Slider

ആർദ്ര

0


ഇരുട്ട് ഘനീഭവിച്ച മുറിയിൽ നിന്ന് ഞാനിറങ്ങി. തെരുവോരങ്ങളിലൂടെ ഒരു യാത്ര. അർത്ഥവും നിരർത്ഥവുമായ പാന്ഥാവുകൾ. ചിലപ്പോൾ അലങ്കാരമോ അല്ലങ്കിൽ ആർഭാടമോ ആകുന്ന തെരുവ് വിളക്കുകൾ.
ഞാനെന്തിനീ വഴിയിൽ? സത്യം എനിക്കറിയില്ല. ദൂരങ്ങളും കാഴ്ചകളും സാധ്യമാവാത്ത ഏതോ പഥികനാണ് ഞാനും. ഹാ നൊമ്പര ഭാണ്ഡങ്ങൾ വിശപ്പ് തിന്നു തിർത്തിരിക്കയാണല്ലോ...
ആരോ മിച്ചമെറിഞ്ഞ ഭക്ഷണത്തിൽ നിന്നൊരു കോഴിക്കാല് ചിരിക്കുന്നത് കണ്ടോ? സംഗതി ഭേഷായി... തത്കാലം ഉദരത്തിലവന്റെ ചവിട്ടു നാടകത്തിന് തിരശ്ശീല താഴ്ത്തി.
ഈ യാത്ര ലക്ഷ്യങ്ങളിലേക്കല്ല. പകരം ലക്ഷ്യത്തെ തന്നെ തേടിയാണ്. പഴകി ദ്രവിച്ച കെട്ടിടത്തിലൊന്നിന്റെ വരാന്തയിലിരുന്നു. മുടിയിൽ പുരണ്ട മെഴു മഴുപ്പ് അടർത്തി മാറ്റാൻ കഴിയുന്നില്ല.
വെറുതെ മുടിയുടെ നീളമളന്നു. താടിയെല്ലും താണ്ടി അത് കഴുത്തോളം വളർന്നിരിക്കുന്നു. ഓരോ രോമങ്ങളായി പിരിച്ചെഴുതാനുള്ള എന്റെ ശ്രമം തുടരെ തുടരെ പരാജയം പൂണ്ടു. ആരാണീ മുടികളിൽ പൊടിയും കഫവും ചേർത്ത് പുരട്ടി അലങ്കോലമാക്കിയത്?
ഞാൻ എഴുന്നേറ്റു വീണ്ടും നടത്തം തുടർന്നു. പ്രയാണങ്ങൾ ദീർഘമേറിയ സ്ഥാനത്തെ തിരഞ്ഞാണ്. വിശ്രമങ്ങൾ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ സമയം എന്തായിക്കാണും ആവോ? മുകളിൽ കറുത്തിരുണ്ട ആകാശത്തിന് ഇരുട്ട് സമ്മാനിക്കാനല്ലേ കഴിയൂ.
കുപ്പായത്തിന്റെ വലതുഭാഗത്ത് നെടുനീളത്തിൽ ആരാണിത്ര വലുതായി കീറിയത്? ഹോ അവളാകും. ആർദ്ര.
ഇല്ല, ഞാനവളെ മറന്നിട്ടില്ല. വിശപ്പിനു പോലും അവളെ തിന്നാനായിട്ടില്ല അത്ഭുതം തന്നെ.
അഞ്ചു വർഷത്തോളമായി നമ്മൾ തമ്മിൽ പ്രണയമായിട്ട്. ഛേ... ഞാനത് പറയില്ല. കാരണം അവൾക്കത് ഇഷ്ടല്ല. അവളെന്നോട് പറഞ്ഞിട്ടുണ്ട് നമ്മുടെ പ്രണയകഥ നാം പറയരുതെന്ന്. വേറെ ആരെങ്കിലും പറയണം. അല്ലാതെന്ത് രസം.?
കാലിലൊരു നനവ് പോലെ. തൊട്ടു നോക്കിയപ്പോൾ കടും ചുവപ്പ് നിറത്തിൽ ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. ചില്ല് ചവിട്ടി പൊട്ടിച്ചപ്പോൾ ഉണ്ടായ മുറിവിൽ നിന്നുത്ഭവിച്ചത്. വിരലുകൾ വായയിലിട്ടു ഊമ്പി. നല്ല പുളിയോട് കൂടിയ ഉപ്പ് രസം. വീണ്ടും വീണ്ടും തൊട്ട് നക്കി നടത്തം തുടർന്നു.
ആരാണീ പഴകിയ ഇരുമ്പ് കവാടങ്ങൾ ക്കൊണ്ടിവിടം ബന്ധിച്ചത്? തള്ളിത്തുറക്കാനുള്ള ശ്രമം പരാജയം തന്നെ. ഇനി മതിൽ ചാടണം. പറ്റിപ്പിടിച്ച് മതിലിനു മുകളിൽ കയറി.
"പ്ധോം..."
തുള്ളിയതാ. കൂർത്തതെന്തോ കാലിൽ തുളച്ചു കയറിയിരിക്കുന്നു. കണ്ണിൽ നിന്ന് നീരൊലിച്ചിറങ്ങിയത് കൈ കൊണ്ട് തുടച്ചു.
തറച്ചു കയറിയ കുറ്റിയിൽ നിന്ന് കാല് വലിച്ചൂരി മുന്നോട്ട് ഗമിച്ചു. നടക്കാൻ പ്രയാസമുണ്ടാകും വിധം ശക്തമായ വേദനയിലും ലക്ഷ്യത്തെകണ്ടെത്തുക എന്നത് എന്നെ പിറകിൽ നിന്നു തള്ളിക്കൊണ്ടിരുന്നു.
ഇരുട്ടി കീറി മുറിച്ച് ഒരു മിന്നൽ പ്രവേശത്തിൽ ഞാൻ കുറ്റിക്കാടുകൾ വ്യക്തമായി കണ്ടു. ചാവാലി പട്ടി, പെറ്റിട്ട നാല് കുഞ്ഞുങ്ങൾക്കൊപ്പം കിടന്ന് എന്നെ നോക്കി മുരണ്ടു. എന്റെ വരവ് ഇഷ്ടാവാതോണ്ടാവണം പെരിച്ചാഴി ഒരു മാളത്തിലേക്കോടിക്കയറി.
ഞാൻ നടന്നു. മുറിഞ്ഞ കാലുകളേക്കാൾ നീറ്റൽ മനസ്സിനാണ്. ഞൊണ്ടി ഞൊണ്ടിയുള്ള എന്റെ നടത്തം കണ്ടാവണം തിളങ്ങുന്ന രണ്ട് കണ്ണുകൾ എന്നെ തന്നെ നോക്കുന്നത്.
ഒരു കാലത്ത് ധരണിക്ക് പുറത്ത് വീമ്പും ഗീർവ്വാണവും വിളമ്പിയ പലരും മൗനികളായി ശയിക്കുന്ന കല്ലറകൾക്കിടയിൽ ഞാനവളെ കണ്ടു. "എന്റെ ആർദ്ര."
കാലുകൾ ചലനമറ്റതു പോലെ. അവളെന്നെ ചാരത്തേക്ക് ക്ഷണിക്കുകയാണ്. അവളെ കെട്ടിപ്പിടിക്കാനാഞ്ഞതും ഏതോ കാട്ടുവള്ളിയിൽ തട്ടി ഞാൻ നിലംപതിച്ചു.
വീഴ്ചയിൽ തല അവളുടെ കല്ലറയിലൊരു കോണിൽ താങ്ങി നിർത്തി. കണ്ണുകളിൽ കറുപ്പ് പടർന്നു. തലയിൽ നിന്ന് രക്തം ചീറ്റുന്ന ശബ്ദം എനിക്ക് കേൾക്കാം.
"വരൂ നമുക്ക് പോകാം..."
അവളാണ്. ആർദ്ര. അവളെന്റെ കരം ഗ്രഹിച്ചു. തേടി വന്ന ലക്ഷ്യത്തിലേക്ക്.
ആരുടെയോ കല്ലറയിൽ നിന്നും ഉയർന്ന ചന്ദനത്തിരിയുടെ ഗന്ധവും വാടിയ പൂക്കളും സാക്ഷിയായി...
ബാദ്ഷ കാവുംപടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo