കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടങ്ങിയ കഴുത്തു വേദന ആണ്. രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നില്ല. വേദന പതിയെ പതിയെ ചെവിയിലേക്കും പിന്നെ തലയിലേക്കും വ്യാപിച്ചപ്പോൾ സംഗതി അത്ര പന്തിയല്ല എന്നു തോന്നി ആശുപത്രിയിൽ പോയി. പരിശോധനക്ക് ശേഷം ഡോക്ടർ ഏതോ അസുഖത്തിന്റെ പേരു പറഞ്ഞു കുറച്ചു വേദന സംഹാരി മരുന്നു കുറിച്ചു തന്നു. മടങ്ങി വീട്ടിൽ എത്തിയ ഞാൻ വേദനയുടെ കാരണം പറഞ്ഞു ഒരു പണിയും ചെയ്യാതെ സോഫയിൽ ഇരിപ്പായി. “ഇന്ന് കഴിക്കാൻ ഒന്നും ഉണ്ടാക്കുന്നില്ലേ?” ചോദ്യവുമായി വന്ന ഭർത്താവിനെ അതിദയനീയമായി നോക്കി ഞാൻ പറഞ്ഞു “കഴുത്തു വയ്യാത്തോണ്ട് ഇന്നും കൂടി പുറത്തു നിന്നു വാങ്ങാം”. അത് അത്ര ഇഷ്ടപെട്ടില്ലെങ്കിലും എന്റെ അവസ്ഥ കണ്ടിട്ടു ആള് ഭക്ഷണം വാങ്ങാൻ പുറത്തേക്കു പോയി.
രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു. ഇന്നെങ്കിലും നന്നായി ഒന്നു ഉറങ്ങണം. 2 ഗുളികയും കഴിച്ചു കഴുത്തിൽ തലയിണയും ചുരുട്ടി വച്ചു ഞാൻ കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ തല വല്ലാതെ പെരുത്തു കയറുന്നതു പോലെ തോന്നി. ഒരുതരം മരവിപ്പ് ! പെട്ടന്ന് ഞാൻ തല ഉയർത്താൻ ശ്രമിച്ചു, സാധിക്കുന്നില്ല. താമസിയാതെ തലയിലെ പെരുപ്പ് ശരീരത്തിലേക്കും പടർന്നു. കൈകൾ രണ്ടും കട്ടിലിലേക്ക് അമർത്തി എഴുന്നേൽക്കാൻ ഒരു ശ്രമം കൂടി നടത്തി, വിഫലം! ക്ഷീണം കൊണ്ടാവും. തിരിഞ്ഞു കിടന്നു തൊട്ടടുത്തു കിടന്നു ഉറങ്ങുന്ന മകനെ കെട്ടിപിടിക്കാനായി കൈകൾ ഉയർത്തി അവന്റെ ശരീരത്തിലേക്ക് വച്ചു. എന്നാൽ കൈകൾ നേരെ കട്ടിലിലേക്ക് പതിഞ്ഞു. ഒന്നും മനസ്സിൽ ആകാതെ ഞാൻ വീണ്ടും അവനെ തൊടാൻ ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ല. സർവശക്തിയും എടുത്തു ഞാൻ ചാടി എഴുന്നേറ്റു.
ഒരു നടുക്കത്തോടെ ഞാൻ ആ കാഴ്ച്ച കണ്ടു. എന്റെ ശരീരം അതാ കട്ടിലിൽ കണ്ണുകൾ അടച്ചു കിടക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ആ ശരീരത്തിലേക്ക് കിടക്കാൻ ശ്രമിച്ചു, സാധിക്കുന്നില്ല. എന്റെ ശരീരം എന്നെ സ്വീകരിക്കുന്നില്ല. ഞാൻ മരിച്ചിരിക്കുന്നുവോ? ഞാൻ ഇപ്പോൾ ഒരു ആത്മാവ് ആയി മാറിയിരിക്കുന്നുവോ !! അവിശ്വസനീയതയോടും അധികഠിനമായ വേദനയോടും ഞാൻ ഉറക്കെ കരഞ്ഞു. ആരും എന്റെ കരച്ചിൽ കേൾക്കുന്നില്ല. ഇതൊന്നും അറിയാതെ മുൻപിൽ കിടന്നു ഉറങ്ങുന്ന എന്റെ മകനെ കണ്ടു ഞാൻ നെഞ്ചു പൊട്ടി നിലവിളിച്ചു. അവനെ എന്റെ കൈകുമ്പിളിൽ കോരി എടുക്കുവാൻ ശ്രമിച്ചു. എന്നാൽ എന്റെ സ്പർശത്തെ അവൻ അറിഞ്ഞില്ല.
“നീയും മോനും ഇന്ന് വിശാലമായി ഇവിടെ കിടന്നു ഉറങ്ങിക്കോ, ഞാൻ അപ്പുറത്തു കിടന്നോളാം” എന്നു പറഞ്ഞു അടുത്തുള്ള മുറിയിലേക്കു പോയ എന്റെ ഭർത്താവിനെ വിളിച്ചു ഞാൻ കരഞ്ഞു. രാവിലെ എന്റെ ചലനമറ്റ ശരീരം കാണുമ്പോൾ ആ മനസ്സു തകരും.
വീണുടഞ്ഞ മഴത്തുള്ളി പോലെ എന്റെ മനസ്സ് ചിന്തകളാൽ ചിന്നി ചിതറി…എന്റെ മാതാപിതാക്കൾ, അന്യനാട്ടിൽ ജീവിക്കുന്ന ഞങ്ങൾ മക്കളെ മാത്രം ഓർത്തു കഴിയുന്ന അവർ എങ്ങനെ ഇത് സഹിക്കും? ഇന്ന് വൈകുന്നേരം അവരെ വിളിച്ചു സംസാരിച്ചിട്ട് കിടക്കണം എന്നോർത്തെങ്കിലും മടി കാരണം വിളിച്ചില്ല. നാളെ വിളിക്കാല്ലോ എന്നു വിചാരിച്ചു. എന്റെ ആ വിചാരത്തെ ഇപ്പോൾ വല്ലാതെ ശപിച്ചു പോകുന്നു.
4 വർഷമായി എന്റെ സഹോദരനെ നേരിൽ കണ്ടിട്ടു. പല രാജ്യങ്ങളിൽ ആയി ജോലി ചെയ്യുന്ന ഞങ്ങൾക്ക് കാണാൻ ഉള്ള അവസരം ഉണ്ടായില്ല എന്നു പറയാം. മനുഷ്യർ പലപ്പോഴും അവന്റെ സാഹചര്യങ്ങളിൽ അടിമപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. പണ്ട് അനുജനും അനിയത്തിയുടെയും ഒപ്പം മഴ നനഞ്ഞതും ചാമ്പ മരച്ചോട്ടിൽ പായ വിരിച്ചു കിടന്നു ഉറങ്ങിയതും ഒക്കെ എന്റെ മനസ്സിൽ ദൃശ്യമായി. ഇനിയൊരു മഴ ഒന്നിച്ചു നനയാൻ ഞാൻ ഇല്ലല്ലോ.. എനിക്കു അവരെ ഒന്ന് കാണണം.
എന്റെ മനസ്സിന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു. വീണ്ടും പല മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു. എന്നെ വേദനിപ്പിച്ചു മറ്റൊരു പെണ്ണിനെ പ്രണയിച്ച കാമുകൻ !! വെറുപ്പായിരുന്നു എനിക്ക്. ഒരായിരം വട്ടം മാപ്പു പറഞ്ഞെങ്കിലും ക്ഷമിക്കാൻ ഉള്ള മനസ്സ് ഉണ്ടായില്ല. ശാപ ഹർഷങ്ങൾ ഒരുപാട് പൊഴിച്ചു അയാൾക്ക് നേരെ.. ഇപ്പോൾ ആ വെറുപ്പ് കൊണ്ടു ഞാൻ ഒന്നും നേടിയില്ലല്ലോ.
ഞാൻ മനസ്സ് വേദനിപ്പിച്ചിട്ടും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്ത സുഹൃത്ത്. “എനിക്കു നിന്നോട് സ്നേഹവും ബഹുമാനവും ആണ്” എന്നു തുറന്നു പറയാൻ എന്തേ എനിക്കു ഇതുവരെ തോന്നിയില്ല? എന്റെ സ്വാർത്ഥത, താണു കൊടുക്കാൻ ഉള്ള മനസ്സില്ലായ്മ !! നെടുവീർപ്പോടെ ഞാൻ ഓർത്തു.
കട്ടിലിനു അരികിൽ കിടക്കുന്ന മേശപ്പുറത്തു ഒരു ബോക്സ് എന്റെ ശ്രദ്ധയിൽ പെട്ടു. അപ്പോഴാണ് അതു ഞാൻ ഓർത്തത്. കോളേജിൽ ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ പരീക്ഷാ പേപ്പർ! നാളെ ആണ് മാർക്ക് ഷീറ്റ് കൊടുക്കേണ്ട അവസാന തീയതി. രണ്ടാഴ്ച സമയം കിട്ടിയിട്ടും ഞാൻ ഇതുവരെ അത് നോക്കിയില്ല. ഈ അവസാന നിമിഷം കോളേജ് അധികൃതർ മറ്റൊരാളെ അതു ഏൽപ്പിക്കണമല്ലോ…
ദൈവമേ… ഒരു ദിവസം കൂടി, ഒരേ ഒരു ദിവസം കൂടി മാത്രം എനിക്കു തരുമോ? ഒരു ദിവസം കൂടി എനിക്കു ഈ ഭൂമിയിൽ ജീവിക്കാൻ അവസരം തന്നിരുന്നെങ്കിൽ എന്റെ ഭർത്താവിനെയും മകനെയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങാമായിരുന്നു, എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ചു കുറേ വിശേഷങ്ങൾ പങ്കു വെക്കാമായിരുന്നു, എന്നെ വേദനിപ്പിച്ചവരെയും ഞാൻ വേദനിപ്പിച്ചവരെയും സ്നേഹിക്കാമായിരുന്നു, എന്റെ കർത്തവ്യങ്ങൾ കൃത്യസമയം ചെയ്തു തീർക്കാമായിരുന്നു… ജീവിതത്തെ കുറിച്ച് എനിക്ക് ഒരുപാട് പദ്ധതികൾ ഉണ്ടാരുന്നു. ഒരു തുമ്പ പൂവിന്റെ തിളക്കത്തോടെ നാളെയെ സ്വപ്നം കണ്ടു ഉറങ്ങാൻ കിടന്ന എന്റെ ജീവിതം ഇവിടെ കൊഴിയുക ആണല്ലോ…
കുറ്റബോധത്താലും നഷ്ടബോധത്താലും മുഖം അമർത്തി പിടിച്ചു ഞാൻ കരഞ്ഞു. ദൈവം അപ്പോൾ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഒരു സിനിമ പോലെ എന്റെ അതുവരെ ഉള്ള ജീവിതം എന്റെ കൺമുൻപിൽ ഓടി കൊണ്ടിരുന്നു. പൂർത്തിയാക്കാൻ കഴിയാതെ ബാക്കി ആയ ഉത്തരവാദിത്വങ്ങൾ... ചെയ്യാൻ കഴിയാമായിരുന്നിട്ടും ചെയ്യാതെ പോയ നന്മകൾ... എല്ലാം... നിസ്സഹായയായി ഞാൻ തിരിച്ചറിഞ്ഞു, ഒടുവിലത്തെ നിമിഷങ്ങളിൽ ഈ മർത്യായുസ്സിലെ നേട്ടങ്ങളെ കുറിച്ചു ഓർത്തു അഭിമാനം കൊള്ളുകയല്ല മറിച്ചു നഷ്ടങ്ങളും വീഴ്ചകളും ഓർത്തു മുറിവേൽക്കപെടുകയാണ് നമ്മുടെ മനസ്സ്.
കരഞ്ഞു തളർന്ന ഞാൻ പതുക്കെ കണ്ണുകൾ തുറന്നു. കണ്ണുനീരിനാൽ എന്റെ തലയിണ നന്നായി നനഞ്ഞിരുന്നു. അവസാനമായി ഒരിക്കൽ കൂടി എന്റെ മകന്റെ നെറുകയിൽ ഒന്നു തൊടാൻ ഉള്ള ആഗ്രഹത്താൽ ഞാൻ കൈ ഉയർത്തി അവന്റെ നെറുകയിലേക്ക് വച്ചു. അവന്റെ മുടി എന്റെ കൈയിൽ സ്പർശിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടി. മനസ്സിന്റെ ഭാരം തൂവൽ പോലെ ഖനം കുറയുന്നതായി തോന്നി. വികാരഭരിതയായി ഞാൻ അവന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ടേ ഇരുന്നു, ഞാൻ മരിച്ചിട്ടില്ല എന്നു വിശ്വാസം ആകും വരെ…എല്ലാം ഒരു സ്വപ്നം ആരുന്നു എന്ന് ഉറപ്പു ആകും വരെ….
അനുഭവക്കുറിപ്പുകൾ...
By:

suprb... മനസ്സിനെ തൊട്ടുണർത്തിയ നല്ലെഴുത്ത്
ReplyDelete