Slider

മൂന്നു ഹൂറികൾ..

1


By Abdul Hakeem.....
ഹൂറികൾ എന്നാൽ സ്വർഗീയ സുന്ദരികൾ എന്നാണർത്ഥം. സൗന്ദര്യം എന്നാൽ എന്താണെന്നു നമ്മളിൽ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാക്കുന്ന ഒരു ഗമണ്ടൻ സബ്ജക്ട് ആയി തുടരുകയാണ് ഈ 4G യുഗത്തിലും.
അത് എന്തോ ആകട്ടെ ഞാൻ ഹൂറികൾ എന്നുദ്ദേശിച്ചത് ചില പച്ചയായ പെൺ ജീവിതങ്ങളെ കുറിച്ചാണ്. സമൂഹത്തിന്റെ ചവിട്ടും തുപ്പും ഏറ്റു വാങ്ങി കണ്ണീർ വറ്റിപ്പോയ ചില ജീവിതങ്ങളെ കുറിച്ചാണ്. അതിലുപരി എന്നെ കുറിച്ചാണ്.
നമ്മളെ ഒക്കെ അത്ഭുതപ്പെടുത്തുന്ന ചില ആളുകളുണ്ട്. അത് ഒരു പക്ഷെ വലിയ സ്ഥാനമാനങ്ങൾ ഉള്ളവരായിരിക്കില്ല. ചിലപ്പോൾ അവർ നമ്മളെ ചിന്തിപ്പിക്കും. ചിലപ്പോൾ കരയിപ്പിക്കും. മറ്റു ചിലപ്പോൾ ഹൃദയത്തിന്റെ അടിത്തട്ടിൽ മാറാത്ത മുറിവുകൾ സമ്മാനിക്കും. ഇനിയും ഉറങ്ങാത്ത മുറിവുകളിൽ ഓർമ്മകൾ മുള്ള് കുത്തി നേർത്ത ചോരപ്പാടുകൾ സമ്മാനിക്കും.
ഇത് എന്റെ ജീവിതത്തിൽ എന്നെ മനുഷ്യനാവാൻ പഠിപ്പിച്ച മൂന്നു പെണ്ണുങ്ങളുടെ കഥയാണ്.
പെണ്ണുടലെന്നാൽ ആണിന്റെ കാമം തീർക്കാനുള്ളത് മാത്രമെന്ന് കരുതിയ എന്നെ ഒരു മനുഷ്യനാക്കിയ മൂന്നു പെണ്ണുങ്ങൾ.
ഇവരാണെന്റെ ഹൂറികൾ...
1. കാട്ടു ചെമ്പകം.
ഞാൻ... എന്റെ പേര്... ഞാൻ ഞാനായി തന്നെ ഇരിക്കട്ടെ.
എന്നെ പ്രസവിച്ച അന്ന് തന്നെ എന്റെ ഉമ്മ മരിച്ചു. എന്റെ ഉമ്മയെ ഞാൻ കണ്ടിട്ടില്ല.
ഉമ്മയെ കൊന്നവൻ എന്ന ലേബൽ നെറ്റിയിൽ ഒട്ടിച്ചാണ് ഞാൻ വളർന്നത്‌ തന്നെ.
ഒരു വർഷം കഴിഞ്ഞപ്പോൾ ഉപ്പയും.
അതോടെ അമ്മാവൻ എന്നെ അവരുടെ വീട്ടിലേക്കു കൊണ്ട് പോയി.
അമ്മായിയുടെ കണ്ണിലെ കരടായിരുന്നു ഞാൻ. നിറമുള്ള ഒരു ഓർമ്മകൾ പോലും ഇല്ലാതെ എന്റെ ബാല്യം കൊഴിഞ്ഞു പോയി. തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മായിക്ക് കൊട്ടാനുള്ള ഒരു ചെണ്ടയായിരുന്നു ഞാൻ.
ബാല്യത്തിലെ അനുഭവങ്ങൾ എന്നെ വിടാതെ പിന്തുടർന്ന് പോന്നു. പെണ്ണെന്ന വർഗത്തിനോടുള്ള എന്റെ പകയും കൂടി കൂടി വന്നു.
പ്ലസ്ടു കഴിഞ്ഞ അവധിക്കാലം. അമ്മായിയും മക്കളും വിരുന്നു പോയ പകലിലാണ് ആ കുട്ടി വീടിന്റെ മുൻപിൽ വന്നു നിന്നത്.
പാഴ് സാധനങ്ങൾ പെറുക്കാൻ വന്ന തമിഴ് പെൺകൊടി. ഒരു പതിനഞ്ചു പതിനാറു വയസ്സ് തോന്നും. ഇരുണ്ടതാണെങ്കിലും ഭംഗിയുള്ള മുഖം. ഒതുങ്ങിയ ശരീരം.
എന്താ..
ഞാൻ അവളെ നോക്കി.
പഴയ സാധനങ്ങൾ കൊടുക്കാനുണ്ടോ ?
തമിഴ് കലർന്ന മലയാളത്തിൽ പ്രത്യേക ഈണത്തിലാണ് ചോദ്യം.
എനിക്ക് ദേഷ്യമാണ് വന്നത്.
ഇവിടെ ഒന്നും ഇല്ല. പോടീ
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നപ്പോൾ അവളുടെ പിൻ കാഴ്ച്ചയിൽ എന്റെ കണ്ണുടക്കി.
ഹേയ്. ഇവിടെ വാ
പഴയ നോട്ടു പുസ്തകം എടുക്കുമോ
അവളുടെ കണ്ണിൽ പ്രതീക്ഷയുടെ ചെറിയ പൂത്തിരികൾ മിന്നി.
വേണമങ്കിൽ അകത്തു പോയി എടുത്തോ. അകത്തു ഉമ്മയുണ്ട്
തുറന്ന് കിടന്ന വാതിൽ ചൂണ്ടി ഞാൻ പറഞ്ഞു.
ചെറിയ സംശയം പോലുമില്ലാതെ അവൾ അകത്തേക്ക് കയറി. ഞാൻ ചുറ്റും നോക്കി. ആരുമില്ല.
എന്റെ മനസ്സിൽ ആയിരം കരി മൂർഖന്മാർ പത്തി വിടർത്തി. പെട്ടെന്ന് ഞാൻ അകത്തു കയറി വാതിലടച്ചു.
ഞെട്ടി തെറിച്ചു പോയിരുന്നു അവൾ. നിമിഷ നേരം കൊണ്ട് അവൾ വിയർത്തു കുളിച്ചു. അലറിക്കരയാൻ ഒരുങ്ങിയ അവളുടെ വായ് എന്റെ ബലിഷ്ഠമായ കരങ്ങൾ അമർത്തി പിടിച്ചു.
മിണ്ടിയാൽ കൊന്നു കളയും പന്നീ..
കാട്ടു പന്നിയെ പോലെയുള്ള എന്റെ മുരൾച്ച കേട്ട് അവളുടെ പിടച്ചിൽ പോലും നിന്നു.
കണ്ണീർ നിറഞ്ഞ കണ്ണുകളിൽ ഭയം വന്നു നിറഞ്ഞു.
ഞാൻ കൈ വിട്ടു. കിതച്ചു കൊണ്ട് അവൾ എന്റെ നേരെ കൈ കൂപ്പി.
നിങ്ങളെ ഉമ്മയെ ഓർത്തു എന്നെ വെറുതെ വിടണം.
ഉമ്മ.......
എന്റെ മനസ്സ് ഒന്ന് പകച്ചു
അല്ലേൽ എന്നെ കൊല്ലണം. മാനം പോയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല. മുറിവേറ്റ പെൺപുലിയുടെ ശൗര്യത്തോടെ അവൾ പറഞ്ഞു.
പിന്നെ. മാനം പോയാൽ നീ ചാവാൻ പോവല്ലേ. കണ്ടാലെ അറിയാം നീ ഒരു....... ആണെന്ന്..
ഒറ്റ അടിയായിരുന്നു. എന്റെ കണ്ണിൽ പൊന്നീച്ച പറന്നു.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നായ..
അവളുടെ ഓരോ വാക്കുകളും ഓരോ കൂരമ്പു പോലെ എന്റെ നെഞ്ചിൽ തറഞ്ഞു കയറി.
നിസ്കാരപ്പായയിൽ പടിഞ്ഞിരുന്നു കണ്ണീർ വാർക്കുന്ന ഏതോ ഒരുമ്മ എന്റെ മനസ്സിൽ കൊളുത്തി വലിച്ചു.
മനസ്സിന്റെ അകത്തളങ്ങളിൽ വിഷ മൂർഖന്മാർ തല തല്ലി പൊളിച്ചു.
എന്റെ ആവേശം ഹിമ പാളികളെ പോലെ തണുത്തുറഞ്ഞു പോയി.
ഛെ. എന്റെ മനസ്സ് എന്നെ തന്നെ ശപിച്ചു. എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ നശിപ്പിക്കാൻ മാത്രം ഞാൻ അധഃപതിച്ചു പോയോ ?
ഞാൻ ഒന്നും മിണ്ടിയില്ല.
അടുക്കളയിൽ ചെന്നു കുറെ വെള്ളമെടുത്തു കുടിച്ചു.
അവൾ വാതിൽ തുറക്കാൻ നോക്കുകയായിരുന്നു.
അത് തുറക്കില്ല. ഇത് വഴി പൊയ്ക്കോ
അവൾ എന്റെ അടുത്തു വരാൻ മടിച്ചു നിൽക്കുകയായിരുന്നു
അടുക്കള വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി മാറി നിന്നു.
ചുറ്റും നോക്കി വസ്ത്രങ്ങൾ നേരെ ആക്കിക്കൊണ്ടു അവൾ പുറത്തിറങ്ങി.
സോറി
ഞാൻ പറഞ്ഞു
സാരമില്ല. മുഖം തുടച്ചു കൊണ്ടവൾ എന്നെ നോക്കി. കണ്ണിൽ അപ്പോഴും കണ്ണീർ മേഘങ്ങൾ തളം കെട്ടി നിന്നു.
ഒരു കാര്യം പറയട്ടെ
ഹും
ഒരിക്കലും അമ്മാവെ ചേർത്തു നുണ പറയരുത്.
എന്റെ ഉമ്മ മരിച്ചു പോയി. ഉമ്മയെ ഞാൻ കണ്ടിട്ടില്ല
നിജമാവാ
ഹും
എന്റെ അമ്മാവും മരിച്ചു പോയി
അമ്മാ ഉണ്ടായിരുന്നെങ്കിൽ. അവൾ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു.
നോട്ട് ബുക്ക്‌ എടുത്തു തരട്ടെ
വേണ്ട അണ്ണാ
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി
വേദനിച്ചോ ? എന്റെ കവിളിൽ അടിയുടെ പാട് തിണർത്തു കിടന്നു
ഇല്ല. വേദനിച്ചത് മനസ്സിലാണ്
ഗേറ്റ് വരെ ഞാൻ അവളുടെ കൂടെ നടന്നു.
സമയം എന്തായി ?
മൂന്നര.
കടവുളേ..
എന്താ
തങ്കച്ചി വീട്ടിൽ ഒറ്റക്കാ
അതിനെന്താ ?
അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു വന്നു
ഒരു ഓട്ടോ പിടിച്ചു തരാമോ ?
എന്താ ഇത്ര അര്ജന്റ്
ഒന്നുമില്ല.
എന്നാലും
ഞാൻ വേഗം ചെന്നില്ലെങ്കിൽ
ചെന്നില്ലെങ്കിൽ ?
അപ്പാ അവളെയും നശിപ്പിക്കും...
ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടവൾ പറഞ്ഞു
അപമാന ഭാരത്താൽ അവളുടെ തല കുനിഞ്ഞു പോയിരുന്നു. ഓർമ്മകൾ അവൾക്കു ഓക്കാനമുണ്ടാക്കി.
ഒന്നും മിണ്ടാനാവാതെ ഞാൻ അന്ധാളിച്ചു പോയിരുന്നു.
വല്ലാത്ത പരവേശത്തോടെ വെപ്രാളപ്പെട്ട് അവൾ നടന്നകന്നു മറയുന്നത് കണ്ണീർ നിറഞ്ഞ മിഴികളോടെ ഞാൻ നോക്കി നിന്നു.....
2. പഴക്കാരി
പ്ലസ്ടു തോറ്റതോടെ ഞാൻ വീട് വിട്ടു. ചെന്നെത്തിയത് ഹൈദെരാബാദിലായിരുന്നു.
എങ്ങോട്ടു പോവണമെന്നറിയാതെ കാലിക്കറ്റ്‌ ബസ്സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ആ പരസ്യം കണ്ടത്
കൺസ്ട്രക്ഷൻ കമ്പനി ആളെ എടുക്കുന്നു എന്ന പരസ്യം.
തേടിപ്പിടിച്ചു ചെന്നെത്തിയത് ചാലിയത്ത്.
ഇന്റർവ്യൂ കഴിഞ്ഞ അന്ന് തന്നെ നേരെ ഹൈദരാബാദിലേക്ക്.
പുതിയ സിമന്റ്‌ കമ്പനി ഉണ്ടാക്കുന്ന പണിയാണ്.
കൊടും വെയിൽ. വെയിലു കൊണ്ട് രണ്ടാഴ്ച കൊണ്ട് ഞാൻ തളർന്നു പോയി.
അപ്പോഴാണ് നൈറ്റ്‌ ഡ്യൂട്ടി സ്റ്റാർട്ട്‌ ആയത്.
സൂപ്പർവൈസർ എന്നെ നേരെ നൈറ്റിലേക്കു മാറ്റി.
അതോടെ പകൽ ഫ്രീ ആയി. അങ്ങനെ പകൽ റൂമിൽ കിടന്നുറങ്ങുന്ന സമയത്താണ് ഞാൻ ആദ്യമായി ആ സ്ത്രീയുടെ സ്വരം കേൾക്കുന്നത്.
പുറത്തെ ബഹളങ്ങൾ കേട്ട് ജനാല തുറന്ന് നോക്കുമ്പോൾ അവർ ഒരാളെ കഴുത്തിന്‌ പിടിച്ചു നിർത്തി പൊരിക്കുകയാണ്.
ആറടിയോളം ഉയരം. തടിച്ച ശരീരം. വെളുത്ത നിറം. ആകപ്പാടെ ഒരു മദാലസ.
എടാ കാശില്ലാതെ നീ എന്തിനാടാ പരനാരീ എന്നെ കൂടെ പിടിച്ചു കിടത്തിയത് ?
അപ്പൊ അതാണ് കേസ്.
അതാരാ?
പുറത്തിറങ്ങി ആദ്യം കണ്ട ആളോട് തന്നെ എന്റെ ചോദ്യം അതായിരുന്നു.
അയാൾ എന്നെ ചൂഴ്ന്നു നോക്കി.
പോടാ
പിന്നെ പണ്ടാരി ബാലുവാണ് അവരുടെ ചരിത്രവും ഭൂമി ശാസ്ത്രവുമൊക്കെ പറഞ്ഞു തന്നത്.
അന്ന് മുതൽ പിന്നെ അതായി പണി.
ജനാലയിൽ ചെറിയ ഒരു ദ്വാരമിട്ട് അതിലൂടെ നിര നിരയായി കിടക്കുന്ന ആസ്‌ബറ്റോസ്‌ മേഞ്ഞ റൂമുകൾക്കിടയിലൂടെ പഴ കുട്ടയുമായി അവർ നടന്നു വരുന്നത് കാണാൻ തന്നെ ബഹു രസമാണ്.
പഴയ നേർത്ത ഓയിൽ സാരിയുടെ ഇടയിലൂടെ കാണുന്ന വെളുത്ത വയറും വലിയ മാറിടവും ഏതൊരാണിന്റെയും മനസ്സ് ഇളക്കാൻ പോന്നതായിരുന്നു.
രണ്ടു വർഷത്തിൽ ഒരിക്കൽ പോലും അവർ എന്റെ റൂമിന്റെ ഭാഗത്തേക്ക് വന്നില്ല.
ഏറ്റവും അവസാനത്തെ യായതു കാരണം അവിടെ എത്തുന്നതിനു മുൻപ് പഴം തീർന്നു പോവും. അല്ലേൽ ആരുടെ എങ്കിലും ദാഹം തീർക്കാൻ നിക്കും.
രണ്ടു വർഷം ആയപ്പോൾ പ്രൊജക്റ്റ്‌ കഴിഞ്ഞു. ഒട്ടു മിക്ക ആളുകളും വേറെ വേറെ സൈറ്റുകളിലേക്ക് പോയി. ഞങ്ങളുടെ കമ്പനിയിൽ ഞങ്ങൾ രണ്ടു മൂന്നു പേര് മാത്രമായി.
മെസ് പൂട്ടി. ഒറ്റയ്ക്ക് വെച്ചു കഴിക്കാൻ തുടങ്ങി.
പ്ലാന്റ് പ്രവർത്തനം തുടങ്ങിയിരുന്നു.
അപ്പോഴേക്കും ഞാൻ കമ്പനിയിൽ ചെറിയ ഒരു ജോലിക്ക് കയറി പറ്റിയിരുന്നു.
അന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഷിഫ്റ്റ്‌ കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു.
തുറന്നപ്പോൾ അവർ. മുല്ലപ്പൂവിന്റെ മണം മൂക്കിൽ തുളച്ചു കയറി.
എന്റെ മുഖത്തേക്ക് നോക്കി പെട്ടെന്ന് അവർ സ്ഥാനം തെറ്റി കിടന്ന സാരി നേരെ ആക്കി.
ബാബൂ. ഒരു വല്ലാത്ത ഈണത്തിൽ അവർ വിളിച്ചു
ഒരു ഡസൻ പഴം എടുക്കട്ടെ ?
വേണമെന്നോ വേണ്ടെന്നോ പറയുന്നതിന് മുൻപ് അവർ കുട്ടയുമായി അകത്തു കയറി.
പോകുമ്പോൾ വലിയ നിതംബം അറിയാതെ എന്റെ മേലുരസി.
എനിക്കാകെ കുളിര് കോരി.
എന്റെ കയ്യിൽ പൈസയില്ല
സാരമില്ല. ശമ്പളം കിട്ടുമ്പോൾ തന്നാൽ മതി.
പിന്നെ അതൊരു പതിവായി.
എല്ലാ ദിവസവും അവസാനം അവർ എന്റെ റൂമിലെത്തും. ബാക്കിയുള്ള പഴം അവിടെ വെക്കും.
ആട്ടയെടുത്ത് ചപ്പാത്തി ചുടും. കറി വെക്കും. റൂം തുടയ്ക്കും. ഡ്രസ്സ്‌ അലക്കും.
വേണ്ടെന്നു പറഞ്ഞാലും കേൾക്കില്ല. ഉറങ്ങുകയാണെങ്കിൽ ബെഡിൽ വന്നിരുന്നു മുടിയിൽ തടവും. ഒരു ഇരുപതു കാരന്റെ മനസ്സ് ഇളകാൻ ഇത്രേം പോരെ?
പക്ഷെ ഒരിക്കൽ പോലും അവർ എന്നെ ദുരുദ്ദേശത്തോടെ നോക്കിയില്ല. പാതി
തുറന്ന് കിടക്കുന്ന മാറിടം പോലും അവർ എന്നിൽ നിന്നും മറച്ചു.
പലപ്പോഴും മാറിടത്തിന് നേരെ എന്റെ കൈ ഉയർന്നതാണ്. അപ്പോഴൊക്കെ പേടി എന്നെ പുറകോട്ടു വലിച്ചു.
അവർ നല്ല കുക്ക് ആയിരുന്നു. അവർ എനിക്ക് വേണ്ടി ഇഡലിയും ദോശയുമൊക്കെ ഉണ്ടാക്കി വരും. നിര്ബന്ധിച്ചു കഴിപ്പിക്കും.
അന്ന്
തല വേദനിച്ചു കിടന്ന എനിക്ക് അവർ ബാം ഇട്ടു നെറ്റി തടവി തന്നു.
അവരുടെ നിശ്വാസം എന്റെ മുഖത്തടിച്ചു.
അതോടെ എന്റെ കൈ അറിയാതെ അവരുടെ മാറിടത്തിൽ അമർന്നു.
ബാബൂ.
അവിശ്വനീയതയോടെ ദയനീയമായി അവർ വിളിച്ചു.
രണ്ടു മൂന്നു കണ്ണ് നീർ തുള്ളികൾ എന്റെ കയ്യിൽ പതിച്ചു.
ഒന്നും മിണ്ടാതെ അവർ എണീറ്റ് പോയി.
പിന്നെ രണ്ടു മൂന്നു ആഴ്ച അവർ വന്നതേ ഇല്ല. പിന്നെ പിന്നെ ഞാൻ അത് മറന്നു.
ആറേഴു മാസം കഴിഞ്ഞപ്പോൾ ബാബൂ എന്ന വിളിയുമായി വീണ്ടും അവർ വന്നു.
എന്താ കുറെ കാലം എവിടെ ആയിരുന്നു ?
അവർ ഒന്നും മിണ്ടിയില്ല.
ബാബൂ അടുത്ത ഞായർ ആഴ്ച ടൌണിലെ ഹനുമാൻ കോവിലിനു മുൻപിൽ വരണം. ഹോട്ടലിന്റെ ഉത്ഘാടനം ആണ്. ബാബു വരണം. വരില്ലേ ?
ഇല്ല.
എടുത്തടിച്ചതു പോലെ ആയിപോയി എന്റെ മറുപടി.
എന്തായിരുന്നു ഡിമാൻഡ് ഞാനൊന്നു തൊട്ടപ്പോൾ. ഇവിടെ മുഴുവൻ ആൾക്കാർക്കും വിരിപ്പ് വിരിച്ചു എന്റെ മുൻപിൽ ശീലാവതി ചമയുന്നു.
അവർ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.
എനിക്ക് ചെറിയ ഒരു വിഷമമൊക്കെ തോന്നിയെങ്കിലും ഞാൻ അത് വിട്ടു.
ഞായർ ആഴ്ച ഞാൻ പോയില്ല.
പിന്നെയും ഒരു മാസം കഴിഞ്ഞു
ടൌണിൽ ഹനുമാൻ കോവിലിനു മുൻപിലൂടെ പോയപ്പോൾ ഞാൻ കട കണ്ടുപിടിച്ചു.
ചെറിയ ഒരു തട്ടു കട. ഇഡ്ഡലി വട ദോശ. ആൾക്കാർ നിന്നും കുറെ സ്റ്റൂളിൽ ഇരുന്നുമൊക്കെ കഴിക്കുന്നുണ്ട്.
അവർ എന്നെ കണ്ട്‌ ഓടി വന്നു.
വാ ബാബൂ വാ
സഹായത്തിനു ഒരു പെണ്കുട്ടി ഉണ്ട്.
അവളെ കട ഏല്പിച്ചു അവർ എന്റെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി
എനിക്ക് ഒരു വല്ലായ്മ തോന്നി
എവിടെക്കാ
കൈ കുതറി ഞാൻ ചോദിച്ചു
വീട് ഇവിടെ അടുത്താണ്. ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതെ പോയാൽ ...
അത് ഒരു പ്രലോഭനമാണെന്നു എനിക്ക് തോന്നി.
എന്നാൽ പോവാം
കോവിലിനു പിറകിലാണ് അവരുടെ വീട്.
ഷീറ്റ് മേഞ്ഞ ചെറിയ ഒരു കെട്ടിടം. നല്ല വൃത്തിയുള്ള വീട്.
ഡോർ തുറന്നപ്പോൾ ഉമ്മറത്ത്‌ തന്നെ കട്ടിലിൽ ഒരാൾ ജീവച്ഛവം പോലെ കിടക്കുന്നു.
എന്റെ ഭർത്താവ്‌..
ഞാൻ വല്ലാതായി.
കേൾക്കില്ല സംസാരിക്കില്ല
പേടിക്കണ്ട. വരൂ
അകത്തെ മുറിയിൽ ചന്ദനത്തിരിയുടെ സുഗന്ധമായിരുന്നു.
ചുമരിൽ മാലയിട്ട ഒരു ഫോട്ടോ.
കണ്ണാടിയിൽ നോക്കിയ പോലെ എന്റെ രൂപം ഞാൻ കണ്ടു.
ചില്ലറ മാറ്റം ഒഴിച്ചാൽ എന്റെ അതെ രൂപം.
ഇത് ?
എന്റെ തൊണ്ട വരണ്ടു പോയിരുന്നു.
അത് ബാബു. എന്റെ മോൻ. അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു ബൈക്ക് ആക്‌സിഡന്റിൽ അവൻ പോയി. അദ്ദേഹം അങ്ങിനെയും..
എന്റെ രണ്ടു ചെവിയും കൊട്ടി അടച്ചു പോയിരുന്നു.
അപ്പൊ അതാണ്‌. ദൈവമേ ഞാൻ എന്തൊരു പാപിയാണ്...
അന്ന് അദ്ദേഹത്തിന്റെ ചികിത്സക്ക് സ്വര്ണ്ണം പണയം വെക്കാൻ പോയ എന്നെ......
മുളന്തണ്ടു കീറും പോലെ അവർ കരഞ്ഞു.
എനിക്കും കരച്ചിൽ വന്നു തുടങ്ങിയിരുന്നു.
ബാബൂ..
അവർ എന്റെ മാറിലേക്ക് വീണു. അവരുടെ കണ്ണീരിൽ എന്റെ ഷർട്ട്‌ നനഞ്ഞു കുതിർന്നു..
അമ്മാ... അമ്മാ
ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ അവരുടെ മൂർദ്ധാവിൽ ചുംബിച്ചു....
തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു.
ഒരു പെണ്ണ് ഒരു ചെളിക്കുണ്ടിൽ ഒരു വട്ടം വീണു പോയാൽ സമൂഹം പിന്നെ അവളെ തിരിച്ചു കയറാൻ സമ്മതിക്കില്ല. അഥവാ അവൾ കയറി വന്നാലും മറ്റൊരു ചളിക്കുണ്ടു അവൾക്കായി കാത്തിരിക്കുന്നുണ്ടാവും. എന്റെ വലം കയ്യിൽ പണ്ട് അവരുടെ കണ്ണീർ വീണ സ്ഥലം കരുവാളിച്ച പോലെ എനിക്ക് തോന്നി. ഇപ്പോഴും ചുട്ടു പൊള്ളുന്ന പോലെയും..................
3. സമീറ
മൂന്നാമത്തെ ഹൂറിയെ കാണുന്നത് ഒരു ബസ്സിൽ വച്ചാണ്.
രണ്ടാമത്തെ ഹൂറിയെ കണ്ടു കൃത്യം എട്ടു വർഷങ്ങൾക്കു ശേഷം.
ബാംഗ്ലൂർ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ. ബസ്സ്‌ പുറപ്പെടാൻ നിക്കുമ്പോൾ ആണ് അവൾ ഓടി കിതച്ചു വന്നത്. രാത്രി പന്ത്രണ്ടു മണി ആയിക്കാണും.
ബസ്സിലെ മങ്ങിയ വെളിച്ചത്തിൽ അവൾ അങ്ങിങ്ങു പതറി നോക്കുന്നുണ്ടായിരുന്നു. സീറ്റ്‌ എല്ലാം ഫുൾ ആണ്. ആകെ ഒഴിവുള്ളത് എന്റെ അടുത്തുള്ള സീറ്റ്‌ മാത്രം.
മടിച്ചു മടിച്ചു അവൾ എന്റെ അടുത്തു വന്നിരുന്നു.
ബസ്സിലെ എസിയുടെ നേർത്ത തണുപ്പിലും അവൾക്കു വിയർക്കുന്നുണ്ടായിരുന്നു.
ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു. അവൾ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു.
എന്തൊരു ജാട. സാരമില്ല.
മലയാളി ആണെന്നുറപ്പ്. കാച്ചിയ എണ്ണയുടെ മണമില്ലെങ്കിലും ഒരു മലയാളിത്തം തോന്നുന്ന മുഖം. ഏറിയാൽ ഒരു ഇരുപതു വയസ്സ്. കാണാനും കൊള്ളാം. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
പരിചയപ്പെട്ടു കിട്ടിയാൽ പിന്നെ എങ്ങനെ അവളെ വളക്കാൻ പറ്റും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.
വേറെ ഒന്നുമില്ലെങ്കിലും യാത്രയിൽ ഒരു പെൺ കൂട്ടു ഒരു രസമല്ലേ.
പക്ഷെ പെണ്ണ് എന്നെ മൈൻഡ് ചെയ്യുന്നില്ല.
മാത്രമല്ല അവളുടെ ഫോൺ ഇടയ്ക്കിടെ വൈബ്രേറ്റ് ചെയ്യുന്നു. വാട്സാപ്പ് മെസ്സേജ് വരുന്നു.
ഞാൻ ഇടം കണ്ണിട്ടു അവളെ നോക്കി.
ആകെ ഒരു വശ പിശക്.
ബസ്സ്‌ ബാംഗ്ലൂർ നഗരം പിന്നിട്ടു കുതിക്കാൻ തുടങ്ങിയിരുന്നു.
രാത്രിയിൽ ബാംഗ്ലൂരിന് ഒരു പ്രത്യേക ചന്തമാണ്‌. പുതുക്കപ്പെണ്ണിന്റെ നാണമാണ് ഓരോ തെരുവുകൾക്കും. ഉറങ്ങാത്ത തെരുവുകളിൽ പുഴുക്കളെ പോലെ മനുഷ്യർ നുരച്ചു നടക്കും. രാവിന്റെ ഇരുട്ടിൽ നഗരം കാമിനിയാകും.
വലിയ പബുകളിൽ മത്ത് പിടിച്ച തലയുമായി ആണും പെണ്ണും പറുദീസ തേടി അലയും.
റോഡ്‌ ഒഴിഞ്ഞു കിടന്നു. ബസ്സ്‌ അതിന്റെ ഫുൾ സ്പീഡ് എടുത്തു കഴിഞ്ഞിരുന്നു. യാത്രക്കാർ എല്ലാരും നല്ല ഉറക്കത്തിലേക്കു വീഴാൻ തുടങ്ങിയിരുന്നു.
അല്പമൊന്നു മയങ്ങി എണീറ്റപ്പോൾ ബസ്സ്‌ ഏതോ ഒരു സ്റ്റോപ്പിൽ നിർത്തിയിരിക്കുകയാണ്. അഞ്ചാറു ആൾക്കാർ കയറി.
ബസ്സ്‌ പിന്നെയും വേഗത കൂട്ടാൻ തുടങ്ങി.
ഞാൻ ഒരു നേരിയ മയക്കത്തിലേക്ക് വീഴുമ്പോൾ ആണ് അത് കണ്ടത്.
ഒരുത്തൻ അവളുടെ തോളിൽ ചാരി നിന്ന് അറിയാതെ എന്ന വണ്ണം അരക്കെട്ട് അടുപ്പിക്കുന്നു.
അവളാണെങ്കിൽ ആകെ വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് നീങ്ങി വരുന്നു.
ഇങ്ങോട്ട് ഇരുന്നോളു
എന്റെ സീറ്റ്‌ ഞാൻ അവൾക്കു കൊടുത്തു.
എന്റെ കണ്മുന്നിൽ ഒരു പെണ്ണിനേയും വേറെ ഒരാൾ ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല.
താങ്ക്സ്. നന്ദി സ്ഫുരിക്കുന്ന മുഖത്തോടെ അവൾ പറഞ്ഞു
നോ മെൻഷൻ
എവിടക്കാ?
കാലിക്കറ്റ്‌
പഠിക്കുകയാണോ ?
അതെ
മെല്ലെ മെല്ലെ ഞാൻ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു.
മൊബൈൽ പിന്നെയും വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
എന്നെ കാണാതെ അവൾ അത് നോക്കി.
അവളുടെ മുഖത്തെ ചിരി മാഞ്ഞു പോയി.
ഫോണിലെന്താ ?
ഒന്നുമില്ല
അവൾ മുഖം തിരിച്ചു ഉറക്കം നടിച്ചു കിടന്നു.
എപ്പോഴോ ഞാനും ഒന്ന് മയങ്ങി.
ഉണരുമ്പോൾ ബസ്സ്‌ ഒരു ഹോട്ടലിനു മുൻപിലായിരുന്നു.
മാഷ് ഉണർന്നോ?
അവളാണ്.
ഒന്ന് മാറി നില്ക്കൂ. പുറത്തിറങ്ങട്ടെ
അവൾ പുറത്തിറങ്ങി. ഞാനും.
മുഖം കഴുകി ഒഴിഞ്ഞ ടേബിളിനു മുഖാമുഖം ഞങ്ങൾ ഇരുന്നു.
അപ്പോഴാണ് ഞാൻ ശരിക്കും അവളെ കണ്ടത്.
കണ്ടു മറന്ന മുഖം.
ഓർമയുടെ അറകളിൽ എവിടെയോ ക്ലാവ് പിടിച്ച ഒരു മുഖം.
അവൾ ഊതിയൂതി ചായ കുടിച്ചു കൊണ്ടിരുന്നു.
ചായ മാത്രം മതിയോ?
ഉം
പൗഡർ പോലും ഇടാത്ത മുഖം. കയ്യിലോ കഴുത്തിലോ ആഭരണങ്ങൾ ഒന്നുമില്ല. ഉള്ളത് ആകെ കാതിലെ ഒരു ചെറിയ മൊട്ടു മാത്രം.
പേരെന്താ ?
അവളുടെ ചോദ്യത്തിൽ ഞാൻ ഒന്ന് പതറി
പേര്........... പേര്
അത്ര വല്യ പേരാണെങ്കിൽ പറയണ്ട
അതല്ല
പിന്നെ
അസർ
നല്ല പേര്. ഞാൻ സമീറ
ലഗേജ് ഒന്നും ഇല്ലാതെ രാത്രി പന്ത്രണ്ടു മണിക്ക്. ഇത്ര അർജന്റ് ആയി എവിടെക്കാ ?
ഒന്നുമില്ല
ഒരു പെണ്ണ് കാണൽ. ഉപ്പാക്കും ഉമ്മക്കും ഒരേ നിർബന്ധം. ഇതൊന്നും നടക്കാൻ പോണില്ലാന്ന് എനിക്കറിയാം
അതെന്താ ?
സ്ത്രീധനം കൊടുക്കാതെ ആരു കെട്ടാൻ. പിന്നെ വീട് വിറ്റായാലും കെട്ടിക്കണമെന്നു ഉപ്പ. വയസ്സ് ഇരുപത്തി ഒന്നായി. അതാ ഉപ്പന്റെ പേടി
അതിനെന്താ. വീട് വിറ്റായാലും ഉപ്പ അത് നടത്തൂലെ ?
അത് പറ്റൂല. എനിക്ക് താഴെ രണ്ടു പെണ്ണ് കൂടെയുണ്ട്. അവരെ കൂടെ വഴിയാധാരമാക്കി എനിക്ക് ഒരു ജീവിതം വേണ്ട.
ആത്മ വിശ്വാസം സ്ഫുരിക്കുന്ന സംസാരം. എനിക്ക് എന്തോ ഒരു ബഹുമാനം തോന്നി.
ഇപ്പൊ നഴ്സിംഗ് ലാസ്റ്റ് ഇയർ ആയി. പഠിച്ചു പാസ്സായി അനിയത്തിമാരെ കൂടി പഠിപ്പിക്കണം.
ഇന്ഷാ അല്ലാഹ്
അല്ല നിങ്ങളെ കാര്യം ഒന്നും പറഞ്ഞില്ല
ഒന്നും പറയാനില്ല
ഉപ്പയില്ല ഉമ്മയില്ല. കൂടപ്പിറപ്പികളില്ല.
അപ്പൊ അനാഥനാണല്ലേ ?.ഞാൻ ഇത് വരെ ഒരനാഥനെ കണ്ടിട്ടില്ല.
അവൾ ചിരിച്ചു.
എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
കോഴിക്കോടെത്തുന്നത് വരെ പിന്നെ അവൾ മിണ്ടിയില്ല
ഇറങ്ങാൻ നേരം അവൾ എന്റെ അടുത്തു വന്നു.
താങ്ക്സ്
എന്തിനാ ?
ഇത്രയും കംഫർട്ടായി ഞാൻ ഇത് വരെ യാത്ര ചെയ്തിട്ടില്ല. ഇനി എന്നാ തിരിച്ചു ?
ഇനി പോണില്ല.
എന്ത് പറ്റി ?
മടുത്തു. ഇനി നാട്ടിൽ എന്തേലും നോക്കണം.
ഹും
നമ്പർ?
എന്തിനാ ?
ഒന്നുമില്ല.
ഞാൻ മറ്റന്നാൾ തിരിച്ചു പോവും.
നമ്പർ ?
നമ്പർ വേണ്ട. ഒരു യാത്രയിൽ നമ്മൾ കണ്ടു. ദൈവം വിചാരിച്ചാൽ വീണ്ടും കാണാം.
യാത്ര പറഞ്ഞു അവൾ പോയി.
എനിക്ക് ചെറിയ ഒരു വിഷമം തോന്നി.
രണ്ടു ദിവസം കഴിഞ്ഞു ടൌണിൽ വന്നതായിരുന്നു ഞാൻ.
മാഷെ ?
നോക്കിയപ്പോൾ അവൾ.
തിരിച്ചു പോവാ മാഷെ
അപ്പൊ കല്യാണം ?
അത് നടക്കൂല മാഷെ
ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ഒരു തണുപ്പ് വീണു.
അല്ല മാഷ് എങ്ങോട്ടാ ?
ഞാൻ.....
ഇനി പോണില്ലേ ?
ഇല്ലെന്നു പറയാൻ തോന്നിയില്ല.
അവളുടെ കൂടെ നടക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒപ്പന പാട്ടിന്റെ ഈണം.
മടുത്തു എന്ന് പറഞ്ഞിട്ട്?
ഞാൻ ഒന്നും മിണ്ടിയില്ല
ഞാൻ ഉപ്പയോട്‌ സംസാരിക്കട്ടെ ?
എന്ത് ?
അവളുടെ നേരെ ഞാൻ കൈ നീട്ടി. എന്റെ കൈകൾ വിറച്ചു കൊണ്ടിരുന്നു.
അവിശ്വനീയതയോടെ അവൾ എന്നെ നോക്കി.
ശരിക്കും ഇഷ്ടമായി. എന്റെ ഉമ്മയാണ്‌ സത്യം.
അവൾ ഒന്നും മിണ്ടിയില്ല.
ഇഷ്ടമില്ലെങ്കിൽ........
ഒന്നും മിണ്ടാതെ ഞാൻ ബസ്സിൽ കയറി. അവൾ എന്റെ കൂടെ കയറി അടുത്ത സീറ്റിൽ വന്നിരുന്നു.
എന്താ പരിപാടി ?
പോണം. എല്ല് മുറിയെ പണി എടുക്കണം.
എന്തിനാ ? അവളുടെ സ്വരം ഇടറി.
ഞാൻ ഒന്നും മിണ്ടിയില്ല
എന്തിനാ ?
മഹർ വാങ്ങണം.
അവളുടെ കണ്ണിൽ കുഞ്ഞു നക്ഷത്രങ്ങൾ വിരിഞ്ഞു.
പിന്നെ ?
അനിയത്തിമാരെ പഠിപ്പിക്കണം. ഉമ്മയെ നോക്കണം ഉപ്പയെ നോക്കണം.
അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ വീഴാൻ പാകത്തിൽ ഉരുണ്ടു വന്നു.
കർച്ചീഫെടുത്തു ഞാൻ അത് തുടച്ചെടുത്തു.
ഇനി ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല.
അവളുടെ കണ്ണിൽ പുഞ്ചിരി വിരിഞ്ഞു.
ഖൽബിനുള്ളിൽ മുഹബ്ബതിന്റെ തേൻ കിനിഞ്ഞു.
അവളുടെ കൈ പിടിച്ചു ഞാൻ ബസ്സിനു പുറത്തേക്ക് നടന്നു.
ചെറിയ തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. പുറത്തും പിന്നെ ഞങ്ങളുടെ മനസ്സിലും................
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo