Slider

സൈക്കിള്‍ റീഫിറ്റിംഗ്‌ !!

0


അമ്മായീടെ മകന്‍ ബോംബെയ്ക്ക് പോകുന്നതോടെയാണ് അങ്ങേരുടെ എല്ലാമെല്ലാമായിരുന്ന ഹീറോ സൈക്കിള്‍ ഞാന്‍ സ്വന്തമാക്കുന്നത്. അന്നതില്‍ ഹീറോ കമ്പനിയുടേതായിട്ട് അതിന്‍റെ ബോഡി ഫ്രെയിം മാത്രമാണ് ഉണ്ടായിരുന്നത്, ബാക്കി എല്ലാം തന്നെ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നു. എന്തായാലും സ്വന്തമായി ഒരു സൈക്കിള്‍ എക്കാലത്തെയും ആശയായിരുന്നതിനാല്‍, പോന്നുപോലെ തന്നെ അതിനെ നോക്കി. അതായത് രാത്രി എവിടേലും പോയി മഴയെങ്ങാന്‍ കൊണ്ടിട്ടുണ്ടേല്‍ സ്വന്തം തല തുടച്ചില്ലേലും, സൈക്കിള്‍ തുടച്ചു ഭംഗിയാക്കുമായിരുന്നു, എന്ന് സാരം. എന്തുകൊണ്ടോ, ആ സൈക്കിളില്‍ പോകുമ്പോള്‍ ബെല്ലടിക്കാതെ തന്നെ ആളുകള്‍ വഴിമാറിയിരുന്നു.(പഴക്കം കൊണ്ടും മെയിന്‍റെനന്‍സിന്‍റെ അഭാവം കൊണ്ടും ഒരു കാടിളകി വരണ പോലെ ആയിരുന്നല്ലോ അതിന്‍റെ ഒച്ച, പിന്നെങ്ങനാ ആളുകള്‍ താനേ വഴിമാറാതിരിക്കും)....
അങ്ങനെ കാലം കഴിക്കുന്നതിനിടയിലാണ് ചേട്ടന്‍റെ ഒരു കൂട്ടുകാരന്‍ ഒരൈഡിയ പറയുന്നത്, ഒന്ന്‍ റീഫിറ്റ് ചെയ്യിച്ചാല്‍ സൈക്കിള്‍ ഉഷാറാവും. എന്നാല്‍ പിന്നെയും പ്രശ്നം, കാശു വേണ്ടെ, പാര്‍ട്സ് കൊറേ മാറ്റേണ്ടിവരും, പിന്നെ സര്‍വീസ് ചാര്‍ജ്ജ്. അതിനും വഴിയുണ്ടാക്കാമെന്നായി അങ്ങേര്. മാറ്റേണ്ട പാര്‍ട്സ് മാത്രം വാങ്ങിക്കൊടുത്താല്‍ അങ്ങേരുതന്നെ ഫ്രീയായി റീഫിറ്റ് ചെയ്തു തരാമെന്ന്‍. അന്ന് പ്രചാരത്തിലില്ലാതിരുന്നിട്ടും "മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി".
സമ്മതം മൂളിയത് മാത്രം ഓര്‍മ്മേലുണ്ട്, സൈക്കിള്‍ അങ്ങേര് പീസ് പീസാക്കി. ബോഡിയും വീലുകളും ഒഴികെ ബാക്കി എല്ലാം ഒരു കുട്ടയില്‍ ആക്കി എന്‍റെ മുന്നില്‍ വച്ചു. സൈക്കിളിന്‍റെയും ബേസ്, ആറ്റം ആണെന്ന്‍ അന്ന്‍ മനസ്സിലായി. മാറ്റേണ്ട പാര്‍ട്സ്-ന്‍റെ ലിസ്റ്റ് വലുതായിരുന്നിട്ടും അച്ഛന്‍ പച്ചക്കൊടി വീശുകയായിരുന്നു. പക്ഷെ സാധനങ്ങള്‍ വാങ്ങിയിട്ടും റീഫിറ്റ്കാരന് പഴയ ഉത്സാഹം കാണാനില്ല, നാളെയാകട്ടെ മറ്റന്നാളാകട്ടെ എന്ന്‍ പറഞ്ഞ് തള്ളിക്കളയുന്നു. കലപില കൂട്ടിയാണേലും നന്നായി ഓടിക്കൊണ്ടിരുന്ന സൈക്കിളാ, ഇപ്പൊ കുട്ടയില്‍ കിടക്കണത്.
ഒരു മാസം കഴിഞ്ഞിട്ടും അവസ്ഥയ്ക്ക് മാറ്റമൊന്നും വരാതിരുന്നതിനാല്‍, തന്നത്താന്‍ ചുമന്നുകൊണ്ടു പോയി (അസ്ഥികൂടം ചുമന്നെങ്ങോട്ടാടോ എന്ന് വരെ ചോദിച്ചവരുണ്ട്), കടയില്‍ കൊടുത്ത് നന്നാക്കുകയായിരുന്നു. ഒടുവില്‍ സൈക്കിള്‍ എല്ലാം ശരിയാക്കി കിട്ടിയതിന് കുറച്ച് നാളുകള്‍ക്ക് ശേഷം, പ്രസ്തുത ചേട്ടന്‍ ഒരിക്കല്‍ അങ്ങേരുടെ സൈക്കിളില്‍ വീട്ടില്‍ വരികയുണ്ടായി. സൈക്കിളില്‍ നിന്നിറങ്ങി സ്റ്റാന്റിലിടുന്നതിന് പകരം മതിലില്‍ ചാരിവയ്ക്കുന്നു. എന്താന്ന്‍ ചോദിച്ചപ്പോള്‍ പറയാ...."സൈക്കിള്‍ സ്വന്തമായി ഒന്ന്‍ റീഫിറ്റ് ചെയ്തതാ, അവസാനം സ്റ്റാന്റ് പിടിപ്പിയ്ക്കാന്‍ സ്ഥലം തികഞ്ഞില്ല..."
(കൃഷ്ണകുമാര്‍ ചെറാട്ട്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo