Slider

തോഡ തോഡ

0

സാര്‍ .. കല്‍ സുബഹ് സാത്ത് ബജേ ആപ്കോ ഹെഡ് ഓഫീസ് ജാനേകാ ഹേ ''
വാതിൽ പടിയിൽ നിന്നും ഹിന്ദിയിലുള്ള അശരീരി കേട്ട് ഉണരുമ്പോള്‍ കാണുന്നത് രാവിലെ എനിക്കായി മുറി ഒരുക്കി തന്ന നേപ്പാള്‍ സ്വദേശി വീര്‍ ബഹദൂറിനെ .
'' ഓക്കേ ഭായ് ''
ദൂരദര്‍ശനില്‍ വരാറുള്ള ഹിന്ദി സിനിമകള്‍ എല്ലാം കാണുന്നത് കൊണ്ട് മറ്റാരെക്കാളും ഹിന്ദി അറിയാമെന്ന്‍ പലപ്പോഴും ഞാന്‍ അഹങ്കരിച്ചിരുന്നു . വീർ ബഹദൂറിനു ഹിന്ദിയിൽ തന്നെ മറുപടി കൊടുത്തത്തിനു ഞാൻ അഭിമാനിച്ചു.
ഗള്‍ഫില്‍ ഇതാദ്യമാണ് . ഒരു പ്രവാസിയുടെ ജീവിതം ആലേഖനം ചെയ്യപ്പെടുകയാണെങ്കില്‍ പ്രവാസത്തിനു മുന്‍പും , പിന്‍പും എന്ന് പ്രത്യേകം തരം തിരിക്കേണ്ടതുണ്ട് . ജീവിതമെന്ന സർവ്വ കലാശാലയാണ് പ്രവാസം .
ഞാനും ഇന്നൊരു പ്രവാസിയായി മാറിയിരിക്കുന്നു . അത്തറിന്റെ മണമുള്ള ഒരു ഗൾഫുകാരൻ .
വീര്‍ ബഹദൂർ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട് . കുറച്ചകലെയുള്ള ബാത്ത് റൂം കാണിച്ചു തരാനായി നിൽക്കുകയാണ് അയാൾ . ബാത്ത് റൂമിൽ എത്തിയ ഉടനെ ടാപ്പ് തുറന്നു കൈ കഴുകാൻ തുടങ്ങിയ ഞാൻ ചൂട് വെള്ളം വരുന്നത് കണ്ടു കൈ വലിച്ചു അയാളോട് ചോദിച്ചു .
'' കൈസാ സാധാ വാട്ടര്‍ ?.. ഹോട്ട് വാട്ടര്‍ നഹി .. നോര്‍മല്‍ വാട്ടര്‍ ഹേയ് ? ''
കാര്യം മനസ്സിലാകാതെ അന്തം വിട്ടു നില്‍കുന്ന അയാൾക്ക് ടാപ്പ് തുറന്നു കാണിച്ചു കൊടുത്തപ്പോൾ മനസ്സിൽ ചോദിച്ചു.
'' നേപ്പാളികളും മലയാളികളെ പോലേയാണോ ഹിന്ദി അറിയില്ലല്ലേ ?.. ''
സംഗതി എല്ലാം തൊട്ടു കാണിച്ചു കൊടുത്തപ്പോള്‍ വീര്‍ ബഹദൂറിന്റെ വക പരിഹാസം കലര്‍ന്ന മറുപടി ..
'' ഹേ ഭായ് സാബ് .. യെഹിയെ നോര്‍മല്‍ പാനി .. അഭി മോസം ഗര്‍മീ ഹേനാ .. ഫിര്‍ ഭി ആപ്കോ ഗരം പാനി ചാഹിയെതോ .. സാംനെ ഓര്‍ ഏക്‌ ടാപ്പ്‌ ഹേനാ .. വോ യുസ് കരോ ''
'' അച്ഛാ ''
എല്ലാത്തിനും തലയാട്ടി ഞാനും ഹിന്ദിയില്‍ മൊഴിഞ്ഞു .
പെട്ടെന്നുള്ള യാത്രയായിരുന്നു . മുടി പോലും വെട്ടാതെയാണ് യാത്ര തിരിച്ചത് . നാളെ ഹെഡ് ഓഫീസിലേക്ക് തിരിക്കുന്നതിനു മുന്പ് എവിടുന്നെങ്കിലും ഒന്ന് വെട്ടി ഒതുക്കണം .
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വചനം പോലെ അവസാനം ഞാനും കണ്ടെത്തി ഒരു സലൂണ്‍ .
തിരക്കൊന്നുമില്ല . കോട്ട് ധാരിയായ ബംഗാളി പയ്യന്‍ ഒഴിഞ്ഞിരിക്കുന്ന കസേരയിലേക്ക് എന്നെ ആനയിച്ചു .
'' കൈസാ കട്ട്‌ കര്‍ണാ ഹേ '' ?
''ദെ പിന്നേം ഹിന്ദി ചന്ദ്രനില്‍ വരെ മലയാളി ഉണ്ടാകുമെന്ന്‍ പറഞ്ഞിട്ട് ഇവിടെ ഒരുത്തനെ പോലും കാണുന്നില്ലല്ലോ '' .. ഞാൻ സ്വയം മുറു മുറുത്തു
'' ഭായ് സാബ് .. ആപ് ബതായിയെ .. കൈസാ കട്ട്‌ കര്‍ണാ ഹേ ?''
അയാള്‍ വീണ്ടും അതേ ചോദ്യം ആവര്ത്തിക്കുകയാണ്‌ .
'' തോഡാ '' ഞാനും വിട്ടു കൊടുത്തില്ല .
'' തോഡാ രക്നാ ഹേ ക്യാ ? '' അവനും ഒരു വഴിക്ക് വിടുന്ന ലക്ഷണമില്ല .
'' ഹാ .. ഒകെ '' ഒരു വിധത്തിൽ കാര്യങ്ങള്‍ക്കൊക്കെ തീര്‍പ്പാക്കി ഞാന്‍ മൂളി.
അവൻ പൊന്നാട പോലെ എന്തോ ഒന്നണിയിച്ചു എന്നെ ആദരിച്ചു . നിറം കൊണ്ട് പൊന്നാട പോലെ തോന്നിയെങ്കിലും വെള്ളം നനഞ്ഞിട്ട് ദിവസങ്ങൾ ആയത് കൊണ്ട് മാത്രമാണ് ആ തുണിക്ക് പൊന്നാടയുടെ നിറം വന്നതെന്ന് ഞാൻ മനസ്സിലാക്കി .
താഴെ കുമിഞ്ഞു കൂടുന്ന എന്റെ തല മുടി കണ്ട് ഒരു നിമിഷം ഞാന്‍ കണ്ണാടിയിലേക്ക് എന്റെ കണ്ണോടിച്ചു .
ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി. എന്റെ നടുക്കം കണ്ടതും അയാള്‍ ചോദിച്ചു .
'' ക്യാ ഹോഗയാ ഭായ് ''
ഇത്തവണ ഞാന്‍ ഒന്നും പറഞ്ഞില്ല . കുറച്ചു മാത്രം വെട്ടിയൊതുക്കാൻ വന്ന എന്റെ തലമുടി കുറച്ചു മാത്രം വെച്ച് ബാക്കിയെല്ലാം വെട്ടി കളഞ്ഞിരിക്കുന്നു . ഇനി എന്തെങ്കലും മുറി ഹിന്ദിയില്‍ പറഞ്ഞാല്‍ ഒരു പക്ഷെ മൊട്ടയടിച്ചെങ്കിലോ ...
തല താഴ്ത്തി അനുസരണയോടെ ഇരിക്കുമ്പോള്‍ പഴമക്കാര്‍ പറഞ്ഞത് ഒരു നിമിഷം ഓര്‍ത്തു .
പളനിയില്‍ പോയി തല മുണ്ഡനം ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഞാന്‍ എന്ന ഭാവമാകുന്ന തല മുടി, മുണ്ഡനം ചെയ്ത് താഴേക്ക് പതിച്ചു ഭൂമിയെ പുണരുമ്പോൾ മനുഷ്യന്റെ ഉള്ളിലുള്ള അഹങ്കാരവും ഭൂമിയോളം താഴ്ന്നില്ലതാകും .
അത് പോലെ സുഖമ ഹിന്ദി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയത് കൊണ്ടും ഹിന്ദി സിനിമകൾ കണ്ടത് കൊണ്ടും ഹിന്ദി അറിയാമെന്ന എന്റെ അഹങ്കാരം എന്റെ മുടിയോടൊപ്പം ഭൂമിയോളം താഴ്ന്നില്ലാതായിരിക്കുന്നു .

By: 
Hafi Hafsal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo