Slider

ആൽമരച്ചുവട്ടിൽനിന്ന് ( കഥ )

0


'കൊളത്തൂർ ' എന്ന ഞങ്ങളുടെ പ്രകൃതി സുന്ദരമായ ഗ്രാമത്തിൽ, റോഡ് സൈഡിൽ ഒരു ആൽമരത്തിന്റെ ചുവട്ടിലാണ് ഞാനിപ്പോൾ നിൽക്കുന്നത്.
പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് 'ഏറനാടി ' എന്ന് പേരുള്ള ഒരു ഹരിജൻ ഇവിടെ ഒരു പെട്ടിക്കടയിൽ കച്ചവടം നടത്തിയിരുന്നു. അയാൾ നട്ടുപിടിപ്പിച്ചതാണ് ഈ ആൽമരം. ഇന്ന് 'ഏറനാടി 'ഇല്ല. പെട്ടിക്കടയും.
ഞാൻ നിൽക്കുന്ന ഈ ആൽമരച്ചുവട്ടിൽ നിന്നും നേരെ മുന്നോട്ട് അതായത് തെക്ക് ഭാഗത്തേക്ക് നോക്കിയാൽ ഏകദേശം അറുപത് മീറ്റർ അകലെ ഒരു കോൺക്രീറ്റ് ബസ് റ്റോപ്പ് കാണാം. ബസ്റ്റോപ്പിനു മുന്നിൽ എന്റെയടുത്തുള്ള ആൽമരത്തെക്കാളും വലിപ്പവും വണ്ണവുമുള്ള ഒരാൽമരവും കാണാം. എന്റെയടുത്തുള്ള ആൽമരം നട്ട അതേ ദിവസം തന്നെയാണ് 'ഏറനാടി 'ആ മരവും നട്ടുപിടിപ്പിച്ചത്.
ഞാൻ നിൽക്കുന്നിടത്ത് നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വിശാലമായ പാടത്തിനപ്പുറത്ത് ഒരു മല കാണാം. ആ മലയുടെ പേരാണ് ' മണ്ണാർക്കാട്ട് മല '.
( കോളേജ് ലൈല മധുര പ്രേമത്തിൻ കോളടിച്ച മലയല്ല കേട്ടോ... ) ഈ മലനിറയെ കശുമാവിൻ മരങ്ങളാണ്. വടക്കുഭാഗത്തു കാണുന്ന ആ വലിയ കരിങ്കൽ ക്വാറിയിൽ നിന്നും ദിവസം പത്ത് മുപ്പത് ലോറികൾ കല്ലെടുത്ത് പോകാറുണ്ട്. കിഴക്ക് ഭാഗത്ത് കാണുന്ന ആ പൊക്കം കൂടിയ മലയാണ് 'പൊക്കുന്ന് മല'. അവിടെ ഇഷ്ടം പോലെ നെല്ലിമരങ്ങളുണ്ട്. കുട്ടിക്കാലത്ത് അവിടെപ്പോയി നെല്ലിക്ക പറിച്ചു കൊണ്ടുവരാറുണ്ടായിരുന്നു ഞാനും കൂട്ടുകാരും. 'കോയോട്ടി ' യുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മലയാണ് ഈ
'പൊക്കുന്ന് 'മല.
' കോയോട്ടി' ആരാണെന്നായിരിക്കും..? യഥാർത്ഥ പേര് 'കോയാമുട്ടി '. ഗ്രാമവാസികൾ എളുപ്പത്തിനു വേണ്ടി ചുരുക്കി 'കോയോട്ടി 'യെന്ന് വിളിക്കുന്നു. ' കോയാമുട്ടിക്ക' എന്നാണ് ഞാൻ വിളിക്കേണ്ടത്.പുള്ളിക്കാരന് എന്നെക്കാളും പത്ത് വയസ്സ് കൂടുതലുണ്ട്. പക്ഷേ മൂപ്പരെ ഒരു 'കുട്ടി 'പോലും ഇക്ക കൂട്ടി വിളിക്കുന്നത് ഈയുള്ളവൻ കേട്ടിട്ടില്ല.
പറ്റെ വെട്ടിയ തലമുടി, പുഴുപ്പിടിച്ച പല്ലുകൾ, വെളിച്ചിലിന്റെ ആകൃതിയിലുള്ള മുഖം, വായിൽ നിന്നും സദാ കേലം ഒലിച്ചുകൊണ്ടിരിക്കും. മടക്കിക്കുത്തിയ ലുങ്കിയുടെ അടിയിൽ മുട്ടോളമെത്തുന്ന വരയൻ ട്രൗസർ.കോയോട്ടി ഷർട്ടിട്ടതായിട്ട് ഇന്നേവരെ നാട്ടിലാരും കണ്ടിട്ടില്ലത്രെ.
ആ കോൺക്രീറ്റ് ബസ്റ്റോപ്പ് അടുത്ത കാലത്താണ് പഞ്ചായത്തവിടെ പണി കഴിപ്പിച്ചത്.ഈ റൂട്ടിൽ ആകപ്പാടെ ഒരു ബ സ്സേ സർവ്വീസ് നടത്തുന്നുള്ളുവെങ്കിലും രാവിലെ ഒൻപത് മണി മുതൽ രാത്രി പത്ത് മണിവരെ ബസ്റ്റോപ്പിൽ ആളൊഴിഞ്ഞ സമയം കാണാറില്ല. നല്ല സുഖാണ് ട്ടോ അവിടെ ഇരിക്കാൻ. പാടത്തു നിന്നും വരുന്ന നല്ല തണുത്ത കാറ്റുണ്ടാവും എപ്പോഴും. ഇടക്കൊക്കെ ഞാനും പോയി ഇരിക്കാറുണ്ട് അവിടെ.
ഇപ്പോൾ ബസ്റ്റോപ്പിലിരിക്കുന്ന അഞ്ച് പേരിൽ ഇടത് സൈഡിലിരിക്കുന്ന കള്ളി ഷർട്ടുകരനാണ് 'മാരാംകണ്ടി മുനീർ'. കൂട്ടുകാരുടെ 'മുട്ടവിഴുങ്ങി'. പുള്ളിക്കാരന് കോഴിമുട്ടയോട് എന്തെന്നില്ലാത്ത സ്നേഹമാണ്. പത്ത് പന്ത്രണ്ട് മുട്ടയൊക്കെ ഒറ്റയടിക്ക് അകത്താക്കിക്കളയും. അവന്റെയടുത്തിരിക്കുന്ന കറുത്ത് മെലിഞ്ഞവനാണ് കൂട്ടുകാർക്കിടയിലെ 'കരിങ്കണ്ണി '. യഥാർത്ഥ പേര് 'പൈക്കാട്ട് ഷാജിർ'. അവന്റെയടുത്ത് മീശയും തടവി ഒരു സൂപ്പർസ്റ്റാറിന്റെ ഭാവത്തിലിരിക്കുന്ന വെളുത്ത് സുമുഖനായവനാണ് കൂട്ടുകാരുടെ 'ജയറാം' .യഥാർത്ഥ പേര് 'ചേണാബലത്ത് ഷമീർ '. നടപ്പ്, നിൽപ്പ്, ഇരുത്തം, സംസാരം എല്ലാം സിനിമാ നടൻ ജയറാമിന്റ അതേ ശൈലിയിൽ.ജയറാമിന്റ ഒരാരാധകൻ. അവന്റെയടുത്ത് കാലുമ്മൽ കാലൊക്കെ കയറ്റി വെച്ച് ഗമയിൽ സിഗരറ്റും വലിച്ച് 'ഞാനാണിവിടുത്തെ മുതലാളി 'എന്ന ഭാവത്തിലിരിക്കുന്നവനാണ് 'പുതുക്കുടി അഷറഫ് ' .കൂട്ടുകാരുടെ 'ചിരട്ട ' .വയനാട്ടിലുള്ള ഏതോ ചായപ്പൊടി കമ്പനിക്ക് അഴ്ചയിലൊരു ദിവസം ഒരു ലോഡ് ചിരട്ടകയറ്റും അതാണ് ഇഷ്ടന്റെ തൊഴിൽ. കണ്ണ് കണ്ടാൽ തോന്നും ആളൊരു വെള്ളമാണെന്ന്. പക്ഷേ ഇല്ല കേട്ടോ... കണ്ണിന്റെ ചുവപ്പ് പാരമ്പര്യ സ്വത്താണ്. അവന്റെയടുത്ത് ഇടത് കൈയ്യുടെ നഖവും കടിച്ച് 'ഞാനൊരു പാവം' എന്ന മട്ടിൽ 'പറച്ചാലിൽ അനൂപ് ' .കണ്ടാൽ പാവംന്ന് തോന്നുമെങ്കിലും വെളഞ്ഞ വിത്താ കേട്ടോ... ചുരുക്കപ്പേര് 'സച്ചിൻ '. ഒരു ക്രിക്കറ്റ് പ്രേമി.
അഞ്ചു പേരുടെയും പ്രായം ഇരുപതിനും ഇരുപത്തഞ്ചിനും ഇടക്ക്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത ഇവരെ കൂടുതൽ സമയവും ബസ്റ്റോപ്പിൽ തന്നെ കാണാം.' കോയോട്ടി 'യെ ശുണ്ഠി പിടിപ്പിക്കലാണ് ഇവരുടെ മുഖ്യ തൊഴിൽ.
' കോയോട്ടി 'യെ കണ്ടാൽ അഞ്ചംഗ സംഘത്തിലെ ആരെങ്കിലുമൊരാൾ
"വെളിച്ചിലേ...." എന്ന് നീട്ടി വിളിക്കും. തുടർന്ന് മറ്റുള്ളവർ " ഹുപ്പ്.... ഹുപ്പ്..." തൊണ്ടയിൽ നിന്നും ഒരു പ്രത്യേകതരം ശബ്ദം ഒരുമിച്ചുയർത്തും.
അത് കേൾക്കുന്നതോടെ 'കോയോട്ടി 'ഉറഞ്ഞ് തുള്ളും. വായിൽ കിട്ടുന്ന തോന്നിവാസമൊക്കെ വിളിച്ചു പറയും. കൈയ്യിൽ കിട്ടുന്ന തെടുത്തെറിയും. അഞ്ചംഗ സംഘം ബസ്റ്റോപ്പിനു മറവിലും മറ്റും ഒളിഞ്ഞു നിന്ന് 'കോയോട്ടി 'യെ വീണ്ടും വീണ്ടും ശുണ്ഠി പിടിപ്പിക്കും.
'കോയോട്ടി ' യുടെ ഇരട്ടപ്പേരാണ് വെളിച്ചിലെന്നുള്ളത്. അതാര് വിളിച്ചാലും കോയോട്ടിക്ക് ചൂടാവും.ഹുപ്പ്... ഹുപ്പ്... എന്നു കേട്ടാൽ ചൂടിന് സ്ട്രോങ്ങ് കുടും. വിളിക്കുന്ന ആളെ അടുത്ത് കിട്ടിയാൽ മുഖത്തേക്ക് തുപ്പും.
അഞ്ചംഗ സംഘമല്ലാതെ മറ്റാരും 'കോയോട്ടി 'യെ അങ്ങിനെ ശുണ്ഠി പിടിപ്പിക്കാറില്ല. "അവനൊരു ഭ്രാന്തൻ, അവനെ അവന്റെ പാട്ടിനു വിട്ടേക്കണം.. അവനോടുകളിച്ചാലല്ലേ അവനും കളിക്കുള്ളൂ... " ഇതാണ് നാട്ടുകാരുടെ അഭിപ്രായം.
' കോയോട്ടി'യെ ഉപദ്രവിക്കുന്നതിൽ നിന്നും പിൻമാറാൻ അഞ്ചംഗ സംഘത്തെ പലരും ഉപദേശിക്കാറുണ്ട്. ഇന്നേ വരെ ഫലം ഉണ്ടായിട്ടില്ല എന്ന് മാത്രം. കോയോട്ടിയുടെ ഉമ്മ പാത്തുമ്മത്തായും പലപ്പോഴും അവരെ നാറുന്ന വാക്കുകൾ കൊണ്ട് പോലും ഉപദേശിക്കാറുണ്ട്.
അതാ നമ്മുടെ കഥാനായകൻ, 'കോയോട്ടി' ദൂരെ നിന്നും നടന്നു വരുന്നു.
ബസ്‌റ്റോപ്പിൽ നിന്നും "വെളിച്ചിലേ..." വിളിയും "ഹുപ്പ്.... ഹുപ്പ്..." ശബ്ദവും ഉയർന്നു.
ങേ.... ഇതെന്തതിശയം. 'കോയോട്ടി' എന്നെയും കടന്ന് ബസ്റ്റോപ്പിനു നേരെ നടക്കുകയാണ്.ബസ്റ്റോപ്പിൽ നിന്നും വെളിച്ചിലേ... വിളിയും ഹുപ്പ്... ഹുപ്പ്...ശബ്ദവും തുടരുന്നുമുണ്ട്. ഇതെന്തു പറ്റി 'കോയോട്ടി'ക്ക്?.ഒരു പ്രതികരണവും കാണുന്നില്ലല്ലോ. അതാ കോയോട്ടി ബസ് റ്റോപ്പിനു തൊട്ടടുത്തെത്തി. അഞ്ചംഗ സംഘം അന്തം വിട്ടെന്ന് തോനുന്നു.അവർ നിശബ്ദരായിരിക്കുന്നു.
ബസ്റ്റോപ്പിലേക്ക് കയറിയ 'കോയോട്ടി' അഞ്ചംഗ സംഘത്തിന്റെ മുന്നിൽ നിന്ന് ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് വളരെപ്പെട്ടെന്ന് അരയിൽ നിന്ന് ഒരു കഠാരി പുറത്തെടുത്ത് "നായിന്റെ മക്കളേ...ഇന്നു ഞാൻ നിങ്ങളെ ശരിയാക്കിത്തരാം....." എന്നു പറഞ്ഞ് കുത്താൻ നോക്കുകയും വെട്ടാനോങ്ങുകയും ചെയ്യുന്നു. കോയോട്ടിയുടെ ആക്രമത്തിൽ നിന്നും ഒഴിഞ്ഞുമാറി ഓടാൻ ശ്രമിച്ച 'മുട്ടവിഴുങ്ങി ' യുടെ ഇടത് കൈക്ക് ഒരു വെട്ട്കൊണ്ടു.ബസ്റ്റോപ്പിൽ നിന്നും ഇറങ്ങി ഓടിയ മുട്ടവിഴുങ്ങി യുടെയും കൂട്ടുകാരുടെയും പിറകെ "നിക്കിനെടാ.... നായിക്കളേ..... " എന്നലറിക്കൊണ്ട് കോയോട്ടിയും പായുന്നു.
അഞ്ചംഗ സംഘത്തെയും കോയോട്ടിയെയും ഞാനിപ്പോൾ കാണുന്നില്ല.അവർ എന്റെ കൺമുന്നിൽ നിന്നും മറഞ്ഞിരിക്കുന്നു.
വൈകുന്നേരം ഞാനിതാ വീണ്ടും ആൽമരച്ചോട്ടിൽ. അഞ്ചംഗ സംഘത്തിന്റെ പുറകെ യോടിയ 'കോയോട്ടി 'അൽപ ദൂരം ചെന്ന് തിരിച്ചു പോന്നത്രെ.
മുറിഞ്ഞ ഭാഗത്ത് ബാന്റേജ് ചെയ്ത് 'മുട്ട വിഴുങ്ങി'യും കൂട്ടുകാരും അതാ ബസ്റ്റോപ്പിലുണ്ട്. കോയോട്ടി ബസ് സ്റ്റോപ്പിനു നേരെ നടന്നു വരുന്നു. അഞ്ചംഗ സംഘവും കോയോട്ടിയെ കണ്ടെങ്കിലും വെളിച്ചിലേ....വിളിയോ ഹുപ്പ്.... ഹുപ്പ്.. ശബ്ദമോ ഒന്നുമില്ല.
രാവിലെ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു എന്ന മട്ടിൽ ബസ്റ്റോപ്പിനു മുന്നിൽ ചെന്ന് കോയോട്ടി അഞ്ചംഗ സംഘത്തെ നോക്കി പുഴുപ്പിടിച്ച പല്ലുകൾ കാട്ടി ചിരിക്കുന്നു. അപ്പോൾ വായിൽ നിന്നും കുറച്ച് കേലം ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങി.ലുങ്കിയുടെ തലപൊക്കി കോയോട്ടിയത് തുടച്ചു കളഞ്ഞു. എന്നിട്ട്
"ഹ... ഹ.... "പിന്നെയും ചിരിക്കുന്നു. അപ്പോൾ ഒരിളിഞ്ഞ ചിരി അവരറിയാതെ അഞ്ചംഗ സംഘത്തിന്റെ മുഖങ്ങളിലും തെളിയുന്നു.
" വെളിച്ചിലേ..... ഹുപ്പ്..... ഹുപ്പ്...."
പെട്ടെന്നാ വിളിയും ശബ്ദവും ഞാൻ ഞെട്ടിത്തിരിഞ്ഞു.എന്റെ പുറകിൽ മൂന്ന് സ്കൂൾ കുട്ടികൾ.
"പോടാ... നായിക്കളേ... " കോയോട്ടിയതാ റോഡ് സൈഡിൽ നിന്നും ഒരു ഒന്നരയിഞ്ച് കരിങ്കല്ല് അവർക്കു നേരെ എടുത്തെറിഞ്ഞു കഴിഞ്ഞു.മൂവരും തിരിഞ്ഞ് കുതിച്ചു. ഞാൻ ആൽ മരത്തിന്റെ മറവിലേക്കൊതുങ്ങി.
ഒന്നരയിഞ്ചിനെ ആൽമരം തടുത്തു
'ഏറനാടി'ക്ക് സ്തുതി.
"""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo