പറയുക രാക്ഷസീ
എത്ര കുഞ്ഞിളം പൈതലിൻ
ചുടുചോരയിൽ
നിന്റെദാഹം ശമിക്കും?
എത്ര തലയറ്റ യുടലുകൾ
നിൻ പെരും വയർ നിറയ്ക്കും?
എത്ര ഭടൻമാർ തൻ
വിരിമാർ തകരുമ്പോൾ
നിന്റെ നയനങ്ങൾ വിടരും?
എത്ര മാതാവിന്റെ രോദനം
കേൾക്കുമ്പോൾ
നിൻ ബധിരകർണ്ണം തുറക്കും?
എത്ര ചിറക്കറ്റയിണകളുടെ
ഗദ്ഗദം കേൾക്കുമ്പോൾ
നിന്റെ കന്മദം പൊട്ടും?
എത്രയുന്മാദികൾ തുണിയുരിച്ച്
തെരുവുകൾ കൂവി നിറയ്ക്കുമ്പോൾ
നിൻ ശിലാ ഹൃദയം തുറക്കും?
എത്ര പൂക്കൾ കരിഞ്ഞാൽ
എത്ര തളിരിന്റെതലയിറുത്താൽ
എത്ര മരങ്ങളെയഗ്നി തിന്നാൽ
എത്രയുറുമ്പിന്റെ ചാലുകണ്ടാൽ
നിൻ ശിലാ ഹൃദയം തുറക്കും?
മൗനം വെടിയുക രാക്ഷസീ..
എത്ര ചൂതുകൾ കളിച്ചു തോറ്റാൽ
നിന്റെ യാശകൾ തീരും?
എത്ര പുകച്ചുരുളുകൾ
ആകാശത്തൂണുകൾ തീർത്താൽ
നിന്റെ കരളു കുളിരും?
പറയുക രാക്ഷസീ..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക