അവന്‍ വിളിച്ചിരുന്നു.ലീവ് കഴിഞ്ഞ് വരുമ്പോള്‍ അവന്റെ ഉമ്മ എനിക്കായി തയ്യാറാക്കാന്‍ ഉദ്ദേശിച്ച മധുരപലഹാരങ്ങളുടെ പേരുകള്‍ വളരെ ആവശത്തോടെ അവന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.അവന്റെ നാലുവയസുകാരിയായ മകള്‍ ഷഹീദയെക്കുറിച്ചാണവന് കൂടുതലായും അവന് പറയാഌണ്ടാവുക.
നീണ്ട പത്തുവർഷക്കാലമായി അവഌമായുള്ള ബന്ധം തുടങ്ങിയിട്ട്.അബുദബിയില്‍ നിന്ന് മുന്നൂറോളം കിലോമീറ്റർ ദൂരെ സൗദി ബോർഡറിനടുത്ത സ്‌ഥലമായ സിലയില്‍ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്.പുതിയ ടൗണ്‍ഷിപ്പിന്റെ പണി നടക്കുന്ന ആ സൈറ്റില്‍ ഡ്രൈവർ ജോലിയിലായിരുന്നു മുസാഫർഖാന്‍.നാട്ടില്‍നിന്ന് പുതുതായെത്തിയ തനിക്ക് ഇവിടുത്തെ ചൂട് അസഹനീയമായിരുന്നു. സർവെയിലായിരുന്ന ഞാന്‍ ഒരു ദിവസം പൊരിവെയിലില്‍ തളർന്നു വീഴുന്നത് ദൂരെനിന്ന് കണ്ട അവന്‍ വണ്ടിയുമായി കുതിച്ചെത്തി എന്നെവാരിയെടുത്ത് വാഹനത്തില്‍ കയറ്റി സൈറ്റ് ഓഫീസില്‍ എത്തിക്കുകയായിരുന്നു.പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കി താമസസ്‌ഥലത്തെത്തിച്ചതും അവനായിരുന്നു.ഇവിടെ ഈ മണലാരണ്യത്തില്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഇന്ത്യനെന്നോ പാക്കിസ്‌ഥാനിയെന്നോ വേർതിരിവില്ലെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.
സിലയിലെ ഞങ്ങളുടെ കമ്പനിയുടെ മൂന്ന് മാസത്തെ ജോലി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചുവരുമ്പോഴേക്കും അവനെനിക്ക് ആരെല്ലാമൊ ആയിത്തീർന്നിരുന്നു.
ദുബൈ ക്ലോക്ക് ടവറിലേക്ക് നോക്കിയപ്പോള്‍ സമയം രണ്ട് മണി.ഇന്ന് രണ്ടരക്ക് ദുബൈയിലെത്തുന്ന പാക്കിസ്‌ഥാന്‍ ഇന്റർനാഷണല്‍ എയവേസിന്റെ വിമാനത്തിനായിരുന്നു അവന്‍ ടിക്കറ്റെടുത്തിരുന്നത്.
ഇപ്പോള്‍ അവന്റെ വീട്ടുകാരൂടെ അവസ്‌ഥയെന്തായിരിക്കും.അവന്റെ നാലുവയസുള്ള ആ കുസൃതിക്കുട്ടി ആരുടെയെങ്കിലും മടിയില്‍ കരഞ്ഞു തളർന്നുറങ്ങുന്നുണ്ടാകും.അവന്റെ മരണം അവന്റെ ഉമ്മക്കും ഭാര്യക്കും താങ്ങാനാവുന്നതിലധികമായിരിക്കും.ദുബൈയിലേക്ക് തിരിച്ച്‌പോവുന്നതിന്റെ രണ്ട്‌ദിവസം മുമ്പ് ഒരു വില്ലനായി മരണമെത്തുമെന്ന് അവരാരും കരുതിയിരിക്കില്ലല്ലോ...
ക്ലോക്ക് ടവറില്‍ സമയം രണ്ടര.ദൂരെ നിന്നും ഒരു വിമാനം ലാന്റിംഗിനായി വരുന്നു.അടുത്തെത്തിയപ്പോള്‍ അതില്‍ പിയ(പാകിസ്‌ഥാന്‍ ഇന്റർനാഷണല്‍ എയർവേയ്‌സ്) എന്നെഴുതിയിരിക്കുന്നത് നിറഞ്ഞ കണ്ണീരിനിടയിലും എനിക്ക് കാണാമായിരുന്നു."റൊട്ടി ഖാവോ ജാന്‍ ബനവോ" എന്ന് പറഞ്ഞെന്നെ കളിയാക്കാന്‍ അവന്‍ സ്വപ്‌നത്തിലെങ്കിലും എന്റെയരികില്‍ വരുമായിരിക്കും.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക