Showing posts with label റീമമാറ്റ്സ്. Show all posts
Showing posts with label റീമമാറ്റ്സ്. Show all posts

**ജ്വാലാമുഖി**


**ജ്വാലാമുഖി**
ഇത് എൻറെ ആത്മഹത്യാ കുറിപ്പ്.
എന്നെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവർ അറിയുന്നതിനായി.... എന്നെ സ്നേഹിക്കാത്തവർക്കു ഞാൻ ജീവിക്കുന്നതോ മരിക്കുന്നതോ ബാധകമല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തെക്കുറിച്ചു ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എനിക്ക്. എന്നാൽ ഇന്ന് ആ സ്വപ്‌നങ്ങൾ എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു.
ഞാൻ അഞ്ജല. അഞ്ചു എന്നാണ് വീട്ടിൽ എല്ലാവരും എന്നെ വിളിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ഒറ്റമകൾ ആണ് ഞാൻ. നാട്ടിൻപുറത്തെ ഒരു കൂട്ടുകുടുംബത്തിൽ വളർന്ന എനിക്ക് സഹോദരങ്ങളുടെ കുറവ് അനുഭവപ്പെട്ടില്ല. അച്ഛന് പട്ടണത്തിൽ തുണിക്കട ആണ് ബിസിനസ്സ്. കടയുടെ എല്ലാ കാര്യങ്ങളും നേരിൽ നോക്കി നടത്തണം എന്ന നിർബന്ധം ഉള്ളതിനാൽ അവിടെ തന്നെ ആണ് അച്ഛൻ താമസം. മാസത്തിൽ ഒരു തവണ മാത്രം വീട്ടിൽ വരും. മുമ്പൊക്കെ അച്ഛൻ ഉള്ള രണ്ടു ദിവസങ്ങൾ ഞങ്ങൾക്ക് ആഘോഷം ആയിരുന്നു. കുടുംബമായി ഞങ്ങൾ സിനിമ കാണാൻ പോകുന്നതും, കടൽ കാണുന്നതും, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഒക്കെ അപ്പോഴാണ്.
അമ്മ ബാങ്കുദ്യോഗസ്ഥ. കുടുംബത്തിൽ ആദ്യമായാണ് ഒരാൾക്ക് ഗവണ്മെന്റ് ഉദ്യോഗസ്‌തം കിട്ടുന്നത്. കൃഷിയും പാടവും ഒക്കെ ഉള്ള വലിയ കുടുംബത്തിലെ സ്ത്രീ കുട്ടികളെയും ഭർത്താവിനെയും അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പരിചരിച്ചു വീട്ടിൽ ഒതുങ്ങി കൂടണം എന്ന പുരാതന പാരമ്പര്യം തെറ്റിച്ചാണ് അമ്മ ഉദ്യോഗസ്ഥത ആയത്. അമ്മ രാവിലെ ഒരുങ്ങി ഇറങ്ങി ജോലിക്കു പോകുന്നതിൻറെ ഇഷ്ടക്കേടുകളും പിറുപിറുപ്പുകളും ഇടയ്ക്കിടയ്ക്ക് ഞാൻ കുടുംബത്തിൽ കേട്ടിരുന്നു. അത് കൊണ്ട് തന്നെ എൻ്റെ കാര്യങ്ങൾ ചെറുപ്പം മുതലേ ഏറെക്കുറേ ഞാൻ സ്വയം ചെയ്യേണ്ടി വന്നു. പലപ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം ആ ചെറു പ്രായത്തിലും എനിക്ക് അനുഭവപ്പെട്ടു.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു അമ്മായിയുടെ മകളുടെ കല്യാണം. കുറച്ചു വർഷങ്ങൾക്കു മുമ്പ് അമ്മായിയുടെ ഭർത്താവ് മരിച്ചു. പത്താം ക്ലാസ് മാത്രം വിദ്യാഭാസം ഉള്ള കവിതേച്ചിക്ക് ഒരു ഡിഗ്രികാരനും പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥനുമായ രവിയേട്ടനെ ഭർത്താവായി ലഭിച്ചപ്പോൾ എല്ലാവരുടെയും ഒപ്പം എന്തിനെന്നു അറിയാതെ ഞാനും അഭിമാനം കൊണ്ടു. രവിയേട്ടൻ പൊതുവെ മൃദുഭാഷിയാണ്, എന്നോട് വളരെ സ്നേഹമായിരുന്നു. ആദ്യമൊക്കെ ചേട്ടന്റെ സ്നേഹപ്രകടനങ്ങൾ അനുജത്തിയോടുള്ള അമിത വാത്സല്യം ആയി എനിക്ക് അനുഭവപ്പെട്ടു. പലപ്പോഴും എന്നെ കാണുമ്പോൾ മടിയിൽ ഇരുത്താനും എന്റെ തലമുടിയിഴകളിൽ തഴുകാനും ഉത്സാഹം കാണിച്ചു. ഒരു രാത്രി അച്ഛമ്മയുടെ മുറിയിൽ തറയിൽ പായ വിരിച്ചു ഉറങ്ങിയിരുന്ന എന്റെ ശരീരത്തിലേക്ക് വല്ലാത്ത ഭാരം അമരുന്നതായി അനുഭവപ്പെട്ടു. കണ്ണുതുറന്നു നോക്കിയാ എന്റെ വായ ബലമായി പൊത്തിപിടിച്ചുകൊണ്ടു രവിയേട്ടൻ പറഞ്ഞു, "അഞ്ചു ഞാനാ. നീ ബഹളം വെക്കരുത്." ഞാൻ അയാളെ തള്ളിമാറ്റി. ഇരുണ്ട വെളിച്ചത്തിൽ അയാളുടെ വിയർപ്പിറ്റിയ കാമദാഹിയായ ആ മുഖം ഞാൻ കണ്ടു. അലറിവിളിക്കാൻ ഉള്ള മനക്കരുത്ത് എനിക്കുണ്ടായില്ല. ഞാൻ അയാളുടെ കൈകളിൽ നിന്ന് കുതറി എണിറ്റു അച്ഛമ്മയുടെ കട്ടിലിൽ ചെന്ന് കിടന്നു. ഭയത്തോടും ജ്വലിക്കുന്ന കണ്ണുകളോടും എന്നെ ഒരു നിമിഷം നോക്കിയിട്ടു അയാൾ മുറി വിട്ടുപോയി. അതായിരുന്നു ലൈംഗിക ചൂഷണത്തിന്റെ ആദ്യ പാഠം. ഇരുളിന്റെ തീരങ്ങളെ അന്ന് മുതൽ ഞാൻ ഭയന്ന് തുടങ്ങി. ചേട്ടന്റെ വൈകാരിക ഭീഷണികൾ കാരണവും കവിതേച്ചിയുടെ ജീവിതം ഓർത്തും അന്ന് അത് ആരോടും പറയാതെ മറച്ചു വെക്കേണ്ടി വന്നു. താമസിയാതെ അവർ രവിയേട്ടന്റെ വീട്ടിലേക്കു താമസം മാറി.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ പ്ലംബിംഗ് പണിക്കു വന്ന ചേട്ടൻ, പണികൾ കാണിച്ചു തരാമെന്ന വ്യാഖ്യേന സ്നേഹത്തോടെ അടുത്ത് വിളിച്ചു വരുത്തി അബദ്ധത്തിൽ എന്നപോലെ എന്റെ മാറിടത്തിൽ പലവുരു തട്ടി ഉരുമ്മി. ജോലി കഴിഞ്ഞു വന്ന അമ്മയോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ നീയെന്തിനാണ് ഈ പണിക്കാരുടെ ഒക്കെ അടുത്ത് പോയി നിൽക്കുന്നെ, അകത്തെങ്ങാനും ഇരുന്നാൽ പോരെ എന്ന് പറഞ്ഞു എന്നെ വഴക്കു പറഞ്ഞു. ആ പ്രതികരണത്തോടെ മറ്റാരോടെങ്കിലും ഇതേ പറ്റി പറയാൻ ഞാൻ സങ്കോചപ്പെട്ടു.
എന്നാൽ എന്നെ ഏറ്റവും തളർത്തിയത് കുറച്ചു മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു സംഭവം ആയിരുന്നു. പ്ലസ് ടൂ ആയപ്പോൾ ഞാൻ ട്യൂഷന് പോയിത്തുടങ്ങി. സാറിന്റെ വീട്ടിൽ ആയിരുന്നു ക്ലാസ്. ഞാൻ ഉൾപ്പടെ 3 കുട്ടികൾ ഉണ്ട് ക്ലാസ്സിൽ. അന്ന് ഞാൻ ട്യൂഷനു ചെന്നപ്പോൾ മറ്റു 2 കുട്ടികൾ ഉണ്ടായിരുന്നില്ല. സാറിന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മ അമ്പലത്തിൽ പോയി, മറ്റു കുട്ടികൾ കുറച്ചു താമസിക്കും വരാൻ എന്ന് എന്നോട് പറഞ്ഞു സാർ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ ക്ലാസ് മുറിയിലേക്ക് കയറിയപ്പോൾ സാർ പുറകിൽ വന്നു വാതിൽ അടച്ചു. തിരിഞ്ഞു നോക്കുന്നതിനു മുമ്പ് തന്നെ പുറകിൽ നിന്ന് രണ്ട് ബലിഷ്ഠ കരങ്ങൾ എന്നെ വരിഞ്ഞു മുറുകി. കുതറി മാറാൻ ശ്രമിച്ച എന്നെ തിരിച്ചു നിർത്തി അയാളുടെ മുഖം എന്നിലേക്ക്‌ അടുപ്പിച്ചു. അലറി വിളിക്കാൻ തുടങ്ങിയ എന്നെ അയാൾ ഭിത്തിയോട് ചേർത്ത് അമർത്തി വായ പൊത്തി. അയാളുടെ വിരലുകൾ എന്റെ ശരീരത്തിൽ ആർത്തിയോടെ പടരുന്നത് ഞാൻ ഭീതിയോടെ അറിഞ്ഞു. ഭൂമി പിളർന്നു അടിയിലേക്ക് താണു പോയിരുന്നെങ്കിൽ എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. ഒരു നിമിഷം കണ്ണുകൾ അടച്ച എന്റെ ഉള്ളിൽ എവിടെ നിന്നോ ഒരു പ്രകാശം അനുഭവപ്പെട്ടു, ആ പ്രകാശം എന്റെ തലയിൽ നിന്നും ശരീരത്തിലേക്ക് പടരുന്നതായി തോന്നി. സർവശക്തിയും എടുത്തു ഞാൻ അയാളെ കാലു കൊണ്ട് തൊഴിച്ചു. വേദനയോടെ എന്നിൽ നിന്ന് പിടിവിട്ട അയാളെ തള്ളി മാറ്റി ഞാൻ വെളിയിലേക്കു ഓടി.
പിന്നീടുള്ള ദിവസങ്ങൾ എനിക്ക് നരകതുല്യം ആയിരുന്നു. ആരോടും ഒന്നും പറയാൻ എനിക്ക് തോന്നിയില്ല. അധികം കൂട്ടുകാരികൾ പോലും ഇല്ലാതിരുന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. പുരുഷന്മാരുടെ കാമത്തെ ജ്വലിപ്പിക്കുന്ന എന്റെ പെൺ ശരീരത്തെ ഞാൻ വെറുത്തു. ഒന്നും തുറന്നു പറയാൻ സ്വാതന്ത്യം ഇല്ലാത്ത എൻ്റെ കുടുംബത്തെ ഞാൻ വെറുത്തു. എൻ്റെ കണ്ണിൽ നിന്ന് പൊടിയുന്ന ഓരോ തുള്ളി കണ്ണുനീരിനെ പോലും ഞാൻ വെറുത്തു.
അവൾക്കു പഠിക്കാനും ട്യൂഷന് പോകാനും ഇഷ്ടമല്ല എന്ന് പറഞ്ഞു എന്റെ വീട്ടുകാർ എന്നെ ശകാരിച്ചപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും എന്ന് പറഞ്ഞു എൻ്റെ മുറിയിൽ കയറി വാതിൽ അടച്ചു. അന്ന് മുതൽ ഞാൻ എല്ലാവരെയും എതിർക്കാൻ പഠിച്ചു. ഏകാന്തതയെ ഞാൻ സ്നേഹിച്ചു തുടങ്ങി. എന്നാൽ എന്നിലെ മാറ്റങ്ങളെ നിരീക്ഷിച്ചു ഒരാൾ സദാ എൻ്റെ കൂടെ ഉണ്ടായിരുന്നു. അമ്മായിയുടെ മകൻ, കവിതേച്ചിയുടെ അനുജൻ ഉണ്ണി. അവൻ എന്നിലും ഒരു വയസ്സിനു ഇളയതാണ്. ഉണ്ണി ആവർത്തിച്ചു ചോദിച്ചപ്പോൾ ഞാൻ അവനോടു ട്യൂഷൻ സാറിന്റെ ബലാൽക്കാര പ്രവർത്തിയെപ്പറ്റി പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പ്കവതയും രോഷവും അന്ന് ഞാൻ അവൻ്റെ കണ്ണുകളിൽ കണ്ടു. ആദ്യമായി എൻ്റെ വാക്കുകൾ വിശ്വസിക്കാനും എന്നെ സഹായിക്കാനും ഒരാൾ തയ്യാറായി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ സ്കൂളിൽ നിന്നും മടങ്ങും വഴി ട്യൂഷൻ സാർ എൻ്റെ മുമ്പിൽ വന്നു. പകയുള്ള കണ്ണുകളോടെ നോക്കി നിന്ന എന്നോട് അയാൾ താൻ ചെയ്തു പോയ മാപ്പ് പറഞ്ഞു.
അത്ഭുതത്തോടെയും ആവേശത്തോടെയും വീട്ടിൽ എത്തിയ എന്നോട് ഉണ്ണി കാര്യങ്ങൾ വിശദമാക്കി. ഉണ്ണിയും അവന്റെ സുഹൃത്തും സാറിന്റെ വീട്ടിൽ പോയി അയാളെ ചെറിയ രീതിയിൽ കൈകാര്യം ചെയ്തിരുന്നത്രേ. എന്നോട് മാപ്പ് പറഞ്ഞില്ലെങ്കിൽ എല്ലാവരെയും അറിയിച്ചു നാണംകെടുത്തും എന്ന് അറിയിച്ചു. കുറേ നാളുകൾക്കു ശേഷം അന്ന് ഞാൻ മനസ്സ് തുറന്നു ചിരിച്ചു. ആ വീട്ടിൽ എന്നെ മനസ്സിലാക്കുന്ന ഒരു ചങ്ങാത്തം കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. എന്നാൽ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഞാനും ഉണ്ണിയും രഹസ്യമായി സംസാരിക്കുന്നതും ഒരുമിച്ചു നടക്കുന്നതും അമ്മായിയും അച്ഛന്റെ ഏട്ടനും സംശയദൃഷ്ടിയോടെ വീക്ഷിച്ചു. ഞങ്ങൾ തമ്മിൽ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നവർ സംശയത്തോടെ അമ്മയോടു പറഞ്ഞു. മകളെ ശ്രദ്ധിക്കാതെ ഉദ്യോഗത്തിനു പോകുന്നു എന്ന് പറഞ്ഞു അമ്മയെ അവർ കുറ്റപ്പെടുത്തി. ഇതിന്റെ പേരിൽ ഞാനും അമ്മയും വഴക്കായി. ആരുടേയും വാക്കിനെ വക വെക്കാതെ ഞങ്ങളുടെ സാഹോദര്യം പാറപോലെ നിലകൊണ്ടു. സ്കൂളിലെ കഥകളും ഉണ്ണി സ്നേഹിക്കുന്ന പെൺകുട്ടിയെപ്പറ്റിയും എല്ലാം ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു കൊണ്ടേയിരുന്നു. അമ്മായിയും ഉണ്ണിയും ഇതിന്റെ പേരിൽ കലഹമായി. ഒടുവിൽ ഉണ്ണിയെ അവൻ്റെ അച്ഛൻ പെങ്ങളുടെ വീട്ടിലേക്കു താമസം മാറ്റി. വീണ്ടും ഞാൻ ആ വലിയ വീട്ടിൽ ഒറ്റപെട്ടു. എന്നാൽ ഉണ്ണി ഇടയ്ക്കിടയ്ക്ക് വീട്ടിലേക്കു ഫോൺ ചെയ്‌തുകൊണ്ടിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിക്കാൻ തുടങ്ങിയായപ്പോൾ മുതിർന്നവരുടെ സംശയം ഇരട്ടിയായി. കൂരമ്പു പോലെ വാക്കുകൾ എന്നിൽ തുളച്ചു കയറി. കുട്ടിയായ ഉണ്ണിയെ ഞാൻ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു എന്ന്. ആരെയും ഒന്നും പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്ക് തോന്നിയില്ല. പകരം പുച്ഛമാണ് ആ നിമിഷം എല്ലാവരോടും എനിക്ക് തോന്നിയത്. ഞാനും അമ്മയും തമ്മിൽ എന്തിനും കലഹങ്ങൾ സ്ഥിരമായി. എന്റെ മനസ്സ് നിരാശയിലേക്കു വഴി തിരിഞ്ഞു. എന്റെ വേദനകൾ എന്റെ മാത്രം മൗന നൊമ്പരങ്ങൾ ആയി.
ഇന്നലെ അച്ഛൻ വീട്ടിൽ വന്നു. അമ്മ അച്ഛനോട് എല്ലാം പറഞ്ഞിരിക്കുന്നു. അച്ഛൻ എന്നെ കാറിന്റെ മുൻസീറ്റിൽ കയറ്റി പുറത്തേക്കു പോയി. ഞങ്ങൾക്കിടയിലെ ക്രൂരമായ നിശബ്ദത ലംഖിച്ചു അച്ഛൻ ചോദിച്ചു, "നീ എന്തിനാണ് അമ്മയുമായി ഇങ്ങനെ കലഹിക്കുന്നെ? അമ്മക്കു ജോലി ഉപേക്ഷിച്ചു ഏതു നേരോം നിന്നെക്കുറിച്ചുള്ള പരാതികൾ തീർക്കാൻ നടക്കാൻ പറ്റുമോ?" "ആരും എൻ്റെ കാര്യങ്ങൾ നോക്കണ്ട. എൻ്റെ കാര്യം നോക്കാൻ എനിക്ക് അറിയാം" ദാർഷ്ട്യത്തോടെയുള്ള എൻ്റെ മറുപടി കേട്ട് കുപിതനായ അച്ഛൻ പൊട്ടിത്തെറിച്ചു, "നീയും ഉണ്ണിയും തമ്മിൽ എന്ത് ബന്ധമാ ഉള്ളത്? എനിക്ക് ഒന്നും അറിയില്ല എന്നാണോ നിന്റെ വിചാരം?" എൻ്റെ കൈകാലുകൾ വിറച്ചു. ദേഷ്യത്താലും സങ്കടത്താലും ഞാൻ അലറി, "നിങ്ങൾ എന്ത് വേണമെങ്കിലും വിചാരിച്ചോ. ഞാൻ മരിച്ചു കഴിഞ്ഞാൽ എല്ലാർക്കും തൃപ്തി ആകുമല്ലോ." ഇത് പറഞ്ഞു ഞാൻ കാറിന്റെ വാതിൽ തുറന്നു റോഡിലേക്ക് ചാടാൻ തുടങ്ങി. അച്ഛൻ വേഗം എൻ്റെ കൈകളിൽ കടന്നു പിടിച്ചു. വീട്ടിൽ തിരിച്ചെത്തിയ ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു. അച്ഛൻ എല്ലാവരോടും അവളോട് ആരും ഒന്നും ചോദിക്കണ്ട എന്ന് താക്കീതു ചെയ്തു.
ഇപ്പോൾ എല്ലാവരും നല്ല ഉറക്കം ആണ്. നേരം വെളുത്തു വരുന്നതേ ഉള്ളു. ഇന്ന് രാവിലെ എല്ലാവരും ഉറക്കം ഉണർന്നു നോക്കുമ്പോൾ ഈ സത്യങ്ങളോടൊപ്പം എൻ്റെ ജീവനറ്റ ശരീരവും അവർ കാണണം. അച്ഛൻ എങ്കിലും എന്നെ സംശയിക്കില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പോൾ എന്റെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു കണിക പോലും അവശേഷിക്കുന്നില്ല. അപമാനിതയായി, അപകർഷതാബോധവും പേറി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഉണ്ണി, നിന്നോട് മാത്രം ഞാൻ മാപ്പ് പറയുന്നു. ഒപ്പം ഈ സമൂഹത്തോട് ഒരു ചോദ്യം. ബലഹീന ആയ എന്നെ പോലെ ഒരു പെണ്ണിന് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ലേ?
അവസാന വാക്കുകളും എഴുതി തീർത്തു അഞ്ജല തന്റെ അരികിൽ ഇരുന്ന വിഷം നിറച്ച കുപ്പി കൈയിൽ എടുത്തു. ഓർമ്മകൾ തീച്ചൂളയായി അവളുടെ ഉള്ളിൽ പടർന്നു കത്തി.
"വിടപറയുമീ നേരമെന്തിനോ
എരിഞ്ഞിടുന്നു രുദ്ര നാളമായ്"
അല്പം കഴിഞ്ഞാൽ തൻ്റെ തണുത്തുറഞ്ഞ ശരീരം എല്ലാവരും കാണും. ഈ വീട്ടിൽ നിലവിളി ഉയരും, അച്ഛന്റെയും അമ്മയുടെയും മനസ്സിൽ മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു പോയ സ്നേഹം അലിഞ്ഞു ആർദ്രമാകും, ഇന്ന് മടങ്ങാനിരുന്ന അച്ഛന്റെ യാത്ര മുടങ്ങും. ഈ വീട്ടുമുറ്റത്തു ഒരു കണ്ണീർ പന്തൽ ഉയരും, നാട്ടുകാർ ഓടിക്കൂടും, അടക്കം പറയും. സ്കൂളിൽ നിന്നും സഹപാഠികളും അധ്യാപകരും തന്നെ അവസാനമായി ഒരു നോക്ക് കാണാൻ തീർച്ചയായും വരും. ഓരോ തുള്ളി വിഷം ഉള്ളിൽ ചെല്ലുന്തോറും അവളുടെ ചിന്തകൾ മങ്ങി തുടങ്ങി…
സ്കൂൾ !! ഒരു നിമിഷം ആ ഓർമ്മ അഞ്ജലയുടെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു. ഒരുപാട് പഠിക്കാൻ ആഗ്രഹിച്ച തനിക്കു ഇനി പഠിക്കാൻ കഴിയുകയില്ല. അറിവിൻറെ വാതിൽ സ്വയം തനിക്കു മുന്നിൽ കൊട്ടിയടക്കുന്നു. സിവിൽ സർവീസ് എന്ന വലിയ സ്വപ്നം തനിക്കിന്നു നഷ്ടപ്പെടുകയാണ്. ഒരു ഭീരു ആയി ഞാൻ ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ? വീണിടത്തു നിന്ന് പിടിച്ചു എഴുന്നേൽക്കാൻ ഒരു ശ്രമം പോലും നടത്താതെ തളർന്നു പോവുകയാണോ? ഈ ജന്മത്തിലെ എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്മാറുകയാണോ? "ഇല്ല, എനിക്ക് ജയിക്കണം, ഇനിയും സ്വപ്‌നങ്ങൾ കാണണം, ജീവിതത്തിൽ അടിയറവു പറയാതെ മുന്നോട്ടു നീങ്ങണം" അഞ്ജല പ്രതീക്ഷയോടെ വിജയത്തിലേക്കുള്ള ആദ്യ ചുവടുറപ്പിച്ചു വാതിൽ തുറന്നു, തന്റെ അച്ഛന്റെയും അമ്മയുടെയും മുറി ലക്ഷ്യമാക്കി നടന്നു....

ഭയം

Image may contain: 1 person, closeup


ജിമ്മിയുടെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് വിയർപ്പു തുള്ളികൾ ഇറ്റു വീണു. എത്രയും വേഗം വീട്ടിൽ എത്തി ചേരണം എന്ന അതീവ ആഗ്രഹത്തോടെ അയാൾ തൻ്റെ കാർ സൂക്ഷ്മതയോടെ ഓടിച്ചു. വീട്ടിൽ എത്തിയ ഉടൻ അയാൾ താരയെ ഫോൺ ചെയ്തു.
"എന്താ ജിമ്മി, വീട്ടിൽ എത്തിയോ?" ഫോൺ എടുത്ത ഉടനെ താര ചോദിച്ചു.
"എത്തി, വരുന്ന വഴി ഒരു പ്രശനം ഉണ്ടായി. എൻ്റെ വണ്ടിയിൽ മറ്റൊരു കാർ ചെറുതായൊന്നു ഉരസ്സി." ജിമ്മി പറഞ്ഞു.
"എന്നിട്ടു എന്തെങ്കിലും കുഴപ്പം ഉണ്ടോ" അവൾ ചോദിച്ചു.
"ആർക്കും കുഴപ്പമൊന്നും ഇല്ല. കാറിൻറെ വലതു വശത്തെ പെയിന്റ് കുറച്ചു പോയി. ഇൻഷുറൻസ് കിട്ടും." ജിമ്മി പറഞ്ഞു.
"ആവൂ... മറ്റൊന്നും സംഭവിച്ചില്ലല്ലോ. ഭാഗ്യം" അവൾ പറഞ്ഞു.
"താര, എങ്കിൽ ഞാൻ പിന്നെ വിളിക്കാം, വല്ലതും കഴിക്കട്ടെ, നന്നായി വിശക്കുന്നു." ജിമ്മി പറഞ്ഞു നിർത്തി.
താരയുമായുള്ള സൗഹൃദം ജിമ്മിക്ക് എന്നും ആശ്വാസവും ധൈര്യവും ആയിരുന്നു. അത് കൊണ്ടാവാം അവൻ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവളോട് പങ്കുവച്ചത്. തന്റെ ആദ്യ കാമുകിയുമായി പിരിഞ്ഞതു മുതൽ ഭാര്യയുമായുള്ള സൗന്ദര്യ പിണക്കങ്ങൾ വരെ അയാൾ അവളോട് തുറന്നു പറഞ്ഞു. 2 വർഷത്തെ സൗഹൃദം 2 ജന്മങ്ങളിലെ ആത്മബന്ധം പോലെ അവർക്കു അനുഭവപ്പെട്ടു. തൻ്റെ ഏതു അവസ്ഥയിലും താര കൂടെ ഉണ്ടാവും എന്ന അയാളുടെ ആത്മവിശ്വാസം ഒരു ഔദാര്യം പോലെ അയാൾ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്. താരക്ക് തന്നോടുള്ളത് സൗഹൃദത്തിനേക്കാൾ വലിയ സ്നേഹം ആണെന്ന് അറിഞ്ഞിട്ടും അയാൾ അവളിൽ നിന്ന് അകന്നു മാറിയില്ല. ഒരിക്കൽ പ്രേമപരവശയായ അവൾ അയാളെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞപ്പോഴും അയാൾ എതിർത്തില്ല. ഒരിക്കൽ താര ചോദിച്ചു.
"ജിമ്മി ഞാൻ നിന്നെ തീവ്രമായി പ്രണയിക്കുന്നു. നീ എന്നെ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"
"ഇല്ല താര, എനിക്ക് നിന്നോട് പ്രണയം തോന്നുന്നില്ല." ജിമ്മി പറഞ്ഞു.
"പിന്നെ ഞാൻ ചുംബിച്ചപ്പോൾ എന്ത് കൊണ്ട് നീ എന്നെ എതിർത്തില്ല?" അവൾ ചോദിച്ചു.
"അത് നിനക്ക് വിഷമം ആകുമോ എന്ന് ഭയന്നാണ്. നീ എന്നിൽ നിന്ന് അകലുമോ എന്ന് ഭയന്നാണ്. എനിക്ക് നീ എന്നും എന്റെ ആത്മസുഹൃത്തായി വേണം താര." ജിമ്മി പറഞ്ഞു.
 "ഞാൻ നിന്നെ പ്രേമിക്കുന്നു ജിമ്മി, എന്റെ സ്നേഹം മറച്ചു വച്ച് എത്ര നാൾ എനിക്ക് നിന്റെ സുഹൃത്തായിരിക്കാൻ കഴിയും. നമ്മൾ പിരിയുന്നതാണ് നല്ലതു." താര പറഞ്ഞു.
"അരുത് താര, നീ അങ്ങനെ പറയരുത്. എനിക്ക് നിന്റെ സൗഹൃദം വേണം. എന്റെ ആത്മബലം ആണത്." ജിമ്മിയുടെ ശബ്ദം ഇടറി.
"ശരി ജിമ്മി, ഞാൻ നിന്റെ സുഹൃത്തായിരിക്കാം. ഇനി എന്റെ പ്രണയത്തെ പറ്റി നിന്നോട് സംസാരിക്കില്ല" തനിക്കതിനു കഴിയില്ല എന്നറിഞ്ഞിട്ടും അതല്ലാതെ മറ്റൊന്നും പറയാൻ അപ്പോൾ അവൾക്കു തോന്നിയില്ല.
പിന്നീടും പലതവണ താര ഈ വിഷയം സംസാരിച്ചു. എന്നാൽ ജിമ്മി അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു കൊണ്ടിരിന്നു. ഒടുവിൽ അതൊരു ആത്മനിന്ദ ആയി അവളിൽ അവശേഷിച്ചു. ഒരിക്കൽ തന്റെ ശരീരവും മനസ്സും ആഗ്രഹിച്ചിരുന്ന പുരുഷന് ഇപ്പോൾ തന്നോട് പ്രണയം ഇല്ല. എന്തിനു വേണ്ടി അയാൾ ഇപ്പോഴും ഒരു സുഹൃത്ത് ആയി തൻ്റെ മാനസിക പീഡ വളർത്തുന്നു? തനിക്കു യാധൊരു ലാഭവും ഇല്ലാത്ത ബന്ധം! വേദനകൾ മാത്രം ഓർമ്മകൾ ആയി അവശേഷിക്കുന്നു. ചില വേദനകൾ അങ്ങനെ ആണ്, എന്തിനെന്നു അറിയാതെ നാം അത് ഹൃദയത്തിൽ ഒരു ഭാരമായി വഹിച്ചു കൊണ്ടിരിക്കും ജീവിതകാലം മുഴുവൻ. അവളുടെ സ്നേഹം അയാൾ അർഹിക്കുന്നില്ല എന്ന് അവൾക്കു പലപ്പോഴും തോന്നി. വർഷങ്ങൾ മുമ്പ് തന്നിലെ എന്താണ് അയാളെ ആകർഷിച്ചത്? തൻ്റെ മെയ്യഴകിനും ആകർഷണ നേത്രങ്ങൾക്കും ഭംഗം സംഭവിച്ചത് കൊണ്ടാവുമോ ഇപ്പോൾ അയാളെ ആകർഷിക്കാൻ തനിക്കു കഴിയാത്തത്? എത്രയോ രാത്രികളിൽ നഷ്ട പ്രണയത്തിന്റെ ദുഃഖ ഭാരത്താൽ അവളുടെ തലയിണ നനഞ്ഞു കുതിർന്നു. ഇപ്പോൾ ജിമ്മിയുടെ ഇഷ്ടം അനുസരിച്ചു സംസാരിക്കാനും പെരുമാറാനും പഠിച്ച ഒരു പാവ ആയി മാറിയിരിക്കുന്നു അവൾ.
ജോലി കഴിഞ്ഞു ഇറങ്ങി താര അയാളെ വീണ്ടും ഫോൺ ചെയ്തു.
"ജിമ്മി, ഭക്ഷണം കഴിച്ചോ?" അവൾ ചോദിച്ചു.
"കഴിച്ചു. താര, ഞാൻ ആ ആക്‌സിഡന്റിനെ പറ്റി തന്നെ ആലോചിക്കുക ആണ്, ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എനിക്കതു ഒഴിവാക്കാമായിരുന്നു. ഇപ്പോൾ എൻ്റെ മനസ്സിൽ വല്ലാത്ത ഒരു പരിഭ്രമം. വീണ്ടും കാർ ഓടിക്കാൻ ഒരു ഭയം." ജിമ്മി പറഞ്ഞു.
"നീയെന്തിനാണ് ഇത്ര ഭയക്കുന്നെ, ഇതൊരു ചെറിയ സംഭവം അല്ലെ. അതിനെ പറ്റി ഇനി ആലോചിക്കേണ്ട ആവശ്യം ഇല്ല. ഇനി ശ്രദ്ധിച്ചാൽ മതിയല്ലോ." താരയുടെ വാക്കുകൾ അയാൾക്ക്‌ തൃപ്തികരമല്ലാത്ത ചെറു ആശ്വാസം കൊടുത്തു.
കുറച്ചു നാളുകൾ ആയി ജിമ്മി ഇങ്ങനെ ആണ്. എല്ലാ കാര്യത്തിനും ഒരുതരം ഭയം. സ്വന്തം ഭാര്യയോട് എതിർത്ത് സംസാരിക്കാൻ ഭയം, താരയെ വിഷമിപ്പിക്കാൻ ഭയം, സ്വന്തം മകന്റെ മുഖത്ത് നോക്കി കർക്കശമായി സംസാരിക്കാൻ പോലും ഭയവും പരിഭ്രമവും.
ഒരു ദിവസം തനിക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ ജിമ്മി താരയെ ക്ഷണിച്ചു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജിമ്മി പറഞ്ഞു. "താര, അടുത്ത ആഴ്ച കമ്പനിയിൽ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ട്. കമ്പനി മാനേജ്മെന്റിൽ പലരും പങ്കെടുക്കുന്ന മീറ്റിംഗ് ആണ്. എനിക്കാണ് പ്രസന്റേഷൻ ചുമതല. എനിക്കാകെ ഭയം തോന്നുന്നു. എന്റെ സംസാര രീതി, ശരീര ഭാഷ ഇതൊക്കെ അവർക്കു ഇഷ്ടപ്പെടുമോ? ഞാൻ മറ്റാരെ എങ്കിലും ഏൽപിക്കാൻ ആലോചിക്കുകയാണ് "
തന്റെ മുമ്പിൽ സംഭ്രമിച്ചു ഇരിക്കുന്ന ജിമ്മിയെ കണ്ടു അവൾക്കു വിശ്വസിക്കാനായില്ല. ആദ്യമായി പരിചയപ്പെടുമ്പോൾ സ്വന്തമായി ഒരുപാട് ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ഉള്ള വൃക്തി ആയിരുന്നു ജിമ്മി. അയാളുടെ ഉത്തരവാദിത്വബോധവും ജോലിയിലുള്ള സാമർഥ്യവും ആണ് താരയെ ആദ്യം ആകർഷിച്ചത്. അന്നൊക്കെ ജിമ്മിയിൽ കണ്ടിരുന്ന ആവേശം ഇപ്പോൾ എവിടെ പോയി? കൈമോശം സംഭവിച്ചുവോ? ഒന്നും മനസ്സിലാകാതെ താര അയാളുടെ കണ്ണുകളിലേക്കു നോക്കി, അയാളുടെ കരങ്ങൾ കവർന്നു കൊണ്ട് അവൾ പറഞ്ഞു. "ജിമ്മി, ഭയം ഇല്ലാത്ത മനുഷ്യർ ഇല്ല. എന്നാൽ ഭയത്തെ നേരിടുന്നവർക്ക് മാത്രമേ വിജയം കണ്ടെത്താൻ കഴിയൂ. നീ ആ പ്രസന്റേഷൻ ചെയ്യണം"
"ഇല്ല താര എനിക്ക് അതിനുള്ള ആത്മവിശ്വാസം ഇല്ല" അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"നിനക്ക് ഭ്രാന്താണ് ജിമ്മി, നിൻറെ സാമർഥ്യം തെളിയിക്കാൻ ഇത്ര നല്ല അവസരം കിട്ടിയിട്ടും അത് ഭയത്തിന്റെ പേരിൽ വേണ്ടന്നു വെക്കുന്നത് മണ്ടത്തരം ആണ്. നിനക്ക് അത് ചെയ്യാൻ കഴിയും. എനിക്ക് വിശ്വാസം ഉണ്ട്. അഥവാ നന്നായി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്താ സംഭവിക്കുക? പലർക്കും പല കഴിവുകൾ അല്ലെ. മീറ്റിംഗിൽ നിനക്ക് നന്നായി അവതരിപ്പിക്കാൻ സാധിച്ചില്ല എങ്കിൽ നിന്റെ ജോലി ഒന്നും നഷ്ടപെടില്ലല്ലോ . ഇനി ജോലി പോയാൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി കണ്ടെത്താൻ ഉള്ള കഴിവ് നിനക്കില്ലേ? ജീവിതത്തിൽ റിസ്ക് എടുക്കുന്നവർക്ക് മാത്രമേ ഉയർച്ച ഉണ്ടാവുകയുള്ളു. ഇല്ലെങ്കിൽ നമ്മുടെ ഒക്കെ ജീവിതം വെറും ദിനചര്യ മാത്രം ആയി പോകും." താര പറഞ്ഞു നിർത്തി.
ഒരു നിമിഷം ആലോചിച്ചതിനു ശേഷം ചെറു പുഞ്ചിരിയോടെ ജിമ്മി പറഞ്ഞു. "ഇത് കൊണ്ടാണ് നിന്റെ സൗഹൃദം എന്നും ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പൊ എനിക്ക് ഒരു ധൈര്യം തോന്നുന്നു."
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ജിമ്മി താരയെ വിളിച്ചു. ആ ശബ്ദത്തിൽ ഉത്സാഹവും സംതൃപ്തിയും അനുഭവപ്പെട്ടു. "താര, എന്റെ പ്രസന്റേഷൻ കഴിഞ്ഞു, എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. എനിക്ക് ധൈര്യം തന്നതിന് നിന്നോടാണ് നന്ദി പറയാൻ ഉള്ളത്. മാനേജർ പ്രത്യേകം വിളിച്ചു അഭിനന്ദിച്ചു. പെർഫോമൻസ് റിവ്യൂൽ ഇതൊരു നാഴികക്കല്ല് ആണ്."
"അഭിനന്ദനങ്ങൾ ജിമ്മി. അഭിമാനം തോന്നുന്നു എനിക്ക് നിന്നെ ഓർത്തു. അടുത്ത വെള്ളിയാഴ്ച നമുക്ക് ഒന്നിച്ചു ഉച്ച ഭക്ഷണം കഴിച്ചാലോ?" അവൾ ചോദിച്ചു.
"തീർച്ചയായും" അയാൾ മറുപടി പറഞ്ഞു.
പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ ജിമ്മി ആകെ അസ്വസ്ഥനായി കാണപ്പെട്ടു. പലതവണ കാര്യം തിരക്കിയിട്ടും അയാൾ താരയിൽ നിന്ന് ഒഴിഞ്ഞു മാറി. വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോൾ അയാൾ കാര്യം പറയാൻ തയ്യാറായി.
"ഭാര്യ ചില സമയങ്ങളിൽ എനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി പരോക്ഷത്തിൽ സംശയം പ്രകടിപ്പിക്കുന്നു. എനിക്കെന്തോ നമ്മൾ സംസാരിക്കുന്നതും ഭക്ഷണം കഴിക്കാൻ വരുന്നതും പോലും ഭയമാകുന്നു" ജിമ്മി പറഞ്ഞു.
ദിശ മാറി വന്ന മിന്നൽ പിണരുകൾ തൻ്റെ മനസ്സിനെ പൂർണമായും തകർക്കുന്നതായി അവൾക്കു തോന്നി. ഒടുവിൽ ഇതാ താനും അവൻ്റെ ഭയം ആയി മാറിയിരിക്കുന്നു. ഒന്നും പറയാൻ ആകാതെ അവൾ തൻ്റെ മുമ്പിൽ ഇരിക്കുന്ന ഭക്ഷണം വേഗം കഴിച്ചു ജിമ്മിയോടു യാത്ര പറഞ്ഞു അവിടെ നിന്നു പുറപ്പെട്ടു, സ്വന്തം ഭയത്തിനും അപ്പുറം ജിമ്മിയുടെ മനസ്സിൽ തനിക്കു ഒരു നിലനിൽപ്പില്ല എന്ന സത്യം മനസ്സാ സ്വീകരിച്ചു കൊണ്ട്. സൂര്യരശ്മിയിൽ അവളുടെ കണ്ണുകൾ തിളങ്ങി. കണ്ണുനീരിന്റെ തിളക്കം അല്ലായിരുന്നു, ഒരു പുരുഷന്റെ വൈകാരിക അടിമത്വത്തിൽ നിന്നുള്ള മോചനത്തിന്റെ തിളക്കം.

ഒരു അജ്ഞാത കരച്ചിൽ** (ഓർമ്മക്കുറിപ്പ്)


എല്ലാവരും നല്ല ഉറക്കം. അടച്ചിട്ട മുറിയിൽ തങ്ങി നില്ക്കുന്ന ഉഷ്ണത്തെ ഭേദിച്ച് കൊണ്ട് കറങ്ങുന്ന ഫാനിൻറെ ഒച്ച മാത്രം. ആരോ തന്നെ തട്ടി വിളിക്കുന്നതായി തോന്നിയാണ് കവിത ഉറക്കത്തിൽ നിന്ന് എണീറ്റത്. കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും അവരവരുടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു. പെട്ടന്ന് പുറത്തു എവിടെ നിന്നോ ഒരു അമ്മയുടെയും കുഞ്ഞിന്റെയും എങ്ങലടിച്ചുള്ള കരച്ചിൽ! വേഗം ജനാല തുറന്നു നോക്കിയ അവൾക്കു കുറ്റാ കൂരിരുട്ട് അല്ലാതെ ആരെയും കാണാൻ സാധിച്ചില്ല. തൻറെ തോന്നൽ മാത്രം ആവാം എന്ന് കരുതി അവൾ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.
കോയമ്പത്തൂരിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജിൽ നിന്ന് കിലോമീറ്ററുകളോളം മാറിയാണ് ലേഡീസ് ഹോസ്റ്റൽ സ്ഥിതി ചെയ്തിരുന്നത്. 3 നിലയുള്ള കെട്ടിടം, ഓരോ മുറികളിലും 6 മുതൽ 8 വരെ കുട്ടികൾ താമസിക്കുന്നുണ്ട്. എല്ലാവരും തന്നെ മലയാളികൾ. കോയമ്പത്തൂരിൽ പഠിക്കാൻ വരുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്ര അധികം മലയാളികൾ ആ കോളേജിൽ ഉണ്ടാവും എന്ന്. നാട്ടിലെ കോളേജിന് തുല്യം. എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ കൂടുതലും ഹോസ്റ്റൽ ആണ് നിറഞ്ഞു നിൽക്കുന്നത്. പലവിധ വികൃതികളും സാഹസികതകളും കാണിച്ചു ഞങ്ങൾ ഹോസ്റ്റൽ ജീവിതം നന്നായി ആസ്വദിച്ചു പോന്നിരുന്ന കാലം.
മറ്റു മുറികളിൽ കയറി ഇറങ്ങി വിശേഷങ്ങൾ പങ്കിടുന്നതാരുന്നു വൈകുന്നേരങ്ങളിലെ പ്രധാന വിനോദം. അന്ന് കവിത ഞങ്ങളോട് പറഞ്ഞത് അവളുടെ ദുസ്വപ്നത്തെ പറ്റിയും അതിനു ശേഷം കേട്ട ആ കരച്ചിലിനെ പറ്റിയും ആയിരുന്നു. അതൊക്കെ വെറും തോന്നൽ മാത്രം ആണ് എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ച് വിട്ടു എങ്കിലും, ഞങ്ങളുടെ ഉള്ളിൽ സംശയങ്ങൾ പുകഞ്ഞു തുടങ്ങി. അവളുടെ മുറിയിൽ താമസിക്കുന്ന മറ്റു രണ്ടു പേർ കൂടി ഏതോ അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ പല രാത്രികളിൽ കേട്ടതായി പറഞ്ഞിരുന്നു. ആ ദൃക്സാക്ഷി വിവരണങ്ങൾ ഒക്കെ വെറും നുണ കഥകൾ ആയെടുത്ത എന്നോട് അവർ പലതവണ ആണയിട്ടു. അവരുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഞങ്ങൾ ഇന്നേവരെ കേൾക്കാത്ത കരച്ചിൽ അവർ മാത്രം എങ്ങനെ കേൾക്കുന്നു? പോരാത്തതിന് ഹോസ്റ്റൽ വളപ്പിനു തൊട്ടു അടുത്തൊന്നും വീടുകൾ ഇല്ല, ചെറിയ ഒരു മൈതാനവും പിന്നെ കുറച്ചു പറമ്പും ആണ്. അവിടെ അങ്ങനെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ കേൾക്കാൻ സാധ്യതകൾ വളരെ കുറവാണ്.
കുറച്ചു ദിവസങ്ങൾ പിന്നോട്ടു പോകാം. ഓജോ ബോർഡ് എന്ന മഹാ സംഭവം കുറേ നാളായി ഞാൻ കേൾക്കുന്നു. "ഇന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?" എന്തിനും കൂടെ നില്ക്കുന്ന കുറച്ചു കൂട്ടുകാരോട് ഇത് പറഞ്ഞപ്പോൾ അവർക്കും താല്പര്യം. പിന്നെ ഒന്നും ആലോചിച്ചില്ല. ഓജോ ബോർഡ് പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ കവിതയുടെ മുറി തിരഞ്ഞെടുത്തു. എന്റെ മുറിയിൽ ഇതിനെ എല്ലാം വളരെ ഭയത്തോടും ഭക്തിയോടും കാണുന്ന ഒരു അമ്പലവാസി ഉണ്ടായിരുന്നതിനാൽ അവിടെ നടക്കില്ല. അതിൽ നിരാശ തോന്നിയിരുന്നെങ്കിലും ആരുടേയും വിശ്വാസത്തെയും മനസ്സിനെയും മുറിവേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അങ്ങനെ അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഓജോ ബോർഡ് ഞാൻ തന്നെ ഒരു കാർഡ്ബോർഡിൽ വരച്ചുണ്ടാക്കി നിലത്തു വച്ചു. അടുത്തു കത്തുന്ന മെഴുകുതിരി, കൈയിൽ ഒരു രൂപ നാണയം, മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്തു, വാതിലും ജനലും അടച്ചു ഞങ്ങൾ തയ്യാറെടുത്തു.
നാണയം ബോർഡിലേക്ക് വച്ച് എന്റെ വലത് കൈയ്യിലെ ചൂണ്ടു വിരൽ അതിൽ മെല്ലെ തൊട്ടു കണ്ണുകളടച്ചു പ്രാർത്ഥിച്ചു ഞാൻ ആത്മാവിനെ ക്ഷണിച്ചു തുടങ്ങി. “ഗുഡ് സ്പിരിറ്റ് പ്ലീസ് കം, ഗുഡ് സ്പിരിറ്റ് പ്ലീസ് കം”. അൽപ സമയം കഴിഞ്ഞപ്പോൾ എല്ലാവരുടെയും ആകാംഷയെ പെരുപ്പിച്ചു കൊണ്ട് എൻറെ ചൂണ്ടു വിരലിനടിയിലെ നാണയം മെല്ലെ അനങ്ങി. എല്ലാവരുടെയും മുഖത്ത് ആവേശത്തിനോടൊപ്പം കാരണമറിയാത്തൊരു ഭയവും നിഴലിച്ചു. “ആത്മാവ് വന്നു, ഇനി ചോദ്യങ്ങൾ ചോദിക്കട്ടെ.” അനുവാദത്തോടെയും അന്വേഷണവ്യഗ്രതയോടെയും ഞാൻ ആദ്യ ചോദ്യം ചോദിച്ചു “എന്താണ് ആത്മാവിൻറെ പേര് ?” നാണയം നീങ്ങി പല അക്ഷരങ്ങളിലായി തൊട്ടു “ജൂലി” എന്ന പേര് വെളിപ്പെടുത്തി. “എങ്ങനെയാണ് മരിച്ചത്?”. വീണ്ടും നാണയം നീങ്ങി തുടങ്ങി “ആക്സിഡന്റ്” എന്ന് കാണിച്ചു തന്നു. ഭയത്തോടൊപ്പം അനുതാപവും ഞങ്ങളുടെ ഉള്ളിൽ അനുഭവപ്പെട്ടു. “മതി, ഇനി നമ്മളെ കുറിച്ച് ചോദിക്കാം”, ഞാൻ പറഞ്ഞു തീർന്നതും ആദ്യത്തെ ചോദ്യം എനിക്കുള്ള പണി തന്നെ “ഇവൾക്ക് ബോയ്ഫ്രണ്ട് ഉണ്ടോ?” എന്റെ വിരലിനടിയിലെ നാണയം നീങ്ങി നീങ്ങി “YES” ൽ ചെന്ന് നിന്നു. എല്ലാവരുടെയും താത്പര്യം ഇരട്ടിച്ചു. “എന്താണ് ആളിന്റെ പേര്? “പേര് ഇപ്പൊ അറിയണ്ട. വേണമെങ്കിൽ ആദ്യത്തെ അക്ഷരം ചോദിക്കാം” പെട്ടന്ന് ഞാൻ ഇടപെട്ടു. പേര് അറിഞ്ഞിട്ടു വേണം ഇവർ ഇനി അത് കോളേജ് മുഴുവൻ പാടി നടക്കാൻ. അത്രക്കും ആത്മാർത്ഥത ഉള്ള കൂട്ടുകാർ ആണേ. നാണയം വീണ്ടും നീങ്ങി തുടങ്ങി. ഏതു അക്ഷരത്തിലേക്കാണ് ഇതു പോകുന്നെ? ഞാൻ ആശങ്കയിലായി. കണ്ണിമ ചിമ്മാതെ എല്ലാവരും നാണയത്തിൽ തന്നേ തുറിച്ചു നോക്കി. അത് “R” എന്ന അക്ഷരത്തിൽ ചെന്ന് നിന്നു. പലരുടെയും മുഖത്തെ ചിരി ഞാൻ അപ്പോൾ കണ്ടു. മനസ്സിൽ സംശയിച്ചിരുന്ന എന്തോ ഒന്ന് ഉറപ്പിച്ച ആവേശത്തോടെ അവർ ചോദ്യം തുടർന്നു “അവർ കല്യാണം കഴിക്കുമോ?”. ഇത്തവണ എനിക്ക് ആശങ്ക തോന്നിയില്ല. അതിൻറെ ഉത്തരം എനിക്ക് നല്ല നിശ്ചയം ആയിരുന്നു. മനുഷ്യ മനസ്സുകളെ കീഴടക്കാൻ കഴിവുള്ള, സർവ്വവ്യാപിയായ ആത്മാവിനും അത് അറിയാതെ ഇരിക്കില്ല! പ്രതീക്ഷ തെറ്റിക്കാതെ നാണയം “NO” ലക്ഷ്യമാക്കി നീങ്ങി. അതോടെ എന്നെ പറ്റിയുള്ള ചോദ്യങ്ങൾ വിട്ടു അടുത്ത ആളെ ഇര ആക്കി.
ആ ഓജോ ബോർഡ് പരീക്ഷണത്തിന് ശേഷം ആണ് അമ്മയുടെയും കുഞ്ഞിന്റേയും കരച്ചിൽ കേട്ട് തുടങ്ങിയത് എന്നൊരു കിംവദന്തിയും ഹോസ്റ്റലിൽ ഉണ്ട്. മറ്റു പല ദുഃസൂചനകളും കണ്ടതായും പറയപ്പെടുന്നു. ബാത്റൂമിൻറെ വാതിൽ ആളില്ലാതെ അകത്തു നിന്ന് തനിയെ പൂട്ട് വീഴുക, അസമയത്തു ഇടനാഴിയിൽ പരിഭ്രമം നിറഞ്ഞ കാലൊച്ചകൾ കേൾക്കുക, അങ്ങനെ പലതും… എന്നാൽ അതിനൊന്നും കാര്യമായ ഗൗരവം ഞാൻ കൊടുത്തില്ല. ആ നാണയം നീക്കിയത് ഒരു ആത്മാവിന്റെയും തേജസ്സ് അല്ല എന്റെ ചൂണ്ടുവിരലിന്റെ നിയന്ത്രണശക്തി കൊണ്ട് ആണെന്ന് എനിക്കല്ലേ അറിയൂ…. അറിയാവുന്ന ചില ഭൂതകാല കഥകളും ആർക്കും അറിയാത്ത ഭാവിയെ പറ്റിയുള്ള പ്രവചനവും ചേർത്ത് ഞാൻ തന്നെ ആണല്ലോ അന്ന് നാണയം നീക്കി ആത്മാവിൻറെ മറുപടികൾ പറഞ്ഞത്.
ഡിഗ്രി കഴിഞ്ഞു, ഹോസ്റ്റലിന്റെയും കോളേജിന്റെയും ഒരുപിടി ഓർമ്മകളുമായി അവിടം വിട്ടു ഞങ്ങൾ അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് യാത്രയായി. കുറച്ചു നാൾ കഴിഞ്ഞു ഹോസ്റ്റലിൽ എൻറെ മുറിയിൽ ഉണ്ടായിരുന്ന ഒരു ജൂനിയർ പെൺകുട്ടിയുമായി സംസാരിക്കാൻ ഇടയായി. “ചേച്ചി, നിങ്ങൾ പോയതിനു ശേഷം ആ മുറിയിൽ താമസിക്കുന്ന എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ദിവസം മുറി വൃത്തിയാക്കുമ്പോൾ ഷെൽഫിന്റെ മുകളിലത്തെ തട്ടിൽ നിന്നു ചേച്ചിയുടെ ഓജോ ബോർഡ് കിട്ടി. അത് അവിടെ ഉള്ളത് കാരണമാ എല്ലാ പ്രശ്നങ്ങളും ഉണ്ടായതെന്നാ എല്ലാരും പറയുന്നെ. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ?”
ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ?? എനിക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണത്. അന്ന് ഞാൻ നീക്കി എന്ന് കരുതുന്ന ആ നാണയം യഥാർത്ഥത്തിൽ ഞാൻ തന്നെയാണോ നീക്കിയത്? ആ അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ എവിടെ നിന്നാവും? ഒരാൾക്കും വിശദീകരിക്കാനാകാത്ത ചില പ്രപഞ്ച സത്യം പോലെ നിഗൂഢവും നീലാകാശം പോലെ അഗാധവും ആയി അതിന്റെ ഉത്തരങ്ങൾ ഇന്നും അനിർണ്ണിതമായി അവശേഷിക്കുന്നു....
റീമ മാത്സ്

**ഹൃദയത്തിന്റെ ഭാഷ**


(വെറും കഥയല്ല, നീറുന്ന ഒരനുഭവം)
ബോർഡിങ് സ്കൂളിൽ പഠിക്കുന്ന കാലം.
മറ്റുള്ള സ്കൂളുകളിൽ നിന്നും വത്യസ്തമായിരുന്നു ഞാൻ പഠിച്ച സ്കൂൾ. വളരെ കർക്കശമായ നിയമങ്ങൾ, രീതികൾ, എല്ലാത്തിനും അതിന്റേതായ സമയനിഷ്ഠ, ആ സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളും സ്കൂളിനോട് ചേർന്നുള്ള ബോർഡിങ്ങിൽ താമസിച്ചു തന്നെ പഠിക്കണം. എല്ലാ ദിവസവും വീട്ടിൽ പോയി വരുന്ന ഏർപ്പാട് ഇല്ല. പെൺകുട്ടികൾ മാത്രം - അധ്യാപകരും കുട്ടികളും. അവിടെ സ്കൂളിൽ മാത്രം ആയിരുന്നില്ല യൂണിഫോം ഉണ്ടായിരുന്നത്. ഹോസ്റ്റലിൽ ഇടുന്ന വസ്ത്രങ്ങളും സ്പോർട്സ് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഇടുന്ന വസ്ത്രവും, എന്തിനു ഞായറാഴ്ച ദിവസങ്ങളിൽ പള്ളിയിൽ ഇടുന്ന വസ്ത്രം പോലും എല്ലാ കുട്ടികൾക്കും ഒരേ പോലെ..... പള്ളി എന്ന് പറയാൻ പറ്റില്ല. ഹോസ്റെലിനോട് ചേർന്ന് ഒരു ചാപ്പൽ ഉണ്ട്. ഞായറാഴ്ച ദിവസം പള്ളിയിൽ അച്ഛൻ അവിടെ വന്നു ഞങ്ങൾക്ക് വേണ്ടി മാത്രം കുർബാന നടത്തും. ഒരു ചെറിയ കമ്മൽ അല്ലാതെ മറ്റൊരു ആഭരണങ്ങളോ വാച്ചോ അണിയാൻ പാടില്ല. എന്തിനു വാച്ചു അണിയണം! അറിയേണ്ട സമയങ്ങൾ എല്ലാം തന്നെ ഹോസ്റ്റൽ നാലുകെട്ടിൽ തൂക്കിയിട്ടിരിക്കുന്ന മണിയടി ശബ്ദത്തിലൂടെ സ്കൂൾ പ്രീഫെക്ട് അറിയിക്കും.
ഒരേ ഭക്ഷണം, ഒരേ തരം പാത്രം, ഒരേ തരം ചെരുപ്പ്... പൌഡർ അല്ലാതെ മറ്റൊരു ചമയങ്ങളും പാടില്ല. ചുരുക്കം പറഞ്ഞാൽ അവിടെ ഉള്ള കുട്ടികളെ കണ്ടാൽ പണക്കാരി എന്നോ പാവപെട്ടവൾ എന്നോ തിരിച്ചറിയാൻ കഴിയില്ല. ചില കുട്ടികൾക്ക് അവരുടെ ആഡംബരം കാണിക്കാൻ ആകെ കിട്ടിയിരുന്ന മാർഗ്ഗം അക്കാലത്തെ വിലകൂടിയ Pears സോപ്പ് വാങ്ങി കൊണ്ട് വന്നായിരുന്നു. എന്നാൽ ആ സോപ്പ് മോഷണം പോകുന്നു എന്ന് പരാതി വന്നതോടെ ബോർഡിങ്ങിൽ പുതിയ നിയമം വന്നു. "ഇനി മുതൽ എല്ലാവരും Cinthol സോപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു" അതോടെ എല്ലാ കുട്ടികളുടെയും മണം പോലും ഒരേ പോലെ ആയി. ഒരു ആവശ്യത്തിനും ഞങ്ങൾക്ക് സ്കൂൾ വളപ്പ് വിട്ടു പുറത്തു പോകാൻ അനുവാദം ഇല്ല. എല്ലാ ശനിയാഴ്ച ഉച്ച കഴിഞ്ഞു മക്കളെ കാണാൻ മാതാപിതാക്കൾക്ക് ഹോസ്റ്റലിൽ വരാം. വീട്ടിൽ നിന്ന് ആള് വരുന്ന ദിവസം കുട്ടികൾക്കെല്ലാം ഒരു പ്രത്യേക ഊർജ്ജം തന്നെ ആണ്. സ്കൂൾ അവധികൾക്കു മാത്രം ആണ് വീട്ടിൽ പോകാൻ അനുവാദം.
ജയിൽ എന്നായിരുന്നു അന്ന് ഞങ്ങൾ ആ സ്കൂളിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അവിടുത്തെ അനുഭവങ്ങൾ ഞങ്ങളെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. മറ്റൊരു സ്കൂൾ സിലബസ്സിലും ഇല്ലാത്ത നന്മയുടെ പാഠങ്ങൾ, പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പാഠങ്ങൾ !
ശനിയാഴ്ചയും ഞായറാഴ്ചയും കിട്ടുന്ന ഒഴിവു സമയങ്ങളിൽ വീട്ടിലെ വിശേഷങ്ങൾ പറയുന്നതായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. എല്ലാവരും കൊതിയോടെ അവരുടെ വീട്ടിലെ ഭക്ഷണത്തെ കുറിച്ചും അമ്മയെക്കുറിച്ചും അച്ഛനെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും വാ തോരാതെ സംസാരിക്കും. എല്ലാവരുടെയും കഥകൾ ഞങ്ങൾ താല്പര്യത്തോടെ കേട്ടിരിക്കും. കൂട്ടത്തിൽ അവളുടെയും. അവളുടെ കഥയിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നത് അവളുടെ അമ്മയും ഏറ്റവും ഇളയ സഹോദരനും ആയിരുന്നു. അവളുടെ അമ്മയുടെ സ്നേഹവും പരിചരണവും മറ്റുള്ള കുട്ടികളുടെ കഥകളിൽ നിന്നും ഒരുപിടി മുന്നിട്ടു നിന്നു. എന്നാൽ ഒരിക്കൽ പോലും അവളുടെ അമ്മ അവളെ കാണാൻ ശനിയാഴ്ച ദിവസങ്ങളിൽ സ്കൂളിൽ വരാത്തത് ഞങ്ങളെ അത്ഭുദപ്പെടുത്തി. അവധിക്കു വീട്ടിൽ പോയി വരുമ്പോൾ അവളുടെ അമ്മ കഥകൾ കേൾക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ചു കൂടും.
മഹാത്ഭുതങ്ങൾ ഒന്നും സംഭവിക്കാതെ വർഷങ്ങൾ കടന്നു പോയി. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു ഞങ്ങൾ പത്തിലെ കുട്ടികൾക്കായി മാത്രം ഒരു വിനോദയാത്ര ഒരുക്കി. എന്തോ കാരണത്താൽ അവൾ ആ യാത്രക്ക് വന്നില്ല. ആലപ്പുഴ ബീച്ചും ആലുവ മണപ്പുറവും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ ഹെഡ് മിസ്ട്രസ് ഞങ്ങളോട് പറഞ്ഞു "ഇനി നമുക്ക് ഒരു സ്ഥലം വരെ പോകാം. അവിടെ നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്" അത് ഏതു സ്ഥലം? ഞങ്ങൾക്ക് എല്ലാവർക്കും ആകാംഷ ആയി. അല്പം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വണ്ടി മനോഹരമായ ഒരു കോമ്പൗണ്ടിലേക്കു കയറി... അവിടെ കണ്ട ബോർഡ് ഞങ്ങളെ കൂടുതൽ ആകാംഷാഭരിതരാക്കി. നമ്മൾ എന്താണ് ഈ അനാഥാലയത്തിൽ ?? ഞങ്ങൾ പരസ്പരം നോക്കി.... വണ്ടി നിർത്തി പുറത്തു ഇറങ്ങിയതും ഞങ്ങളെയും കാത്തു അവൾ അവിടെ നിൽക്കുന്നത് ഞാൻ കണ്ടു. സന്തോഷത്തോടെ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് അവൾ പറഞ്ഞു "ഇവിടെ ആണ് എന്റെ വീട്. നിങ്ങൾക്കു എന്റെ അമ്മയെ കാണണ്ടേ? വാ നമുക്ക് എന്റെ വീട്ടിലേക്കു പോകാം". ഞങ്ങൾ വലിയ വികാര വിക്ഷോഭങ്ങൾ ഒന്നും ഇല്ലാതെ അവളെ പിന്തുടർന്നു.
മനോഹരമായ ഒരു വലിയ പൂന്തോട്ടം പോലെ ആയിരുന്നു ആ സ്ഥലം. അടുത്തടുത്തായി ഭംഗിയിൽ പണിത ഒരേ പോലെയുള്ള ചെറിയ വീടുകൾ. എല്ലാ വീടിന്റെയും മുറ്റത്തു നിറയെ ചെടികളും പൂക്കളും. ചെറിയ കുട്ടികൾ മുതൽ ഏകദേശം ഞങ്ങളുടെ പ്രായം തോന്നിക്കുന്ന കുട്ടികൾ വരെ അവിടെ കളിക്കുന്നുണ്ട്. അവർക്ക് എല്ലാം ഞങ്ങളെ പരിചയപ്പെടുത്തി കൊണ്ട് അവൾ മുന്നേ നടന്നു. മറ്റൊരു ഭംഗിയുള്ള വീടിനു മുന്നിൽ എത്തി ഞങ്ങളോട് അവൾ പറഞ്ഞു, "ഇതാണ് എന്റെ വീട്. ഇവിടെ ഞാൻ ഉൾപ്പടെ 10 കുട്ടികൾ ഉണ്ട്. എല്ലാവരും പലപ്പോഴായി ഈ അനാഥാലയത്തിൽ എത്തി ചേർന്നവർ ആണ്. സ്വന്തം അച്ഛനും അമ്മയും ആരെന്നോ എവിടെയെന്നോ ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഓരോ വീട്ടിലും ഞങ്ങൾക്ക് ഓരോ അമ്മ ഉണ്ട്, ആ അമ്മയെ പറ്റിയാണ് ഞാൻ നിങ്ങളോടു പറഞ്ഞു കൊണ്ടിരുന്നത്". അവളുടെ അമ്മ കഥകൾക്ക് മറ്റുള്ളവരുടെ കഥയേക്കാൾ മാധുര്യം ഏറിയതു എന്ത് കൊണ്ടാണെന്നു അപ്പോൾ എനിക്ക് മനസ്സിലായി. ആ അമ്മയെ പരിചയപ്പെട്ടതിനു ശേഷം അവൾ 6 വയസ്സുള്ള സഹോദരനെ പരിചയപ്പെടുത്തി. "എന്താ പേര്" എന്റെ ചോദ്യത്തിന് ഒരു ചിരി മാത്രം അവൻ മറുപടി നൽകി. അത് കണ്ടു അവൾ പറഞ്ഞു "അവനു സംസാരിക്കാൻ കഴിയില്ല".. പെട്ടന്ന് എന്റെ മുഖം വാടി. നെഞ്ചിൽ വല്ലാത്തൊരു വേദനയോടെ ഞാൻ ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കി. ഇത് എഴുതുമ്പോഴും കാരണം അറിയാത്തൊരു ഭാരം എന്റെ ഉള്ളിൽ നിറയുന്നു. വാക്കുകൾ ഇല്ലാത്ത ലോകത്തു ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ കുറേ സംസാരിച്ചു. വല്ലാത്തൊരു മാനസിക അടുപ്പം ആ ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് അവനോട് തോന്നി, ആ സ്ഥലത്തോടും. മടങ്ങാൻ പുറപ്പെടുമ്പോൾ അവളുടെ അനുജൻ ഒരു റോസാപ്പൂ എനിക്ക് പറിച്ചു തന്നു. സ്നേഹത്തിന്റെ ഗന്ധമുള്ള ചുവന്ന പൂവ്! അവരോടു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇനിയും ഞാൻ ഇവരെ കാണാൻ മടങ്ങി വരും എന്ന് ഉറച്ച തീരുമാനവും ആയാണ് അന്ന് അവിടെ നിന്ന് മടങ്ങിയത്. കുറേ നാൾ അവളും ആ വീടും അമ്മയും അനുജനും ഒക്കെ എന്റെ മനസ്സിൽ നിറഞ്ഞു നിന്നു. എന്നാൽ ജീവിത തിരക്കിൽ മുങ്ങിപ്പോയ എനിക്ക് പിന്നീട് അവിടെ പോകാൻ സാധിച്ചിട്ടില്ല. പിന്നെ പിന്നെ ആ ഓർമ്മകൾ മനഃപൂർവം എന്റെ ഉള്ളറകളിൽ കുഴിച്ചു മൂടി.
വർഷങ്ങൾക്കു ശേഷം വീണ്ടും അവരുടെ ഓർമ്മകൾ മറ നീക്കി പുറത്തു വന്നു. ഇപ്പോൾ അവർ എവിടെ ഉണ്ടാവും? ചിറകു വിടർന്നു കഴിഞ്ഞു തള്ളക്കിളിയുടെ ചിറകിനടിയിൽ നിന്ന് കുഞ്ഞുങ്ങൾ പറന്നുയരുന്ന പോലെ ആ അനാഥാലയത്തിലെ കുട്ടികളും അവരുടെ സ്വതന്ത്ര ലോകത്തിലേക്കു, ഭാവി ജീവിതത്തിലേക്ക് പറന്നുയരും. അങ്ങനെ അവരും എവിടെ എങ്കിലും..... ഒരിക്കൽ കൂടി അവനോടു ഹൃദയം കൊണ്ട് സംസാരിക്കാൻ എന്റെ മനസ്സ് കൊതിക്കുന്നു. ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും അവനെ കാണാൻ ശ്രമിക്കാത്ത എനിക്ക് അതിനുള്ള അർഹത ഉണ്ടോ എന്നറിയില്ല....
(റീമ മാത്യൂസ്)

മഴതൻ പ്രണയം


ആദ്യമായാണ് ഒരു മലയാള കവിത എഴുതുന്നത്...തെറ്റുകൾ ക്ഷമിക്കുക...
**മഴതൻ പ്രണയം**
പ്രണയമായ് ഒഴുകും എൻ ഹൃദയത്തിൽ ഞാനെൻറെ മോഹങ്ങളെല്ലാം മറന്നു വച്ചു....
നിൻ മിഴിനീർതുള്ളികൾ അടരവേ മൗനമായ് ഞാനിന്നു പെയ്തിറങ്ങി...
കാത്തിരിപ്പൂ ഞാൻ ...
കുട ചൂടാതെ നീയെന്നിൽ അലിയുവാൻ എൻ്റെ ചാരെ നടക്കുവാൻ
ഈ മഴതൻ ഗന്ധം മറന്നുവോ... നീ പുണർന്നുവോ ആ മഴവില്ലിനെ
മേഘ ശകലങ്ങളോ സൂര്യ മറയായി
ആ കുളിർകാറ്റിലും നിന്നെ തിരഞ്ഞു ഞാൻ
അറിഞ്ഞുവോ തോഴാ....
എന്റെ കണ്ണീർക്കണങ്ങൾ പെയ്തിറങ്ങുമ്പൊഴീ നൊമ്പരം
എന്റെ നെഞ്ചകം കീറി മുറിക്കുമീ മിന്നൽ പിണരുകൾ
എങ്കിലും നിൻ നോവുകളെന്നിൽ പകരുവാൻ
നിനക്കായി മാത്രം പെയ്തതാണീ മഴ....
ചേർക്കുക എന്നെ നിൻ ഹൃദയത്തിൽ
സൂര്യ രശ്മികൾ എന്നെ പടരും മുമ്പേ....
ചേർക്കുക എന്നെ നീ ഗാഢമായ്
കൂരിരുട്ടിൽ ഏകയായിടും മുമ്പേ
ചേർക്കുക എന്നെ നീ മന്ദസ്മിതം
ഓർമ്മത്തുള്ളിയായ് മണ്ണിലടിയും മുമ്പേ....
ചേർക്കുക എന്നെ നീ നിന്നിലേക്കെപ്പോഴും
വെയിലിലും നിന്നെ പുണരുവാൻ വന്നൊരീ മഴപെണ്ണിനെ നീ മറന്നു പോയോ??
അലിയണമിന്നു നിന്നോർമ്മ തൻ ആഴങ്ങളിൽ
പെയ്തിറങ്ങണം നിൻ ആത്മാവിൽ തോരാത്ത മഴയായ്....
(റീമ മാത്യൂസ്)

ദൈവത്തിന്റെ അളവുകോൽ


വർഷങ്ങൾക്കു മുമ്പ് അവൻ അവളോട്‌ പറഞ്ഞു അവസാനിപ്പിച്ച വാചകങ്ങൾ, “നമ്മുടെ ഈ ബന്ധം ശരിയാവില്ല, നമുക്ക് പിരിയാം”. ഓർക്കാപ്പുറത്ത് നെഞ്ചിലേക്ക് ഒരായിരം മുള്ളുകൾ തുളച്ചു കയറുന്ന പ്രാണവേദന അനുഭവപ്പെട്ടു കാണും അവൾക്കു അന്ന്. ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി കരഞ്ഞു കൊണ്ട് തന്നെ ഉപേക്ഷിച്ചു പോകരുത് എന്ന് അവനോടു അപേക്ഷിച്ചു. എന്നാൽ അലിവുള്ള മനസ്സിന്റെ അഭാവം അവനിൽ കണ്ട അവൾ വല്ലാതെ നിരാശപെടുകയും അവിടം വിട്ടു പോവുകയും ചെയ്തു. അവളോട്‌ മാത്രം അല്ല അവൻ ഇത് ചെയ്തിരിക്കുന്നത്, എന്ന് അറിഞ്ഞ നിമിഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അമർഷം തോന്നി ചെകുത്താന്റെ മുഖംമൂടി ഇട്ട ആ മനുഷ്യനോട്. അപ്പോഴത്തെ സന്തോഷവും സുഖവും മാത്രം ആയിരുന്നു അവന്റെ പരമ ലക്ഷ്യം. ഒരു തെറ്റും ചെയ്യാത്ത എത്രയോ പെൺകുട്ടികളുടെ ശാപവും പേറി ആവും അവൻ ജീവിക്കുന്നത്? അവനു ദൈവം തക്കതായ ശിക്ഷ തന്നെ കൊടുക്കും, ഞാൻ മനസ്സിൽ ഉറപ്പിച്ചു.
കോളേജ് ജീവിതം കഴിഞ്ഞും ഇടയ്ക്കിടയ്ക്ക് ഞാൻ അവനെകുറിച്ചുള്ള കഥകൾ കേൾക്കാറുണ്ട്. പല പെണ്കുട്ടികളുമായുള്ള അവന്റെ പ്രണയ ബന്ധങ്ങൾ ! (അവന്റെ ബന്ധങ്ങളെ പ്രണയം എന്ന് വിളിച്ചു അതിന്റെ പവിത്രത കളയാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല). എത്ര പെൺകുട്ടികൾ അവന്റെ ചതിക്ക് ഇരയായി... ഒരിക്കലും കണ്ടിട്ടില്ലാത്ത അവരെ ഓർത്തു ഞാൻ സഹതപിച്ചു. മനസ്സിൽ അവനെ ശപിച്ചു, ആ ചതിയനെ ദൈവം വെറുതെ വിടരുത്.
ഒരിക്കൽ ഞാൻ അറിഞ്ഞു അവന്റെ വിവാഹം കഴിഞ്ഞു എന്ന്. പണവും സൗന്ദര്യവും കണ്ടു മോഹിച്ചു ഏതെങ്കിലും പെൺകുട്ടിയെ വിവാഹം കഴിച്ചതാവും, അങ്ങനെ ചിന്തിക്കാൻ മാത്രമേ എന്റെ സാമാന്യബുധിയും യുക്തിബോധവും അനുവദിച്ചുള്ളൂ. സാധാരണ മനുഷ്യന്റെ ഭാവനയെക്കാൾ വലുതാണല്ലോ ദൈവത്തിന്റെ പദ്ധതികൾ !
അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ മാസം ഒരുമിച്ചു പഠിച്ചവരുടെ ഒരു ഒത്തുചേരൽ വച്ചു. അതിൽ പങ്കെടുക്കാൻ ലോകത്തിൻറെ പല കോണിൽ നിന്നു വന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം എല്ലാവരെയും കാണുകയാണ് ! എല്ലാവരും തങ്ങളുടെ കുടുംബത്തെ പരസ്പരം പരിചയപെടുത്തുന്ന തിരക്കിൽ. ആൾകൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു പരിചയം ഉള്ള ഒരു മുഖം എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് നില്ക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അത് വിനോദ് അല്ലേ?? അതേ, അവൻ തന്നെ. കഷണ്ടി ആയി തുടങ്ങിയിട്ടുണ്ട്, എങ്കിലും ഏതു പെണ്ണിനേയും മോഹിപ്പിക്കാൻ തക്ക മാസ്മരിക ശക്തിയുള്ള അവന്റെ കണ്ണിന്റെ തിളക്കം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. കൈയിൽ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ട്. ധിറുതിയിൽ ഞാൻ അവിടേക്കു ചെന്നു. അവൻ എന്നെ കണ്ടു സന്തോഷത്തോടെ അടുത്ത് വന്നു.
“എന്തൊക്കെയുണ്ട് വിനോദ് വിശേഷങ്ങൾ ?” ഞാൻ ചോദിച്ചു.
“പരമ സുഖം, കണ്ടില്ലേ കുട്ടിയും കുടുംബവും ഒക്കെയായി ഇങ്ങനെ പോകുന്നു. നിന്റെ കുടുംബം എവിടെ?”
“അവർക്ക് വരാൻ സാധിച്ചില്ല”.
വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും എന്റെ കണ്ണുകൾ ആരെയോ തേടുകയാരുന്നു. ആരെയോ അല്ല, സാക്ഷാൽ അവന്റെ ഭാര്യയെ തന്നെ! കുറേ പെണ്ണുങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ട്‌ ഒടുവിൽ അവൻ വിവാഹം ചെയ്ത ആ വ്യക്തിയെ കാണാൻ വല്ലാത്ത ഒരു ആകാംഷ.
“നിനക്കു ഇപ്പോഴും പാട്ടിന്റെയും എഴുത്തിന്റെയും കമ്പം ഉണ്ടോ?” എന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് അവന്റെ അടുത്ത ചോദ്യം ഉയർന്നു.
“ഓ….ഇടയ്ക്കു വെറുതെ എന്തെങ്കിലും ഒക്കെ കുത്തികുറിക്കും അത്രതന്നെ, എവിടെയാ ഇതിനൊക്കെ നേരം? അത് പോട്ടെ, എവിടെ നിന്റെ വാമഭാഗം?”
ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു, “അവൾ വാഷ്‌റൂം വരെ പോയതാ, ഇപ്പൊ വരും”.
ഇങ്ങനെ പറഞ്ഞു നിർത്തിയതും ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി അവളുടെ കൈയിൽ തൂങ്ങി ആടി കളിക്കുന്നുണ്ട്. വിനോദിനെ കണ്ടു അവൻ അച്ഛാ എന്ന് വിളിച്ചു ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. വിനോദ് ഭാര്യയെ എനിക്ക് പരിചയപെടുത്തി കൊണ്ട് പറഞ്ഞു “ഇതാണ് എന്റെ ഭാര്യ, ലെന”.
പെട്ടന്ന് എന്റെ മനസ്സിലേക്ക് കാർമേഘങ്ങൾ ഉരുണ്ടു കൂടി, പാതി വികൃതമായ ആ മുഖം കണ്ടു കഷായം കുടിച്ച പോലെ സങ്കീർണമായി എന്റെ ഭാവം. ഉള്ളിൽ ഒരായിരം ചോദ്യങ്ങളോടെ ഞാൻ വിനോദിന്റെ മുഖത്തേക്ക് നോക്കി. എന്റെ ആകാംഷയെ പെരുപ്പിക്കാതെ വിനോദ് മറുപടി പറഞ്ഞു. “ലെന, ഒരു ആസിഡ് അറ്റാക്ക് ഇര ആണ്”. ബാക്കി പറഞ്ഞത് ലെന ആണ് “കോളേജിൽ പഠിക്കുമ്പോൾ സംഭവിച്ചതാ. എങ്ങനെയോ ജീവൻ തിരിച്ചു കിട്ടി. നിരാശയുടെയും അവഗണനയുടെയും ആത്മഹത്യയുടെയും വക്കിൽ നിക്കുമ്പോൾ ആണ് വിനോദ് എന്റെ ജീവിതത്തിൽ വന്നത്. എന്നെ പോലെ ഒരു പെൺകുട്ടിയോട് തോന്നുന്ന സഹതാപം മാത്രം ആയാണ് വിനോദിന്റെ സ്നേഹം ആദ്യം എനിക്ക് തോന്നിയത്”. ഒരു സിനിമ കാണുന്ന ആവേശത്തോടെ ഞാൻ അവരുടെ കഥ കേട്ടിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു വിനോദ് തന്റെ കഴുത്തിൽ താലി ചാർത്തിയ രംഗം ലെന പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു. ഒടുവിൽ അവൾ പറഞ്ഞു നിർത്തി “ജീവിതം ഇനി വെറും നരകം എന്ന് ഉറപ്പിച്ചു മരണത്തിന്റെ നാളുകളും കാത്തു ജീവിച്ചിരുന്ന എനിക്ക് സ്വർഗത്തിൻറെ വാതിൽ തുറന്നു തന്നത് വിനോദ് ആണ്. ദൈവം ഉണ്ട് എന്ന് എനിക്കന്നു ഉറപ്പായി.” എന്റെ മുമ്പിൽ നിന്ന് കരയുന്ന ലെനയെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു വിനോദ് ആശ്വസിപ്പിച്ചു. അവളെ എന്തൊക്കെയോ പറഞ്ഞു കളിയാക്കി. പെട്ടന്ന് ഇരുട്ട് മാറി ആ മുഖത്ത് പ്രകാശം പരന്നു. ആ ചിരിയിൽ അവളുടെ കണ്ണുകൾ തിളങ്ങി. അത് കണ്ടു കണ്ണു നിറയാതിരിക്കാൻ മാത്രം കഠിനമായിരുന്നില്ല എന്റെ മനസ്സ്.
യാത്ര പറഞ്ഞു ഒരുപാട് സ്വപ്നങ്ങളും അതിലേറെ സ്നേഹവുമായി നടന്നു അകലുന്ന അവരെ പുറമേ കാണാതെ ഒളിപ്പിച്ചു വച്ച ഒരനുഭൂതിയോടെ ഞാൻ നോക്കി നിന്നു. ആ നിമിഷം എനിക്ക് എന്നോട് തന്നെ അമർഷം തോന്നി. ദൈവമേ, പലപ്പോഴായി ഞാൻ അവനെ ശപിച്ചു പോയിട്ടുണ്ടല്ലോ, മനസ്സ് കൊണ്ട് ഞാൻ വിനോദിനോട് മാപ്പ് പറഞ്ഞു. നിന്റെ മനസ്സ് ഞാൻ അറിയാതെ പോയി. മനുഷ്യൻ നിരൂപിക്കുന്നതിലും എത്രയോ നിഗൂഡമാണ് ജീവിതം. ആരും കേൾക്കാത്തതും കാണാത്തതുമായ കാര്യങ്ങളെ അറിയുന്ന ദൈവം ആ ശാപങ്ങൾ അവന്റെ ജീവിതത്തിൽ നിന്നു പാടേ നീക്കിയിട്ടുണ്ടാവും. അല്ലെങ്കിൽ അവരുടെ സ്നേഹത്തിനു മുമ്പിൽ അത് അലിഞ്ഞു ഇല്ലാതെ ആയിതീർന്നിട്ടുണ്ടാവും, തീർച്ച.

By Reema Matz

മരണമെത്തുന്ന നേരം



നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ======
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  തുടങ്ങിയ കഴുത്തു വേദന ആണ്. രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നില്ല. വേദന പതിയെ പതിയെ ചെവിയിലേക്കും പിന്നെ തലയിലേക്കും വ്യാപിച്ചപ്പോൾ സംഗതി അത്ര പന്തിയല്ല എന്നു തോന്നി ആശുപത്രിയിൽ പോയി. പരിശോധനക്ക് ശേഷം ഡോക്ടർ ഏതോ അസുഖത്തിന്റെ പേരു പറഞ്ഞു കുറച്ചു വേദന സംഹാരി മരുന്നു കുറിച്ചു തന്നു. മടങ്ങി വീട്ടിൽ എത്തിയ ഞാൻ വേദനയുടെ കാരണം പറഞ്ഞു ഒരു പണിയും ചെയ്യാതെ സോഫയിൽ ഇരിപ്പായി. “ഇന്ന് കഴിക്കാൻ ഒന്നും ഉണ്ടാക്കുന്നില്ലേ?” ചോദ്യവുമായി വന്ന ഭർത്താവിനെ അതിദയനീയമായി നോക്കി ഞാൻ പറഞ്ഞു “കഴുത്തു വയ്യാത്തോണ്ട് ഇന്നും കൂടി പുറത്തു നിന്നു വാങ്ങാം”. അത് അത്ര ഇഷ്ടപെട്ടില്ലെങ്കിലും എന്റെ അവസ്ഥ കണ്ടിട്ടു ആള് ഭക്ഷണം വാങ്ങാൻ പുറത്തേക്കു പോയി.
രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു. ഇന്നെങ്കിലും നന്നായി ഒന്നു ഉറങ്ങണം. 2 ഗുളികയും കഴിച്ചു കഴുത്തിൽ തലയിണയും ചുരുട്ടി വച്ചു ഞാൻ കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ തല വല്ലാതെ പെരുത്തു കയറുന്നതു പോലെ തോന്നി. ഒരുതരം മരവിപ്പ് ! പെട്ടന്ന് ഞാൻ തല ഉയർത്താൻ ശ്രമിച്ചു, സാധിക്കുന്നില്ല. താമസിയാതെ തലയിലെ പെരുപ്പ് ശരീരത്തിലേക്കും പടർന്നു. കൈകൾ രണ്ടും കട്ടിലിലേക്ക് അമർത്തി എഴുന്നേൽക്കാൻ ഒരു ശ്രമം കൂടി നടത്തി, വിഫലം! ക്ഷീണം കൊണ്ടാവും. തിരിഞ്ഞു കിടന്നു തൊട്ടടുത്തു കിടന്നു ഉറങ്ങുന്ന മകനെ കെട്ടിപിടിക്കാനായി കൈകൾ ഉയർത്തി അവന്റെ ശരീരത്തിലേക്ക് വച്ചു. എന്നാൽ കൈകൾ നേരെ കട്ടിലിലേക്ക് പതിഞ്ഞു. ഒന്നും മനസ്സിൽ ആകാതെ ഞാൻ വീണ്ടും അവനെ തൊടാൻ ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ല. സർവശക്തിയും എടുത്തു ഞാൻ ചാടി എഴുന്നേറ്റു.
ഒരു നടുക്കത്തോടെ ഞാൻ ആ കാഴ്ച്ച കണ്ടു. എന്റെ ശരീരം അതാ കട്ടിലിൽ കണ്ണുകൾ അടച്ചു കിടക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ആ ശരീരത്തിലേക്ക് കിടക്കാൻ ശ്രമിച്ചു, സാധിക്കുന്നില്ല. എന്റെ ശരീരം എന്നെ സ്വീകരിക്കുന്നില്ല. ഞാൻ മരിച്ചിരിക്കുന്നുവോ? ഞാൻ ഇപ്പോൾ ഒരു ആത്മാവ് ആയി മാറിയിരിക്കുന്നുവോ !! അവിശ്വസനീയതയോടും അധികഠിനമായ വേദനയോടും ഞാൻ ഉറക്കെ കരഞ്ഞു. ആരും എന്റെ കരച്ചിൽ കേൾക്കുന്നില്ല. ഇതൊന്നും അറിയാതെ മുൻപിൽ കിടന്നു ഉറങ്ങുന്ന എന്റെ മകനെ കണ്ടു ഞാൻ നെഞ്ചു പൊട്ടി നിലവിളിച്ചു. അവനെ എന്റെ കൈകുമ്പിളിൽ കോരി എടുക്കുവാൻ ശ്രമിച്ചു. എന്നാൽ എന്റെ സ്പർശത്തെ അവൻ അറിഞ്ഞില്ല.
“നീയും മോനും ഇന്ന് വിശാലമായി ഇവിടെ കിടന്നു ഉറങ്ങിക്കോ, ഞാൻ അപ്പുറത്തു കിടന്നോളാം” എന്നു പറഞ്ഞു അടുത്തുള്ള മുറിയിലേക്കു പോയ എന്റെ ഭർത്താവിനെ വിളിച്ചു ഞാൻ കരഞ്ഞു. രാവിലെ എന്റെ ചലനമറ്റ ശരീരം കാണുമ്പോൾ ആ മനസ്സു തകരും.
വീണുടഞ്ഞ മഴത്തുള്ളി പോലെ എന്റെ മനസ്സ് ചിന്തകളാൽ ചിന്നി ചിതറി…എന്റെ മാതാപിതാക്കൾ, അന്യനാട്ടിൽ ജീവിക്കുന്ന ഞങ്ങൾ മക്കളെ മാത്രം ഓർത്തു കഴിയുന്ന അവർ എങ്ങനെ ഇത് സഹിക്കും? ഇന്ന് വൈകുന്നേരം അവരെ വിളിച്ചു സംസാരിച്ചിട്ട് കിടക്കണം എന്നോർത്തെങ്കിലും മടി കാരണം വിളിച്ചില്ല. നാളെ വിളിക്കാല്ലോ എന്നു വിചാരിച്ചു. എന്റെ ആ വിചാരത്തെ ഇപ്പോൾ വല്ലാതെ ശപിച്ചു പോകുന്നു.
4 വർഷമായി എന്റെ സഹോദരനെ നേരിൽ കണ്ടിട്ടു. പല രാജ്യങ്ങളിൽ ആയി ജോലി ചെയ്യുന്ന ഞങ്ങൾക്ക് കാണാൻ ഉള്ള അവസരം ഉണ്ടായില്ല എന്നു പറയാം. മനുഷ്യർ പലപ്പോഴും അവന്റെ സാഹചര്യങ്ങളിൽ അടിമപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. പണ്ട് അനുജനും അനിയത്തിയുടെയും ഒപ്പം മഴ നനഞ്ഞതും ചാമ്പ മരച്ചോട്ടിൽ പായ വിരിച്ചു കിടന്നു ഉറങ്ങിയതും ഒക്കെ എന്റെ മനസ്സിൽ ദൃശ്യമായി. ഇനിയൊരു മഴ ഒന്നിച്ചു നനയാൻ ഞാൻ ഇല്ലല്ലോ.. എനിക്കു അവരെ ഒന്ന് കാണണം.
എന്റെ മനസ്സിന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു. വീണ്ടും പല മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു. എന്നെ വേദനിപ്പിച്ചു മറ്റൊരു പെണ്ണിനെ പ്രണയിച്ച കാമുകൻ !! വെറുപ്പായിരുന്നു എനിക്ക്. ഒരായിരം വട്ടം മാപ്പു പറഞ്ഞെങ്കിലും ക്ഷമിക്കാൻ ഉള്ള മനസ്സ് ഉണ്ടായില്ല. ശാപ ഹർഷങ്ങൾ ഒരുപാട് പൊഴിച്ചു അയാൾക്ക് നേരെ.. ഇപ്പോൾ ആ വെറുപ്പ്‌ കൊണ്ടു ഞാൻ ഒന്നും നേടിയില്ലല്ലോ.
ഞാൻ മനസ്സ്‌ വേദനിപ്പിച്ചിട്ടും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്ത സുഹൃത്ത്‌. “എനിക്കു നിന്നോട്‌ സ്നേഹവും ബഹുമാനവും ആണ്” എന്നു തുറന്നു പറയാൻ എന്തേ എനിക്കു ഇതുവരെ തോന്നിയില്ല? എന്റെ സ്വാർത്ഥത, താണു കൊടുക്കാൻ ഉള്ള മനസ്സില്ലായ്മ !! നെടുവീർപ്പോടെ ഞാൻ ഓർത്തു.
കട്ടിലിനു അരികിൽ കിടക്കുന്ന മേശപ്പുറത്തു ഒരു ബോക്സ് എന്റെ ശ്രദ്ധയിൽ പെട്ടു. അപ്പോഴാണ് അതു ഞാൻ ഓർത്തത്. കോളേജിൽ ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ പരീക്ഷാ പേപ്പർ! നാളെ ആണ് മാർക്ക് ഷീറ്റ് കൊടുക്കേണ്ട അവസാന തീയതി. രണ്ടാഴ്ച സമയം കിട്ടിയിട്ടും ഞാൻ ഇതുവരെ അത് നോക്കിയില്ല. ഈ അവസാന നിമിഷം കോളേജ് അധികൃതർ മറ്റൊരാളെ അതു ഏൽപ്പിക്കണമല്ലോ…
ദൈവമേ… ഒരു ദിവസം കൂടി, ഒരേ ഒരു ദിവസം കൂടി മാത്രം എനിക്കു തരുമോ? ഒരു ദിവസം കൂടി എനിക്കു ഈ ഭൂമിയിൽ ജീവിക്കാൻ അവസരം തന്നിരുന്നെങ്കിൽ എന്റെ ഭർത്താവിനെയും മകനെയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങാമായിരുന്നു, എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ചു കുറേ വിശേഷങ്ങൾ പങ്കു വെക്കാമായിരുന്നു, എന്നെ വേദനിപ്പിച്ചവരെയും ഞാൻ വേദനിപ്പിച്ചവരെയും സ്നേഹിക്കാമായിരുന്നു, എന്റെ കർത്തവ്യങ്ങൾ കൃത്യസമയം ചെയ്തു തീർക്കാമായിരുന്നു… ജീവിതത്തെ കുറിച്ച് എനിക്ക് ഒരുപാട് പദ്ധതികൾ ഉണ്ടാരുന്നു. ഒരു തുമ്പ പൂവിന്റെ തിളക്കത്തോടെ നാളെയെ സ്വപ്നം കണ്ടു ഉറങ്ങാൻ കിടന്ന എന്റെ ജീവിതം ഇവിടെ കൊഴിയുക ആണല്ലോ…
കുറ്റബോധത്താലും നഷ്ടബോധത്താലും മുഖം അമർത്തി പിടിച്ചു ഞാൻ കരഞ്ഞു. ദൈവം അപ്പോൾ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഒരു സിനിമ പോലെ എന്റെ അതുവരെ ഉള്ള ജീവിതം എന്റെ കൺമുൻപിൽ ഓടി കൊണ്ടിരുന്നു. പൂർത്തിയാക്കാൻ കഴിയാതെ ബാക്കി ആയ ഉത്തരവാദിത്വങ്ങൾ... ചെയ്യാൻ കഴിയാമായിരുന്നിട്ടും ചെയ്യാതെ പോയ നന്മകൾ... എല്ലാം... നിസ്സഹായയായി ഞാൻ തിരിച്ചറിഞ്ഞു, ഒടുവിലത്തെ നിമിഷങ്ങളിൽ ഈ മർത്യായുസ്സിലെ നേട്ടങ്ങളെ കുറിച്ചു ഓർത്തു അഭിമാനം കൊള്ളുകയല്ല മറിച്ചു നഷ്ടങ്ങളും വീഴ്ചകളും ഓർത്തു മുറിവേൽക്കപെടുകയാണ് നമ്മുടെ മനസ്സ്.
കരഞ്ഞു തളർന്ന ഞാൻ പതുക്കെ കണ്ണുകൾ തുറന്നു. കണ്ണുനീരിനാൽ എന്റെ തലയിണ നന്നായി നനഞ്ഞിരുന്നു. അവസാനമായി ഒരിക്കൽ കൂടി എന്റെ മകന്റെ നെറുകയിൽ ഒന്നു തൊടാൻ ഉള്ള ആഗ്രഹത്താൽ ഞാൻ കൈ ഉയർത്തി അവന്റെ നെറുകയിലേക്ക് വച്ചു. അവന്റെ മുടി എന്റെ കൈയിൽ സ്പർശിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടി. മനസ്സിന്റെ ഭാരം തൂവൽ പോലെ ഖനം കുറയുന്നതായി തോന്നി. വികാരഭരിതയായി ഞാൻ അവന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ടേ ഇരുന്നു, ഞാൻ മരിച്ചിട്ടില്ല എന്നു വിശ്വാസം ആകും വരെ…എല്ലാം ഒരു സ്വപ്നം ആരുന്നു എന്ന് ഉറപ്പു ആകും വരെ….
അനുഭവക്കുറിപ്പുകൾ...

By: 
Reema Matz

എൻ്റെ കഥ



Visit- http://www.nallezhuth.com for more
-----------------------------------------
പ്രായം കൂടുന്തോറും മൂശേട്ട കൂടും എന്നു കാരണവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതു കൊണ്ടാവുമോ ഈയിടെ ആയി എല്ലാരോടും മുഖത്തടിച്ചതു പോലെ സംസാരിക്കാൻ ഒരു മടിയും തോന്നാത്തത്. 
ഇത് പറയുന്ന കേട്ടാൽ തോന്നും പണ്ട് ഞാൻ ഒരു പാവം ആരുന്നെന്നു!! 
എനിക്കു ശരിയല്ല  എന്നു തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാനും തെറ്റു ചെയ്യുമ്പോ മാപ്പ് പറയാനും പണ്ടേ എനിക്കു വല്യ മടി ഒന്നും ഇല്ലാരുന്നു. 
ഞാൻ ഒരു ആണായി ജനിക്കേണ്ടതായിരുന്നു എന്നു പലപ്പോഴും എന്റെ വീട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ, രാത്രിയുടെ ഇരുട്ടിൽ പുറത്തു എന്തു ശബ്ദം കേട്ടാലും "വാ നോക്കാം" എന്നു പറഞ്ഞു വീടിന് പുറത്തു ഇറങ്ങാൻ ഉള്ള ധൈര്യം സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ഉണ്ടാകുമോ?? 
ഇല്ലെങ്കിൽ ആൺകുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി തല്ലാൻ ഉള്ള ധൈര്യം കാണിക്കുമോ?
സ്കൂൾ പ്രീഫെക്ട് ആകണം എന്ന അതിയായ മോഹവും ആയാണ് അന്ന് ജീവിച്ചിരുന്നത്. ആരൊക്കെ ആവണം പുതിയ പ്രീഫെക്ട്സ് എന്നു തീരുമാനിക്കുന്നത് അപ്പോൾ അധികാരത്തിൽ ഉള്ള ഹെഡ് ഗേളും  മറ്റു "പ്രീഫെക്ട്സ് "- ഉം ചേർന്നാണ്. എന്നിട്ടും ഞാൻ ആ ഹെഡ് ഗേളിന്  എതിരെ പരാതി കൊടുത്തു. ക്ലാസ്സിലെ ഒരു കുട്ടിയെ സ്കൂളിലെ എല്ലാരുടെയും മുമ്പിൽ വച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ അപമാനിച്ചു എന്നതാണ് കുറ്റം. പരിണിത ഫലമായി എല്ലാ ക്ലാസ്സുകളിലും കേറി മാപ്പു പറയേണ്ടി വന്നു പാവം ഹെഡ് ഗേളിന് . എനിക്കു പക്ഷെ അന്ന് പേടിയോ കുറ്റബോധമോ തോന്നിയില്ല.
പത്താം ക്ലാസ്സ് പഠിക്കുമ്പോൾ...സ്കൂൾ ഗ്രൗണ്ടിലുള്ള ജാതി മരത്തിൽ നിന്നു ആരും ജാതിക്ക പറിക്കരുത് എന്നു ഹെഡ്മിസ്ട്രസ്  താക്കീതു തന്നിട്ടും കൊതി മൂത്തു ഞാൻ അതു പറിച്ചു തിന്നു. പോരാത്തതിന് മറ്റു കുട്ടികളെ കൊണ്ടു കഴിപ്പിക്കുകയും ചെയ്തു. ആരൊക്കെയോ ജാതിക്ക പറിച്ചു എന്നറിഞ്ഞു ഒരു ചൂര വടിയും ആയി ഹെഡ്മിസ്ട്രസ്  ക്ലാസ്സിൽ വന്നു അത് പറിച്ചവരും കഴിച്ചവരും എഴുന്നേറ്റു  നിൽക്കാൻ പറഞ്ഞപ്പോൾ പേടിച്ചു ആരും തന്നെ എണീറ്റില്ല. 
അപ്പോൾ പതിയ ഒരു പരുങ്ങലോടെ ഞാൻ എണിറ്റു. അതു കണ്ടു ധൈര്യം സംഭരിച്ചു ബാക്കി ഉള്ളവരും. അന്ന് കിട്ടിയ ശിക്ഷ പക്ഷെ ഞങ്ങൾ സന്തോഷത്തോടെ ഏറ്റു വാങ്ങി. ഏക്കറു കണക്കിന് ഉള്ള സ്കൂൾ ഗ്രൗണ്ടിലെ എല്ലാ മരങ്ങളുടെയും ചെടികളുടെയും ലിസ്റ്റ് എടുക്കുക. ഞങ്ങളുടെ ടീച്ചറിന്   അതിലും വലിയ ശിക്ഷ ഒന്നും തരാൻ ഉള്ള മനസ്സ് ഇല്ലാരുന്നു.
വീണ്ടും ഉണ്ടായി ഇത് പോലെ ഉള്ള മഹാസംഭങ്ങൾ. 
ബ്രേക്ക് ബെൽ അടിച്ചപ്പോൾ കൂട്ടമായി ഓടി വീണ് ഒരു കുട്ടിയുടെ കൈ ഒടിഞ്ഞതിനാൽ ആരും ഇനി ഹോസ്റ്റൽ ബിൽഡിംഗ് ൽ ഓടാൻ പാടില്ല എന്നു നിയമം വന്നു. സ്കൂൾ ലീഡർ ആയിരിക്കെ നിയമം തെറ്റിച്ചു എല്ലാം മറന്നു ഞാൻ ഒരു ദിവസം ഓടി, കുളിക്കാൻ ഹോസ്റ്റലിലെ ഏറ്റവും നല്ല ബാത്രൂം കിട്ടാനായി. പുറകേ വന്നില്ലേ ശിക്ഷ. ഹോസ്റ്റൽ നടുമുറ്റത്തെ ആർക്കു പോയാലും വന്നാലും കാണാവുന്ന തൂണിൽ എന്നെയും എന്റെ കൂട്ടുകാരിയേയും ഒരു കയർ കൊണ്ടു കെട്ടി ഇട്ടു. നാണക്കേട് കൊണ്ടു തൊലി ഉരിഞ്ഞു പോയ നിമിഷങ്ങൾ ആരുന്നു അതു. എങ്കിലും അതിൽ നിന്നൊക്കെ ഞാൻ പഠിച്ച ചില നല്ല പാഠങ്ങൾ ഉണ്ടായിരുന്നു. വേലി തന്നെ വിളവ് തിന്നാൻ പാടില്ല, മറ്റു കുട്ടികൾക്കെല്ലാം ഇത് ഒരു പാഠം ആവട്ടെ എന്നൊരു താക്കീതോടു കൂടി ഞങ്ങളെ അന്ന് വെറുതെ വിട്ടു. സ്കൂൾ ജീവിതം കഴിഞ്ഞു ഞങ്ങൾ പോകുമ്പോൾ ഹെഡ്മിസ്ട്രസ് പറഞ്ഞ വാചകങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു. "എനിക്കു പ്രിയപ്പെട്ട കുട്ടികളിൽ ഒരാൾ ആണ് നീ" അതു കേട്ടപ്പോൾ എന്തേ എന്നെ ശിക്ഷിച്ചത് കുറഞ്ഞു പോയേ, ഇനിയും ശിക്ഷിച്ചോളു എന്നു പറയാൻ തോന്നിപോയി..
സ്കൂൾ സംഭവങ്ങൾ ഓർക്കുമ്പോൾ കുറ്റബോധം തോന്നുന്ന കാര്യങ്ങളും ഉണ്ട്. സ്കൂൾ കെട്ടിടം പണി നടക്കുന്ന കാലം . ഗേൾസ് ബോർഡിങ്  സ്കൂളിൽ കടക്കാൻ അനുവാദം ഉള്ള ആകെ ആണുങ്ങൾ ആ പണിക്കാർ ആയിരുന്നു. അതിൽ കുറച്ചു ചെറുപ്പക്കാരും ഉണ്ട്. ഞങ്ങൾ ആകെ കാണുന്ന ആൺ രൂപങ്ങൾ!! അധികം താമസിയാതെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ട്. ക്ലാസ്സിലെ ഒരു പെൺകുട്ടി പണിക്കാരിൽ ഒരാളുമായി ഒളിച്ചും പതുങ്ങിയും സംസാരിക്കുന്നു, കത്തുകൾ കൈമാറുന്നു. 
ഒരു CID യെ പോലെ ഞാൻ അവൾ അറിയാതെ അവളെ നിരീക്ഷിച്ചു. അവരുടെ കത്തുകൾ അവൾ അറിയാതെ കൈക്കലാക്കി. ഇത് അവസാനിപ്പിക്കണം എന്നു അവൾക്ക് താക്കീതു കൊടുത്തു. പക്ഷെ അവൾ അതു കൂട്ടാക്കിയില്ല. ഒരു ദയയും കാണിക്കാതെ ഞാൻ ആ കത്തുകൾ ടീച്ചറിന്  കൊടുത്തു. 2 ദിവസം കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ നിന്നു ആളു വന്നു അവളെ കൊണ്ടു പോയി. പിന്നീട് അറിഞ്ഞു അവളെ TC കൊടുത്തു പറഞ്ഞു വിട്ടു എന്നു. സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ അവൾ ഇന്നും ഒരു വേദനയാണ്.
പിന്നീട് എപ്പോഴാണ് ഞാൻ 'പെൺ' സ്വഭാവത്തിലേക്ക് മാറിയത്?? ഒരു പക്ഷെ വിവാഹത്തിന് ശേഷം. അതോ പുതിയൊരു രാജ്യത്തു വന്നു ജീവിതം ഒന്നേന്നു തുടങ്ങുവാൻ ഒരു വെയിട്രസ്സ്  വേഷം അണിയേണ്ടി വന്നപ്പോഴോ...
അതോ ഒരു അമ്മ ആയപ്പോഴോ.... ഉത്തരവാദിത്വങ്ങൾ ഏറിയപ്പോഴോ... അല്ലാ, എന്താണീ പെൺ സ്വഭാവം??എല്ലാവര്ക്കും ഇഷ്ടമുള്ള രീതിയിൽ സംസാരിക്കുകയും സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറയാതെ ഇരിക്കുകയും സ്വന്തം ആത്മവിശ്വാസം ഉള്ളിൽ കുഴിച്ചു മൂടുകയും ചെയ്യുന്നതോ ?? 
ആൺ പെൺ സ്വഭാവ വത്യാസത്തിന്റെ ആ നേർത്ത വര എവിടെയെന്നോ എന്തെന്നോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആകെ ഒരു പുക മറ. എവിടെ വച്ചോ ഞാൻ എന്നെ മറന്നു പോയി. കുറേ അധിക നാൾ ബലഹീനമായ മനസ്സുമായി ജീവിച്ചു. 
എനിക്കു വളരെ അധികം നല്ല മാറ്റം ഉണ്ടായി എന്നു ബന്ധുക്കൾ പറഞ്ഞു തുടങ്ങി. പലർക്കും ഇഷ്ടപെടുന്ന രീതിയിൽ പെരുമാറ്റം. എന്നാൽ  എന്റെ കോൺഫിഡൻസ് ലെവൽl വല്ലാതെ കുറഞ്ഞു പോയി എന്നു എനിക്കു തോന്നി. 
ആരോടും പല കാര്യങ്ങൾക്കും നോ  പറയാൻ പറ്റാതെ വിഷമിച്ചു. എന്നെ ഇഷ്ടമില്ലാത്തവരോടും എനിക്കു ഇഷ്ടമില്ലാത്തവരോടും അവരെ പ്രീതിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാൻ പണിപ്പെട്ടു. ആരെങ്കിലും എന്നെക്കുറിച്ചു മോശമായി പറയുമോ ചിന്തിക്കുമോ എന്നിങ്ങനെ ഉള്ള വേവലാതികൾ... ഞാൻ എനിക്കു ഇഷ്ടമില്ലാത്ത ഒരു ഞാൻ ആയി മാറി.
അങ്ങനെ ആണ് മുടങ്ങി കിടന്നിരുന്ന എന്റെ എഴുത്തും വായനയും പുനഃരാരംഭിച്ചതു. അതിൽ നിന്നു ലഭിച്ച ഊർജ്ജം ആണോ ആരുടെയൊക്കെയോ പ്രചോദനം കൊണ്ടാണോ എന്നറിയില്ല, പതിയെ പതിയെ ഞാൻ എന്റെ ആത്മധൈര്യം വീണ്ടെടുക്കാൻ തുടങ്ങി. 
എനിക്കു ഇഷ്ടമുള്ള എന്നിലെ ഞാൻ മറ നീക്കി പുറത്തു വന്നു. ന്യായം അല്ലാത്ത എന്തിനെയും ചോദ്യം ചെയ്യാനും എതിർക്കാനും ഒരു പുതിയ ധൈര്യം! നിരുത്സാഹപെടുത്തുന്നവരെയും ദുര്ബലപ്പെടുത്തുന്നവരെയും ഗൗനിക്കാതിരിക്കാൻ ഉള്ള ഒരു മനസ്സുറപ്പ് ! 

നിരാശയിലേക്കു മുങ്ങി പോകാതെ എനിക്കു ഇഷ്ടമുള്ള എന്ത് വട്ടും ചെയ്യാൻ ഉള്ള ഒരു ഉത്സാഹം. നമ്മൾ നമ്മളെ തന്നെയാണ് ആദ്യം സ്നേഹിക്കേണ്ടത്. എങ്കിലേ മറ്റുള്ളവരെ സ്നേഹിക്കാൻ ഉള്ള മനസ്സ് നമ്മളിൽ ഉണ്ടാവൂ. എന്ത് ചെയ്താലും പൂർണമായ നല്ല മനസ്സോടെ ചെയ്തില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നമ്മൾ അറിയാതെ അസ്വസ്ഥതകൾ നമ്മുടെ ഉള്ളിൽ അലയടിക്കും.

By: 

Reema Matz

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo