Slider

പെയ്‌തൊഴിയാതെ

0


രാവിലെ തുടങ്ങിയ മഴ വൈകുന്നേരമായിട്ടും ആർത്തലച്ച്‌ പെയ്‌തുകൊണ്ടിരിക്കുകയാണ്‌.ഇടക്കിടെ ശക്‌തമായി കാറ്റടിക്കുന്നുമുണ്ട്‌.തൊടിയിലെ പഞ്ചാരമാവില്‍ നിന്നും വീണ മാങ്ങകള്‍ മുറ്റത്ത്‌ അങ്ങിങ്ങായി വീണ്‌കിടക്കുന്നു.സ്‌കൂള്‍ ബസ്‌ വരാറായി.കുട്ടികള്‍ കുട കൊണ്ട്‌പോയിട്ടില്ല.ബസ്‌ വരുമ്പോഴേക്കും കുടയുമായി ഗേറ്റില്‍ ചെന്ന്‌നില്‍ക്കണം.അല്ലെങ്കില്‍ തന്നെ മഴ നനയുന്നത്‌ രണ്ട്‌പേർക്കും ഇഷ്‌ടമുള്ള കാര്യമാണ്‌.
അല്‍പം വൈകിയാണെങ്കിലും സ്‌കൂള്‍ബസ്‌ എത്തി.വളരെ പണിപ്പെട്ടാണ്‌ രണ്ടാളെയും തന്നോടൊപ്പം കുടയില്‍ ചേർത്ത്‌ നിർത്തിയത്‌.തൊട്ടുമുന്നില്‍ കണ്ട മാങ്ങകളും പെറുക്കിയെടുത്താണ്‌ രണ്ട്‌ പേരും വരാന്തയിലേക്ക്‌ കയറിയത്‌.അത്യാവശ്യം നനഞ്ഞെന്ന്‌ പറയേണ്ടതില്ലല്ലോ.അല്ലെങ്കിലും ഇതിനൊക്കെ അവരെ വഴക്ക്‌ പറയുന്നതെങ്ങിന?
താഌം തന്റെ ചെറുപ്പത്തില്‍ എത്രയോ തവണ ഉപ്പയെയും ഉമ്മയെയും കാണാതെ മഴയില്‍ കൂട്ടുകാരോടൊപ്പം കളിക്കാനിറങ്ങിയിട്ടുണ്ട്‌.അതിന്‌ ഉപ്പച്ചിയുടെ കൈയില്‍ നിന്ന്‌ നല്ലപോലെ കിട്ടിയിട്ടുമുണ്ട്‌.
ശക്‌തമായി വീശിയടിച്ച കാറ്റില്‍ മുന്‍വശത്തെ വാതില്‍ വലിയൊരു ശബ്‌ദത്തോടെ വന്നടഞ്ഞു.നനഞ്ഞ യൂണിഫോമുകള്‍ മാറി വന്നപ്പോഴേക്കും അവർക്കുള്ള ചായയെടുത്തു വെച്ചു.കിടപ്പുമുറിയില്‍ തുറന്ന്‌ കിടക്കുന്ന ജനലുകളടക്കുമ്പോഴാണ്‌ കോളിംഗ്‌ ബെല്‍ ശബ്‌ദിക്കുന്നത്‌ കേട്ടത്‌.ഡൈനിംഗ്‌ഹാളിലെ കർട്ടണ്‍ മാറ്റിനോക്കിയപ്പോള്‍ അപ്പുറത്തെ വീട്ടിലെ ശാരദേടത്തി മുറ്റത്ത്‌ നില്‍ക്കുന്നത്‌ കണ്ടു.കൈയില്‍ മടക്കിപ്പിടിച്ച വേറെയുമൊരു കുടയുണ്ട്‌.വാതില്‍ തുറന്നതും ശാരദേടത്തി ചോദിച്ചു.
"ഷാഹീ , സ്‌കൂള്‌ വിട്ട്‌ കുട്ടികള്‌ വന്നില്ലേ ...?''
"വന്ന്‌ കയറിയതേയുള്ളൂ ചേച്ചീ''
"എന്റെ മോനിതുവരെ വന്നില്ല.''
"അവന്‍ എല്‍പി സ്‌കൂളിലല്ലേ.വരാന്‍ സമയമാകുന്നതല്ലെയുള്ളൂ ചേച്ചി''
തന്റെ ആശ്വാസവാക്കുകള്‍ക്ക്‌ ശാരദേടത്തിയുടെ മനസിലെ ആശങ്കയകറ്റാന്‍ കഴിഞ്ഞില്ല.മാത്രമല്ല അവർ കൂടുതല്‍ അസ്വസ്‌ഥയാകുന്നതും കാണാമായിരുന്നു.
"നീയീ സ്‌കൂളിലെ നമ്പറിലേക്കൊന്ന്‌ വിളിച്ച്‌ നോക്ക്‌.അവന്‍ പോന്നോ എന്നറിയാമല്ലൊ.''
അതും പറഞ്ഞ്‌ കൈയിലുണ്ടായിരുന്ന മഴ നനഞ്ഞ്‌കുതിർന്ന ഒരു കുഞ്ഞു കടലാസുകഷ്‌ണം അവള്‍ക്കുനേരെ നീട്ടി.
"ചേച്ചി നില്‍ക്ക്‌.ഞാനൊന്ന്‌ വിളിച്ച്‌നോക്കാം''
അവള്‍ അതുമായി അകത്തേക്ക്‌ കയറി.വാതില്‍ അല്‍പം ചാരി.ശാരദേടത്തിയോട്‌ എന്ത്‌ പറയണമെന്നാലോചിക്കുകയായിരുന്നു ഷാഹിദ .എത്ര വിളിച്ചാലും വിളി കേള്‍ക്കാത്തിടത്തേക്ക്‌ തന്റെ ഒരേയൊരു മകന്‍ പോയതില്‍പിന്നെ ശാരദേടത്തി ഇങ്ങിനെയാണ്‌.മനോനില തെറ്റിയ അവർ ഇടക്കിടെ ഒരിക്കലും തിരിച്ചുവരാത്ത തന്റെ മകനെയും അനേ്വഷിച്ചിറങ്ങും.സ്‌കൂള്‍വിട്ട്‌ വീട്ടിലേക്ക്‌ നടന്നുവരുമ്പോഴുണ്ടായ അപകടത്തിലായിരുന്നു അവനെ ചേച്ചിക്ക്‌ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടത്‌.
അവള്‍ വാതില്‍ തുറന്ന്‌ പുറത്തിറങ്ങി.
"നീ വിളിച്ചോ?''
"വിളിച്ചു.നല്ല മഴയായത്‌ കൊണ്ട്‌ മഴചോർന്നിട്ടേ കുട്ടികളെ വിടൂവെന്നാ പറഞ്ഞത്‌''
ആശങ്കയോടെയുള്ള ചേച്ചിയുടെ ചോദ്യത്തിന്ന്‌ മറുപടിയായി മറ്റെന്ത്‌ പറയാന്‍....
കണ്ണഞ്ചിപ്പിക്കുന്ന ഒരു വെള്ളിവെളിച്ചത്തിന്നകമ്പടിയായി ശക്‌തമായ ഇടിമുഴങ്ങി.
" ഇടിമിന്നലവന്ന്‌ ഭയങ്കരപേടിയാ...മഴ നനഞ്ഞാലാണെങ്കിലോ പെട്ടന്ന്‌ പനിയും പിടിക്കും''
തന്റെ മറുപടിയില്‍ ആശ്വാസം കൊണ്ട്‌ നടന്നുനീങ്ങവെ മുറ്റത്ത്‌ നിന്നും നാലഞ്ച്‌ മാങ്ങ പെറുക്കിയെടുത്ത്‌ തിരിഞ്ഞുനിന്ന്‌ അവർ പറഞ്ഞു.
"പഞ്ചാരമാങ്ങ അവന്‌ വല്യ ഇഷ്‌ടാ...നാലഞ്ചെണ്ണം ഞാനെടുത്തിട്ടുണ്ട്‌''
ആ പെരുമഴയത്ത്‌ തന്നെ കൂടെചേർത്തുനിർത്തി മഴ നനയാതെ വീട്ടില്‍കൊണ്ടുപോകാഌം തനിക്കായ്‌ കൈനിറയെ പഞ്ചാരമാങ്ങകള്‍ കരുതുകയും ചെയ്‌ത ഈ അമ്മയെ അവന്‍ സ്വർഗത്തില്‍ നിന്ന്‌ കാണുന്നുണ്ടാകണം.
മഴക്ക്‌ ശമനം വന്നെങ്കിലും പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മഴമേഘങ്ങള്‍ പിന്നെയും മാനത്ത്‌ കാണാമായിരുന്നു.

By: 
Sakeer Hussain
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo