Slider

ഇവിടെ കിളികളുറങ്ങുന്നില്ല

0

ഇന്ന് ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് കർമ്മങ്ങൾ തുടങ്ങുന്നത്.
ദഹിപ്പീരാണത്രെ!
മരിച്ചിട്ട് അഞ്ചു ദിവസമായി. മക്കളുംകൊച്ചുമക്കളുമൊക്കെ എത്താനായി കാത്തുവെച്ചിരുന്നതാണ്.
എഴുപതാം വയസ്സിൽ ഒരു അറ്റാക്ക് .നല്ല ആരോഗ്യ മുള്ള ഒത്തയൊരാൾ.നൂറു വർഷമെങ്കിലും ഇയാൾ ജീവിക്കുമെന്ന് വാതുവെച്ചവരുപോലുമുണ്ട്..
ഇതു പക്ഷേ ??
തൊടിയിൽ ഏറ്റവും പിറകിലായി തെക്ക് വടക്കേപറമ്പിൽ മാവിന്റെ വലിയ ഒരു ശിഖരം
വെട്ടിക്കീറുന്ന തിരക്കിലാണ് കുറച്ചുപേർ .
ഒരു ഭാഗം മുറിഞ്ഞുവീണ വേദനയിലും മാവിന്റെ മുഖത്ത് ഒരു വിജയഹാസം ഉണ്ടോ ?
ഏറെ നാളായി കാത്തിരുന്ന നാൾ വന്നതുപോലെ
ബാക്കിയുള്ള ശിഖരങ്ങളിലാകെ ഒരു പുതിയ ഇളക്കവും തിളക്കവും.
മാവിന്റെ കിഴക്കോട്ട് നിൽക്കുന്ന ശിഖരത്തിലിരുന്ന് പാത്തുവും കോയയും എല്ലാം നോക്കി കാണുകയാണ്.
പാത്തൂ അങ്ങോട്ട് നോക്കിയേ , അവൾ അങ്ങോട്ട് നോക്കി. അവിടെ വാപ്പച്ചിയും ഉമ്മിയും നിൽക്കുന്നു.കൈയിൽ കുഞ്ഞു വാവയും .പാത്തു അവരെ കണ്ടു വിടർന്നു ചിരിച്ചു. കുഞ്ഞു വാവ അനുജത്തിയാണ്.പാത്തുവിനെപോലെതന്നെ
തിളക്കമുള്ള കണ്ണുകളുള്ള ഒരു ബാർബി.എല്ലാവരും മരിച്ചയാളെ കാണാൻ വന്നതാണ്....
ആ കാണുന്ന കോലത്ത് തറവാടിന്റെ അഞ്ചേക്കർ പുരയിടത്തിന്റെ പുറകിൽ കാണുന്ന ഓടിട്ട ചെറിയ വീടാണ് ഞങ്ങളുടേത്.
വാപ്പച്ചി നാലുവർഷമായി ദുബായിലാണ്.വിശന്നുവലഞ്ഞ ഞങ്ങളുടെ വയറ്
കാണാൻ വയ്യാത്തകൊണ്ടാണ് കഷ്ടപ്പെട്ടും കടം വാങ്ങിയും വാപ്പച്ചി ദുബായിൽ പോയത്.
പോകാനിറങ്ങുമ്പോൾ വാപ്പച്ചി പ്രത്യേകം പറഞ്ഞു പാത്തുവിന്റെ കൂടെ എപ്പോഴും ഉണ്ടാകണം.കരയിക്കരുത്.,ഉമ്മിയെ വിട്ടു ദൂരെ എവിടേയും പോകരുത്...പ്രത്യേകിച്ചും അടുത്ത പുരയിടത്തിലേയ്ക്ക്.
അപ്പുറത്തുള്ള കാരണവര് ഒരു ബർക്കത്തുകെട്ട സാധനമാണ്. മനസാക്ഷി തൊട്ടു തീണ്ടാത്തയാള്...എന്റെ മക്കള് അതുവഴി പോകുക പോലും ചെയ്യരുത്. ..
എല്ലാം കേട്ട് തലയാട്ടി സമ്മതിച്ചു. വാപ്പച്ചി യാത്രയായി.
പിന്നീട് അങ്ങോട്ട് പട്ടിണിയെന്താണെന്നറിഞ്ഞ നാളുകൾ.
അന്ന് പാത്തൂന് അഞ്ചു വയസ്സാണ്.ഉമ്മിക്ക് തലകറക്കവും ശർദ്ദിലും ക്ഷീണവുമായി കിടപ്പാണ് എപ്പോഴും. പാവം വിശന്നിട്ടാവും ചിലപ്പോൾ.
ഇക്കാ വിശക്കിണൂ...വിശക്കിണൂന്നു പറഞ്ഞു പാത്തു പിറകെ നടന്നപ്പോളാണ് ഓർമ്മിച്ചത്.കാരണവരുടെ വീടിന്റെ ഏറ്റവും പിറകിൽ അതിരുങ്കൽ കുളത്തിന്റെ കരയിൽ ഒരു മാവു നിറയെ മാങ്ങയുള്ള കാര്യം.
പിന്നെ ഉമ്മിയും പാത്തുവുമറിയാതെ ഒറ്റയോട്ടമായിരുന്നു.
നിറയെ പച്ചപ്പു നിറഞ്ഞ കാവിന്നരികിലുടെ
വീതികുറഞ്ഞ കൈവഴിയാണ്. ചെറിയ പേടി തോന്നി. പക്ഷേ പാത്തുവായിരുന്നു മനസ്സിൽ. അവളുടെ വയറു വിശന്നാൽ എനിക്ക് സഹിക്കില്ല.
ചുറ്റും നോക്കി ആരുമില്ല. മാവ് ഒരുവിധം വലിയ മരമാണ്. മാങ്ങകളും
അവിടവിടെ പഴുത്തു തുടങ്ങിയിട്ടേയുള്ളൂ.
കിളി കൊത്തിയതടക്കം മൂന്നെണ്ണമാണ് ചോട്ടിൽ ഉണ്ടായിരുന്നത്.അതെടുത്തു നിക്കറിന്റെ പോക്കറ്റിലിട്ടു
വേണമെങ്കിൽ ഒന്നു കയറാവുന്നതേയുള്ളു
ഇച്ചിരി കയറിയാൽ കവരയിലെത്താം. അവിടെ ചെറിയ ചെറിയ ചില്ലകളിൽ ചെനച്ച മാങ്ങകൾ
ഒരുപാടുണ്ട്.
പിന്നൊന്നും നോക്കീല്ല.
വലിഞ്ഞു കയറി. അഞ്ചാറെണ്ണം പറിച്ചു താഴെയിട്ടു.
എല്ലാം പെറുക്കി നെഞ്ചോടു ചേർത്തു പിടിച്ചു പതിയെ വീടിന്റെ പുറകിലൂടെ കയറി ചെന്നു.
കയ്യിലെ മാങ്ങകളിലേക്കു നോക്കി പാത്തു ചിരിച്ചു. ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ
ദുനിയാവിൽ അവളുടെ ഇക്കയായതിൽ ആദ്യമായി അഭിമാനം തോന്നി.
ഇതെവിടുന്നാ ഇക്കാക്കാ?
അവളിങ്ങനെയാ സ്നേഹം കൂടുമ്പോൾ ഇക്കാക്കാന്നാണു വിളി...
അപ്പുറത്തെ പറമ്പീന്ന്....ഞാൻ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു.
ഉയ്യോ
വാപ്പച്ചി പോകരുതെന്നു പറഞ്ഞ അവിടുന്നോ ?
ഉം അതേ.വേഗം കഴിച്ചോ.
അവളുടെ കണ്ണിൽ പേടി നിഴലിച്ചു. ...
എങ്കിലും കഴിക്കുന്ന തിരക്കിൽ
അവളതു മറന്നു.
ദിവസങ്ങൾ കടന്നു പോയി. മാവിലെ മാങ്ങകളുടെ
എണ്ണം കുറഞ്ഞു വന്നു. .....
ഒരു ദിവസം പാത്തു ... പതിവില്ലാതെ അടുത്തുകൂടി ചോദിച്ചു. ..
ഇക്കാക്കാ ഇക്കാക്കാ ഇന്ന് ഞാനും വരട്ടെ ?
ഞാൻ കണ്ടിട്ടില്ലല്ലോ ആ മാവ്...
...കോയക്കും പാത്തുവിനും
മാവിനുമിടയിൽ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു രഹസ്യമുണ്ടായിരുന്നു.
മാവിനു കോയയെ വലിയ ഇഷ്ടമാണ് .ഒരു പ്രത്യേക സ്നേഹവും വാത്സല്യവും.അതിനു കാരണമുണ്ട്.കുഞ്ഞു കോയയുടെ ഉപ്പൂപ്പാന്റെ കാലത്താണ് ,കാരണവരുടെയും ഉപ്പൂപ്പയുടെയും
പറമ്പിലെ അതിരിന്റെ ഒത്തനടുക്ക് ഈ മാവ്
സ്ഥാനം പിടിച്ചത്. രണ്ടു പേരും ഇതിലേക്ക് നോക്കി നിൽക്കും. വലുതാകുബോൾ ഇതാരുടേതാവും ?
കാരണവരുടെ മനസ്സിൽ കുരു പൊട്ടിയതുകൊണ്ടാവും ഉപ്പൂപ്പ ഒരു ദിവസം നോക്കുമ്പോൾ മാന്തൈ പിഴുതെറിയപ്പെട്ടിരിക്കുന്നു.
ഉപ്പൂപ്പ ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട് തന്നോളമായ ആ മാന്തൈയെടുത്ത് കാർന്നോരുടെ
പറമ്പിൽ അതിരുങ്കലല്ലാതെ കുറച്ച് ഉള്ളിലേക്ക് മാറ്റി അതു വീണ്ടും നട്ടുവെച്ചു..
ആ മാന്തൈയാണ് വളർന്നു വലുതായി കുഞ്ഞു കോയയുടെയും പാത്തുവിന്റെയും പട്ടിണി മാറ്റിക്കൊണ്ടിരിക്കുന്നത്.പറയൂ
മാവിനെങ്ങിനെ കോയയെ ഇഷ്ടമാവാതിരിക്കും...
അപ്പോളാണ് പാത്തുവിന്റെയും വരവ്. പാത്തു മാവിനു ചുറ്റും ഓടി നടന്നു. പഴുത്ത ഇലകൾ പെറുക്കിയെടുത്തു മണപ്പിച്ചു .ചുവടുഭാഗത്ത് കെട്ടിപ്പിടിച്ചു...മാങ്ങകളിലേക്ക് നോക്കി അത്ഭുതത്തോടെ കണ്ണുമിഴിച്ചു, പൊട്ടിച്ചിരിച്ചു...
ഇക്കാക്കാ ഇക്കാക്കാന്നു നൂറു വട്ടം ചില്ലുടഞ്ഞു ചിരിച്ചു. ....
മാവിന്റെ മുകളിലെ കൊമ്പിലിരുന്ന് ഞാനും.
രണ്ടു പഴുത്ത മാമ്പഴം പറിച്ചു നിക്കറിന്റെ പോക്കറ്റി ൽ താഴ്ത്തുമ്പോളാണു കണ്ടത്. കാർന്നോരതാ ചീറിപ്പാഞ്ഞ് വരുന്നു. എന്തൊക്കെ യോ പുലമ്പുന്നുമുണ്ട്..
പാത്തുവിന്റെ തൊണ്ടയിലൊരു കുഞ്ഞുനിലവിളി കുരുങ്ങിക്കിടന്നു.അവൾ പേടിച്ചരണ്ട് മാവിലള്ളിപ്പിടിച്ചു മേലോട്ടു നോക്കി
കാർന്നോരവളുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു.
അയാളുടെ അലർച്ച ആ നിശബ്ദതയിൽ മാറ്റൊലി കൊണ്ടു. കൊച്ചുമക്കൾ ഓണത്തിന് വരുമ്പോൾ പറിക്കാനിട്ടിരിക്കുന്ന മാങ്ങയാ അസത്തുക്കൾ കട്ടുമുടിക്കുന്നത്..പിശ്ശാശ്ശുക്കൾ
അയാൾ ചുറ്റും പരതി കണ്ണിൽപെട്ട ഒരു കമ്പെടുത്ത് പാത്തുവിനെ അടിക്കാനാഞ്ഞു.
അവൾ നിലവിളിച്ചുകൊണ്ട് തിരിഞ്ഞോടി...
അങ്ങോട്ടു പോകല്ലേയെന്നു ഞാൻ പറഞ്ഞുവെങ്കിലും അവളതു കേട്ടില്ല.
ഒരുവിധത്തിൽ ഉരുണ്ട്പിരണ്ട് ചാടിയിറങ്ങിയ ഞാനും അവൾ പോയവഴിയെ തന്നെ ഓടി.
പക്ഷേ ചെന്നെത്തിയതു പച്ച പായലുകൾ നിറഞ്ഞ
കുളത്തിന്റെയരികിലാണ് .
ഓളങ്ങളിളകുന്നുണ്ടെങ്കിലും പായലുകൾ തിരികെ തങ്ങളുടെ സ്ഥാനം കൈയടക്കിയിരിക്കുന്നു.
എന്റെ പാത്തൂ നീയെവിടെയാണ്
എന്റെ കണ്ണുകൾ തിരക്കിട്ടലഞ്ഞു...കാണാനായില്ല
വീട്ടിലേക്ക് ഓടിയാലോ എന്നാലോചിച്ചു.ഇല്ല
വാപ്പച്ചി പറഞ്ഞിട്ടുണ്ട്
പാത്തൂനെ ഒരിക്കലും തനിച്ചാക്കരുതെന്ന്.
പാത്തൂനെ ഇവിടെ വിട്ടിട്ട് പോകാൻ തനിക്കാവില്ല....
ഒടുവിൽ
ഒരു കുമിള മേലെ വന്നു പൊട്ടിയപ്രത്യക്ഷമായി.
ഞാൻ അവിടേക്ക് കുതിച്ചു ചാടി
അങ്ങടിയിൽ ചേറിൽപുതച്ച് എന്റെ പാത്തു.
ഒരു വാടിയ താമരത്തണ്ടു പോലെ
ഞാൻ ആ കുഞ്ഞു വിരലുകളിൽ പിടിച്ചു.നെഞ്ചോടു ചേർത്തു...മുകളിലേക്ക് ആയാൻ ശ്രമിച്ചു. ....പക്ഷേ ഒന്നിനുമാകുമായിരുന്നില്ല.
മുകളിൽ പായൽമൂടിയ ഇരുളിനപ്പുറം ഒരു പകൽ
വിറങ്ങലിച്ചു നിന്നു.
കറുത്ത നിക്കറിന്റെ പോക്കറ്റിനുള്ളിൽ രണ്ടു മാമ്പഴവും ശ്വാസം കിട്ടാതെ തേങ്ങി ..
പാത്തുവിന്റെ കുഞ്ഞി കൈകൾ പതിയെ പതിയെ മേലേക്ക് ഉയർന്നു പോയി.
എന്റെയും.
ദൂരെ നിന്ന മാവിന്റെ കൊമ്പുകളിൽ നിന്നും ഇലകൾ ഊർന്നുവീണു.
പിന്നെ കാതുകളിൽ കേട്ടു ചിലമ്പിച്ച വിളിയൊച്ചകൾ.ചില്ലുടഞ്ഞ ചിരിക്കിലുക്കം.
പാത്തുവാണ്.
പിന്നെ ഞങ്ങൾക്കു നടക്കാനറിയില്ലാരുന്നു.പക്ഷികളായി പറന്നു നടന്നു.
ഞങ്ങൾക്കിപ്പോൾ എവിടെയും പോകാം. മാവിന്റെ ഏറ്റവും മുകളിലെത്തെ ചില്ലയിലാണ്
ഞങ്ങളിപ്പോൾ.
താഴെ
എല്ലാവരും പറയുന്നത് കാർന്നോരെക്കുറിച്ചാണ്.
ഇന്നലെയും കൂടി കണ്ടതാണ് .ഞങ്ങൾ സംസാരിക്കുകയുംചെയ്തു.ഒരാൾ മറ്റൊരാളോടുപറയുന്നു.
ശരിയാണ്. നാലുവർഷമായിഅയാൾ സ്ഥിരമായി മാവിൻചോട്ടിൽ വരാറുണ്ട്.
നാലു വർഷം മുമ്പ് വരെ പൂത്തു തളിർത്തു കായ്ച്ച മാവ് , നാലുവർഷമായിഒരു മാമ്പൂ പോയിട്ട് ഒരു ഇലപോലും പൊഴിക്കുന്നില്ല.
ചില്ലകളിൽ ഏതോ കിളികൾ സദാ സമയവും ചിലയ്ക്കുന്നപോലെ.
രാവേറെ ചെന്നാലും കേൾക്കാറുണ്ട് ഈ കിളികൊഞ്ചലുകൾ.
ഇവറ്റകൾക്കുറക്കമില്ലേ
നാളുകളേറെയായിരുന്നു കാർന്നോരുടെ നെഞ്ചിലെ കിളികളും ഉറങ്ങാതായിട്ട്....
ആളുകളേറെയെത്തി...പുകച്ചുരുളുകൾ ഉയർന്നു തുടങ്ങി.അത്ര കാലം ഉള്ളിലൊതുക്കി വെച്ചിരുന്നതെല്ലാം ആളിക്കത്തി....
ദൂരെ അസ്തമയസൂര്യൻ ചക്രവാളത്തിലേക്ക് മറഞ്ഞു.
മാവിൽ കിളികളുടെയെണ്ണം കൂടിയ പോലെ.കാതോർത്താൽ കേൾക്കാം
ഏതോ കിളി കഥ പറയുമ്പോൾ ചില്ലുടയുംപോലെ
ചില ചിരിചിലമ്പൊലികൾ.
ചില്ലകളിലങ്ങിങ്ങായി പൂക്കാൻ തുടങ്ങുമൊരു
വസന്തം വന്നു നാണിച്ചൊളിച്ചുനിന്നു.
ഇവിടെ കിളികളുറങ്ങുന്നില്ല...

By: Lincy Arun
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo