വർഷങ്ങൾ മുൻപ് ഓസ്ട്രേലിയലേക്കുള്ള ഫ്ലൈറ്റ് കയറാൻ നെടുമ്പാശേരിയിൽ നിന്നപ്പോൾ എന്റെ ഹൃദയം പടപടാ ഇടിച്ചു. ആദ്യ വിമാന യാത്ര.സ്വപ്‌നങ്ങൾ സത്യം ആകുന്നു. അന്നും കൂടെ ഉണ്ടായിരുന്നു അവൾ ഉറ്റ കൂട്ടുകാരി. നീണ്ട യാത്രയ്ക്ക് ശേഷം ഇമ്മിഗ്രേഷനിൽ ചെന്നിറങ്ങി.
ഗൗരവം കൈവിടാതെ പേപ്പറുകൾ നോക്കിയ ഓഫീസർ "താങ്ക്യൂ "പറഞ്ഞു വിട്ടപ്പോൾ അത് എന്തിനാണെന്ന് മനസിലാക്കാൻ കാലങ്ങൾ കഴിഞ്ഞു. ഇവിടെ എല്ലാവരും എല്ലാത്തിനും നന്ദിയും, ഖേദവും രേഖപ്പെടുത്തും. നാളുകൾ കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഓട്ടോ കാരനോട് താങ്ക്യൂ പറഞ്ഞപ്പോൾ അങ്ങേരു നോക്കിയ നോട്ടം. ഹോ.ഞാൻ എന്തോ അപരാധം ചെയ്ത പോലെ.
മെൽബൺഇൽ ആദ്യം ചെന്നിറങ്ങിയപ്പോൾ തന്നെ ഏജന്റ് ശരിയാക്കിയ താമസ സ്ഥലത്തേക്ക് കൊണ്ടു പോകാൻ ആള് വന്നു. മെൽബോൺന്റെ നഗര വീചികളിലൂടെ ഒരു കാർ യാത്ര. ആറു പേര് ഒന്നിച്ചു നിന്നിരുന്ന ഒരു വീട്.
പതുക്കെ പതുക്കെ അവിടത്തോട് ഞാൻ ഇഴകി ചേർന്ന്. ക്ലാസ്സിൽ പോയ് തുടങ്ങിയപ്പോൾ ട്രെയിൻ യാത്ര ഒരു ദിന ചര്യ ആയി. 'മൈകി ' എന്ന് വിളിക്കുന്ന ഒരു കാർഡ് ആയിരുന്നു ടിക്കറ്റ്. അത് ഒന്നു വാങ്ങിയാൽ ആവശ്യാനുസരണം റീചാർജ് ചെയ്യാവുന്നതാണ് .
മെൽബോൺന്റെ ഹൃദയഭാഗത്തായ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ്ഇൽ ചെന്നിറങ്ങിയപ്പോൾ എന്റെ മനസ്സിൽ ഒരു നിരാശ തോന്നിയോ എന്ന് സംശയം ഉണ്ട്. പഴകിയ ഒരു റെയിൽവേ സ്റ്റേഷൻ. ഒരു ഗും ഇല്ലാത്ത പോലെ."ഇതാണോ ഓസ്ട്രേലിയ" എന്ന് കൂട്ടുകാരിയോട് ചോദിച്ചതോർക്കുന്നുണ്ട്. തമ്പാനൂർ ഇതിലും കിടിലം ആണല്ലോ എന്നൊരു തള്ളും...
അതെ പണ്ട് ബ്രിട്ടീഷ്കാര് പണിതത് അത് പോലെ നിലനിത്തിയതാണ് ഫ്ലിൻഡേഴ്‌സ് അതാണ് ഒരു പഴമ. പിന്നെ പിന്നെ അതാണ് അതിന്റെ ഭംഗി എന്നെനിക്കു തോന്നി. ഇവിടെ നിന്നും മെൽബോൺ ന്റെ ഏതു ഭാഗത്തേക്കും ട്രെയിൻ ഉണ്ട്. എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഉണ്ട്. എത്ര തിരക്കാണെങ്കിലും വരി വരി ആയി നിന്നു, ഉന്തും തള്ളും ഇല്ലാതെ ട്രെയിന്നിൽ കയറുന്ന മനുഷ്യരാണ് ഇവിടെ ഉള്ളവർ . ആരും ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഒരിക്കൽ പ്രായം ചെന്നു എന്ന് എനിക്ക് തോന്നിയ (എഴുപതു വയസ്സ് ഉറപ്പായും കാണും )ഒരു അമ്മച്ചിക്ക് ഞാൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു. ക്രൂരമായി എന്നെ നോക്കികൊണ്ട് അവർ പറഞ്ഞു എനിക്ക് നിൽക്കാൻ കുഴപ്പം ഇല്ല 'താങ്ക്യൂ 'എന്ന് .
സ്വയം പര്യാപ്തത എന്ന് വച്ചാൽ ഇതാണല്ലേ എന്നാലോചിച്ചു ഞാൻ തിരിച്ചു അവിടെ തന്നെ ഇരുന്നു. ചമ്മിയോ എന്ന് ചോദിച്ചാൽ അതെ നൈസ് ആയിട്ട് . പിന്നീട് ഞാൻ മനസിലാക്കി ഇവിടെ ഉള്ളവർ ഏതു നാട്ടുകാരാണേലും കഴിവതും സ്വന്തം കാര്യം ആരുടെയും സഹായം ഇല്ലാതെ ചെയ്യുന്നവരാണ്.
ഓരോ ദിവസത്തെയും ട്രെയിൻ യാത്രകൾ ഓരോ പാഠങ്ങൾ പഠിപ്പിച്ചു തന്നു. പല പല നാട്ടിൽ നിന്നുള്ള. പല പല വർണങ്ങളും, ആശയങ്ങളും, ജീവിതരീതികളും ഉള്ള മനുഷ്യർ ഒത്തൊരുമയോടെ ജീവിക്കുന്നു. അത് തന്നെ അതിശയമായി തോന്നി.
എന്തെങ്കിലും ഒക്കെ കഴിച്ചിട്ട് കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു ശീലിച്ച ഞാൻ ഇപ്പൊ ബിൻ തപ്പി തുടങ്ങി. പരിസരം വൃത്തിയായി ഇടാൻ ഉള്ള ഇവരുടെ ത്വരയും വൃത്തികേടാക്കിയാൽ ഉള്ള ശിക്ഷയും ഇതിനു മുഖ്യ കാരണമായി.
എന്തെങ്കിലും ഒക്കെ കഴിച്ചിട്ട് കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു ശീലിച്ച ഞാൻ ഇപ്പൊ ബിൻ തപ്പി തുടങ്ങി. പരിസരം വൃത്തിയായി ഇടാൻ ഉള്ള ഇവരുടെ ത്വരയും വൃത്തികേടാക്കിയാൽ ഉള്ള ശിക്ഷയും ഇതിനു മുഖ്യ കാരണമായി.
വേറൊരു മാറ്റം എന്ന് വച്ചാൽ പോലീസ്കാരോടുള്ള പേടി മാറി. അവർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ആണെന്നും . നമ്മൾക്ക് വേണ്ടി സേവനം ചെയ്യുക എന്നതാണ് അവരുടെ തൊഴിൽ എന്നും എന്നെ പല ആവർത്തി പറഞ്ഞു മനസിലാക്കി എങ്കിലും. യൂണിഫോം ഇട്ടു ആരേലും കണ്ടാൽ മനസ്സ് കിടുങ്ങും. ജാത്തിയാൽ ഉള്ളത് തൂത്താൽ പോകില്ലലോ.
ഏതെങ്കിലും ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ പോയാൽ കാര്യങ്ങൾക്കു ഒരു നീക്കുപോക്കുണ്ട്. ആർക്കും കൈകൂലി കൊടുക്കണ്ട. എല്ലാവരും അവരവരുടെ ജോലി കൃത്യമായി ചെയുന്നു. ക്യാഷ് കൊടുത്തു പെട്ടെന്ന് കാര്യം നടത്തി ശീലിക്കുന്ന ഞങ്ങളെ പോലുള്ള പാവങ്ങൾ ആദ്യമൊക്കെ ഇച്ചിരി ബുദ്ധിമുട്ടി പിന്നെ അതങ്ങു ശരി ആയി.
ഒരു സ്ത്രീ ആയതു കൊണ്ടു ഒന്നിനും പിന്നോക്കം നിൽക്കുന്ന ആളുകളെ ഞാൻ കണ്ടില്ല. ലോറി മുതൽ പ്ലെയിൻ വരെ ഓടിക്കാൻ ഇടിച്ചു ഇടിച്ചു നിൽക്കുന്ന പെണ്ണുങ്ങൾ. പറ്റില്ല എന്ന് പല ആവർത്തി തന്റേടത്തോടെ പറയുന്ന അവരെ കണ്ടപ്പോൾ കൗതുകം തോന്നി. ഇനിയിപ്പോ ഇവിടെ എന്നെ അഹങ്കാരി എന്നാരും വിളിക്കില്ലലോ.എന്ന് മനസ്സ് മന്ത്രിച്ചു.
ആരും തോണ്ടാൻ ഇല്ലാത്ത ആരെയും പേടികേണ്ടാത്ത രാത്രി യാത്രകൾ എനിക്ക് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു. ഷാൾ ഒന്നു മാറിയാൽ ടോപ് ഒന്നു പൊങ്ങിയാൽ തുറിച്ചു നോക്കിക്കുന്ന കണ്ണുകൾ ഇല്ല. ആർക്കും അതിനു നേരം ഇല്ല. അത് തന്നെ.
ഒന്നു മാത്രം വല്ലാതെ മിസ്സ് ചെയുന്നു. നാട്ടിലെ പോലെ നമ്മുടെ വിശേഷങ്ങൾ അന്വേഷിക്കാനും. ശരിതെറ്റുകളിൽ മുഖ്യ ആളായി തീരുമാനം എടുക്കുവാനും എന്തിനു ലേബൽ അടിച്ചു തരാനും അയൽക്കാർ ഇല്ല. അപ്പുറത്തെ വീട്ടിൽ ആരാണ് എന്നറിയുന്നത് തന്നെ വർഷം ഒന്നു കഴിഞ്ഞപ്പോൾ ആണ്.
അങ്ങനെ ഈ നാട് എനിക്ക് ഒരുപാട് പുതിയ അനുഭവങ്ങൾ തന്നു ഇപ്പോഴും തന്നു കൊണ്ടേ ഇരിക്കുന്നു.
***ജിയ ജോർജ് ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക