'പ്രണയിനിയുടെ കരം ഗ്രഹിച്ച് ഒരു നഗരപ്രദക്ഷിണം' എക്കാലത്തേയും ഒരാശയായിരുന്നെങ്കിലും, വിവാഹനിശ്ചയത്തലേന്നു വരെ അതിനുള്ള ഒരു ഭാഗ്യം സിദ്ധിച്ചിരുന്നില്ല.
ആ ഒരു ത്രില്ല്, വിവാഹമുറപ്പിച്ച ശേഷം ഒരു പക്ഷെ കിട്ടിയേക്കില്ല എന്നുള്ളതിനാല്‍, കൈവന്ന അവസരം വിനിയോഗിക്കുകയായിരുന്നു.
തമ്മില്‍ പറഞ്ഞുറപ്പിച്ച പ്രകാരം ഒരു ബസ്സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുമ്പോള്‍ എവിടന്നോ പൊട്ടിവീണ പോലെ, ഒരു പഴയ സ്ക്കൂള്‍ സഹപാഠി, രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ദാ മുന്നില്‍ !!
അവനാണെങ്കില്‍ ഒരേ നിര്‍ബന്ധം,
വാടാ നമുക്കൊരു ചായയൊക്കെ കുടിച്ചു കുശലം പറഞ്ഞിരിയ്ക്കാം .....
ഒഴിവാക്കാന്‍ നിന്ന് പരുങ്ങണ കണ്ടപ്പോഴേ കാര്യം പിടികിട്ടിയ അവന്, അറിഞ്ഞേ തീരൂ, ആര്‍ക്കു വേണ്ടിയാ വെയ്റ്റ് ചെയ്യണേ, ലൗവര്‍ ആണോന്നൊക്കെ. എങ്ങനെയൊക്കെയോ ഒരുകണക്കിന് ഉന്തിത്തള്ളി അവനെ പറഞ്ഞുവിട്ടു.
"ഇതൊക്കെ എത്ര കണ്ടിരിക്ക്ണു" എന്നുള്ള ഒരു പുച്ഛരസം, അത് സ്വതവേ ഉള്ള മുഖത്ത് ഒരു "coat" കൂടി അടിച്ച് അങ്ങനെ നില്‍ക്കുമ്പോള്‍ പൊടുന്നനെ ബസില്‍ വന്നിറങ്ങിയ അവളുടെ, ദര്‍ശനത്തില്‍ത്തന്നെ; വില്ലനായ "ടെന്‍ഷന്‍" കേറി വന്ന് രംഗമാകെ കുളമായി.
എന്തെന്നില്ലാത്ത ഒരു പടപടപ്പും മറ്റും കൊണ്ട് ആദ്യചോദ്യം ഇങ്ങനായി....
"ഇപ്പൊ എവിടയ്ക്കാ പോവാ".... ഉടനടി മറുപടിയും കിട്ടി,
"അത് ശരി അപ്പോ നിനക്കൊരൈഡിയയും ഇല്ലാല്ലേ" !!
ജാള്യത മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
"നമുക്ക് എന്നാല്‍ കാഴ്ച്ചബംഗ്ലാവില്‍ പോയാലോ".... അതിനും കിട്ടി മറുപടി,
"എന്തിനാ, നിന്‍റെ ബന്ധുക്കളെ കാണാനാ".... വിളറിയ ഒരു ചിരി മാത്രം ബാക്കി....
വേറെ പ്രത്യേകിച്ചൊരു പ്ലാനും ഇല്ലെന്നു മനസ്സിലായതോടെ അങ്ങോട്ട് തന്നെ പോയെങ്കിലും, ഇപ്പോഴും അതൊരു വീക്ക്പോയിന്റ് ആയി ഉപയോഗിയ്ക്കപ്പെടാറുണ്ട്...
പിന്നെയും കുറെയിടങ്ങളിലേക്ക് നടപ്പ് തുടര്‍ന്നു.
എന്തൊക്കെയോ വെട്ടിപ്പിടിച്ച ഭാവത്തില്‍ തല ഉയര്‍ത്തിനടക്കുന്ന സ്വന്തം രൂപം, ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍...
"എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍" പോലെ തോന്നുണു (സംഭാഷണത്തിനു കടപ്പാട് : സലിംകുമാര്‍).
ചുറ്റിനുമുള്ളവര്‍ നമ്മളെത്തന്നെയാണ് നോക്കുന്നത് (അവര്‍ക്കാര്‍ക്കും വേറെ ഒരു പണീമില്ലല്ലോ) എന്നൊരു മൂഢധാരണ ഉള്ളോണ്ടാവണം, ഒരാള്‍ അകലത്തില്‍ ആയിരുന്നു നടപ്പ്. ഈ പാലിച്ചിരുന്ന ഗ്യാപ്പില്‍, കുടിച്ചു ലക്കുകെട്ട ഒരു പയ്യന്‍ കഥകളിമുദ്ര കാട്ടി നിന്നത് വളരെ സ്വാഭാവികം മാത്രം.
എന്തോ അന്നാളുവരെ ഇല്ലാതിരുന്ന ഒരു തരം ദേഷ്യമോ മറ്റോ സടകുടഞ്ഞെണീറ്റു. തിരിഞ്ഞ് അവനെ രൂക്ഷമായൊന്നു നോക്കി.
നടന്നകന്ന അവന്‍ തിരിച്ചുവന്ന്, "കുട്ടീടെ ദേഹത്ത് ഞാന്‍ തൊട്ടില്ലല്ലോ, പിന്നെ ചേട്ടന്‍ എന്തിനാ ഈ കലിക്കണേ...." !!!
അവന്‍റെ സംശയം തീര്‍ത്തും ന്യായം. പക്ഷെ അപ്പോഴും നാക്കില്‍ നിന്നും വീണത് വികടസരസ്വതി....
"നിനക്കിപ്പോ എന്താ വേണ്ടേ"....
സന്ദര്‍ഭത്തിനു നിരക്കാത്ത ആ ചോദ്യത്തിനു മുന്നില്‍ അന്തംവിട്ടു കുന്തം വിഴുങ്ങി നിന്ന അവനെ അവന്‍റെ കൂടെയുള്ളോന്‍ വന്ന് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതിനാല്‍, ജീവിതത്തില്‍ ആദ്യമായി വെറുതെ കിട്ടുമായിരുന്ന "അടി" അങ്ങൊഴിവായിപ്പോയി.
ഇത് വീട്ടില്‍ പറഞ്ഞതിന് "ഹോ !! ഭാഗ്യം ല്ലേ, എന്താ വേണ്ടെന്നു ചോദിച്ചപ്പോള്‍ അവനൊരഞ്ഞൂറ് രൂപയെങ്ങാനും ചോദിച്ചിരുന്നേല്‍, അതെടുക്കാനില്ലാഞ്ഞ് ചേട്ടന്‍ ആകെ നാറിപ്പോയേനെ" എന്ന്‍ കസിന്‍റെ വകയും കിട്ടി.
പ്രസ്തുത മാനസികസംഘര്‍ഷം ഒന്നയയ്ക്കാന്‍ ഓരോ ഐസ്ക്രീം കഴിയ്ക്കുന്നതിനിടയില്‍ രംഗം ഒന്നു കൊഴുപ്പിയ്ക്കാന്‍
"നമ്മള്‍ രണ്ടാളും കമല്‍ഹാസനും ശ്രീദേവിയും പോലാല്ലേ" എന്ന് പറഞ്ഞ നേരമ്പോക്കിന് "അതിലെ ശ്രീദേവി ഓക്കേ, പക്ഷെ കമല്‍ഹാസന്‍ ഇത്തിരി ഓവര്‍ ആയില്ലേ, നമുക്കൊരു... മാമുക്കോയയില്‍ ഒറപ്പിയ്ക്കല്ലേ..."
എന്ന് മൊഴിഞ്ഞ് കഥാനായകന്‍റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചിട്ടായിരുന്നു അന്ന് അവളുടെ പോക്ക്.
ജീവിതത്തിന്‍റെ ചില ഏടുകള്‍ ഇങ്ങനാ, തുടക്കം മുതല്‍ ഒടുക്കം വരെ അടിയാ......
(കൃഷ്ണകുമാര്‍ ചെറാട്ട്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക