Slider

വെെകിപ്പോയൊരു പ്രണയ ലേഖനം

0

വിരൽത്തുമ്പിൻ്റെ അകലത്തിൽ നീ ഉണ്ടായിട്ടും പറയാനാകാതെപോയ എൻ്റെ പ്രണയത്തെക്കുറിച്ചാണ് ഞാനിവിടെ എഴുതുന്നത്.പല പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിലും നിന്നോളം നിഷ്കളങ്കമായി ഞാനാരെയും പ്രണയിച്ചിട്ടില്ല ഇതുവരെയും.ഒരു പെണ്ണിന് ആണിനോടു തോന്നുന്ന വെറുമൊരു ആകർഷണം മാത്രമായിരുന്നില്ല ,അതിനുമപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു അത്.ദൂരെ നിന്ന് നിൻ്റെ സന്തോഷങ്ങൾ കാണുവാനായിരുന്നു എന്നും എനിക്ക് ഇഷ്ടം,ഒരിക്കലും അതിൻ്റെ പങ്കുപറ്റാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.മറ്റുള്ളവർക്ക് ഇതു ചിലപ്പോൾ വട്ടാണെന്ന് തോന്നാം,നിന്നോടുള്ള പ്രണയം ഭ്രാന്താണെങ്കിൽ എനിക്കാ ഭ്രാന്തിൽ സന്തോഷമേയുള്ളു.നിന്നോടുള്ള പ്രണയത്തിൻ്റെ കഥ ഞാൻ പറഞ്ഞിട്ടുള്ള എല്ലാവരും എന്നോടു ചോദിച്ചിട്ടുണ്ട്, പറഞ്ഞൂടാരുന്നോ നിനക്ക് ഒരിക്കലെങ്കിലുമെന്ന്.എനിക്കറിയാം പറഞ്ഞിരുന്നെങ്കിലൊരുപക്ഷേ നീയെൻ്റെ പ്രണയം സ്വീകരിച്ചേനേ,അല്ലെങ്കിലൊരുപക്ഷേ.........എനിക്കതു ചിന്തിക്കാൻ പോലുമാകുന്നില്ല.എങ്കിലും ഒന്നെനിക്ക് അറിയാം അന്നതു പറഞ്ഞിരുന്നെങ്കിൽ ഒരിക്കലുമെനിക്ക് ഇത്ര തീവ്രമായി നിഷ്കളങ്കമായി നിന്നെക്കുറിച്ച് എഴുതാൻ കഴിയുമായിരുന്നില്ല.
സത്യത്തിൽ നിന്നോട് എനിക്കുണ്ടായിരുന്ന വികാരം പ്രണയമായിരുന്നോ അതോ ആരാധനയായിരുന്നോ അതോ അതിൻ്റെ പേരു മറ്റു വല്ലതുമായിരുന്നോ എന്നോന്നും എനിക്കറിയില്ല.എന്നാൽ അതിനെ എന്തെങ്കിലുമൊരു പേരു വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.ചിലപ്പോൾ നീ എനിക്ക് സ്വപ്നങ്ങളിലെ രാജകുമാരനായിരുന്നു.കഥകളിലെ രാജകുമാരൻ കുതിരപ്പുറത്തു വന്നപ്പോൾ എൻ്റെ രാജകുമാരൻ വന്നിരുന്നത് ഒരു പാട്ട സ്കൂട്ടറിലായിരുന്നു.കഥയിലെ രാജകുമാരി കുതിരക്കുളമ്പടിയ്ക്കായി കാതോർത്തിരുന്നപ്പോൾ ഞാൻ നിൻ്റെ സ്കൂട്ടറിൻ്റെ കടകട ശബ്ദത്തിനായി കാതോർത്തിരുന്നു.വല്ലപ്പോഴുമൊരിക്കൽ സ്കൂട്ടറിൽ മിന്നായം പോലെ കടന്നുപോകുന്ന നിന്നെ കാണാൻ ഞാൻ വേഴാമ്പലിനെപ്പോലെ കാത്തിരുന്നു.ഏതു ബഹളത്തിനിടയിലും നിൻ്റെ സ്കൂട്ടറിൻ്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു.ചിലപ്പോൾ തോന്നാറുണ്ട് ഞാൻ സ്നേഹിച്ചത് നിന്നെയല്ല നിൻ്റെയാ പാട്ട സ്കൂട്ടറിനെയാണെന്ന്.പക്ഷേ എനിക്കറിയാം നിന്നെ ഞാൻ കാണുന്നത് നിൻ്റെ സാമീപ്യം ഞാൻ അറിയുന്നത് ഒക്കെയും നിന്നോടൊപ്പം ഞാൻ മനസ്സിൽ ചേർത്തുപിടിച്ച ആ സ്കൂട്ടറിൻ്റെ ശബ്ദത്തിലൂടെയായിരുന്നു.
ഒരു കൗമാരക്കാരിയുടെ വെറുമൊരു ചാപല്യമായി മറ്റുള്ളവർക്ക് എൻ്റെ പ്രണയം തോന്നിയേക്കാം .ഒരിക്കലും മിണ്ടിയിട്ടില്ലാത്ത,ആ ശബ്ദം പോലും ഒരിക്കലും കേൾക്കാതെ,എന്നെയൊന്നു നോക്കിപോലും ഞാൻ കാണാത്ത,എന്നെക്കാൾ പത്തുപതിനൊന്നു വയസുകൂടുതലുള്ള നിന്നോട് എനിക്ക് പ്രണയമാണെന്ന് കേട്ടാൽ മറ്റുള്ളവർക്ക് അതുവെറും വട്ടായേ തോന്നൂ.അതേ ആ വട്ടായിരുന്നു എൻ്റെ സന്തോഷം.നീല പട്ടുപാവാടയിൽ ഞാൻ വളരെ സുന്ദരിയായിരിക്കുന്നു എന്ന് ക്ളാസിൽ എല്ലാവരും പറഞ്ഞപ്പോൾ എനിക്കു തോന്നിയത് നിന്നോടുള്ള പ്രണയം എന്നെ കൂടുതൽ സുന്ദരിയാക്കിയെന്നാ.എനിക്കായി ഞാൻ നിന്നിൽ ഒന്നേ ആഗ്രഹിച്ചിട്ടുള്ളൂ.എന്നെ കൂടുതൽ സുന്ദരിയാക്കുന്ന ആ നീല പട്ടുപാവടയിൽ നിന്നോടൊപ്പം നിന്ന് എൻ്റെ ഇഷ്ട ദെെവമായ കൃഷ്ണനെ തൊഴണമെന്ന്.അതല്ലാതെ മറ്റൊന്നും നിന്നിൽ നിന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല,ഇഷ്ടമാണെന്ന് ഒരു വാക്കുപോലും.
നിന്നോടുള്ള പ്രണയത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞൊരു കാര്യമുണ്ട്,അത് ഭഗവാൻ കൃഷ്ണന് എന്നോടുള്ള കരുണയായിരുന്നു.നിനക്കായി ഞാൻ എന്തു പ്രാർത്ഥിച്ചാലും ഭഗവാൻ അത് സഫലമാക്കി തരുമായിരുന്നു.പറഞ്ഞാൽ നീ വിശ്വസിക്കില്ല,ജോലിയൊന്നും ശരിയാകാതെ നീ ഒത്തിരി സങ്കടപ്പെട്ടുനടന്ന സമയത്ത് ഞാൻ നിനക്കായി ഒരുപാടു പ്രാർത്ഥിച്ചിട്ടുണ്ട്.എൻ്റെ പ്രാർത്ഥനയുടെ ശക്തികൊണ്ടാണോ എന്നെനിക്കറിയില്ല നീയൊരു സർക്കാരുദ്യോഗസ്ഥനായി.എൻ്റെ പ്രാർത്ഥനയ്ക്ക് പകരമായി കണ്ണൻ നിനക്കു തന്ന സമ്മാനമാണ് ആ ജോലി എന്ന് കരുതാനാണെനിക്കിഷ്ടം.അപ്പോഴും നിന്നോടൊപ്പം നിന്ന് പ്രാർത്ഥിക്കണമെന്ന ആഗ്രഹം മാത്രം കണ്ണൻ സാധിപ്പിച്ചു തന്നില്ല.പലപ്പോഴും ഞാൻ തൊഴാൻ വരുമ്പോൾ നീ തൊഴുതിറങ്ങുകയായിരിക്കും മറ്റു ചിലപ്പോൾ തിരിച്ചും.ഒരിക്കലും നമ്മൾ ഒരുമിച്ചുമാത്രം തൊഴുതില്ല.എങ്കിലും ഞാൻ എനിക്കുമേറെ നിനക്കായി പ്രാർത്ഥിച്ചു.
ജാതകദോഷം കൊണ്ട് നിൻ്റെ വിവാഹാലോചനകൾ മുടങ്ങുന്ന കഥയറിഞ്ഞ് കൂട്ടുകാരെല്ലാരും എന്നോടു പറഞ്ഞു,പോയിപ്പറയെടീ ഇതിലും നല്ലൊരവസരം ഇനിക്കിട്ടില്ലെന്ന്.പക്ഷേ അപ്പോഴും എനിക്കെൻ്റെ പ്രണയം പറയാനല്ല തോന്നിയത്,നിനക്കായി പ്രാർത്ഥിക്കാനാണ്.വീണ്ടും എൻ്റെ പ്രാർത്ഥനയുടെ ശക്തി ഞാനറിയുകയായിരുന്നു.നിൻ്റെ വാരിയെല്ലിൻ്റെ കഷ്ണം കൊണ്ട് ദെെവം നിനക്കായി സൃഷ്ടിച്ചവളെ ഏതോ ബ്രോക്കർ അപ്പോഴേക്കും കണ്ടെത്തിയിരുന്നു.അതറിഞ്ഞപ്പോൾ മനസ്സു വല്ലാതെ നീറി.നിൻ്റെ വിവാഹദിവസം ഞാൻ ഒത്തിരി കലഞ്ഞു.പക്ഷേ മുഹൂർത്ത സമയത്ത് ഞാനെൻ്റെ കണ്ണുകളെ നനയാൻ അനുവദിച്ചില്ല,കാരണം എൻ്റെ കണ്ണുനീർ നിൻ്റെ ജീവിതത്തിൽ നിഴലാകരുതെന്ന് എനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു.എന്നും നിൻ്റെ സന്തോഷമേ ഞാനാഗ്രഹിച്ചിട്ടൂള്ളൂ.
നീ മറ്റൊരാൾക്ക് സ്വന്തമായപ്പോഴാണ് ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.ആ വേദന എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു.നിന്നെ സ്വന്തമാക്കാൻ പ്രാർത്ഥിക്കാൻ തോന്നാതിരുന്ന എൻ്റെ മനസ്സിനെ ഞാൻ വെറുത്തു.ഒരിക്കലെങ്കിലും എൻ്റെ പ്രണയം തുറന്നു പറയാത്തതിൽ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.എല്ലാ സങ്കടങ്ങളും കണ്ണനോടു പറഞ്ഞ് മനസ്സൊന്നു തണുപ്പിക്കാനാ ഞാനന്ന് അമ്പലത്തിൽ പോയത്.കണ്ണൻ്റെ മുൻപിൽ കണ്ണടച്ചു നിന്ന് തൊഴുതപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.മെല്ലെ കണ്ണുതുറന്നപ്പോൾ ഇടതുവശത്തൊരു നിഴലനക്കം പോലെ.ചുമ്മാ അങ്ങോട്ടൊന്നു മുഖം തിരിച്ച എൻ്റെ കാലിലൂടെ ഒരു വിറയൽ പടർന്നു കയറി.എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി.ഇത്രയും നാൾ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന ഒത്തിരി പ്രാർത്ഥിച്ചിരുന്ന കാര്യം സഫലമാക്കാനായി നീപോലുമറിയാതെ നീ എന്നോടൊപ്പം നിന്നു തൊഴുന്നു.ചിരിക്കണോ കരയണോ എന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നുപോയി.എത്രയും പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിയോടാനാണ് എനിക്കു തോന്നിയത്.അതിനായി വിറയ്ക്കുന്ന കാൽച്ചുവടുകളോടെ ഞാൻ കണ്ണനെ വലം വയ്ക്കാൻ തുടങ്ങി.എന്നാൽ എൻ്റെ പ്രാർത്ഥന സഫലമാകാനെന്നവണ്ണം നീ എന്നോടൊപ്പം പ്രദക്ഷിണം വയ്ക്കുന്നുണ്ടായിരുന്നു.നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ എനിക്കൊത്തിരി കഷ്ടപ്പെടേണ്ടി വന്നു.അപ്പോഴേക്കും ഇതൊന്നുമറിയാതെ നീ തൊഴുതിറങ്ങിയിരുന്നു.അന്നു ഞാനോരു നീല ചുരിദാറിലായിരുന്നു,പട്ടുപാവാടയുടെ പ്രായം കടന്നു പോയതിനാലും അതേ കളർ ചുരിദാറിൽ എൻ്റെ പ്രാർത്ഥന ഭഗവാൻ സഫലമാക്കിയത്.
പണ്ടെങ്ങോ ഞാൻ സ്വപ്നങ്ങളിൽ കണ്ട വീട്ടിൽ നീയും ഭാര്യയും കുഞ്ഞും സന്തോഷമായി കഴിയുന്നതുകാണുമ്പോൾ, എൻ്റെ സ്വപ്നങ്ങളൊക്കെയും നിൻ്റെ ജീവിതത്തിൽ സഫലമായതോർക്കുമ്പോൾ മനസ്സിനൊരു നിർവൃതിയാണ്.ഇന്ന് അതേ കണ്ണൻ്റെ മുൻപിൽ വച്ച് നിൻ്റെ കുഞ്ഞ് എൻ്റെ മുഖത്തുനോക്കി ചിരിച്ചപ്പോൾ എനിക്കുതോന്നിയ വികാരം മാതൃത്വമാകാം.കുഞ്ഞുങ്ങളിൽ ഈശ്വരൻ്റെ അംശമുണ്ണെന്നല്ലേ,അവനൊരുപക്ഷേ തിരിച്ചറിഞ്ഞിരിക്കാം ഇപ്പോഴത്തെ എൻ്റെ പ്രാർത്ഥനകളൊക്കെയും അവനുവേണ്ടിയുള്ളതാണെന്ന്.
സമർപ്പണം : ഇതു വായിച്ചാൽപോലും ഇതു തന്നെക്കുറിച്ചാണെന്ന് തിരിച്ചറിയാത്ത ഒരുകാലത്തെ എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരന്.
ഒരിക്കൽ ഞാൻതന്നെ ചേർത്ത കവിതയെ കഥയാക്കിയിട്ടതിന് മാന്യ വായനക്കാരോടു ക്ഷമചോദിക്കുന്നു.

By: 
Vijitha Vijayakumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo