Slider

മീശയുള്ള കുട്ടി

0


നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വല്ലാത്ത ഭയത്തോടെയാണ് ക്ലാസ്സിൽ ഇരിക്കുന്നത്. ക്ലാസ്സ്‌ ലീഡർ ആയ ജോൺ പോളിൻറെ കൈയിലെ പേപ്പറിൽ എൻറെ പേര് മാത്രമേ ഉള്ളൂ . ഇന്നലെ കളിക്കിടെ വഴക്കിട്ടതിനു അവൻ എന്നോട് പകരം വീട്ടിയിരിക്കുന്നു. ക്ലാസ്സിൽ ശബ്ദമുണ്ടാക്കിയെന്നു പറഞ്ഞ് അവൻ എന്റെ പേര് എഴുതിയിരിക്കുകയാണ്. ടെസ്സി ടീച്ചർ ക്ലാസിൽ വന്നിട്ടില്ല, വന്നാൽ ചൂരൽപ്രയോഗം ഉറപ്പാണ്‌. ആ വേദന ഒരിക്കൽ അനുഭവിച്ചിട്ടുള്ളത്കൊണ്ടും ഒരിക്കൽ കൂടി താങ്ങാനാവാത്തതുകൊണ്ടും ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ കണ്ടത് കയ്യിൽ ഒരു ചൂരലുമായി കടന്നുവരുന്ന ടെസ്സി ടീച്ചർ! ഈശ്വരാ! ഞാൻ അറിയാതെ വിളിച്ച് പോയി. അങ്ങനെ പേടിച്ചിരിക്കുമ്പോൾ അതാ വരുന്നു പ്യൂൺ ഔസേപ്പ് ചേട്ടൻ, കൂടെ അച്ഛനും! അച്ഛനെന്താ ഇപ്പോൾ ഇവിടെ ? എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ടെസ്സി ടീച്ചർ എന്നെ വിളിച്ചു . ഞാൻ ചാടി എഴുന്നേറ്റു. "കുട്ടി അച്ഛന്റെ കൂടെ വീട്ടിലേക്ക് പൊയ്ക്കോളൂ" . കുറച്ച് മുന്പ് സന്മാർഗ പുസ്തകത്തിൽ വായിച്ച മാലാഘയുടെ രൂപമായിരുന്നു അപ്പോൾ അച്ഛന്. ചൂരലിന്റെ മാരകമായ വേദനയിൽ നിന്ന് എന്നെ രക്ഷിക്കാൻ വന്ന മാലാഘ. എന്നാലും ഇപ്പോൾ എന്തിനാണ് അച്ഛൻ തന്നെ കൊണ്ടുപോകുന്നതെന്ന സംശയം എന്നിലുണ്ടായി. 
വീട്ടിലേക്കുള്ള യാത്രയിലുടനീളം എന്റെ ചോദ്യങ്ങൾക്കും സംസാരത്തിനും ഒരു മൂളലിൽ മറുപടിയൊതുക്കിക്കൊണ്ട് അച്ഛൻ വളരെ വേഗത്തിൽ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്നു. കട്ടിമീശയുള്ള ,ഏപ്പോഴും ഗൗരവം മാത്രം കാണാറുള്ള അച്ഛന്റെ മുഖത്ത്‌ ഒരു ദുഖം നിഴലിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വീട്ടിൽ വലിയ ഒരു ആൾകൂട്ടം തന്നെയുണ്ടായിരുന്നു.മുറ്റത്തെത്തിയ ഉടനെ വല്യച്ഛനും ചെറിയമ്മാവനും അച്ഛന്റെ അരികിലേക്ക് ഓടി വന്നു.എന്നെ ഉമ്മറത്തേക്ക് കയറ്റിവിട്ടിട്ട് അവരോട് സംസാരിക്കുന്ന അച്ഛന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു . അടുത്ത വേനലവധിക്ക് കാണാം എന്ന് പറഞ്ഞ പോയ സനുവും മനുവും പറമ്പിൽ ഓടികളിക്കുന്നു, മൂവാണ്ടൻ മാവിന്റെ ഒരു കൊമ്പ് മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കുന്ന മരംവെട്ടുകാരൻ ബേബി,മുറ്റത്ത്‌ കസേരകൾ നിരത്തിയിടുന്ന ജോസേട്ടൻ,ഇടക്കിടക്ക് വന്നു പോകുന്ന വെള്ള വസ്ത്ര ധാരികളായ ആളുകൾ.അതിൽ ചിലരുടെ കയിൽ പൂക്കൾ കൊണ്ടുണ്ടാക്കിയ വട്ടത്തിൽ ഉള്ള ഒരു സാധനം. അതിൽ എന്തോ എഴുതിയിട്ടുമുണ്ട്(അതിന്റെ പേര് റീത്ത് എന്നാണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു).എന്താണ് കാര്യം എന്ന് അമ്മയോട് ചോദിയ്ക്കാൻ ആകാംഷയോടെ അകത്തേക്ക് കയറിയ ഞാൻ കണ്ടത് വെള്ളത്തുണിയിൽ പൊതിഞ്ഞു നിലത്ത് കിടത്തിയിരിക്കുന്ന അച്ഛമ്മയെയാണ്! എനിക്ക് കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയിരുന്നു.അല്പസമയത്തിനകം അച്ഛനും വല്യച്ഛനും ഈറനോടെ വരുന്നത് ഞാൻ കണ്ടു.അച്ഛൻ വല്ലാതെ തളർന്നിരിക്കുന്നതായി എനിക്ക് തോന്നി.അച്ഛമ്മയുടെ ദേഹം ചിതയിലേക്ക് എടുക്കുമ്പോഴും ,തീ പകരുമ്പോഴും അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
രാഷ്ട്രീയക്കാരനായ,എല്ലാവരോടും ഗൌരവത്തോടും കാർകശ്യത്തോടും മാത്രം പെരുമാറിയിരുന്ന അച്ഛൻ. അങ്ങനെയുള്ള അച്ഛൻ കരയുന്നത് അതിനുമുന്പോ അതിനുശേഷമോ ഞാൻ കണ്ടിട്ടില്ല.സന്ധ്യ സമയത്ത് ജനലഴികൾക്കിടയിലൂടെ എരിയുന്ന ചിതയിലേക്ക് നോക്കി നിറകണ്ണുകളോടെ നില്ക്കുന്ന അച്ഛനെ ഞാൻ കണ്ടു.രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു. "അച്ഛൻ എന്തിനാ അമ്മെ കരഞ്ഞത്". 
അമ്മ : അപ്പൂനെ എന്നും ഉണർത്തുന്നതും കുളിപ്പിക്കുന്നതും ആരാ? 
ഞാൻ: അമ്മ . 
അപ്പൂനെ എന്നും സ്കൂളിൽ കൊണ്ട് പൊകണത് ആരാ?
ഞാൻ : അമ്മ 
അപ്പൂന് രാത്രി ചോറ് തരുന്നതും ഉറക്കുന്നതും ആരാ?
ഞാൻ : അമ്മ 
അപ്പൊ ഒരു ദിവസം അമ്മ പോയാൽ അപ്പു കരയില്ലേ?
ഞാൻ : കരയും. 
അച്ഛന് അച്ഛമ്മയും അതുപോലെയായിരുന്നു.അതുകൊണ്ടാ അച്ഛൻ കരഞ്ഞത്. 
പാവം അച്ഛൻ.ഞാൻ മനസ്സിൽ പറഞ്ഞു.
അന്നത്തെ ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം കണ്ടു! യൂണിഫോമിട്ട് ബാഗും തൂക്കി കയിൽ ഒരു കുടയുമായി അച്ഛമ്മയുടെ കയിൽ തൂങ്ങി സ്കൂളിലേക്ക് പോകുന്ന ഒരു ചെറിയ കുട്ടി! പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയ ആ കുട്ടിയുടെ മുഖത്ത്‌ നല്ല കട്ടിയുള്ള ഒരു മീശയുണ്ടായിരുന്നു!!! 
ഇന്ന്, അമ്മയുടെ അസ്ഥിതറക്കരികിൽ വേദനയോടെ നിൽക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടി വന്നതും നിറകണ്ണുകളോടെ നില്ക്കുന്ന അച്ഛനെന്ന ആ കുട്ടിയുടെ മുഖം തന്നെയായിരുന്നു!!!

By: ArunGopi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo