Slider

രാം ബഹദൂര്‍

0


1960-61 കാലഘട്ടം. ദിവസവും വൈകുന്നേരങ്ങളില്‍ വീടിന്‍റെ പൂമുഖത്ത് അമ്മയും ചേച്ചിയും കൂടെ ഒരു മീറ്റിംഗ് പതിവുണ്ട്. (അന്നൊക്കെ രാവിലെ ഊണും ഉച്ചക്ക് ചായയും പലഹാരവും കഴിഞ്ഞാല്‍ പിന്നെ രാത്രിയെ ഭക്ഷണമുള്ളൂ. സ്കൂള്‍ വിട്ടു വൈകുന്നേരം വന്നാലും ഒന്നും കഴിക്കാനില്ല. പിന്നെ പറമ്പിലെ നെല്ലിക്കയോ, ചാമ്പക്കയോ ഒക്കെ തിന്നു മതിയാക്കാം) അവര്‍ എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും. അവധി ദിവസങ്ങളില്‍ മക്കള്‍ അഞ്ചു പേരും ഉണ്ടാകും പലപ്പോഴും, എവിടെയും കളിക്കാന്‍ പോയില്ലെങ്കില്‍. മുതിര്ന്നവര്‍ സംസാരിക്കുന്ന ഇടത്തേക്ക് കുട്ടികള്‍ ആരും പോകാന്‍ പാടില്ലെന്ന് കര്ശൂനനിയമമാണ്. എങ്കിലും “വെടി” പറഞ്ഞിരിക്കുകയാണെങ്കില്‍ കുട്ടികള്ക്കും കൂടാം.
അങ്ങിനെ ഒരു ദിവസം ഒരു അന്യനാട്ടുകാരന്‍ ഗേറ്റ് കടന്നു വന്നു. കാക്കി ട്രൌസറും ഷര്‍ട്ടും ആണ് വേഷം. തലയില്‍ തോപ്പിയുണ്ട്. കൊമ്പന്‍ മീശ. അരയില്‍ വീതിയുള്ള ബെല്‍ട്ട് ‌. അതിന്റെ വലതുഭാഗത്തായി കത്തിയിടാനുള്ള ഉറയും അതില്‍ ഒരു കത്തിയും. അത് കൂടാതെ കയ്യില്‍ ഒരു ലാത്തിയും. ഷൂസും സോക്സും ധരിച്ചിട്ടുണ്ട്. ആളെ കണ്ടപ്പോള്‍ ചെറിയ കുട്ടികള്‍ക്ക് അല്പം ഭയം തോന്നി. അമ്മയെയും ചേച്ചിയേയും തൊഴുതു ആദ്യം തന്നെ. അമ്മയുമായി ഏതോ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു (ഹിന്ദി ആയിരിക്കാം) കുറച്ചു കഴിഞ്ഞു തലയാട്ടികൊണ്ട് അയാള്‍ പോയി.
പോയിക്കഴിഞ്ഞപ്പോള്‍ അമ്മ അവരോടു പറഞ്ഞു “ഈ വന്നത് ഒരു ഗൂര്‍ഖയാണ്. രാം ബഹാദൂര്‍ എന്നാണ് പേര്‍. നേപ്പാള്‍ എന്ന സ്ഥലത്ത് നിന്നും വരുകയാണ്. പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ശേഷം ഇവിടെ വന്നതാണ്‌ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കി. എല്ലാ ദിവസവും രാത്രി വന്ന് ഇവിടെ മുഴുവന്‍ നടന്നു നോക്കിക്കോളാം എന്ന് പറഞ്ഞു. ഏതായാലും ഇത്ര അകലെ നിന്ന് വരുന്നതല്ലേ? ഞാന്‍ നിന്നോളാന്‍ പറഞ്ഞു.”
അന്ന് മുതല്‍ എല്ലാ രാത്രിയിലും അയാള്‍ വരും. വരുന്നതിന്‍റെ തെളിവായി ചില ജനലിന്മേല്‍ ലാത്തി കൊണ്ട് ഉറക്കെ അടിക്കും. ചില ദിവസങ്ങളില്‍ രണ്ടു പ്രാവശ്യം. ആദ്യമൊക്കെ കുട്ടികള്‍ ഞെട്ടി ഉണര്ന്നി രുന്നു, പിന്നെ ശീലമായി. വളരെ കൃത്യതയോടെ അയാള്‍ തന്റെ ഡ്യൂട്ടി നിര്‍വഹിച്ചിരുന്നു. വലിയ പറമ്പാണെങ്കിലും – അന്നൊന്നും തീരെ വെളിച്ചവും ഉണ്ടായിരുന്നില്ല: ഒരു ചെറിയ ടോര്ച്ം ഉണ്ടായിരുന്നു അയാളുടെ കയ്യില്‍ - അവിടെ മുഴുവന്‍ അരിച്ചു പറക്കും. ഒരു ദിവസം ഉച്ചക്ക് അയാള്‍ വന്ന്‍ ഒരു പെരുച്ചാഴിയെ കൊന്നത് കാണിച്ചു തന്നു.
ആദ്യമൊക്കെ കുട്ടികള്‍ക്ക് അയാളെ പേടിയായിരുന്നു – രാംബഹദൂറിന്‍റെ വേഷവും തലപ്പാവും മീശയും എല്ലാം പേടി ഉളവാക്കുന്നതായിരുന്നു. ഏറ്റവും രഹസ്യമായിരുന്നത് അയാളുടെ ബെല്‍ട്ടിന്മേല്‍ ഉള്ള കത്തി ആയിരുന്നു. അതൊരിക്കലും പുറത്തെടുക്കില്ലത്രേ: അഥവാ പുറത്തെടുത്താല്‍ ആരുടെയെങ്കിലും ചോരക്കു വേണ്ടി മാത്രമായിരുന്നു. ഒരു പ്രാവശ്യം അതിന്റെ പകുതി പുറത്തു കാണിച്ചുകൊടുത്തു. മുഴുവന്‍ എടുക്കാന്‍ സമ്മതിച്ചില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പേടിയെല്ലാം മാറി, ഒരു സുഹൃത്തിനെ പോലെ ആയി രാം ബഹദൂര്‍. കുട്ടികളെ വളരെ ഇഷ്ടമായിരുന്നു അയാള്ക്ക് ‌. ഇടയ്ക്കു മിട്ടായി മേടിച്ചു കൊടുക്കും അവര്ക്ക് - അമ്മ കണ്ടാലും കണ്ടില്ലെന്നു നടിക്കും – അവര്‍ക്കും അയാളെ കാര്യമായിരുന്നു.
ഒരു ദിവസം ഒരു സിനിമ കാണാന്‍ കുട്ടികളെല്ലാവരും അല്പം അകലെയുള്ള തിയേറ്ററില്‍ പോയിരുന്നു – ഫസ്റ്റ് ഷോക്കായിരുന്നു പോയത്. ഇത് അയാള്‍ അറിഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ കാണാത്തത് കൊണ്ടായിരിക്കും. ഉടനെ തന്നെ അങ്ങോട്ട്‌ ചെന്നു. ഇടവേള സമയത്ത് തിയേറ്ററിനകത്തു കയറി അവരെ കണ്ടുപിടിച്ചു അവരുടെ അടുത്തെത്തി കുറച്ചു കടലയും വാങ്ങിക്കൊടുത്തു. സിനിമ തീരും വരെ അവിടെ കാത്തുനിന്നു. വീട്ടിലേക്ക്‌ പോകുമ്പോഴും അയാള്‍ പിന്നാലെ ഉണ്ടായിരുന്നു. അത്രയും അടുപ്പമായിരുന്നു ആ വീടുമായി രാംബഹദൂറിന്.
രണ്ടു വര്ഷം കഴിഞ്ഞു അയാള്‍ നാടിലേക്ക് മടങ്ങിപ്പോയി. കുറച്ചു കാലം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഭാര്യയും – ഒരു ചെറിയ നേപ്പാളി സുന്ദരി – മകനും ഉണ്ടായിരുന്നു. മകനെ അവിടെത്തന്നെ ഉള്ള സ്കൂളില്‍ ചേര്ത്തു . അവനാനെങ്കിലോ നല്ല പ്രസരിപ്പുള്ള പയ്യന്‍ - നാടുകാര്ക്ക് അവന്റെ വികൃതികള്‍ ഒരു ഹരമായിരുന്നു.
കുറെ വര്ഷം കൂടി കഴിഞ്ഞു അയാള്‍ വീണ്ടും തിരിച്ചുപോയി – കുടുംബസമേതം. അതിനു ശേഷം തിരിച്ചുവന്നില്ല. ഒരു വിവരവും പിന്നീടുണ്ടായില്ല.
ഇപ്പോഴത്തെ ഗൂര്ഖകളെ കാണുമ്പോള്‍ അന്നത്തെ കുട്ടികള്‍ - ഇപ്പൊള്‍ വലുതായി – രാം ബഹാദൂറിനെ ഓര്ക്കും . ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ, അയാള്‍ ഈ നാടൊക്കെ ഓര്ക്കുന്നുണ്ടോ എന്നൊക്കെ.

By: Sivadasan thampuran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo